Follow Us On

29

March

2024

Friday

പുത്തൻചിറയിലെ മൂന്നാമൻ യൂറോപ്പിലെ പ്രഥമൻ!

പുത്തൻചിറയിലെ മൂന്നാമൻ യൂറോപ്പിലെ പ്രഥമൻ!
മാർ ചിറപ്പണത്ത് ബിഷപ്പായി അഭിഷിക്തനാകുമ്പോൾ ചരിത്രപ്രസിദ്ധവും ദൈവവിളികളാൽ സമ്പന്നവുമായ പുത്തൻചിറ ഇടവക വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇടവകയിൽനിന്ന് ഇടയശുശ്രൂഷയിലേക്ക് ഉയർത്തപ്പെടുന്ന മൂന്നാമനാണ് ഇദ്ദേഹം. 35 വൈദികർക്കും 300ൽപ്പരം കന്യാസ്ത്രീകൾക്കും ജന്മം നൽകിയ ഇടവക എന്ന നിലയിലും ശ്രദ്ധേയമാണ് ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ  ദൈവാലയം. മാർ ജെയിംസ് പഴയാറ്റിൽ, മാർ ജോർജ് പാനികുളം എന്നിവരാണ് മറ്റ് ഇടയന്മാർ.
കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോൾ- റോസി ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായി 1961 ഡിസംബർ 26നാണ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ജനിച്ചത്. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് മേജർ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി 1987 ഡിസംബർ 26ന് മാർ ജെയിംസ് പഴയാറ്റിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ പ്രീഫെക്ടായി സേവനംചെയ്ത അദ്ദേഹം റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, വിവാഹകോടതി ജഡ്ജി തുടങ്ങിയ പദവികൾ വഹിച്ചു.
ഇരിങ്ങാലക്കുട മൈനർ സെമിനാരി റെക്ടർ, വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രൊക്യുറേറ്റർ, വൈസ് റെക്ടർ, ലക്ചറർ എന്നീ നിലകളിലും തൃശൂർ മേരി മാതാ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ അഞ്ചു വർഷമായി റോമിൽ മേജർ ആർച്ച്ബിഷപ്പിന്റെ പ്രൊകുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാർ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനുമുള്ള സീറോ മലബാർ വിശ്വാസികളുടെ കോർഡിനേറ്ററായും സേവനം ചെയ്തു വരികെയായിരുന്നു പുതിയ നിയമനം. വിസിറ്റേറ്റർ ശുശ്രൂഷയ്‌ക്കൊപ്പം റോമിലെ പ്രൊകുറേറ്ററിന്റെ സേവനം മാർ സ്റ്റീഫൻ തുടരും. പ്രവാസി സമൂഹങ്ങൾക്കുവേണ്ടി അജപാലനശുശ്രൂഷ നിർവഹിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാ രൂപതയിലെ പ്രസി ബിറ്ററൽ കൗൺസിലിലും അംഗമാണ് മാർ സ്റ്റീഫൻ.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?