Follow Us On

28

March

2024

Thursday

പ്രളയം നന്മയുടെ പൂക്കാലം

പ്രളയം നന്മയുടെ പൂക്കാലം

കേരളത്തെയാകെ അതീവ സംഭ്രാന്തിയിലാക്കിയ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ താറുമാറാക്കിയ ഇതിനോടകം തിരിച്ചറിയാന്‍ കഴിഞ്ഞ നൂറുകണക്കിന് പേരുടെ ജീവന്‍ അപഹരിച്ച 2018-ലെ മഹാപ്രളയം വര്‍ത്തമാനകാലത്തിന് സമ്മാനിച്ചത് അനുഭവങ്ങളുടെ കലവറയാണ്.

മലയാളക്കരയുടെ നാഡീഞരമ്പുകള്‍ എന്ന് എന്നും വിശേഷിപ്പിക്കപ്പെട്ട നദികളിലെ അണക്കെട്ടുകളില്‍ കെട്ടിനിര്‍ത്തി സൂക്ഷിച്ച ജലസമ്പത്ത് ദിവസങ്ങളോളം തിമിര്‍ത്താടിയ പേമാരിയിലെ പ്രളയജലത്തോടൊപ്പം തുറന്നുവിട്ടപ്പോള്‍ അങ്ങ് വടക്ക് കണ്ണൂര്‍ മുതല്‍ തെക്ക് തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലെയും കുന്നും മലകളും കുത്തിയിളക്കി മാമരങ്ങളും കൃഷിയിടങ്ങളും പിഴുതെറിപ്പെട്ടു.

പ്രളയത്തില്‍പ്പെട്ട് നട്ടംതിരിയുമ്പോഴും മലയാളികള്‍ അവരുടെ തനിമ കൈവെടിഞ്ഞില്ല. ഏതു ദുരിതത്തെയും അതിജീവിക്കാന്‍ സമര്‍ത്ഥരാണവര്‍. വെല്ലുവിളികള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കാതെ അതിജീവനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. പെരുമഴയും മേഘവിസ്‌ഫോടനവും ഉരുള്‍പ്പൊട്ടലും എല്ലാം ചേര്‍ന്ന് ഭൂമിയിളകി മരങ്ങള്‍ പിഴുത് ജലം ചോര നിറമാര്‍ന്ന് എല്ലാം വിഴിങ്ങാന്‍ വരുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങളയച്ചും ഓടിക്കൂടിയും, പരസ്പരം രക്ഷിച്ചും മലയാളി ദുരന്തത്തെ അതിജീവിക്കാന്‍ തത്രപ്പെടുകയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍വരെയുള്ളവര്‍ക്ക് സുപരിചിതം. വോയ്‌സ് മെസേജുകളിലൂടെയും ഗൂഗിള്‍ ടോക്കിലൂടെയും ലൊക്കേഷന്‍ ഷെയറിലൂടെയും അവര്‍ രക്ഷയുടെ വഴികള്‍ കണ്ടെത്തി.

കുട്ടനാടിന് പറയാനുണ്ടായിരുന്ന കഥകളില്‍ ഏറെ വ്യത്യസ്തതകള്‍ ഉണ്ട്. വെള്ളപ്പൊക്കം അവര്‍ക്ക് സുപരിചിതമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യഘട്ടം അവര്‍ അനായാസേന മറികടന്നു. വെള്ളം മുറിക്കുള്ളില്‍ കട്ടില്‍നിരപ്പുവരെ ഉയര്‍ന്നപ്പോള്‍ സന്തോഷത്തോടെ വരവേറ്റ് പ്രാര്‍ത്ഥനയോടെ ഇറക്കത്തിനായി കാത്തിരുന്നു.

അണകെട്ടുകള്‍ ഒന്നൊന്നായി മുന്നറിയിപ്പുകളോടെയും മുന്നറിയിപ്പില്ലാതെയും തുറന്നുവിട്ടപ്പോള്‍ കുട്ടനാട് അമ്പരന്നു. രാത്രിയില്‍ കട്ടിലില്‍ കിടന്നവര്‍ നനഞ്ഞ് ചാടിയെഴുന്നേറ്റ് ഉണര്‍ന്നു. കുഞ്ഞുമക്കളെയും വൃദ്ധരായ മാതാപിതാക്കളെയും കരയ്‌ക്കെത്തിക്കാന്‍ പിന്നെ ശ്രമമാരംഭിച്ചു. തുടര്‍ന്ന് കഠിനാദ്ധ്വാനത്തിന്റെ ദിനങ്ങളായിരുന്നു.

എല്ലാവരെയും രക്ഷപ്പെടുത്തുന്നതുവരെ വിശ്രമിക്കാത്തവര്‍ ഒഴുകിയെത്തിയ പതിനായിരങ്ങളെ വരവേല്‍ക്കാന്‍ ഭക്ഷണം നല്‍കാന്‍ ശുശ്രൂഷിക്കാന്‍ ചങ്ങനാശേരി ഒന്നാകെ കാത്തു നിന്നു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെയും സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെയും നേതൃത്വത്തില്‍ വൈദികരും സന്യസ്തരും അല്മായരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

നിഷേധികളെന്നും ഫ്രീക്കന്മാരെന്നും മൊബൈല്‍ ഭ്രാന്തന്മാരെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന യുവാക്കന്മാര്‍ എല്ലാം മറന്ന് രക്ഷകരായി മാറി. ന്യൂജന്‍ പഴഞ്ചന്‍ ഭേതമില്ലാതെ പ്രാര്‍ത്ഥനാമന്ത്രങ്ങളോടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകി ബോട്ടുകളും വള്ളങ്ങളും ഒക്കെയായി ജലപ്പരപ്പില്‍ പാറിനടന്ന് രക്ഷിച്ചു. കരയ്‌ക്കെത്തിച്ചവരെ ക്യാമ്പുകളിലും വീടുകളിലും എത്തിച്ചു. ചങ്ങനാശേരി അതിരൂപതയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളഉം പാരിഷ്ഹാളുകളും പള്ളിമുറികളും അള്‍ത്താരകളിലൊഴികെ പള്ളികളിലും ക്യാമ്പുകളായി മാറട്ടെയെന്ന് അതിരൂപതാധ്യക്ഷന്‍ കല്പിച്ചു. എല്ലാം ക്യാമ്പുകളായി മാറി. എല്ലാ വീടുകളും ക്യാമ്പുകളായി മാറി.

ചങ്ങനാശേരിയിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഓര്‍ത്തു പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ക്ക് എല്ലാം തരാന്‍ പൊന്നുപോലെ സ്‌നേഹിക്കാന്‍ ചങ്ങനാശേരിക്കാരുണ്ട്. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപെട്ടു, വീടുകള്‍ നഷ്ടപ്പെട്ടു. നാളിതുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു. കൃഷികള്‍ എല്ലാം നശിച്ചു. ഇനിയും മുപ്പത് ദിവസം എങ്കിലും വേണം ഞങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍. എതാണ്ട് 60 ദിവസം പ്രളയജലത്തില്‍ കുളിച്ച് നില്‍ക്കുന്ന കുട്ടനാട്ടുകാര്‍ അഭിമാനത്തോടെ പറയും ”ഞങ്ങള്‍ ദൈവത്തെ അഭയം പ്രാപിച്ച് ഈ മഹാപ്രളയത്തെ അതിജീവിച്ചു. രണ്ടായിരത്തിപതിനെട്ടിലെ പ്രളയം ഞങ്ങള്‍ക്ക് അനുഭവങ്ങളുടെ പൂക്കാലമായിരുന്നു.”

കുട്ടനാട്ടുകാര്‍ക്ക് പരാതികളില്ല, പരിഭവങ്ങളില്ല. മുഖ്യമന്ത്രി കാണാന്‍ വന്നില്ല, രക്ഷിക്കാന്‍ നേവി വന്നില്ല, എം.എല്‍.എ യെ കണ്ടില്ല, ചുമതലക്കാരനായ മന്ത്രി ജര്‍മ്മനിയിലായിരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ അവഗണിച്ചു. തടങ്ങി നൂറ് നൂറ് പോരായ്മകള്‍ പലരും വിളിച്ചു പറഞ്ഞു. പക്ഷേ, കുട്ടനാട്ടുകാര്‍ക്ക് അതൊന്നുമല്ല പ്രശ്‌നം. മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തണം. അതിനുശേഷം എനിക്കും രക്ഷപ്പെടണം. അതിന് എല്ലാ വഴികളും തേടി അദ്ധ്വാനിക്കുന്നവര്‍ക്ക് പരാതി പറയാനും ഉച്ചത്തില്‍ കരയാനും സമയമില്ല. അതെ കുട്ടനാട്ടുകാര്‍ എന്നും അങ്ങനെയാണ്. കൃഷിയിറക്കികഴിഞ്ഞാല്‍ കൊയ്യുന്നതുവരെ പ്രാര്‍ത്ഥനയോടെ ചെലവഴിക്കുന്നവര്‍, മഴപെയ്യാന്‍ തുടങ്ങുമ്പോള്‍ മുട്ടിന്മേല്‍ നിന്ന് മടവീഴാതിരിക്കാന്‍ പ്രാര്‍ത്ഥിച്ച് പരിശീലിച്ചവര്‍, കുടിവെള്ളം കലങ്ങിയതാണെന്നു കാണുമ്പോള്‍ കുരിശ് വരച്ച് ശുദ്ധമാക്കി കുടിച്ച് ശീലിച്ചവര്‍. അവരുടെ ആദ്ധ്യാത്മികതയും ദൈവാശ്രയബോധവും എന്നും അവര്‍ക്ക് കൈത്താങ്ങാണ്. ഏതു പ്രളയത്തെയും പൂക്കാലമാക്കാന്‍ ഈ ദൈവാശ്രയബോധം മതി അവര്‍ക്ക്.

കുട്ടനാട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമാകുകയും ജലനിരപ്പ് കഴുത്തും കടന്ന് ഉയരാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ നാടെങ്ങും മുറവിളിയായി. സൈന്യം എത്തിയെങ്കിലേ ഇനി രക്ഷയുള്ളൂ. രക്ഷാനടപടികള്‍ പട്ടാളത്തെ ഏല്‍പിക്കണമെന്ന അഭ്യര്‍ത്ഥ ഒരു വശത്ത്. നമുക്കുതന്നെ രക്ഷാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മറുഭാഗം. ഇതിനിടയില്‍ എത്തിയ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ അനുവാദം ലഭിക്കാന്‍ കാത്തിരുന്നു. അനുവാദം ലഭിച്ചവര്‍ രക്ഷാദൗത്യവുമായി ജലപ്പരപ്പിലൂടെ പറന്നുനടന്നു. വടത്തില്‍ ഹെലികോപ്റ്ററുകളിലേക്ക് കയറുന്നവരെയും വൃദ്ധരെയും കുഞ്ഞുങ്ങളെയും സംവഹിച്ച് വടത്തിലൂടെ ഹെലികോപ്റ്ററുകളിലേക്ക് കയറുന്നവരെയും കണ്ട് മലയാളക്കര വീര്‍പ്പടക്കി നിന്നു.

അപ്പോഴാണ് മലയാളക്കരയുടെ സ്വന്തം നേവി, മുക്കുവരെന്ന് മലയാളി സ്‌നേഹപൂര്‍വം വിളിക്കുന്നവര്‍ ബോട്ടുകളുമായി ജലാശയങ്ങളിലേക്ക് ആര്‍ത്തലച്ചെത്തിയത്. അവര്‍ക്ക് കമാന്റുകളില്ല, സല്യൂട്ടുകളില്ല, പ്രോട്ടോകോളില്ല. കണ്ടവരെയെല്ലാം രക്ഷിച്ചു, കാണാത്തവര്‍ക്കായി തിരഞ്ഞു നടന്നു. കുട്ടനാട്ടിലെ ക്ലേശപൂര്‍ണമായ ഇടങ്ങളില്‍ കുടുങ്ങിക്കഴിഞ്ഞ പതിനായിരങ്ങള്‍ അവരുടെ കരങ്ങളില്‍ സുരക്ഷിതരായി മാറി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളിലെ ധീരന്മാരായ അവര്‍ കുട്ടനാട്ടുകാര്‍ക്ക് ആരാധ്യപുരുഷന്മാരായി മാറി. ഒറ്റരാത്രികൊണ്ട് മുക്കുവന്‍ എന്ന പേര് ഇന്ത്യന്‍ നേവിക്കും മുകളിലേക്കുയര്‍ന്നു.

അവര്‍ രക്ഷാദൗത്യം നിര്‍വഹിക്കുമ്പോഴും ദൗത്യനിര്‍വഹണം കഴിഞ്ഞു മടങ്ങുമ്പോഴും സെല്‍ഫികളില്ല, വോയിസ് മെസേജില്ല, കൃതജ്ഞതാപ്രകാശനത്തിന് കാത്തുനിന്നില്ല. സാധാരണക്കാരെപ്പോലെ വീട്ടില്‍ തിരിച്ചെത്തി. പക്ഷേ ഓരോ മലയാളിയുടെയും മനസിലെ സിംഹാസനത്തില്‍ കിരീടം ധരിച്ച് വാണരുളുന്നു.

ഒരുപക്ഷേ ജലപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിക്കപ്പെട്ടത് ചങ്ങനാശേരി ബോട്ടുജെട്ടിയിലാകും. രക്ഷാപ്രവര്‍ത്തനത്തിന്റെ രാത്രിയും പകലും വള്ളങ്ങളെയും ബോട്ടുകളെയും കാത്ത് ചങ്ങനാശേരിയിലും പരിസരത്തുമായുള്ള പതിനായിരങ്ങള്‍ കാത്തുനിന്നു. വന്നവരെയെല്ലാം സ്വീകരിച്ച് ഭക്ഷണം നല്‍കി വാഹനങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലും ബന്ധുഭവനങ്ങളിലുമെത്തിച്ചു. പക്ഷേ ഇതൊന്നും കാണാന്‍ മാധ്യമങ്ങളുടെ ക്യമറകള്‍ എത്തിയില്ലെങ്കിലും കുട്ടനാട് ജനത മറക്കില്ല.


ഫാ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?