Follow Us On

29

March

2024

Friday

പ്രളയത്തിന് പ്രതിവിധി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ?

പ്രളയത്തിന് പ്രതിവിധി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ?

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായ പ്രളയവും മണ്ണിടിച്ചിലുകളും ഉരുള്‍പ്പൊട്ടലുകളും ഒഴിവാക്കാന്‍ കഴിയുമായിരുന്നോ? ഈ ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ സാധാരണക്കാരുടെ മനസുകളില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള സംശയമാണിത്. പ്രകൃതിദുരന്തങ്ങളുടെ അടിസ്ഥാന കാരണം അതിതീവ്ര മഴയായിരുന്നു. എത്ര തിരഞ്ഞിട്ടും മഴയെ നിയന്ത്രിക്കാനുള്ള ഉപായങ്ങളൊന്നും റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞില്ല. പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും നടുവില്‍ ജനങ്ങള്‍ മുങ്ങിത്താഴുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ചിലര്‍ രംഗപ്രവേശനം ചെയ്തു. റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതുകൊണ്ട് സംഭവിച്ച ദുരന്തം എന്ന ധ്വനി ആയിരുന്നു അവരുടെ വാക്കുകളില്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ പ്രതികരിച്ചത് മഹാ അപരാധമാണെന്നു വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരകളാകുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് മനുഷ്യത്വം. ആ മര്യാദപോലും പശ്ചിമഘട്ടത്തിലെ മനുഷ്യരോട് കാണിക്കുവാന്‍ പലരും തയാറായില്ല. ഒരു കാര്യം സമ്മതിക്കാതിരിക്കാനാവില്ല, പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും കാരണം അതിതീവ്ര മഴയാണ്. എങ്കില്‍, മഴയുടെ കാരണമല്ലേ ആദ്യം തേടേണ്ടത്? ആഗോളതാപനത്തില്‍ ഉണ്ടായ വര്‍ധനവാണ് മഴയുടെ കാരണമെന്ന റിപ്പോര്‍ട്ടുകള്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ അതല്ല പശ്ചിമഘട്ടത്തിലെ കര്‍ഷകരാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണക്കാര്‍ എന്ന രീതിയിലായി പ്രചാരണങ്ങള്‍. മഴയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായി എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആഗോളതാപനത്തിന് കാരണക്കാര്‍ ഒരുവിധത്തിലും പശ്ചിമഘട്ടത്തിലുള്ള കര്‍ഷകരല്ല. വന്‍കിട ഫാക്ടറികളും വ്യവസായശാലകളുമാണ് അതില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നത്. പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ. അവര്‍ പ്രകൃതിക്ക് ഏല്പിക്കുന്ന ആഘാതം കുറയ്ക്കുന്നതിനാണ് ഓമനപ്പേരുകള്‍ നല്‍കി വനവല്ക്കരണത്തിനുവേണ്ടി കോടികള്‍ നല്‍കാന്‍ തയാറാകുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ കമ്പനികളില്‍ ഈടാക്കുന്ന പിഴത്തുകയാണ് ആ പണം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ ശക്തമായി രംഗത്തുവന്നത് കത്തോലിക്ക സഭയായിരുന്നു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനമായ ലൗ ദാത്തോസി പുറത്തുവന്നതോടെ കേരളത്തിലെ സഭാനേതൃത്വത്തിന്റെ നിലപാടുകള്‍ തെറ്റിയില്ലേ എന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരുടെ ചോദ്യം. എന്നാല്‍, മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. സഭാ നേതൃത്വത്തിന്റെ നിലപാടുകള്‍ ശരിയായിരുന്നു എന്നാണ് ചാക്രിക ലേഖനം അടിവരയിടുന്നത്. മനുഷ്യനെ പരിഗണിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വലിയ ഉരുള്‍പ്പൊട്ടലുകള്‍ ഉണ്ടായിരിക്കുന്നത് വനത്തിനുള്ളിലാണെന്ന് ചൂണ്ടിക്കാണിക്കുന്നവരെ പരിസ്ഥിതി വിരോധികളായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ കാണാനിടയായി. അതിനവര്‍ പറയുന്ന ന്യായീകരണം വനത്തിനുള്ളില്‍ വലിയ ക്വാറികള്‍ ഉണ്ടെന്നാണ്. ഏതു വനത്തിനുള്ളിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നറിയില്ല. ഇനി ഉണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥര്‍ പശ്ചിമഘട്ടത്തിലെ കര്‍ഷകരല്ലല്ലോ.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ ഏഴു വര്‍ഷമായി. കാലപ്പഴക്കംകൊണ്ട് അതിന്റെ ഉള്ളടക്കം ജനങ്ങള്‍ മറന്നു എന്നു വിചാരിക്കരുത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പുകഴ്ത്താന്‍ മത്സരിക്കുന്നവര്‍ ആ റിപ്പോര്‍ട്ട് ഒന്നുകൂടി മനസിരുത്തി വായിക്കാന്‍ തയാറാകണമെന്ന് ഒരു അപേക്ഷയുണ്ട്. റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ പശ്ചിമഘട്ടത്തില്‍ ഉണ്ടായ ദുരന്തങ്ങള്‍ പുറംലോകം അറിയില്ലായിരുന്നു എന്നതു ശരിയാണ്. നിയന്ത്രണങ്ങള്‍മൂലം മനുഷ്യര്‍ തനിയെ അവിടെനിന്നും പടിയിറങ്ങാന്‍ നിര്‍ബന്ധിതരാകുമായിരുന്നു. വനത്തിനുള്ളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലുകളില്‍ ജനവാസ മേഖലകളിലേക്ക് എത്തിവയെക്കുറിച്ചുമാത്രമേ നമുക്ക് അറിയൂ. അതേ സാഹചര്യമായിരുന്നു പശ്ചിമഘട്ടത്തിലും ഉണ്ടാകാന്‍ സാധ്യത.
റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇടുക്കി ജില്ല സന്ദര്‍ശിച്ചിരുന്നോ എന്ന് ഒരു പൊതുസമ്മേളനത്തില്‍വച്ച് പ്രഫ. മാധവ് ഗാഡ്ഗിലിനോട് ചോദ്യം ഉയര്‍ന്നപ്പോള്‍ തിരക്കു കാരണം പോകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. റിപ്പോര്‍ട്ട് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്ന ജില്ലയാണ് ഇടുക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുപ്രകാരം ഇടുക്കിയിലെ അഞ്ച് താലൂക്കുകളും പരിസ്ഥിതിലോല മേഖലയിലാണ്. എന്തുകൊണ്ടാണ് ആ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് ഇത്രയും അപകടകാരിയായതെന്നതിന്റെ ഉത്തരമുണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍. റിപ്പോര്‍ട്ട് ബാധിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി വരെ ചര്‍ച്ച നടത്തണമെന്ന് നിര്‍ദ്ദേശമുള്ളപ്പോഴായിരുന്നു അങ്ങനെ ഉള്ളവരെ കാണാതെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകപോലും ചെയ്യാതെ റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നു മാത്രമല്ല, പരിസ്ഥിതി സംഘടനകളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സ്വാഭാവികമായും റിപ്പോര്‍ട്ട് ഏകപക്ഷീയമായി മാറി. തിരക്കുമൂലം മതിയായ അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് കമ്മറ്റിയുടെ അധ്യക്ഷന്‍ തന്നെ പറയുമ്പോള്‍ ആ റിപ്പോര്‍ട്ടിന് എന്ത് ആധികാരികതയാണുള്ളത്?

ജോസഫ് മൈക്കിള്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?