Follow Us On

29

March

2024

Friday

പ്രവൃത്തിക്കനുസരിച്ചാണ് പ്രതിഫലം

പ്രവൃത്തിക്കനുസരിച്ചാണ് പ്രതിഫലം

ഉൽപത്തി പുസ്തകം 25-ാം അധ്യായത്തിൽ 27 മുതൽ 34 വരെ വചനങ്ങളിൽ വിവരിക്കുന്ന ഒരു സംഭവമുണ്ട്. അബ്രാഹത്തിന്റെ മകനായ ഇസഹാക്കിന് ജനിച്ച രണ്ട് ആൺമക്കൾ ആണ് ഏസാവും യാക്കോബും. ഏസാവ് വളർന്നുവന്നപ്പോൾ സമർത്ഥനായ നായാട്ടുകാരനും കൃഷിക്കാരനുമായി. യാക്കോബിന്റെ തൊഴിലിനെപ്പറ്റി ഇവിടെ ഒന്നും പറയുന്നില്ല. ഒരിക്കൽ യാക്കോബ് പായസം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ഏസാവ് വിശന്നു തളർന്ന് വയലിൽനിന്ന് വന്നു. അവൻ യാക്കോബിനോട് പറഞ്ഞു: ആ ചെമന്ന പായസം കുറച്ച് എനിക്ക് തരുക; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു. യാക്കോബ് പ്രതിവചിച്ചു: ആദ്യം നിന്റെ കടിഞ്ഞൂൽ അവകാശം എനിക്ക് വിട്ടുതരുക. ഏസാവ് പറഞ്ഞു: ഞാൻ വിശന്ന് ചാകാറായി. കടിഞ്ഞൂൽ അവകാശംകൊണ്ട് എനിക്കിനി എന്ത് പ്രയോജനം? യാക്കോബ് പറഞ്ഞു: ആദ്യം എന്നോട് ശപഥം ചെയ്യുക. ഏസാവ് ശപഥം ചെയ്തു. അവൻ കടിഞ്ഞൂൽ അവകാശം യാക്കോബിന് വിട്ടുകൊടുത്തു. യാക്കോബ് അവന് അപ്പവും പയറുപായസവും നൽകി. ഏസാവ് തന്റെ കടിഞ്ഞൂൽ അവകാശം നിസാരമായി കരുതി. പിന്നീട് സ്വന്തം അമ്മ റബേക്കയുടെ വാക്കനുസരിച്ച് യാക്കോബ് അപ്പനെ കബളിപ്പിക്കുകയും ഏസാവിന് നൽകേണ്ടതും അർഹതപ്പെട്ടതുമായ അനുഗ്രഹവും വാങ്ങിയെടുത്തു.
താൽക്കാലിക സുഖത്തിനുവേണ്ടിയാണ് ഏസാവ് കടിഞ്ഞൂൽ അവകാശം നഷ്ടമാക്കിയത്. പിന്നീട് അതിന്റെ വില മനസിലാക്കി അവൻ വിലപിച്ചു. പക്ഷേ, നഷ്ടപ്പെട്ട അവകാശം അവന് തിരിച്ചു കിട്ടിയില്ല. അവന്റെ ലാഭം ചെറുത്; കുറച്ച് പായസം. അവന്റെ നഷ്ടം വലുത്; കടിഞ്ഞൂൽ അവകാശവും അത് നൽകുന്ന അനുഗ്രഹങ്ങളും.
ഈ മണ്ടത്തരം കാണിക്കൽ തുടങ്ങിവച്ചത് ഹവ്വയാണ്. വിലക്കപ്പെട്ട പഴം തിന്ന് അൽപനേരത്തേക്ക് ഒരു സുഖം അനുഭവിച്ചു. ആദത്തിനും കൊടുത്ത് പഴം തീറ്റിച്ചു. പഴം തിന്നതിന്റെ സുഖം അൽപസമയത്തിനുള്ളിൽ തീർന്നു. പക്ഷേ, അതുവഴി നിരവധി നഷ്ടങ്ങൾ ഉണ്ടായി. ദൈവത്തെ അഭിമുഖീകരിക്കാൻ കഴിയാതെ ഭയന്ന് ഒളിച്ചു (ഉൽപത്തി 3:10). ഗർഭാരിഷ്ടതകൾ വർധിച്ചു. വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കേണ്ട സ്ഥിതിവന്നു. കഠിനാധ്വാനംകൊണ്ട് ജീവിക്കേണ്ടിവന്നു. അധ്വാനിച്ച് ജീവിക്കാൻ തുടങ്ങേണ്ടിവന്നു. മരണത്തിനും ആത്മനാശത്തിനും കാരണമായി (ഉൽപത്തി 3:14-24). എന്നാൽ യേശു തന്റെ സഹന-മരണത്തിലൂടെ ആത്മാവിനെ നരകത്തിൽനിന്ന് വീണ്ടെടുത്തു. മറ്റെല്ലാ നഷ്ടങ്ങളും തുടർന്നു.
താൻ ചെയ്ത നന്മപ്രവൃത്തികളുടെ ഫലം തോബിത്തിന് കിട്ടിയ ഒരനുഭവം തോബിത്തിന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. തോബിത്ത് താൻ ചെയ്ത നന്മകളെപ്പറ്റിയും നന്മ ചെയ്യാനും ദൈവത്തോട് ചേർന്നു നിൽക്കാനും സഹിച്ച ക്ലേശങ്ങളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. ജീവിതകാലമത്രയും സത്യത്തിന്റെയും നീതിയുടെയും മാർഗത്തിലാണ് താൻ സഞ്ചരിച്ചതെന്നും മനുഷ്യർക്ക് നിരവധി ഉപകാരങ്ങൾ ചെയ്തിട്ടുണ്ടെന്നും തന്റെ ഗോത്രം മുഴുവനും ദൈവത്തെ ഉപേക്ഷിച്ച് വിഗ്രഹാരാധന നടത്തിയപ്പോഴും സത്യദൈവത്തെ ഉപേക്ഷിച്ചിട്ടില്ലെന്നും ദശാംശവും ആദ്യഫലവും ദൈവത്തിന് നൽകികൊണ്ടിരുന്നു എന്നും ദൈവത്തെക്കുറിച്ചുള്ള ഓർമ എന്നും തന്റെ മനസിൽ നിറഞ്ഞുനിന്നിരുന്നുവെന്നും വിശക്കുന്നവർക്ക് ഭക്ഷണവും നഗ്നർക്ക് വസ്ത്രവും നൽകിയിരുന്നുവെന്നും സംസ്‌കരിക്കാൻ ആരുമില്ലാതെ കിടന്നിരുന്ന മൃതശരീരങ്ങൾ എടുത്തുകൊണ്ടുപോയി സംസ്‌കരിച്ചിരുന്നു എന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നിടത്തുനിന്നുപോലും എഴുന്നേറ്റുപോയി മൃതശരീരം സംസ്‌കരിച്ചുവെന്നും തോബിത്ത് പറയുന്നു. ഈ തോബിത്ത് കിടക്കുമ്പോൾ കണ്ണിൽ കുരുവിക്കാഷ്ടം വീണ് അന്ധനായി. എന്നാൽ അദ്ദേഹത്തെ സുഖപ്പെടുത്തിക്കൊണ്ട് റഫായേൽ മാലാഖ പറഞ്ഞു: നീ മൃതരെ സംസ്‌കരിച്ചപ്പോൾ ഞാൻ നിന്നോടൊത്ത് ഉണ്ടായിരുന്നു. ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ് ചെന്ന് മൃതശരീരം സംസ്‌കരിക്കാൻ മടി കാണിക്കാതിരുന്ന നിന്റെ സൽപ്രവൃത്തി എനിക്ക് അജ്ഞാതമല്ല. ആകയാൽ നിന്നെയും നിന്റെ മരുമകൾ സാറായെയും സുഖപ്പെടുത്തുവാൻ ദൈവം എന്നെ അയച്ചിരിക്കുന്നു (12:12-14). തോബിത്ത് ചെയ്ത സൽപ്രവൃത്തികളും അദ്ദേഹം ദൈവത്തോട് ചേർന്നുനിന്നതുമെല്ലാം അദ്ദേഹത്തിന്റെ രോഗശാന്തിക്ക് കാരണമായി.
മത്തായി 16:27-ൽ യേശു ഇപ്രകാരം പറഞ്ഞു: മനുഷ്യപുത്രൻ സ്വപിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരോടൊത്ത് വരുവാനിരിക്കുന്നു. അപ്പോൾ അവൻ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്കൊത്ത് പ്രതിഫലം നൽകും. പ്രവൃത്തിക്കൊത്ത് താൻ പ്രതിഫലം നൽകുമെന്നാണ് യേശു പറഞ്ഞത്. യേശു നൽകുന്ന ഏറ്റവും വലിയ പ്രതിഫലം ഈ ലോകത്തിലെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ അല്ല. അത് ചെറുതാണ്; താല്ക്കാലിക നന്മയാണ്. വലുതും നിലനിൽക്കുന്നതുമായ നന്മ ദൈവം നൽകുന്ന നിത്യജീവനാണ്.
ഒരുപക്ഷേ ഇന്ന് അനേക മനുഷ്യർ ഹവ്വയെപ്പോലെയും ഏസാവിനെപ്പാലെയും താൽക്കാലിക സന്തോഷത്തിന് പ്രാധാന്യം നൽകുന്നു. അതിനാൽ ചെയ്യേണ്ട പല നന്മകളും സുകൃതങ്ങളും ചെയ്യുന്നില്ല; ചെയ്യാൻ പാടില്ലാത്ത പല തിന്മകളും ചെയ്യുകയും ചെയ്യുന്നു. താഴെ പറയുന്ന ബൈബിൾ വചനങ്ങൾ നമുക്ക് ഓർക്കാം.
സഭാപ്രസംഗകൻ 1:2-4: സകലവും മിഥ്യയാണ്. ജോബി 14:1-2: മനുഷ്യന് അൽപായുസാണ്… അവൻ പുഷ്പംപോലെ വിടരുന്നു; കൊഴിയുന്നു. സങ്കീർത്തനം 90:10: മനുഷ്യന്റെ ആയുസ് പരിമിതമാണ്. ഏശയ്യാ 40:6-8: മനുഷ്യൻ പുല്ലുമാത്രം. പുല്ല് കരിയുന്നു. യാക്കോബ് 4:14: അൽപനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്ന മൂടൽമഞ്ഞാണ് നിങ്ങൾ. 1 യോഹന്നാൻ 2:17: ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവരാകട്ടെ എന്നേക്കും നിലനിൽക്കും. 1 കോറിന്ത്യർ 3:8: ജോലിക്ക് തക്ക കൂലി ഓരോരുത്തർക്കും കിട്ടും. 2 കോറിന്ത്യർ 5:10: ഓരോരുത്തരും തങ്ങളുടെ ശാരീരികതയിൽ ചെയ്തിട്ടുള്ള നന്മതിന്മകൾക്ക് പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുന്നിൽ നിൽക്കണം.
ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടുന്ന് പ്രതിഫലം നൽകും. അതിനാൽ പാപം ചെയ്യാതിരുന്നുകൊണ്ടും ചെയ്ത പാപങ്ങൾക്ക് മോചനം നേടിക്കൊണ്ടും പ്രാർത്ഥിച്ചുകൊണ്ടും നന്മ ചെയ്തുകൊണ്ടും നമുക്ക് സ്വർഗത്തിൽ പോവുക എന്ന പ്രതിഫലം കിട്ടത്തക്കവിധം ജീവിക്കാം. കൂടെ ഈലോക ജീവിതത്തിലും കൂടുതൽ ദൈവാനുഗ്രഹങ്ങൾ കിട്ടും.
ഫാ. ജോസഫ് വയലിൽ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?