Follow Us On

29

March

2024

Friday

പ്ലാസ്റ്റിക് വിമുക്ത ലോകത്തിനായി ചിറമ്മേലച്ചന്‍

പ്ലാസ്റ്റിക് വിമുക്ത ലോകത്തിനായി ചിറമ്മേലച്ചന്‍

മലയാറ്റൂരിന് സമീപമുള്ള പാലത്തില്‍നിന്നും പുഴയിലേക്ക് കുന്നുകൂടിയ പ്ലാസ്റ്റിക് കുപ്പികള്‍ ജെ.സി.ബി ഉപയോഗിച്ച് മറിച്ചിടുന്നത് കണ്ടയുടനെ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വാട്ട്‌സ് അപ്പ് സന്ദേശം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേല്‍ പോസ്റ്റ് ചെയ്തു. ഇത് ലക്ഷക്കണക്കിന് ജനങ്ങള്‍ കേട്ടു. വലിയൊരു പ്രതിസന്ധിയിലേക്കാണ് കേരള ജനത പോകുന്നതെന്ന് തിരിച്ചറിഞ്ഞ ചിറമലച്ചന്‍ കഴിഞ്ഞ ഓഗസ്റ്റ് 15-ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ അന്ന് പ്രളയം ആരംഭിച്ചതുകൊണ്ട് അന്ന് സാധിച്ചില്ല. പ്രളയാനന്തര കുപ്പികള്‍ വീണ്ടും പുഴയിലേക്ക് തള്ളുന്നത് കണ്ടപ്പോള്‍ ചിറമ്മേലച്ചന്‍ വാട്ട്‌സ് അപ്പിലൂടെ ശക്തമായി പ്രതികരിച്ചു. ഈ ആഹ്വാനത്തിന് വലിയ പ്രതികരണമാണ് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ലഭിച്ചത്. പ്ലാസ്റ്റിക് കുപ്പികള്‍ പുഴയിലേക്ക് തള്ളിയിരുന്നവരുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാനും സാധിച്ചു. കുട്ടികളിലൂടെ സ്‌കൂളുകളിലും കോളജുകളിലും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ചുകൊണ്ടുവരുന്ന പദ്ധതിക്ക് ചിറമ്മേലച്ചന്‍ തുടക്കം കുറിച്ചു. അത് സ്‌കാര്‍പ് മെര്‍ച്ചന്റ് അസോസിയേഷന്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായി. 18 ടണ്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഇതിനകം തന്നെ റീസൈക്കിളിംഗ് ചെയ്യുന്നതിനായി കൊണ്ടുപോകുകയും ചെയ്തു.
സ്‌കൂളുകള്‍ ഈ സംരംഭത്തെ ഏറ്റെടുത്തുവെന്ന് മാത്രമല്ല, സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കുകയും ചെയ്തു, പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് സ്‌കൂളുകളില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചുകൊണ്ട്. കയ്പമംഗലം സ്‌കൂളില്‍ ഇങ്ങനെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് വില്‍പന നടത്തി ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതാണ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അങ്ങനയൊരു ഉത്തരവിറക്കാന്‍ പ്രേരണയായത്.
റസിഡന്റ് അസോസിയേഷനുകള്‍, മറ്റു സംഘടനകള്‍ എന്നിവര്‍ ഈ ഉദ്യമത്തെ ഏറ്റെടുത്തിട്ടുണ്ട്. വെളിയംകോട് പെരുമ്പടപ്പ് ഭാഗത്ത് ‘കാരുണ്യവും കരുതലും’ എന്ന പേരില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഒരു പദ്ധതി ആരംഭിച്ചു. ആ പഞ്ചായത്തിലെ എല്ലാ വീടുകളില്‍നിന്നും ആയിരം രൂപ വീതം ശേഖരിക്കുന്നു. അവിടുത്തെ കിഡ്‌നി, കാന്‍സര്‍, ഹൃദ്രോഗികളുടെ കണക്കെടുക്കുന്ന സര്‍വേ പുരോഗമിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന പണത്തിന്റെ 90 ശതമാനവും ഈ രോഗികളുടെ ചികിത്സാഫണ്ടിലേക്ക് നല്‍കുന്നു. പത്തു ശതമാനം തുക കരുതലായി സൂക്ഷിക്കുന്നു. ഈ രോഗങ്ങള്‍ വരാതിരിക്കാനുള്ള കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍. അതില്‍പെട്ട ഒന്നായിരുന്നു പ്ലാസ്റ്റിക് നിര്‍മാര്‍ജനം അഥവാ ‘ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍.’
ജനങ്ങള്‍ ഈ പദ്ധതി ഏറ്റെടുത്തതോടെ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ചിറമ്മേലച്ചനെ ഫോണില്‍ വിളിച്ചു. അമ്പതിനായിരം പ്ലാസ്റ്റിക് ബോട്ടിലുകള്‍ ക്രിക്കറ്റ് മത്സരവേളയില്‍ ഇറക്കുന്ന വിവരം അറിയിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. മൂന്നാറില്‍ തേയില നുള്ളാന്‍ ഉപയോഗിക്കുന്ന സഞ്ചിയും സന്നാഹങ്ങളുമായി ചിറമ്മേലച്ചനും ടീമും കാര്യവട്ടത്ത് എത്തി. ആ കളിക്കിടയില്‍ എല്ലാ പ്ലാസ്റ്റിക് ബോട്ടിലുകളും ശേഖരിച്ചു. അതൊരു പ്രചാരണമായിരുന്നു.
പിന്നീട് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മത്സരം വന്നപ്പോള്‍ അവിടെയും ചിറമ്മേലച്ചനും ടീമും എത്തി. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ചിറമലച്ചനും ടീമിനും കഴിഞ്ഞു. ചിറമ്മേലച്ചന്റെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ പഞ്ചാബില്‍നിന്നുള്ള കാന്‍സര്‍ രോഗവിമുക്തനായ അഗര്‍വാള്‍ ഈ പ്രവര്‍ത്തനങ്ങള്‍ പഞ്ചാബിലും നടത്താനായി ചിറമലച്ചനെ ക്ഷണിച്ചു. കാന്‍സറിനെതിരായ ഒരു ആശുപത്രിയും അവിടെ അദ്ദേഹം തുടങ്ങുന്നുമുണ്ട്.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവും പുറകേ ഇറങ്ങി. ഇതും ചിറമ്മേലച്ചന്റെ പ്രവര്‍ത്തനങള്‍ക്ക് ഊര്‍ജം പകര്‍ന്നു. പഞ്ചായത്ത് തലങ്ങളില്‍ കുടുംബശ്രീ, അടയല്‍കൂട്ടങ്ങള്‍ വഴി പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് വൃത്തിയാക്കി പ്ലാന്റുകള്‍ സ്ഥാപിച്ച് ഷ്രെഡ് ചെയ്ത് ടാറിങ്ങില്‍ ഉപയോഗിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
അറബിക്കടലില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണുള്ളത്. ഇത് മത്സ്യങ്ങളുടെ ഉള്ളിലേക്ക് എത്തുന്നു. ഒരു സെക്കന്റില്‍ ഒരുകോടി പ്ലാസ്റ്റിക് കുപ്പികളാണ് ജനങ്ങള്‍ വാങ്ങുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നത്. ഇവയൊന്നും റീസൈക്കിള്‍ ചെയ്യപ്പെടാതെ കാനകളിലും പുഴകളിലും വലിച്ചെറിയപ്പെടുന്നു. ഇവിടെയാണ് ചിറമ്മേലച്ചന്റെ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി.

സൈജോ ചാലിശേരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?