Follow Us On

28

March

2024

Thursday

ഫാത്തിമയിലെ ഇന്നത്തെ കാഴ്ചകൾക്ക് പിന്നിൽ

ഫാത്തിമയിലെ ഇന്നത്തെ കാഴ്ചകൾക്ക് പിന്നിൽ

പോർച്ചുഗലിലെ ലിസ്ബണിൽനിന്ന് 88 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഫാത്തിമ. തികച്ചും ഗ്രാമീണ അന്തരീക്ഷം. വിളഞ്ഞു നിൽക്കുന്ന ചോളപ്പാടങ്ങൾ, മൊട്ടക്കുന്നുകൾ. അവയോടനുബന്ധിച്ച് അത്തിയും ഒലിവും ഓക്കുമരങ്ങളും സമൃദ്ധമായി വളർന്നു. പൈൻമരങ്ങളും ബദാം തോട്ടങ്ങളുമെല്ലാം പലയിടത്തും കാണാം. കുന്നുകളുടെ മുകളിൽ പാറക്കെട്ടുകളും ഗുഹകളുമുണ്ട്. ധാരാളം പച്ചപ്പുൽപ്പരപ്പുകളും അവയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റങ്ങളും അവയുടെ മുമ്പേ ചരിക്കുന്ന ഇടയക്കുട്ടികളും നാടിന്റെ സവിശേഷതയാർന്ന കാഴ്ചയായിരുന്നു.
ഫാത്തിമയ്ക്കടുത്തുള്ള അൽജസ്റ്റട്ര എന്ന കൊച്ചുഗ്രാമത്തിൽ അന്റോണിയുടെയും മരിയ റോസയുടെയും മകളായിട്ടാണ് ലൂസിയ സാന്റോസ് എന്ന ലൂസി ജനിക്കുന്നത്. ലൂസിയുടെ അമ്മാവന്റെ മക്കളാണ് ഫ്രാൻസിസ്‌ക്കോ മാൾട്ടോയും ജസീന്തയും. ഗ്രാമത്തിലെ മറ്റ് കുട്ടികളെപ്പോലെ ഇവർ മൂവരും ആടുകളെ മേയ്ക്കാൻ നിയോഗിക്കപ്പെട്ടിരുന്നു. എല്ലാ കുട്ടികളെയുംപോലെ കാര്യമായ പ്രത്യേകതകളൊന്നുമില്ലാത്തവർ. എന്നാൽ അടിയുറച്ച വിശ്വാസപൈതൃകം കാത്തുസൂക്ഷിക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു ഇവർ. കളികളും പ്രാർത്ഥനയും ആടുമേയ്ക്കലും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതവും ശാന്തസുന്ദരമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. എന്നാൽ അവരുടെ ജീവിതംപോലെയായിരുന്നില്ല ലോകത്തിന്റെ അവസ്ഥ.
ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. പല രാജ്യങ്ങളിലായി ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടുകൊണ്ടിരുന്നു. മുറിവേൽക്കുന്നവരും അനാഥരാക്കപ്പെട്ടവരും പീഡിപ്പിക്കപ്പെടുന്നവരും അസംഖ്യമായിരുന്നു. ഓരോ രാജ്യവും മറ്റുള്ളവയെ തകർക്കാനും തങ്ങളുടെ അധീശത്വം സ്ഥാപിക്കാനും വെമ്പൽകൊണ്ടു. എല്ലാ മനുഷ്യരുടെയും ഉള്ളം ആക്രമോത്സുകതയും പകയും വിദ്വേഷവും നിറഞ്ഞതായി. യുദ്ധത്തോട് താൽപര്യമില്ലാത്ത വർപോലും നിർബന്ധിത സൈനികസേവനത്തിന് നിയോഗിക്കപ്പെടുന്ന കാലം. പിതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളും ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാരും മക്കളെ നഷ്ടപ്പെട്ട വൃദ്ധമാതാപിതാക്കളും പ്രതീക്ഷ മങ്ങുന്ന ലോകത്തിന്റെ നേർക്കാഴ്ചകളായി മാറി.
ദൈവത്തിനും വിശ്വാസത്തിനും എതിരായ ചിന്തകളും ആശയങ്ങളും പ്രത്യയ ശാസ്ത്രങ്ങളും സായുധ വിപ്ലവങ്ങളും അരങ്ങേറുന്ന സമയം കൂടിയായിരുന്നു അത്. സഭ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലേക്ക് പ്രവേശിച്ചതും ഈ സമയത്തായിരുന്നു. പുറത്തെ യുദ്ധത്തെക്കാളുപരി ആധ്യാത്മിക മന്ദതയും പുതിയ യുക്തിചിന്തകൾക്ക് അടിപ്പെട്ട് വിശ്വാസം ത്യജിക്കുന്ന യുവതലമുറയും സഭയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ലോകാവസാനമാണോ ആഗതമാകുന്നത് എന്ന ചിന്ത പലരിലും ഉണ്ടായി. കലുഷിതമായ ഈ സാഹചര്യത്തിൽ ലോകത്തിൽ ദൈവികമായ ഒരു ഇടപെടൽ ആവശ്യമായിരുന്നു. അല്ലായിരുന്നെങ്കിൽ പാപം ഇത്രമേൽ വർധിച്ചതുമൂലം ഭൂമിക്ക് അത് താങ്ങാനാവുമായിരുന്നില്ല. ദൈവിക ഇടപെടലിനെ സ്വാധീനിക്കത്തക്കവിധം പീഡിപ്പിക്കപ്പെട്ട സഭയുടെയും രക്തസാക്ഷിത്വം വരിക്കുന്ന വിശ്വാസികളുടെയും ദീനരോദനങ്ങളും പ്രാർത്ഥനകളും സ്വർഗത്തിലേക്കുയരുന്നുണ്ടായിരുന്നു.
ലൂസിയുടെ ഇടയജീവിതവും അജ്ഞാത ദൃശ്യവും

മാതാപിതാക്കളുടെ ഏഴുമക്കളിൽ ഏറ്റവും ഇളയവളായിരുന്നു ലൂസി. അവൾക്ക് ഏഴുവയസ് പൂർത്തിയായപ്പോൾ ആടുകളുടെ മേൽനോട്ടം വഹിക്കാൻ അമ്മ അവളെ നിയോഗിച്ചു. അതുവരെ അടുക്കള നോക്കിയിരുന്ന കരോളിന് പന്ത്രണ്ട് വയസ് പൂർത്തിയായിരുന്നതിനാൽ വയലിലെ ജോലികൾക്കും നിയോഗിച്ചു. അപ്പനും സഹോദരങ്ങൾക്കും ലൂസിയെ ആടുനോക്കാൻ വിടുന്നതിനോട് യോജിപ്പില്ലായിരുന്നു. എന്നാൽ എല്ലാവരെയുംപോലെ ലൂസിയും അധ്വാനിക്കട്ടെ എന്ന നിലപാടായിരുന്നു അമ്മയുടേത്. കൊച്ചുകുട്ടിയായിരുന്നതിനാൽ പല മുതിർന്ന കുട്ടികളും സഹായം വാഗ്ദാനം ചെയ്തു. മലഞ്ചെരുവിൽ നിറയെ ആടുകളും അതിലേറെ ആട്ടിടയക്കുട്ടികളും; ഒച്ചയും ബഹളവുമെല്ലാം ലൂസിയെ തെല്ലൊന്നുമല്ല അസഹ്യപ്പെടുത്തിയത്. കുട്ടിക്കൂട്ടത്തിൽനിന്ന് ലൂസി മൂന്നുപേരെ തിരഞ്ഞെടുത്തു. തെരേസ മത്തിയാസ്, മരിയ റോസ, മരിയ ജസ്റ്റിനോ എന്നീ ഇടയ ബാലികമാരെയാണ് ലൂസി തിരഞ്ഞെടുത്തത്. പിറ്റേന്നു മുതൽ കബേക്കോ എന്നറിയപ്പെടുന്ന ഗുഹയുടെ ഭാഗത്താണ് അവർ ആടുമേയ്ക്കാൻ പോയത്. വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണം ഉച്ചയാകുമ്പോൾ കഴിക്കും. അതിനുശേഷം ജപമാല ചൊല്ലും. പിന്നീട് കളികളിൽ ഏർപ്പെടും. വൈകുന്നേരത്തോടെ ആടുകളുമായി വീട്ടിലേക്ക് മടങ്ങും.
വർഷമോ ദിവസമോ കൃത്യമായി പറയാനാകില്ലെങ്കിലും 1915 കാലത്താണ് ദൈവദൂതന്റെ ദർശനം ലൂസിക്കും കൂട്ടുകാർക്കും ലഭിക്കുന്നത്. അന്ന് ഫ്രാൻസിസ്‌ക്കോയും ജസീന്തയും ആടുമേയ്ക്കാൻ വന്നുതുടങ്ങിയിരുന്നില്ല. അതിനാൽ ലൂസിയും മറ്റ് മൂന്ന് ഇടയ ബാലികമാരുമാണ് ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. അത് ദൈവദൂതനാണെന്നും അന്ന് മനസിലായിരുന്നില്ല.
പതിവുപോലെ ജപമാല ചൊല്ലാൻ ആരംഭിച്ചപ്പോൾ കുട്ടികൾക്ക് മുന്നിലായി ഒരു സ്ഫടികരൂപം തെളിഞ്ഞു. സൂര്യപ്രകാശം കടന്നുപോകത്തക്കവിധം സുതാര്യമായ രൂപം. എന്താണെന്ന് കൂട്ടുകാർ പരസ്പരം ചോദിച്ചു. അവരുടെ ഉള്ളിൽ ഭയം നിറഞ്ഞെങ്കിലും ജപമാല ചൊല്ലി പൂർത്തിയാക്കി. അതോടെ ആ രൂപവും അപ്രത്യക്ഷമായി. ലൂസി ഇക്കാര്യം ആരോടും പറഞ്ഞില്ല. കൂട്ടുകാരാകട്ടെ വീട്ടിൽ പോയി പറഞ്ഞു. ലൂസിയുടെ അമ്മ ഇക്കാര്യം അറിഞ്ഞപ്പോൾ അവളെ ചോദ്യം ചെയ്തു. കൃത്യമായ ഉത്തരം നൽകാൻ ലൂസിക്കും സാധിച്ചില്ല. ഏതാനും ദിവസങ്ങൾക്കുശേഷം ഇതേ സ്ഥലത്ത് വീണ്ടും എത്തിയപ്പോൾ ദർശനം ആവർത്തിച്ചു. ഇത്തവണയും കൂട്ടുകാർ അവരവരുടെ വീട്ടിൽ ചെന്നുപറഞ്ഞു. ഇത്തവണ ലൂസിയുടെ അമ്മ അവളെ ശകാരിച്ചു. സഹോദരിമാരും അവളെ കളിയാക്കി.
മാലാഖയുടെ ദർശനം
ലൂസിയോടൊപ്പം ഫ്രാൻസിസ്‌ക്കോയും ജസീന്തയും ആടുകളെ മേയ്ക്കാൻ വരാൻ തുടങ്ങി. സുഹൃത്തുക്കളായ മൂന്നുപേരെ വിട്ട് ബന്ധുക്കളായ ഇവരെ രണ്ടുപേരെയും കൂട്ടിയായിരുന്നു പിന്നീടുള്ള ആടുമേയ്ക്കൽ. മറ്റ് ആട്ടിടയരെപ്പോലെ മലഞ്ചെരുവിലേക്ക് പോകാതെ ബന്ധുജനങ്ങളുടെ വക തോട്ടങ്ങളിൽ ആടിനെ മേയ്ക്കാൻ തീരുമാനിച്ചു. ദിവസങ്ങൾ ശാന്തമായി കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഒരിക്കൽ അവർ ആടുമേയ്ക്കാനായി എത്തിച്ചേർന്നത് ചൗസാ വെൽഹാ കുന്നിന്റെ കിഴക്കേ ചെരുവിലായിരുന്നു. അവിടെ എത്തിയപ്പോൾ മഴ പെയ്തുതുടങ്ങി. നനയാതെ കയറിനിൽക്കാൻ പാകത്തിനുള്ള പാറക്കെട്ട് തേടി കുട്ടികൾ ഓടി. അങ്ങനെ അവർ എത്തിച്ചേർന്നത് ലൂസിയുടെ തലതൊട്ടപ്പനായ അനസ്റ്റാഷ്യയുടെ ഒലിവുതോട്ടത്തിലെ ഗുഹയിലായിരുന്നു. ഉച്ചഭക്ഷണം കഴിച്ച് ജപമാലയും ചൊല്ലിയശേഷം അവർ കളിയാരംഭിച്ചു. ഈ സമയം ഒരു കാഴ്ച കണ്ടു. ഒലിവുമരങ്ങളുടെ മുകളിലൂടെ ലൂസി നേരത്തേ കണ്ടിട്ടുള്ള രൂപം അടുത്തുവരുന്നു. ഇത്തവണ അതിന്റെ രൂപം വ്യക്തമായിരുന്നു. സൂര്യപ്രകാശം കടന്നുപോകുംവിധം സുതാര്യമായ സ്ഫടികസമാനമായ യുവാവ് അടുത്തെത്തി പറഞ്ഞു:
”ഭയപ്പെടേണ്ട, ഞാൻ സമാധാനത്തിന്റെ മാലാഖയാണ്. എന്നോടൊപ്പം പ്രാർത്ഥിക്കുക.”
മുട്ടുകുത്തി നിലംപറ്റെ താണുവണങ്ങി മൂന്നുപ്രാവശ്യം ഇപ്രകാരം കുട്ടികളെക്കൊണ്ട് പ്രാർത്ഥിപ്പിച്ചു. ”എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ആരാധിക്കുന്നു, സ്‌നേഹിക്കുന്നു. അങ്ങയെ വിശ്വസിക്കാത്തവർക്കും ആരാധിക്കാത്തവർക്കും സ്‌നേഹിക്കാത്തവർക്കുംവേണ്ടി ഞാൻ മാപ്പപേക്ഷിക്കുന്നു.”പ്രാർത്ഥന കഴിഞ്ഞ് മാലാഖ പറഞ്ഞു. ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങൾ നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്നുണ്ടെന്ന്. മാലാഖയുടെ ദർശനം അവസാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മാലാഖ പഠിപ്പിച്ച പ്രാർത്ഥന അവർ ചൊല്ലിക്കൊണ്ടിരുന്നു.
1504-ൽ മാനുവൽ ഒന്നാമൻ രാജാവിന്റെ ആവശ്യപ്രകാരം ജൂലിയൻ രണ്ടാമൻ മാർപാപ്പയാണ് മിഖായേൽ മാലാഖയെ പോർച്ചുഗലിന്റെ കാവൽമാലാഖയായി നിശ്ചയിച്ചത്. 1139-ൽ നടന്ന പ്രസിദ്ധമായ യുദ്ധത്തിൽ മിഖായേൽ മാലാഖയോടുള്ള മധ്യസ്ഥം വഴിയാണ് പോർച്ചുഗൽ വിജാതീയരുടെ ആക്രമണത്തിൽനിന്ന് രക്ഷ നേടിയത്. അന്നുമുതൽ വളർന്നുവന്ന ഭക്തി രാജ്യത്തിന്റെ കാവൽമാലാഖയായി പ്രഖ്യാപിക്കാൻ പ്രേരണയായി. ജൂലൈ മൂന്നാം ഞായർ മിഖായേലിന്റെ തിരുനാൾ ദിനമായി രാജ്യം ആഘോഷിച്ചുപോന്നു.
മാലാഖയുടെ മൂന്നാമത്തെ ദർശനം ഇപ്രകാരമായിരുന്നു: ആടുകളെ മേയ്ച്ചുകൊണ്ട് ദുർഘടമായ കുന്നിന്റെ മുകളിലെത്തിയ സമയം. മാലാഖ പഠിപ്പിച്ച പ്രാർത്ഥന നിലംപറ്റെ നെറ്റി മുട്ടിച്ച് പ്രാർത്ഥിക്കുന്ന സമയം അസാധാരണമായ പ്രകാശം അവരുടെമേൽ പതിച്ചു. അവർ ചാടിയെഴുന്നേറ്റു. ഇടതുകൈയിൽ കാസയും വലതുകൈയിൽ ഓസ്തിയുമായി നിൽക്കുന്ന മാലാഖയെ അവർ കണ്ടു. കാസ അന്തരീക്ഷത്തിൽ നിർത്തിയിട്ട് മാലാഖ അവരുടെ സമീപത്ത് മുട്ടുകുത്തി പുതിയ ഒരു പ്രാർത്ഥന അവരെക്കൊണ്ട് ചൊല്ലിച്ചു.
അനന്തരം മാലാഖ എഴുന്നേറ്റ് കാസയും തിരുവോസ്തിയും കൈകളിലെടുത്തു. ഓസ്തി ലൂസിക്കും രക്തം ഫ്രാൻസിസ്‌ക്കോയ്ക്കും ജസീന്തയ്ക്കുമായി നൽകി. ‘മനുഷ്യരാൽ അപമാനിക്കപ്പെടുന്ന ഈശോയുടെ ശരീരരക്തങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക. പാപപരിഹാരം ചെയ്ത് അവിടുത്തെ ആശ്വസിപ്പിക്കുക” – മാലാഖ നിർദേശിച്ചു. മാലാഖയുടെ അവസാന ദർശനമായിരുന്നു ഇത്. മഹത്തായ ഒന്നിന് മുന്നോടിയായുള്ള സംഭവങ്ങളാണ് ഇതെല്ലാമെന്ന് അന്ന് അവർ മനസിലാക്കിയില്ല.
ലൂസിയും ഫ്രാൻസിസും ഇക്കാര്യങ്ങൾ വീട്ടിൽ പറഞ്ഞില്ല. എന്നാൽ നിഷ്‌കളങ്കയായ ജസീന്തയ്ക്ക് ഈ രഹസ്യം അധികസമയം ഉള്ളിൽ സൂക്ഷിക്കാൻ കഴിഞ്ഞില്ല. അവൾ വീട്ടിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. കുട്ടികൾ കള്ളം പറയുന്നതാണെന്നു വിചാരിച്ച് പലരും കളിയാക്കി. ചിലർ വിശ്വസിച്ചു. ലൂസിയുടെ അമ്മ ഏറെ വേദനിച്ചു. കാരണം തന്റെ മക്കൾ ആരോടും കള്ളം പറയരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. വിശ്വാസകാര്യങ്ങളിലും ധാർമിക നിയമങ്ങൾ പാലിക്കുന്നതിലും അവർ പ്രത്യേക പരിശീലനംതന്നെ മക്കൾക്ക് നൽകിയിരുന്നു. തെറ്റിദ്ധാരണകൾമൂലം അമ്മയിൽനിന്ന് വഴക്ക് കേൾക്കേണ്ടി വന്നത് ലൂസിയുടെ സഹനജീവിതത്തിന്റെ ആരംഭമായിരുന്നു.
മാർപാപ്പയുടെ ആഹ്വാനം
ഒന്നാം ലോകമഹായുദ്ധം അവസാനമില്ലാതെ വിനാശംമാത്രം വിതച്ച് മുന്നേറിക്കൊണ്ടിരുന്നു. അന്ന് സഭാ തലവനായിരുന്ന ബനഡിക്ട് പതിനഞ്ചാമൻ പാപ്പ ലോകമഹായുദ്ധത്തിൽനിന്ന് ലോകത്തെ രക്ഷിക്കാൻ രാഷ്ട്രത്തലവന്മാരെ ഉദ്‌ബോധിപ്പിച്ചു. യുദ്ധോന്മുഖരായ അവർ മാർപാപ്പയുടെ ആഹ്വാനം ചെവിക്കൊണ്ടില്ല. തന്റെ പരിശ്രമം വിഫലമായതിൽ പാപ്പ അതീവ ദുഃഖിതനായി.
പ്രശ്‌നപരിഹാരത്തിന് ഇനി ഒരേയൊരു മാർഗമേ അവശേഷിക്കുന്നുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥമാണ് ഒരേയൊരു രക്ഷാമാർഗമെന്ന് ഒരു വിശ്വലേഖനത്തിലൂടെ അദ്ദേഹം ലോകത്തോട് പങ്കുവച്ചു. 1917 മെയ് അഞ്ചിനായിരുന്നു വിശ്വലേഖനം പുറപ്പെടുവിച്ചത്.
1917 മെയ് 13
1917 മെയ് 13; പല കാരണങ്ങൾകൊണ്ടും പ്രധാനപ്പെട്ട ദിവസമായിരുന്നു അന്ന്. മറിയം ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട ദിവസം എന്നതാണ് ഏറ്റവും വലിയ കാര്യം. റഷ്യയിൽ ലെനിൻ കമ്യൂണിസ്റ്റ് വിപ്ലവം ആരംഭിച്ചതും ഇതേ ദിവസമായിരുന്നു. മൂന്നാമത്തെ പ്രത്യേകത പിന്നീട് പന്ത്രണ്ടാം പീയൂസ് മാർപാപ്പയായിത്തീർന്ന എവുജിൻ പിച്ചെല്ലി അഭിഷിക്തനായതും അന്നുതന്നെയായിരുന്നു. കമ്യൂണിസത്തെപ്രതി ഏറെ വേദനിച്ച വ്യക്തിയാണ് പന്ത്രണ്ടാം പീയൂസ് പാപ്പ എന്നതും ശ്രദ്ധേയമാണ്. ഒരു വശത്ത് ശക്തിയും യുക്തിയും മൂർച്ച കൂട്ടി അങ്കം കുറിച്ചപ്പോൾ മറുവശത്ത് ഏറ്റവും നിസാരരും നിരക്ഷരരും നിഷ്‌കളങ്കരുമായ ഇടയക്കുട്ടികളിലൂടെ പദ്ധതിയൊരുക്കുന്ന ദൈവത്തിന്റെ അനന്ത ജ്ഞാനം വെളിപ്പെടുന്നു.
അന്ന് കുട്ടികൾ മൂന്നുപേരുംകൂടി ആടുകളെ തീറ്റാൻ പോയത് കോവദ ഇറിയ എന്ന സ്ഥലത്തേക്കാണ്. കുന്നിന്റെ ഉയർന്ന ഭാഗത്ത് അവർ കളിവീടുകൾ നിർമിച്ച് കളിക്കുകയായിരുന്നു. മെയ്മാസത്തിൽ പതിവില്ലാത്ത വിധത്തിൽ ഇടിമിന്നൽപോലൊരു പ്രകാശധാര അവർ ദർശിച്ചു. എത്രയുംവേഗം വീട്ടിൽ പോകാമെന്ന് ലൂസി പറഞ്ഞു. ഫ്രാൻസിസും ജസീന്തയും സമ്മതം മൂളി. അവർ വേഗം പുറപ്പെടാൻ തുടങ്ങുമ്പോൾ ഓക്കുമരത്തിന്റെ തളിരിലകൾക്ക് മുകളിലായി സൗന്ദര്യരൂപിണിയായ ഒരു സ്ത്രീയെ അവർ ദർശിച്ചു. വെള്ളവസ്ത്രമാണ് അവൾ ധരിച്ചിരുന്നത്. സൂര്യനെക്കാൾ തേജസ്വിനിയായി അവൾ കാണപ്പെട്ടു. ഭയചകിതരായ കുട്ടികളെ അവൾ അഭിസംബോധന ചെയ്തു. ”കുഞ്ഞുങ്ങളേ, നിങ്ങൾ പേടിക്കണ്ട. ഞാൻ നിങ്ങളെ ഉപദ്രവിക്കുകയില്ല.”
”അങ്ങ് ആരാണ്?” എന്ന് ലൂസി ചോദിച്ചപ്പോൾ, ”ഞാൻ സ്വർഗത്തിൽനിന്നും വരുന്നുവെന്ന്” അവൾ വെളിപ്പെടുത്തി. അടുത്ത ഒക്‌ടോബർവരെയുള്ള എല്ലാ പതിമൂന്നാം തിയതിയും നിങ്ങൾ ഇവിടെ വരണം. അപ്പോൾ പറയാം ഞാൻ ആരാണെന്ന്. ജപമാല മുടക്കം കൂടാതെ ചൊല്ലണമെന്നും മറിയം കുട്ടികളോട് നിർദേശിച്ചു.നിങ്ങൾ സ്വയം ദൈവത്തിന് സമർപ്പിക്കാനും അവിടുന്ന് അനുവദിക്കുന്ന സഹനങ്ങൾ പാപികളുടെ മാനസാന്തരത്തിനായി കാഴ്ചവയ്ക്കാനും തയാറാണോയെന്ന് കുട്ടികളോട് അമ്മ ചോദിച്ചു. അവർ സമ്മതിച്ചു. തുടർന്ന് മറിയം കരം തുറന്ന് അതിശക്തമായ പ്രകാശം പൊഴിച്ചു. അനിർവചനീയമായ ആനന്ദത്തിൽ കുട്ടികൾ ജ്വലിച്ചു. അൽപസമയത്തിനുശേഷം പരിശുദ്ധ അമ്മ കിഴക്കുദിക്കിലേക്ക് ഉയർന്ന് അന്തരീക്ഷത്തിൽ മറഞ്ഞു.
ഫ്രാൻസിസും ജസീന്തയും സഹോദരങ്ങളായിരുന്നു. മാനുവേല-ഒളിമ്പിയ മാർട്ടോ ദമ്പതികളുടെ ഏഴുമക്കളിൽ ആറാമനായിരുന്നു ഫ്രാൻസിസ്. 1908 ജൂൺ 11-നായിരുന്നു അവന്റെ ജനനം. ഏറ്റവും ഇളയവളായ ജസീന്ത ജനിച്ചത് 1910 മാർച്ച് 11-നായിരുന്നു. ദർശനാനന്തരമുള്ള ഈ സഹോദരങ്ങളുടെ ജീവിതം അന്യാദൃശ്യമാണ്. ലൂസിയുടെ വീടിനടുത്തുതന്നെയായിരുന്നു ഇവരുടെ ഭവനവും. ലൂസിയുടെ അമ്മാവന്റെ മക്കളായിരുന്നു ഇവർ. കോവദ ഇറിയയിലും പരിസരങ്ങളിലുമായി ഇരുവീട്ടുകാരുടെയും ബന്ധുക്കളുടെയും വക നിരവധി വസ്തുവകകൾ ഉണ്ടായിരുന്നു. ലൂസിയുടെ കുടുംബത്തിന്റെ വക ചോളപ്പാടവും പച്ചക്കറിത്തോട്ടവും അവിടെ ഉണ്ടായിരുന്നു. വീട്ടിൽ സഹോദരിമാരുടെയും അമ്മയുടെയും നേതൃത്വത്തിൽ തയ്യൽ ജോലികളും നടന്നിരുന്നു. അമ്മ മികച്ച നഴ്‌സായിരുന്നതിനാൽ രോഗികൾ പലരും ദിവസേന വീട്ടിൽ വന്നിരുന്നു. ലൂസിയുടെ അമ്മ വേണ്ട ശുശ്രൂഷകൾ ശ്രദ്ധാപൂർവം ചെയ്തിരുന്നു.
രണ്ടാമത്തെ ദർശനം (1917 ജൂൺ 13)
ജസീന്തയുടെ വാക്കുകളിലൂടെ മാതാവ് എല്ലാ മാസവും പ്രത്യക്ഷപ്പെടുമെന്ന് ഏവരും ഇതിനോടകം മനസിലാക്കി. വളരെ ദൂരെ ദേശങ്ങളിൽവരെ വാർത്ത പരന്നു. തന്റെ മക്കൾ നുണ പറയുകയാണെന്ന് വിശ്വസിച്ചിരുന്ന ലൂസിയുടെ അമ്മ ഏറെ ദുഃഖിച്ചു. വികാരിയച്ചന്റെ അടുക്കൽ പോയി സത്യം തുറന്ന് പറഞ്ഞ് എല്ലാം അവസാനിപ്പിക്കണമെന്ന് അമ്മ കർശനമായി പറഞ്ഞു.എല്ലാ ജൂൺമാസവും പതിമൂന്നാം തിയതി വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ഇടവകയിൽ ആഘോഷിച്ചിരുന്നു. അന്ന് നേരെേത്തതന്നെ ആടുകളെ തീറ്റി ആലയിൽ തിരികെ കൊണ്ടുവന്ന് തിരുനാൾ കുർബാനയിൽ സംബന്ധിച്ചു. അതിനുശേഷം കുറെ ആളുകൾ കോവാ ദ ഇറിയയിൽ ജപമാല ചൊല്ലാൻ കുട്ടികൾക്കൊപ്പം പുറപ്പെട്ടു. അവിടെ എത്തി ജപമാല പൂർത്തിയാക്കിയ ഉടനെതന്നെ മാതാവ് തലേ മാസത്തേതുപോലെ ഓക്കുമരത്തിന് മുകളിലായി പ്രത്യക്ഷയായി. അടുത്ത മാസം 13-നും ഇവിടെ വരണമെന്ന് പറഞ്ഞു.ഫ്രാൻസിസിനെയും ജസീന്തയെയും ഉടനെ സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന് അമ്മ അറിയിച്ചു. ലൂസി കുറേക്കാലം ഭൂമിയിൽ കഴിയുമെന്നും പറഞ്ഞു. എന്റെ വിമലഹൃദയത്തോടുള്ള ഭക്തി ഭൂമിയിൽ സ്ഥാപിതമാകാൻ ഈശോ ആഗ്രഹിക്കുന്നതായും പറഞ്ഞു.
മൂന്നാമത്തെ ദർശനം (ജൂലൈ 13 സുപ്രധാന ദർശനം)
കോവ ദ ഇറിയായിൽ ഇത്തവണ വളരെയധികം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. മിന്നൽ പിണർപോലെ മാതാവ് പ്രത്യക്ഷയായി. ഇത്തവണ യുദ്ധം അവസാനിക്കാനായി പ്രാർത്ഥിക്കണമെന്ന് പരിശുദ്ധ അമ്മ കുട്ടികളോട് ആവശ്യപ്പെടുകയും ജപമാല രാജ്ഞിയുടെ മഹത്വത്തിനായി ജപമാല ചൊല്ലാനും നിർദേശിക്കുകയും ചെയ്തു. താൻ ആരാണെന്ന് ഒക്‌ടോബറിൽ വെളിപ്പെടുത്താമെന്നും സമ്മതിച്ചു. പാപികൾക്കുവേണ്ടി സഹനം ഏറ്റെടുത്ത് പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത പരിശുദ്ധ അമ്മ കുട്ടികളെ പഠിപ്പിച്ചു.
പരിശുദ്ധ അമ്മ തന്റെ കരങ്ങൾ തുറന്നു. കുട്ടികൾ അപ്പോൾ അഗ്നിക്കടൽ കണ്ടു. നരകത്തിന്റെ ദർശനമായിരുന്നു അത്. പാപികൾ എത്രമാത്രം സഹിക്കുന്നുവെന്നും അവർക്ക് ബോധ്യപ്പെട്ടു. പാപികൾ നരകത്തിൽ ചെന്നു പതിക്കുന്നത് തടയാൻ എന്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ പ്രചരിപ്പിക്കാൻ ദൈവം തിരുമനസായിരിക്കുന്നു. മറിയം പറഞ്ഞു: ”അജ്ഞാതമായ ഒരു പ്രകാശം ഭൂമിയെ വലയം ചെയ്യുമ്പോൾ മനസിലാക്കുക, അത് ദൈവത്തിൽനിന്നുള്ള അടയാളമാണെന്ന്. പാപം നിറഞ്ഞ ലോകത്തെ ശിക്ഷിക്കുവാനായി യുദ്ധത്തിനും ക്ഷാമത്തിനും സഭയ്‌ക്കെതിരായ പീഡനങ്ങൾക്കും വിട്ടുകൊടുക്കാൻ പോകുന്നുവെന്ന്. ഇത് തടയാനായി റഷ്യയെ എന്റെ വിമലഹൃദയത്തിന് സമർപ്പിക്കുക. ആദ്യശനിയാഴ്ചകളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുക. ഈ വാക്കുകൾ സ്വീകരിച്ചാൽ റഷ്യ മാനസാന്തരപ്പെടും. അല്ലെങ്കിൽ റഷ്യ തന്റെ തെറ്റായ സന്ദേശങ്ങൾ, ആശയങ്ങൾ ഭൂമി മുഴുവൻ വ്യാപിപ്പിക്കും. യുദ്ധങ്ങളും സജ്ജനങ്ങളുടെ വധവും സഭയ്‌ക്കെതിരെയുള്ള പീഡനങ്ങളും വർധിക്കും. പല രാജ്യങ്ങളും അപ്രത്യക്ഷമാകാനും ഇടയാകും. ഫ്രാൻസിസ് അടുത്തുണ്ടായിരുന്നെങ്കിലും പരിശുദ്ധ മറിയം പറഞ്ഞ കാര്യങ്ങൾ ഫ്രാൻസിസ് കേട്ടിരുന്നില്ല. അവനോട് പറയാൻ ഒരു കാര്യം പരിശുദ്ധ അമ്മ ഏൽപിച്ചു. ജപമാല ചൊല്ലുമ്പോൾ ഓരോ രഹസ്യത്തിനുശേഷവും ചൊല്ലുന്ന പ്രാർത്ഥനയായിരുന്നു അത്. ”ഓ എന്റെ ഈശോയേ എന്റെ പാപങ്ങൾ പൊറുക്കണമേ. നരകാഗ്നിയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേക്ക് ആനയിക്കണമേ. .”
അങ്ങനെ ഈ മനോഹരമായ പ്രാർത്ഥന ജപമാലയിൽ കൂട്ടിച്ചേർക്കപ്പെട്ടു. കത്തോലിക്കർ ഇന്നും ഈ പ്രാർത്ഥന ഓരോ ജപമാലയിലും ഏറ്റുചൊല്ലുന്നു. മൂന്നാമത്തെ സുപ്രധാന ദർശനം അവസാനിച്ചു.
കുട്ടികൾ ഗ്രഹിച്ച രഹസ്യം വെളിപ്പെടുത്തണമെന്ന് പ്രീഫെക്ട് ആവശ്യപ്പെട്ടു. പലതവണ അദേഹം ചോദ്യം ചെയ്‌തെങ്കിലും കുട്ടികൾ ഒന്നും പറഞ്ഞില്ല. അവസാനം നിരാശനായി അദേഹം കുട്ടികളെ വിട്ടയച്ചു.
ആ സമയത്ത് തീർത്ഥാടകരുടെ എണ്ണം വർധിച്ചു. കോവ ദ ഇറിയയിലെ സ്ഥലത്തായിരുന്നു ലൂസിയുടെ വീട്ടുകാർ ഭക്ഷണത്തിനായുള്ള ചോളവും ഗ്രീൻപീസുമെല്ലാം വിളയിച്ചിരുന്നത്. തീർത്ഥാടകർ കൂടിയപ്പോൾ വിളകളെല്ലാം ചവിട്ടി നശിപ്പിക്കപ്പെട്ടു. കഴുതപ്പുറത്തും കുതിരപ്പുറത്തും കാളവണ്ടിയിലുമെല്ലാം എത്തുന്നവർ മൃഗങ്ങളെ മേയാൻ വിട്ടു. അവ പച്ചക്കറികളും ചോളപ്പാടവും നശിപ്പിച്ചു. എല്ലാ ദുരിതങ്ങൾക്കും കാരണക്കാരി നീയാണ് എന്നുപറഞ്ഞ് സഹോദരിമാർ കുറ്റപ്പെടുത്തി.
നാലാമത്തെ ദർശനം
പ്രീഫെക്ടിന്റെ തടസപ്പെടുത്തൽമൂലം ഓഗസ്റ്റ് 13-ന് ലൂസിക്കും കൂട്ടുകാർക്കും കോവ ദ ഇറിയയിൽ എത്താൻ കഴിഞ്ഞില്ല. എന്നാൽ അന്ന് ദർശനസ്ഥലത്ത് എത്തിച്ചേർന്ന 15,000 തീർത്ഥാടകർക്ക് മിന്നൽപ്പിണരും ഇടിമുഴക്കവും അനുഭവപ്പെട്ടു. രണ്ടുദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 15-ന് ലൂസിയും ഫ്രാൻസിസും കൂടി വാലിനോസ് എന്ന സ്ഥലത്ത് ആടിനെ മേയ്ക്കാൻ പോയി. അവിടെവച്ച് മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. അടുത്ത 13-ന് ഇവിടെ ഉണ്ടാകണമെന്നും അവസാന മാസം വലിയ അത്ഭുതം പ്രവർത്തിക്കുമെന്നും അതുവഴി എല്ലാവരും വിശ്വസിക്കുമെന്നും പറഞ്ഞു.
അഞ്ചാം ദർശനം
സെപ്റ്റംബർ പതിമൂന്ന് വന്നെത്തി. വലിയൊരു ജനക്കൂട്ടമാണ് ഇത്തവണ എത്തിയത്. എല്ലാവരും കുട്ടികളുടെ അരികിൽ എത്താൻ തിക്കിത്തിരക്കി. ഇതുമൂലം വളരെ കഷ്ടപ്പെട്ടാണ് കുട്ടികൾ നടന്നത്. കുട്ടികളോട് സംസാരിക്കാൻ, ആവശ്യങ്ങളും ആവലാതികളും അവരിലൂടെ മാതാവിനെ അറിയിക്കാനുമുള്ള നെട്ടോട്ടത്തിൽ സകല മര്യാദകളും വെടിഞ്ഞായിരുന്നു ജനം പെരുമാറിയത്. അൽജസ്ട്രയെയും ഫാത്തിമയെയും ബന്ധിപ്പിക്കുന്ന കോവ ദ ഇറിയയിലൂടെയുള്ള പാതയിലൂടെ വിശ്വാസിസമൂഹം നടന്നുനീങ്ങി.
ഓക്കുമരത്തിന് സമീപമെത്തിയ ജനം ജപമാല ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ മാതാവ് ദർശനമരുളി. അന്ന് മാതാവ് വളരെയധികം പേർക്ക് സൗഖ്യം നൽകി. യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി തുടർന്നും ജപമാല ചൊല്ലുവാൻ ഏവരെയും ആഹ്വാനം ചെയ്തു. കുട്ടികളുടെ ത്യാഗങ്ങൾ ദൈവത്തിന് ഏറെ പ്രീതികരമാകുന്നുണ്ടെന്ന് അറിയിച്ചു.
അവസാന ദർശനം ഒക്‌ടോബർ 13
ഒക്‌ടോബർ 13-ലെ ദർശനത്തിന് എഴുപതിനായിരത്തിലധികം പേർ സാക്ഷികളായി. ലൂസിയുടെ ചോദ്യത്തിന് മറുപടിയായി ഞാൻ ജപമാല രാജ്ഞിയാണെന്ന് മറിയം ഉത്തരം നൽകി. അത്ഭുതകരമായ ദൃശ്യത്തിന് ചുറ്റും കൂടിയ ജനങ്ങൾ സാക്ഷികളായി. സൂര്യൻ അതിവേഗം ചലിക്കാനും കറങ്ങാനും നൃത്തം ചെയ്യാനും തുടങ്ങി. മൂന്നുമിനിറ്റ് ഈ പ്രതിഭാസം നീണ്ടുനിന്നു. 25 കിലോമീറ്റർ അകലെ നിന്നവർവരെ ഈ കാഴ്ച കണ്ടു. മാതാവിന്റെ ദർശനം സത്യമെന്ന് സകലരും തിരിച്ചറിഞ്ഞു.
ലിറിയ രൂപത മെത്രാൻ എല്ലാ വൈദികർക്കും ഇടയലേഖനം അയച്ചു. മൂന്നു കാര്യങ്ങളാണ് ഇടയലേഖനത്തിൽ ഉണ്ടായിരുന്നത്. ഒന്ന്, 1917 മെയ് മുതൽ ഒക്‌ടോബർ വരെ മൂന്ന് കുട്ടികൾക്ക് കോവ ദ ഇറിയയിൽവച്ച് മാതാവിന്റെ ദർശനമുണ്ടായത് സത്യമാണ്. രണ്ട്, ജപമാല രാജ്ഞിയോടുള്ള ഭക്തി അംഗീകരിക്കുന്നു. മൂന്ന്, ദൈവാലയം പണിയാൻ അനുമതി നൽകുന്നു.നാലുവർഷം നീണ്ടുനിന്ന ലോകമഹായുദ്ധം അവസാനിച്ചു. മഹായുദ്ധം വളരെയേറെപ്പേരുടെ ജീവൻ അപഹരിച്ചു. സാക്രമിക രോഗങ്ങൾ പടർന്നു പിടിക്കുകയും അനേകർ മരണമടയുകയും ചെയ്തു.
ഫ്രാൻസിസിന്റെയും ജസീന്തയുടെയും ജീവിതം, മരണം
1919 കാലഘട്ടത്തിൽ നാട്ടിലെങ്ങും സ്പാനിഷ് പനി പിടിപെട്ടു. അനേകർ മരണമടഞ്ഞു. കൊച്ചു ഫ്രാൻസിസിനെയും രോഗം ബാധിച്ചു. രോഗത്തിന്റെ നാളുകളിൽ അവൻ പരിഹാര പ്രവൃത്തികൾ ചെയ്തുകൂട്ടി. കഠിനമായ വേദന സഹിച്ച് പാപികളുടെ മാനസാന്തരത്തിനായി കാഴ്ചവച്ചു. വിശുദ്ധ കുർബാന സ്വീകരിച്ചൊരുങ്ങി ഫ്രാൻസിസ് സ്വർഗത്തിലേക്ക് ശാന്തമായി യാത്രയായി. 1919 ഏപ്രിൽ നാലിനാണ് ആ പുണ്യാത്മാവ് നിത്യതയിലേക്ക് കടന്നുപോയത്. വീട്ടിൽവച്ചായിരുന്നു ഫ്രാൻസിസിന്റെ മരണം. പത്തുവർഷം മാത്രം നീണ്ടുനിന്ന ജീവിതം ചരിത്രഗതിയെത്തന്നെ സ്വാധീനിച്ചു. അനേകായിരം ആത്മാക്കളെ സ്വർഗത്തിനുവേണ്ടി നേടിയെടുക്കാൻ ഈ കൊച്ചുവിശുദ്ധന് സാധിച്ചു.
ഫ്രാൻസിസിനെപ്പോലെ ജസീന്തയും രോഗശയ്യയിലായി. 1920 ഫെബ്രുവരി 20-ന് ജസീന്ത നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കഠിനമായ രോഗം ബാധിച്ചതിനാൽ അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ചായിരുന്നു അന്ത്യം. രണ്ടുപേരെയും തീർത്ഥാടന ദൈവാലയത്തിലാണ് സംസ്‌കരിച്ചത്.ജോൺപോൾ രണ്ടാമൻ മാർപാപ്പ 2000 മെയ് 13-ന് ഫ്രാൻസിസിനെയും ജസീന്തയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഫാത്തിമയിലെ ബസിലിക്കയിൽവച്ചാണ് പ്രഖ്യാപനം നടന്നത്. ഇവരുടെ തിരുനാൾ ദിനമായി നിശ്ചയിച്ചിരിക്കുന്നത് ജസീന്തയുടെ മരണദിനം കൂടിയായ ഫെബ്രുവരി ഇരുപതിനാണ്.
ലൂസിയുടെ ജീവിതം
കുറച്ചു കാലംകൂടി ദൈവമഹത്വത്തിനായി ഭൂമിയിൽ കഴിയണമെന്ന് പരിശുദ്ധ അമ്മ പറഞ്ഞ ലൂസി 24 വയസായപ്പോൾ (1925-ൽ) വിശുദ്ധ ഡൊഗാത്തിയുടെ സന്യാസ ഭവനത്തിൽ പ്രവേശിച്ചു. ഈ മഠം സ്‌പെയിനിലായിരുന്നു. 1946-ൽ കൂടുതൽ ഏകാന്തജീവിതം ആഗ്രഹിച്ച് കർമലമഠത്തിൽ ചേർന്നു. 97 വർഷം നീണ്ട ലൂസിയുടെ ജീവിതം 2005 ഫെബ്രുവരി 13-ന് അവസാനിച്ചു.ഫാത്തിമയിലെ രഹസ്യങ്ങളുടെ പൂർത്തീകരണം കണ്ടശേഷമായിരുന്നു ലൂസിയുടെ മരണം. റഷ്യയിൽ കമ്യൂണിസ്റ്റ് ഭരണകൂടം തകരുന്നതിനും സാക്ഷിയായി. 1984 മാർച്ച് 22-ന് ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി റോമിലേക്ക് മാർച്ച് ചെയ്തു. ഗവൺമെന്റിനെ തകിടം മറിക്കുമെന്ന സാഹചര്യം വന്നപ്പോൾ മാർപാപ്പയും മെത്രാന്മാരും സഭയെയും രൂപതയെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചു. 1989 ഡിസംബറോടെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കുന്നതിനും സിസ്റ്റർ ലൂസി സാക്ഷിയായി.ഫാത്തിമ നാഥയുടെ പേരിലുള്ള ധാരാളം ദൈവാലയങ്ങളും സ്ഥാപനങ്ങളും ഇന്ന് ലോകമെങ്ങും കാണാം. ഇത്രയധികം ജനങ്ങളെയും ഭരണാധികാരികളെയും സഭയെയും സ്വാധീനിച്ച മറ്റൊരു മരിയൻ പ്രത്യക്ഷീകരണമില്ല എന്നതുതന്നെ കാരണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?