Follow Us On

29

March

2024

Friday

ഫാ. ടോം ഉഴുന്നാലിനുവേണ്ടി പ്രാർത്ഥന ഉയരട്ടെ

ഫാ. ടോം ഉഴുന്നാലിനുവേണ്ടി പ്രാർത്ഥന ഉയരട്ടെ

കൊച്ചി: : ഭീകരരുടെ പിടിയിലുള്ള മിഷനറി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ശക്തമായ പ്രാർത്ഥന വീണ്ടും ആരംഭിച്ചു.
ഫാ. ടോം ഉഴുന്നാലിലിന്റേതായി ഇപ്പോൾ പ്രചരിക്കുന്ന പുതിയ വീഡിയോ ഇക്കാര്യത്തിൽ വിശ്വാസി സമൂഹത്തിനു മുഴുവനുമുള്ള വേദന വർധിപ്പിക്കുന്നതാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്ന വീഡിയോയുടെ സ്രോതസ് വ്യക്തമല്ലെങ്കിലും, ഉഴുന്നാലിലച്ചന്റെ മോചനം തീർച്ചയായും വേഗത്തിൽ ഉണ്ടാകേണ്ടതു തന്നെയാണ്. കേന്ദ്രസർക്കാർ ഏതാനും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നാണു മനസിലാക്കാൻ കഴിയുന്നത്. യമനിലെ ഭരണകൂടവുമായി നയതന്ത്രബന്ധങ്ങൾ നടത്താനുള്ള ബുദ്ധിമുട്ടുകൾ മോചനശ്രമങ്ങൾക്കു വേഗത കുറയാൻ കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത്തരം തടസങ്ങൾ നീക്കി ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള നടപടി വേഗത്തിലാക്കണം. കർദിനാൾ വ്യക്തമാക്കി.
ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നുള്ള ഊർജിതമായ ശ്രമങ്ങൾ തുടർന്നുണ്ട്. സതേൺ അറേബ്യയുടെ വികാരിയേറ്റു വഴി വത്തിക്കാനും, ഭാരതസർക്കാരിലൂടെ സിബിസിഐയും ഇതിനു നിരന്തരമായി സമ്മർദം ചെലുത്തുന്നുണ്ട്. കേരളസഭയുടെയും ഭാരതസഭയുടെയും പ്രതിനിധി സംഘങ്ങൾ പലതവണ ഇതുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്. കർദിനാൾ പറഞ്ഞു.
ർജിതമാക്കാനായി ബന്ധുക്കൾ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. യെമനിൽ സുസ്ഥിരമായ ഗവൺമെന്റ് ഇല്ലാത്തതും ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതുമാണു മോചനശ്രമങ്ങൾക്കു തടസമാകുന്നതെന്നും സൗദി ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി ബന്ധപ്പെട്ടാണു മോചനശ്രമം നടന്നുവരുന്നതെന്നും കർദിനാൾ പറഞ്ഞു.
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് എല്ലാ സഹായവും ചെയ്യാമെന്നു രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതിയോടു രമേശ് ചെന്നിത്തല ഈ ആവശ്യം നേരിട്ട് ഉന്നയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച നിവേദനം അദ്ദേഹം രാഷ്ട്രപതിക്കു നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല നേരത്തേ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തു നൽകിയിരുന്നു.
ഫാ. ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ നടപടികളെടുക്കുന്നുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കമുള്ള നേതാക്കൾ വിശദീകരിച്ചത്. പക്ഷേ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച കേന്ദ്രസർക്കാർ എന്തെങ്കിലും നടപടികളെടുത്തിട്ടുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അജ്ഞത നടിച്ചു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും സർക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാൽ അന്വേഷിക്കാ മെന്നുമായിരുന്നു അദേഹത്തിന്റെ മറുപടി.
കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയുമായി മോചനകാര്യങ്ങൾ നേരിട്ടു സംസാരിച്ചെന്നും മന്ത്രി അടിയന്തരമായി വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടും സഭയുടേതായ രീതിയിലും മോചനത്തിനുവേണ്ട ഊർജിത ശ്രമങ്ങൾ നടത്തുമെന്നും കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
യമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ മിഷനറി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനശ്രമങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ടെന്നു കെസിബിസി ആവശ്യപ്പെട്ടു.
ഫാ. ഉഴുന്നാലിൽ തട്ടിക്കൊണ്ടുപോകപ്പെട്ട സംഭവം കേരളസഭ വേദനയോടെയാണു കാണുന്നത്. അദ്ദേഹത്തിന്റെ മോചനത്തിനു കെസിബിസിയും സിബിസിഐയും കേന്ദ്രത്തിൽ സമ്മർദം നിരന്തരമായി തുടരുന്നുണ്ട്. ആധികാരികതയെക്കുറിച്ചു വ്യക്തതയില്ലെങ്കിലും ഇപ്പോൾ പുറത്തുവന്നിട്ടുള്ള വീഡിയോയിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നാണു വിവരം ലഭിക്കുന്നത്. ഇക്കാര്യത്തിൽ ലോകം മുഴുവന്റെയും കൂട്ടായ പ്രാർഥനയും പ്രയത്‌നവും സഹകരണവും വേണമെന്നും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ അഭ്യർഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?