Follow Us On

29

March

2024

Friday

ഫാ. തെയ്യാർ ദ് ഷർദാൻ ഒരസാധാരണ വൈദികൻ

ഫാ. തെയ്യാർ ദ് ഷർദാൻ ഒരസാധാരണ വൈദികൻ

ഫാ. ഷർദാൻ അച്ചന്റെ അറുപതാം ചരമവാർഷികം ലോകമെങ്ങും തുടരുന്നു
”ന്യൂയോർക്കിൽ താമസിക്കുന്ന നമ്മൾ, തെയ്യാർ ദ് ഷർദാൻ അച്ചന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടനം നടത്തുക ഉചിതമാണല്ലോ. അദ്ദേഹത്തിന്റെ അറുപതാം ചരമവാർഷികാഘോഷങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയല്ലേ?” എന്റെ നിർദേശം, എന്റെ പൂർവവിദ്യാർത്ഥി വൈദികരായ ജോസ് അച്ചനും ഫ്രാൻസിസ് അച്ചനും സ്വീകാര്യമായി.ന്യൂയോർക്ക് പട്ടണത്തിൽനിന്ന് 75 മൈൽ (120 കിലോമീറ്റർ) വടക്കാണ് പുഗപ്‌സി ടൗൺ; അവിടെയാണ് ഫാ.ഷർദാന്റെ കബറിടം.
പിറ്റേന്ന് രാവിലെ പുഗപ്‌സീ നഗരത്തെ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. ഹഡ്‌സൺ നദിക്ക് സമാന്തരമായി ഞങ്ങൾ വടക്കോട്ട് പ്രയാണം ആരംഭിച്ചു. ഫ്രാൻസിസ് അച്ചൻ കാർ സാരഥി; ജോസച്ചൻ വഴിവിശദീകരണ വിശാരദൻ. റോഡിന്റെ ഇരുവശങ്ങളിലും കൺകുളിർപ്പിക്കുന്ന വനദൃശ്യങ്ങൾ! വനമാർഗത്തിൽക്കൂടി കാർ ഓടിച്ച്, ഒന്നരമണിക്കൂർകൊണ്ട് പുഗസ്പീയിലെത്തി. അവിടെ നഗരകവാടത്തിൽ കണ്ട ദ്വാരപാലകൻ ആ പ്രദേശത്തിന്റെ ചരിത്രം ഞങ്ങൾക്ക് വിവരിച്ചുതന്നു. ”മുന്നൂറ്റമ്പതിലേറെ ഏക്കർ സ്ഥലം മുഴുവൻ ഈശോസഭ വൈദികരുടെ സ്വത്ത് ആയിരുന്നു. 1972-ൽ ‘അമേരിക്കൻ സി.ഐ.എ’ എന്ന സർവകലാശാലയ്ക്ക് ഇവിടമെല്ലാം വിറ്റു. ലോകപ്രസിദ്ധ വൈദികശാസ്ത്രജ്ഞനായ തെയ്യാർദ് ഷർദാന്റെ കബറിടം ഉൾപ്പെടെ ഇരുന്നൂറിലേറെ ഈശോസഭ വൈദികരുടെ കബറിടം ഉൾക്കൊള്ളുന്ന ‘ജെസ്വിട്ട് സെമിത്തേരി’ മാത്രമാണ് ഇപ്പോഴും സാമാന്യം നല്ല നിലയിൽ പരിരക്ഷിക്കപ്പെടുന്നത്. സെമിനാരി – സർവകലാശാല പരിസരങ്ങളിൽക്കൂടി നടന്ന് ഞങ്ങൾ ഷർദാൻ കബറിടത്തിലെത്തി.
1881-ൽ ഫ്രാൻസിൽ ഓവേർത്ത് എന്ന ചെറുടൗണിലാണ് ഷർദാൻ അച്ചന്റെ ജനനം. 1955-ൽ ന്യൂയോർക്ക് നഗരത്തിൽ ചരമം. ഹൈസ്‌കൂൾ വിദ്യാഭ്യാസശേഷം ഈശോസഭ സന്യാസ സമൂഹത്തിൽ ചേർന്നു. സന്യാസസഭ വൈദികസംബന്ധമായ പഠനപരിശീലന കാലഘട്ടത്തിൽ ബൈബിൾ-തത്വശാസ്ത്ര-ദൈവശാസ്ത്രങ്ങളിൽ അവഗാഹം നേടി; യഥാകാലം വൈദികാഭിഷിക്തനായി. ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ കോളജ് തലത്തിൽ പഠിപ്പിച്ചു. ഇതിനിടെ ബോട്ടണി-സൂവോളജി മേഖലകളിലും പ്രാവീണ്യം ആർജിച്ചു.
ശിശുസഹജമായ ജിജ്ഞാസയും നൈസർഗികവാസനകളും അദമ്യമായ വിജ്ഞാനതൃഷ്ണയും കൈമുതലായി ഉണ്ടായിരുന്ന ഷർദാൻ അച്ചൻ മറ്റു പല വിജ്ഞാന മണ്ഡലങ്ങളിലും പ്രഗത്ഭനായി. പലയൊൺടോളജി എന്ന പ്രാചീന ഭൗമിക ശാസ്ത്രത്തിൽ അദ്ദേഹം ഡോക്ടറേറ്റെടുത്തു. കൂടാതെ ഭൂധാതു ഗവേഷണം അദ്ദേഹത്തിന് വിനോദവിഷയമായിരുന്നു.
ഇതിലെല്ലാം ഉപരിയായി, ഷർദാൻ ശാസ്ത്രലോകത്ത് ഏറ്റവും സുജ്ഞാതനും സമാദരണീയനുമായത് ‘പീക്കിങ്ങ് മാൻ’ എന്ന മനുഷ്യാസ്ഥിപഞ്ജരത്തിന്റെ കണ്ടുപിടുത്തംമൂലമാണ്; ചൈനക്കാർ ജപ്പാൻകാർ മുതലായ മംഗോളിയൻ വർഗക്കാരുടെ ആദിരൂപമായ ‘പീക്കിങ്ങ് മാൻ’ അസ്ഥിപഞ്ജരം ഒരു ചൈനാക്കാരനും ഷർദാനുംകൂടിയാണ് കണ്ടെടുത്തത്. ദൈവശാസ്ത്ര-ജീവശാസ്ത്ര മണ്ഡലങ്ങളിലും പരിണാമ സിദ്ധാന്തത്തിലുമെല്ലാം ഷർദാൻ അച്ചന്റെ സ്ഥാനം അദ്വിതീയമാണ്. ശാസ്ത്രജ്ഞനായ ജൂലിയൻ ഹക്‌സിലി പറയുന്നതുപോലെ, ‘ഷർദാൻ ഗ്രന്ഥങ്ങൾ വായിച്ചു മനസിലാക്കാൻ ചെലവഴിക്കുന്ന സമയം ഒരിക്കലും വ്യർത്ഥമാകുകയില്ല.’
ഷർദാൻ അച്ചന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഒരു സവിശേഷത, അദ്ദേഹത്തിന്റെ മിഷനറി തീക്ഷ്ണതയാണ്; അതുപോലെതന്നെ അദ്ദേഹത്തിന്റെ മിസ്റ്റിക് ദർശനവും – എല്ലാറ്റിലും ഏകദൈവത്തെയും ഏകദൈവത്തിൽ സമസ്ത വസ്തുക്കളെയും ഗ്രഹിക്കുന്ന മിസ്റ്റിക് ദർശനം. ചൈനയിൽ അനേക സംവത്സരക്കാലം പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒരു തവണ യൂറോപ്പിലേക്ക് തിരിച്ച് കപ്പൽയാത്ര ചെയ്യുന്നതിനിടെ, കപ്പലിലെ നാനാജാതി മതസ്ഥരെ നോക്കി ആത്മഗതം ചെയ്തു:
‘സർവലോകർക്കുംവേണ്ടിയാണല്ലോ കർത്താവീശോ കുരിശിൽ മരിച്ചതും രക്ഷാകരകർമം പൂർത്തിയാക്കിയതും. പക്ഷേ, ഈ യാത്രക്കാരിൽ ഭൂരിപക്ഷവും ചൈനയിലും മറ്റുമുള്ള ജനകോടികളും കർത്താവിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. ഇവർക്കൊക്കെ സുവിശേഷവെളിച്ചം എത്തിച്ചുകൊടുക്കാത്തപക്ഷം നമ്മുടെ നേട്ടങ്ങളെല്ലാം ഒരർത്ഥത്തിൽ നിരർത്ഥകമല്ലേ?
മനുഷ്യപ്രതിഭാസം അഥവാ മനുഷ്യൻ എന്ന പ്രതിഭാസം ദൈവികമേഖല എന്നീ രണ്ട് മുഖ്യകൃതികളിൽ ഷർദാൻ തന്റെ ദർശനം ആവിഷ്‌ക്കരിച്ചിരിക്കുന്നു. ആദ്യകൃതിയിലെ പ്രധാന പ്രമേയം ഒരുതരം പരിണാമ സിദ്ധാന്തമാണ്. അതിദീർഘവും ദൈവനിർദിഷ്ടവുമായ പരിണാമശൃഖലയുടെ ഒരുതരം പരിസമാപാതിയായിട്ടാണ് മനുഷ്യനെ ഷർദാൻ വിഭാവനം ചെയ്യുന്നത്. എന്നാൽ മനുഷ്യോത്പത്തിയോടുകൂടി, പരിണാമപ്രക്രിയ പര്യവസാനിക്കുന്നില്ല. മനുഷ്യനും സൃഷ്ടപ്രപഞ്ചം മുഴുവനും ക്രിസ്തുവാകുന്ന ‘ഒമേഗാ’ ബിന്ദുവിലേക്ക്, ക്രിസ്തൂന്മുഖമായി പരിണമിച്ച്, പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്!
ദൈവികമേഖല എന്ന ദ്വിതീയഗ്രന്ഥം മനുഷ്യപ്രതിഭാസത്തിന്റെ അനുപൂരകമാണ്. ആധുനിക യുഗത്തിൽ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുന്നതിനുള്ള ഉപാധികൾ ആരായുകയാണ് ഗ്രന്ഥകർത്താവ് സ്വഗ്രന്ഥത്തിൽ. ശാസ്ത്രങ്ങളൊന്നും ക്രിസ്തുവിശ്വാസ വിരുദ്ധമല്ലെന്ന്, അദ്ദേഹം സമർത്ഥിക്കുന്നു. വിരുദ്ധവാദികളോട്, ഷർദാൻ അച്ചൻ ഗലിലെയുടെ വാക്കുകളിൽ മറുപടിയായി പറയുന്നു.
‘സ്വർഗത്തിൽ എത്തുന്നത് എങ്ങനെയാണെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്; അല്ലാതെ വാനഗോളങ്ങൾ എങ്ങനെ ചലിക്കുന്നു എന്നല്ല’ (1564-1642).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?