Follow Us On

28

March

2024

Thursday

ബില്ലി ഗ്രഹാമിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു, മിനിസ്ട്രിക്ക് നന്ദി: കർദിനാൾ ഡാനിയൽ ഡിനാർദോ

ബില്ലി ഗ്രഹാമിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു, മിനിസ്ട്രിക്ക് നന്ദി: കർദിനാൾ ഡാനിയൽ ഡിനാർദോ

വാഷ്ങ്ടൺ: ബില്ലി ഗ്രഹാമിന്റെ  ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹത്തിന്റെ മിനിസ്ട്രിക്ക് ദൈവത്തോട് നന്ദി പറയുന്നതായും ഗാൽവസ്റ്റൺ ഹൂസ്റ്റൺ കർദിനാളും കത്തോലിക്കാ ബിഷപ്പുമാരുടെ യു.എസ് കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദിനാൾ ഡാനിയൽ ഡിനാർദോ. പ്രശസ്ത സുവിശേഷകനും ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സ്ഥാപകനുമായ ഗ്രഹാമിന്റെ വേർപാടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പ്രാദേശിക സമയം എട്ടോടെ മോൺട്രീറ്റിലെ സ്വസതിയിൽ വെച്ചാണ് ഗ്രഹാം (99) നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
ഗ്രഹാമിന്റെ കുടുംബത്തെ അനുശോചനമറിയിച്ച കർദിനാൾ ഡാനിയൽ ഡിനാർദോ ബില്ലിയുടെ വിശ്വാസവും ആത്മാർത്ഥതയും ലോകമെങ്ങും നിന്ന് എണ്ണാൻ കഴിയാത്തത്ര ആയിരങ്ങളെ നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിലേക്ക് അടുപ്പിച്ചതായും പറഞ്ഞു.
അതേസമയം, തന്റെ കുടുംബം കത്തോലിക്കാവിശ്വാസികളായിരുന്നിട്ടും ആളുകളോട് യേശുവിനെ പ്രഘോഷിക്കുന്ന ഗ്രഹാമിന്റെ പ്രവർത്തനത്തോട് തനിക്ക് ബഹുമാനമുണ്ടായിരുന്നുവെന്ന് ന്യൂയോർക്ക് കർദിനാളായ തിമോത്തി ഡോളൻ പറഞ്ഞു. “നമ്മുടെ രാഷ്ട്രത്തിന്റെ ഭൂതകാലം പഠിക്കുമ്പോഴാണ് ഒരു ചരിത്രകാരനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വർദ്ധിക്കുന്നത്. അമേരിക്കൻ സുവിശേഷവത്ക്കരണത്തിൽ അദ്ദേഹം വഹിച്ച വലിയ പങ്ക് അഭിനന്ദനാർഹമാണ്. ബില്ലി ഗ്രഹാം വളരെ തീക്ഷ്ണതയോടെ സ്‌നേഹിച്ച ദൈവം അദ്ദേഹത്തിന് നിത്യശാന്തി നൽകട്ടെ”, അദ്ദേഹം പറഞ്ഞു.
‘കാത്തലിക് ഹെരാൾഡ്’ എഡിറ്റർ ഡാമിയൻ തോപ്‌സണും ബില്ലിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘ശ്രേഷ്ഠനായ മനുഷ്യൻ, ദൈവത്തിന്റെ മഹത്തായ ശക്തി’ എന്നാണ് ഗ്രഹാമിനെ ഡാമിയൻ തോംപ്‌സൺ വിശേഷിപ്പിച്ചത്. 1939 മുതൽ രണ്ടായിരത്തിപതിനാലുവരെ സുവിശേഷ കൺവൻഷനുകളിൽ സജീവമായിരുന്ന ഗ്രഹാം അനാരോഗ്യത്തെ തുടർന്ന് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ദശാബ്ദങ്ങളോളം ഡി ഐസനോവർ, ലിൻഡൺ ബിജോൺസൺ, റിച്ചാർഡ് നിക്‌സൺ, ബരാക് ഒബാമ എന്നീ അമേരിക്കൻ പ്രസിഡന്റുമാരുടെ ആത്മീയ ഉപദേശകനായും ഗ്രഹാം സേവനം ചെയ്തിട്ടുണ്ട്.
രണ്ടായിരത്തിപതിനാറിൽ ലോകമഹാന്മാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഗാലപ്പ് പോൾ സർവ്വേയിൽ അറുപതാം തവണയും ബില്ലി ഇടം നേടിയിരുന്നു. ആദ്യ പത്തുപേരുടെ ലിസ്റ്റിലായിരുന്നു ബില്ലിയുടെ സ്ഥാനം. 1955 മുതൽ ലോകത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പത്തുപേരിലൊരാളായി തിരഞ്ഞെടുക്കപ്പെടുന്ന ബില്ലിഗ്രഹാമിന് 1962, 1976 എന്നീ വർഷങ്ങളിൽ മാത്രമാണ് സ്ഥാനം നഷ്ടമായത്. 185 രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം 215 മില്യൻ ആളുകളെ സുവിശേഷമറിയിച്ച ഏക വ്യക്തിയാണ്.
1947 ലാണ് പ്രശസ്ത ടെലിവിഷൻ പരിപാടിയായ ‘ക്രൂസേഡിന്’ ബില്ലി തുടക്കം കുറിച്ചത്. 2005-ൽ വിരമിക്കുന്നതുവരെ അറുപത് വർഷം ബില്ലി അവതരിപ്പിച്ച ക്രൂസേഡിലൂടെ 3.2 മില്യൻ ആളുകളാണ് ക്രിസ്തുവിനെ അറിഞ്ഞത്. ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടാക്കാൻ ആളുകളെ സഹായിക്കുകയാണ് എന്റെ ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യമെന്ന് ബില്ലി ഒരിക്കൽ വ്യക്തമാക്കിയിരുന്നു. മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയറുമായും ബില്ലി സുവിശേഷവേദികൾ പങ്കിട്ടുണ്ട്. ലളിത സുവിശേഷത്തിന്റെ പ്രചാരകനായ അദ്ദേഹം നിരവധിതവണ ഇന്ത്യയിൽ സന്ദർശനം നടത്തുകയും കേരളത്തിലെ മാരാമൺ കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
1918 നവംബർ 7 നോർത്ത് കാരലീനയിലെ ഷാർലറ്റിലായിരുന്നു ഗ്രഹാമിന്റെ ജനനം. പതിനഞ്ചാം വയസിൽ ഷാർലറ്റിലെ ഒരു ധ്യാനത്തിൽ വെച്ചാണ് ബില്ലി തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചത്. ബോബ്ജോൺസ്, ഫ്ലോറിഡ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനങ്ങളിലെ പഠനത്തിനുശേഷം 1939 ൽ സതേൺ ബാപ്റ്റിസ്റ്റ് മിനിസ്ട്രറായി അദ്ദേഹം സുവിശേഷരംഗത്തെത്തി. 1950 ൽ മിനിയാപോളിസിലെ മിൻ കേന്ദ്രമാക്കി ‘ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ’ സ്ഥാപിതമായി.
കത്തോലിക്കാസഭയുമായും ആത്മീയ നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. 1981 ൽ ആദ്യമായി ജോൺ പോൾ രണ്ടാമനെ കണ്ടപ്പോൾ തങ്ങൾ സഹോദരങ്ങളാണെന്നാണ് ബില്ലി പറഞ്ഞത്. 2005 ൽ ജോൺപോൾ രണ്ടാമൻ മരിച്ചപ്പോൾ, അവസാന നൂറുവർഷക്കാലയളവിൽ ധാർമ്മികതയ്ക്കും സമാധാനത്തിനുമായുള്ള ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ശബ്ദമായിരുന്നു അദ്ദേഹമെന്ന് ഗ്രഹാം പറഞ്ഞു. രോഗത്തെ അവഗണിച്ചുള്ള ജോൺ പോൾ രണ്ടാമന്റെ ഉത്സാഹത്തെയും അദ്ദേഹത്തിന്റെ അടിയുറച്ച കത്തോലിക്കാ വിശ്വാസത്തേയും ബില്ലി പ്രകീർത്തിച്ചു. ആത്മകഥയായ ‘ജസ്റ്റ് അസ് അയാം’ ഉൾപ്പടെ 29 പുസ്തകങ്ങൾ ബില്ലി രചിച്ചിട്ടുണ്ട്. ‘നിയറിങ് ഹോം;ലൈഫ്, ഫെയിത്ത് ഫിനിഷിങ് വെൽ’ എന്നീ പുസ്തകങ്ങൾ രണ്ടായിരത്തി പതിനൊന്നിലാണ് പ്രസിദ്ധീകരിച്ചത്.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?