Follow Us On

29

March

2024

Friday

ബൊക്കോ ഹറാമിന്റെ നാട്ടിൽ

ബൊക്കോ ഹറാമിന്റെ നാട്ടിൽ

അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന നൻപാക്കിന് ഡോക്ടറാകണം എന്നാണ് ആഗ്രഹം. താൻ ജീവിതത്തിൽ അനുഭവിച്ച വേദനകളാണ് അത്തരമൊരു സ്വപ്‌നത്തിലേക്ക് നയിച്ചതെന്നറിയുമ്പോൾ ആ കൗമാരക്കാരനോട് അറിയാതെ ആർക്കും ആദരവുതോന്നും. നൻപാക്ക് കുംസ്വാന് എട്ട് വയസ് ഉള്ളപ്പോഴാണ് ഇസ്ലാമിക്ക് ഭീകരരുടെ ആക്രണത്തിന് ഇരയായത്. വെട്ടുകത്തിയുമായി പാഞ്ഞുവന്ന ഭീകരന്റെ മുഖം നൻപാക്കിന് ഓർമയില്ല. വെട്ടേറ്റതിന് ശേഷം ബോധം വന്നപ്പോൾ അവൻ ആദ്യം അന്വേഷിച്ചത് പ്രിയപ്പെട്ട അമ്മയെയും സഹോദരങ്ങളെയുമായിരുന്നു. പക്ഷേ, അപ്പോഴേയ്ക്കും അക്രമങ്ങളില്ലാത്ത ലോകത്തേയ്ക്ക് അവർ യാത്രയായിരുന്നു. ഭീകരരുടെ അക്രമം ഭയന്ന് രണ്ട് ദിവസമായി പുറത്ത് കഴിഞ്ഞിരുന്ന അവന്റെ പിതാവിനെയും ഭീകരർ അതിന് മുമ്പുതന്നെ വകവരുത്തിയിരുന്നു.
സുവിശേഷപ്രഘോഷകനായ പിതാവിന്റെയും ആവോളം വാത്സല്യം നൽകിയ അമ്മയുടെയും സഹോദരങ്ങളുടെയും അഭാവം അവനെ ഏറെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ, എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനുമായിരുന്നു അവന്റെ പിതാവ് പഠിപ്പിച്ചത്. എട്ട് വയസുവരയെ ആ പിതാവിന്റെ സ്‌നേഹം അനുഭവിക്കുവാനുള്ള ഭാഗ്യം ലഭിച്ചുള്ളുവെങ്കിലും അത്തരമൊരു ബോധ്യം അവന്റെ ഹൃദയത്തിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിതാവിന്റെ ജീവിതത്തിൽനിന്നാണ് താനത് കണ്ടുപഠിച്ചതെന്ന് പറയുമ്പോൾ അവന്റെ കണ്ണുകളിൽ നനവു പടരുന്നുണ്ട്.
നൻപാക്കിന് ആരോടും ശത്രുതയില്ല, വേദനിക്കുന്നവരെ ശുശ്രൂഷിക്കണം. അവരുടെ കണ്ണീരൊപ്പണം എന്ന ആഗ്രഹമാണ് ഡോക്ടറാകണമെന്ന സ്വപ്‌നം മനസിൽ ആഴപ്പെടുത്തിയത്. കുടുംബാംഗങ്ങളെല്ലാവരും ഭീകരരുടെ അക്രമത്തിൽ കൊല്ലപ്പെട്ട നൻപാക്ക് ഇപ്പോൾ ഹൈസ്‌കൂൾ വിദ്യാസം പൂർത്തിയാക്കി. വിശ്വാസത്തെ രൂപപ്പെടുത്തുന്നതിൽ സുവിശേഷപ്രസംഗകനായ അപ്പൻ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് നൻപാക്ക് പറഞ്ഞു.
അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഡെബോറയുടെയും കുഞ്ഞിന്റെയും അവസ്ഥ കൂടുതൽ ദാരുണമാണ്. ഭർത്താവിനെയും ബന്ധുക്കളെയും വധിച്ചതിന് ശേഷം ഡെബോറയെ തട്ടിക്കൊണ്ടുപോയ ഭീകരർ അവളെ 20 വയസ് മാത്രം പ്രായമുള്ള ഒരു തീവ്രവാദിയുടെ ഭാര്യയാക്കി. ഒരിക്കൽ മരിച്ച തനിക്ക് ഇനി ഏത് മരണത്തെയാണ് പേടിക്കാനുള്ളതെന്ന് ചോദിക്കുമ്പോഴും തീവ്രവാദിയായ അപ്പന്റെ കുഞ്ഞിനെ സ്‌നേഹത്തോടെ വളർത്തുന്ന ഡെബോറയും ക്രിസ്തുവിന്റെ ‘രക്ത’സാക്ഷിയായി ജീവിക്കുന്നു.
നൻപാക്കിന്റേതും ഡെബോറയുടേതും ഒറ്റപ്പെട്ട കഥയല്ല. വിവിധതരം പീഡനങ്ങൾക്ക് അനുദിനം വിധേയരാകുന്ന നൈജീരിയൻ ക്രൈസ്തവരുടെ പ്രതിനിധികളാണ് നൻപാക്കും ഡെബോറയും. ജനസംഖ്യയിൽ ആഫ്രിക്കയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് നൈജീരിയ. ക്രൈസ്തവ ഭൂരിപക്ഷമുള്ള തെക്കൻ നൈജീരിയെയക്കാൾ ഇസ്ലാം ഭൂരിപക്ഷമുള്ള വടക്കൻ നൈജീരിയയിലാണ് ക്രൈസ്തവർ കൂടുതൽ പീഡനത്തിനിരയായത്. 1999 മുതൽ 12 സംസ്ഥാനങ്ങൾ ഇസ്ലാമിക്ക് നിയമമായ ശാരിയ പിന്തുടരുന്നു.
ക്രൈസ്തവർക്കെതിരെ ഏറ്റവും ക്രൂരമായ അക്രമങ്ങൾ നടത്തുന്ന ബൊക്കോ ഹറാം എന്ന സംഘടനയ്‌ക്കെതിരെ ശക്തമായ നടപടികൾ ഉറപ്പുനൽകിക്കൊണ്ടാണ് 2015 ൽ മുഹമ്മദ് ബുഹാരി നൈജീരിയൻ പ്രസിഡന്റു പദവിലെത്തിയത്. ബൊക്കോ ഹറാമിനെതിരെ നടപടി സ്വീകരിച്ചെങ്കിലും നാടോടി വിഭാഗമായ ഹൗസാ-ഫുലാനി വിഭാഗം ക്രൈസ്തവർക്കെതിരെ നടത്തുന്ന അക്രമങ്ങൾ തടയാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. തത്ഫലമായി അൽക്വയ്ദയുടെ പിന്തുണയോടെ ആരംഭിച്ച്, ഐഎസ് പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദസംഘടനയായ ബൊക്കോ ഹറാമിനെപ്പോലെ തന്നെ ഹൗസാ-ഫുലാനി എന്ന ഇസ്ലാമിക്ക് നാടോടി സംഘവും നൈജീരിയൻ ക്രൈസ്തവർക്ക് ഭീഷണിയുയർത്തുന്നു.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്റെ 2016 വരെയുള്ള കണക്കുപ്രകാരം ബൊക്കോ ഹറാം ഒരുലക്ഷത്തിലധികമാളുകളെ കൊലപ്പെടുത്തുകയും 52,000 ത്തിലധികം കുട്ടികളെ അനാഥരാക്കുകയും ചെയ്തു. 2016-ൽ രണ്ട് വിഭാഗമായി പിരിഞ്ഞ ബൊക്കോ ഹറാമിന്റെ അക്രമങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും ഇസ്ലാം മതസ്ഥരല്ലാത്തവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.
ചിബോക്കും ഡാമാസാക്കും
ചിബോക്കിൽ നിന്ന് തട്ടിക്കൊണ്ടുപോയ 300 പെൺകുട്ടികളിൽ 82 പേരെ ബൊക്കോ ഹറാം വിട്ടയച്ചു എന്ന വാർത്തയുമായാണ് ഇക്കഴിഞ്ഞ മെയ് ഏഴിന് പത്രങ്ങൾ പുറത്തിറങ്ങിയത്. യാകുബു നികേകിയെപോലുള്ള നിരവധി മാതാപിതാക്കളുടെ നെഞ്ചുരുകിയുള്ള പ്രാർത്ഥനയുടെ പരിണിതഫലമായിരുന്നു ആ മോചനം. തങ്ങളുടെ പെൺമക്കൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ, ആ ദുഃഖം താങ്ങാനാവാതെ പല മാതാപിതാക്കളും ഇതിനോടകം മരണപ്പെട്ടിരുന്നു. യാകുബു നികേകിയെയും മകളായ മൈമുനുവും മൂന്ന് വർഷത്തിന് ശേഷം കണ്ടുമുട്ടിയ രംഗം ഹൃദയഭേദകമായിരുന്നു. കുപ്രചാരണങ്ങളുടെയും പൊള്ളയായ വാഗ്ദാനങ്ങളുടെയും മൂന്ന് വർഷത്തിന് ശേഷം മാതാപിതാക്കളും മക്കളുമായി സാധ്യമായ കൂടിക്കാഴ്ച കണ്ടുനിന്ന മാധ്യമപ്രവർത്തകരുടെയും കണ്ണു നനയിച്ചു. ചിബോക്കിൽ നിന്ന് തട്ടിക്കൊണ്ടുപോയ നൂറോളം പെൺകുട്ടികളെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭ്യമല്ല.
വാർത്തകൾക്ക് പഞ്ഞമില്ലാത്ത കാലഘട്ടത്തിൽ ചിബോക്ക് പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകൽ മാത്രമാണ് വാർത്തയായത്. 500-റോളം കുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയ മറ്റൊരു നൈജീരിയൻ നഗരമാണ് ഡാമാസാക്ക്. ഡാമാസാക്ക് സാധാരണഗതിയിലേക്ക് മടങ്ങിവന്നു എന്ന് നൈജീരിയൻ ഗവൺമെന്റ് അവകാശപ്പെടുമ്പോഴും തട്ടിക്കൊണ്ടുപോയ കുട്ടികളെക്കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭ്യമല്ല.
ഫുലാനികൾക്ക് ആയുധങ്ങൾ എവിടെ നിന്ന്?
മുസ്ലീം നാടോടി വംശജരായ ഫുലാനി ക്രൈസ്തവരുടെ ഗ്രാമങ്ങളിൽ നടത്തുന്ന അക്രമങ്ങളാണ് ഏറ്റവും ഒടുവിലായി ക്രൈസ്തവർക്ക് തലവേദനയായിരിക്കുന്നത്. കാഡുന സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിൽ എ.കെ 47 പോലുള്ള ആധുനിക ആയുധങ്ങളുപയോഗിച്ചാണ് ഇവർ നിരായുധരായ ക്രൈസ്തവരുടെ ഗ്രാമങ്ങൾ ആക്രമിക്കുന്നത്. ക്രൈസ്തവരെ കൊന്നൊടുക്കിക്കൊണ്ട് ഇവരുടെ ഗ്രാമങ്ങൾ കയ്യേറാൻ നടത്തുന്ന അക്രമങ്ങൾക്ക് ഗവർണറുടെ പിന്തുണയുമുണ്ടെന്ന് ബിഷപ്പുമാർ പറയുന്നു. നൈജീരിയൻ സൈന്യം ഈ അക്രമത്തിന്റെ സമയത്ത് സമീപപ്രദേശത്തുണ്ടെങ്കിലും ഇതിനെ ചെറുക്കുന്നതിനായി യാതൊന്നും ചെയ്യുന്നില്ലെന്നതും ഈ സംശയം ബലപ്പെടത്തുന്നു. നൈജീരിയൻ സൈന്യം തന്നെയാണ് ആയുധങ്ങൾ ഇവർക്ക് നൽകുന്നതെന്ന ആരോപണവും ശക്തമാണ്.
മലനിരകളിൽ ഒളിച്ചിരുന്ന് നിരീക്ഷിച്ച ശേഷം ക്രൈസ്തവ ഗ്രാമങ്ങൾ ഒന്നൊന്നായി പിടിച്ചടക്കുകയും ക്രൈസ്തവരെ കൊന്നൊടുക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇവർ നടപ്പിലാക്കുന്നത്. ക്രൈസ്തവരുടെ കൊലപാതകങ്ങൾ 62 ശതമാനം വർദ്ധിച്ചതായി ഓപൺ ഡോർസിന്റെ റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഓപൺ ഡോർസ് ലോകമെമ്പാടും പീഡനങ്ങൾക്ക് ഇരകളാകുന്ന ക്രൈസ്തവരെക്കുറിച്ചുള്ള ആധികാരികമായ റിപ്പോർട്ടുകൾ തയാറാക്കുന്ന സന്നദ്ധസംഘടനയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?