Follow Us On

28

March

2024

Thursday

ഭാരതത്തിൽ പന്തക്കുസ്ത

ഭാരതത്തിൽ  പന്തക്കുസ്ത
  • രിസ്മാറ്റിക് പ്രസ്ഥാനമെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ഒരു ധാരണയുണ്ട്. ഇത് ആധുനിക കാലത്ത് പൊട്ടിമുളച്ച പ്രതിഭാസമാണെന്ന്. ക്രിസ്തുവിന്റെ ഉത്ഥാനശേഷം സഭ പ്രോദ്ഘാടനം ചെയ്യപ്പെടുന്നത് പന്തക്കുസ്തയിലാണ്. പന്തക്കുസ്ത അനുഭവമാണ് ആദ്യത്തെ ക്രൈസ്തവ സഭക്ക് രൂപം കൊടുക്കുന്നത്. അതുകൊണ്ട് ആദ്യക്രൈസ്തവ സഭ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾകൊണ്ട് നിറഞ്ഞ കരിസ്മാറ്റിക് സമൂഹമായിരുന്നു.
    അപ്പസ്‌തോലനായ പൗലോസിന്റെ ലേഖനങ്ങളും ആദിമ ക്രൈസ്തവസഭയുടെ ചരിത്രം കുറിച്ചിട്ടുള്ള നടപടിയുടെ പുസ്തകവും ശ്രദ്ധാപൂർവം വായിക്കുകയാണെങ്കിൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ഉപയോഗിച്ചുകൊണ്ട് സഭ പടുത്തുയർത്തിയ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ അനുഭവത്തിന്റെ ചരിത്രസാക്ഷ്യം വ്യക്തമാകും. വചനത്തിലും ആരാധനാനുഷ്ഠാനങ്ങളിലും സഭ പിന്നീട് രൂപകൽപന ചെയ്യപ്പെട്ടപ്പോൾ സഭയുടെ സ്വാഭാവിക ഗതിവിഗതികൾ യന്ത്രവൽക്കരിക്കപ്പെട്ടു. അച്ചടിച്ച പുസ്തകങ്ങളിലെ പ്രാർത്ഥന മാത്രം ചൊല്ലുന്ന യാഥാസ്ഥിതിക സഭയായി അഥവാ യാന്ത്രിക സഭയായി സഭ പിന്നീട് പരിണമിച്ചു. ഒരുപക്ഷേ ഈ യാന്ത്രികതയുടെ നടുവിൽ സഭയിലുണ്ടായ ഒരു പുതിയ പന്തക്കുസ്ത അനുഭവമാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ്. 1962-ൽ ആരംഭിച്ച് 1965-ൽ അവസാനിച്ച സൂനഹദോസ്. സഭ പരിശുദ്ധാത്മാവിനാൽ നിറയ്ക്കപ്പെട്ട, ഒരുപക്ഷേ ആദിമസഭയുടെ പരിശുദ്ധാത്മ ചൈതന്യത്തിന്റെ ഒരു പുനരേകീകരണം – അതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിൽ സംഭവിച്ചത്.
    രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ കാഴ്ചപ്പാടിന്റെ സഭയുടെ താത്വികമായ അവലോകനം നടത്തുന്ന ‘ജനതകളുടെ പ്രകാശം’ എന്ന പ്രമാണരേഖയാണ്. ഈ ആത്മീയസത്യം ലോകത്തിന് സ്വീകാര്യമായ വിധത്തിൽ അവതരിപ്പിക്കാൻ സഭ നടത്തിയ പരിശ്രമങ്ങളുടെ ആകെത്തുക ‘സഭ ആധുനിക ലോകത്തിൽ’ എന്ന പ്രമാണരേഖയാണ്. സൂനഹദോസ് കഴിഞ്ഞ ഉടനെയാണ് സഭയിലെ പെന്തക്കോസ്തൽ, പരിശുദ്ധാത്മ ചൈതന്യപൂരിതമായ ശുശ്രൂഷാശൈലി ആരംഭിക്കുന്നത്.
    ആധുനിക കാലഘട്ടത്തിലെ കത്തോലിക്ക കരിസ്മാറ്റിക് നവീകരണമെന്നൊക്കെ പറയുന്നത് രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പ്രകടമായ പരിശുദ്ധാത്മ വിസ്‌ഫോടനത്തിന്റെ തുടർകർമപദ്ധതിയാണ്. കരിസ്മാറ്റിക് പ്രസ്ഥാനം ആരംഭിച്ച് അമ്പതു വർഷം കഴിയുമ്പോൾ കരിസ്മാറ്റിക് പ്രസ്ഥാനത്തെ നാം മനസിലാക്കുന്നത് ആദിമ സഭയിലുണ്ടായ പന്തക്കുസ്ത പുനഃസൃഷ്ടിക്കാൻ നടത്തിയ ദൈവിക ഇടപെടലായിട്ടാണ്.
    ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ ഈ പന്തക്കുസ്ത അനുഭവത്തെ വിലയിരുത്തുമ്പോൾ ഇന്ന് മറ്റ് പല സഭകളും മൃതപ്രായ അവസ്ഥയിലാകുമ്പോഴും കേരള കത്തോലിക്ക സഭയിൽ ആധ്യാത്മിക നനവുള്ള മണ്ണുണ്ട്. അതിന്റെ പ്രധാന കാരണം കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനം അനുഗ്രഹമഴയായി നമ്മുടെ നാട്ടിൽ പെയ്തിറങ്ങിയതുതന്നെയാണ്.
    കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പലപ്പോഴും നിഷേധാത്മകമായി ചിന്തിക്കാറുണ്ട്. പക്ഷേ കരിസ്മാറ്റിക് നവീകരണം കേരള സഭയിൽ സംഭവിച്ചില്ലായിരുന്നെങ്കിൽ യൂറോപ്പിലെ സഭപോലെ കേരള സഭയും ഒരു മരുഭൂമി ആകുമായിരുന്നു. കേരള സഭയിൽ കരിസ്മാറ്റിക് പ്രസ്ഥാനം നൽകിയ നന്മകൾ ഹ്രസ്വമായി പറയാം.
    .       വചനാധിഷ്ഠിതമായ സുവിശേഷപ്രഘോഷണം കേരള കത്തോലിക്ക സഭയിൽ ശാസ്ത്രീയമായും പ്രായോഗികമായും ആരംഭിക്കുന്നത് കരിസ്മാറ്റിക് പ്രസ്ഥാനത്തിനുശേഷമാണ്. പണ്ടുകാലത്ത് നമ്മുടെ വൈദികരുടെ പ്രസംഗത്തെക്കുറിച്ച് ഒരു ആക്ഷേപമുണ്ടായിരുന്നു. വായിൽ തോന്നുന്നത് കഥയുടെ മേമ്പൊടി ചേർത്ത് വിളിച്ചുപറയുന്നുവെന്ന്. അതിന് വചനവുമായുള്ള ബന്ധം ശുഷ്‌ക്കമായിരുന്നു. എന്നാൽ സുവിശേഷ പ്രഘോഷണങ്ങൾ വചനാധിഷ്ഠിതമാകണമെന്ന് കേരള കത്തോലിക്ക സഭയെ പഠിപ്പിച്ചത് കരിസ്മാറ്റിക് പ്രസ്ഥാനമാണ്.
    .        വചനം വായിക്കാൻ, പഠിക്കാൻ, പ്രസംഗിക്കാൻ, പ്രചരിപ്പിക്കാനുമുള്ള ഒരഭിനിവേശം കേരള കത്തോലിക്ക സഭയിൽ സൃഷ്ടിച്ചത് കരിസ്മാറ്റിക് പ്രസ്ഥാനമാണ്. ഇന്ന് തിരുനാളുകളുടെ ഒരുക്കശുശ്രൂഷയുടെ ഭാഗമായിട്ട് വചനപ്രഘോഷണമുണ്ട്. അതായത് ബൈബിൾ കൺവൻഷൻ. ഈ വചനപ്രഘോഷണം ശൈലിയാക്കി മാറ്റാൻ കേരള സഭയെ സഹായിച്ചത് കരിസ്മാറ്റിക് പ്രസ്ഥാനമാണ്.
    .       എല്ലാ ദിവസത്തെയും കുർബാനയ്ക്ക് നൂറു കണക്കിനാളുകൾ പങ്കെടുക്കുന്നു. ആ പങ്കെടുക്കുന്ന പ്രക്രിയ വളരെ സ്വാഭാവികമാക്കി മാറ്റിയതിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ഒരുപാട് പങ്കുണ്ട്. അതുപോലെതന്നെ കുർബാനയിലുള്ള സജീവ പങ്കാളിത്തവും വർധിച്ചു. പണ്ട് കുർബാന കണ്ട് മടങ്ങിപ്പോയിരുന്ന ഒരു തലമുറയായിരുന്നു. കാണുന്നതിനപ്പുറത്ത് അതിലൊരു പങ്കാളിത്തമുണ്ടായിരുന്നില്ല. കരിസ്മാറ്റിക് മുന്നേറ്റം വന്നതിനുശേഷമാണ് സജീവ പങ്കാളിത്തം കുർബാനയിൽ ഉണ്ടായത്. അതുപോലെ ഇന്ന് നമ്മുടെ എല്ലാ ദൈവാലയങ്ങളിലും ദിവ്യകാരുണ്യ ആരാധനയുണ്ട്. ആദ്യവെള്ളിയാഴ്ച മാത്രം ആരാധന നടത്തിയിരുന്ന സ്ഥലങ്ങളുണ്ട്. ഇന്ന് നമ്മുടെ കത്തീഡ്രൽ ദൈവാലയങ്ങളിലും മറ്റു പ്രധാന ദൈവാലയങ്ങളിലും ആരാധന ദൈവാലയങ്ങളുണ്ട്. പരിശുദ്ധ കുർബാനയോടുള്ള ഒരഭിനിവേശം, ആരാധനയുടെ സന്നിധിയിൽ കാത്തിരിക്കാനുള്ള ആഗ്രഹം, സഭയ്ക്ക് നൽകിയത് കരിസ്മാറ്റിക് മുന്നേറ്റമാണ്.
    .        കുമ്പസാരത്തിന് നമ്മുടെ ഇടയിലുള്ള സ്വാധീനം കരിസ്മാറ്റിക് മുന്നേറ്റത്തിന്റേതാണ്. മുമ്പ് ഒരു യാന്ത്രിക കുമ്പസാരമായിരുന്നെങ്കിൽ ഇന്ന് വിശാലമായും വിശദമായും പാപങ്ങൾ ഏറ്റുപറയലും പ്രായശ്ചിത്തം ചെയ്യലുമൊക്കെ നമുക്ക് സുപരിചിതമാക്കിയത് കരിസ്മാറ്റിക് മുന്നേറ്റമാണ്. അതുപോലെ നമുക്ക് മൂന്നോ നാലോ പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ. ‘വാവാ യേശുനാഥാ…’, ‘ഓശാന ഈശനു സതതം..’ തുടങ്ങിയവ. എന്നാലിന്ന് നമ്മുടെ ആരാധനക്രമങ്ങളിലും പ്രാർത്ഥനാസമ്മേളനങ്ങളിലും പാടുന്ന ഒരുപാട് പാട്ടുകൾ കരിസ്മാറ്റിക് രംഗത്തുനിന്നും വന്നവയാണ്. ആ കരിസ്മാറ്റിക് ഗാനങ്ങളുടെയൊക്കെ വലിയ ഉറവ പൊട്ടിയത് ഈ കരിസ്മാറ്റിക് മുന്നേറ്റത്തിലാണ്. കുടുംബജീവിതത്തിലും ഒരുപാട് നവീകരണങ്ങൾ നടന്നു. മദ്യപാനികളുടെ മാനസാന്തരം, വേർപെട്ട് പോയവരുടെ പുനരേകീകരണം, കുടുംബങ്ങളിലെ പുതിയ ജീവിതശൈലികൾ ഇതൊക്കെ കരിസ്മാറ്റിക് ഗുണഫലമാണ്. അതുകൊണ്ട് നമ്മുടെ കുടുംബങ്ങളെ നവീകരിക്കുന്ന പ്രക്രിയയിൽ കരിസ്മാറ്റിക് പ്രസ്ഥാനം ഒരുപാട് നന്മ ചെയ്തിട്ടുണ്ട്. എത്രയോ മദ്യപാനികൾ മദ്യവർജനത്തിക്കേ് വന്നു, എത്രയോ കുടുംബങ്ങൾ സുവിശേഷ വേലക്കിറങ്ങിത്തിരിച്ചു – ഇതൊക്കെ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ വലിയ സംഭാവനകളായി എനിക്ക് തോന്നുന്നു. കാരുണ്യപ്രവർത്തനങ്ങൾ വർധിച്ചു. ഇടവകതലത്തിൽ ആശ്രമങ്ങളിലേക്ക്, ആകാശപറവകളുടെ അടുത്തേക്ക്, ബുദ്ധിമാന്ദ്യമുള്ളവരെ ശുശ്രൂഷിക്കുന്ന കേന്ദ്രത്തിലേക്ക് എന്നിവിടങ്ങളിലൊക്കെ സന്ദർശനം നടത്തുന്ന പ്രവണത കൂടുതലായി.
    .        ശുപത്രികളിലെ ഭക്ഷണവിതരണം, പൊതിച്ചോറ് നൽകൽ തുടങ്ങിയ മാതൃകാപരമായ നല്ല പ്രവർത്തനങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടാകാൻ കാരണമായി. മറ്റൊരു വലിയ സംഭാവനയാണ് ദശാംശം. നിങ്ങളുടെ സ്വത്തിലെ ഒരോഹരി, പള്ളിക്കും പാവപ്പെട്ടവർക്കും ആലംബഹീനർക്കുമൊക്കെ കൊടുക്കണമെന്ന് പഠിപ്പിച്ചത് കരിസ്മാറ്റിക് മുന്നേറ്റമാണ്. ഞാൻ തൃശൂരിലെ മേജർ സെമിനാരിറെക്ടറായി പത്തുകൊല്ലത്തോളം ജോലി ചെയ്തിട്ടുണ്ട്. ഈയടുത്ത കാലത്തുണ്ടായ എല്ലാ ദൈവവിളികൾക്കും പ്രചോദനമാകാൻ കരിസ്മാറ്റിക് മുന്നേറ്റത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ നവവൈദികരും സെമിനാരി വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും കരിസ്മാറ്റിക് പ്രസ്ഥാനവുമായി പൊക്കിൾകൊടി ബന്ധമുള്ളവരാണ്.
    .         ജീസസ് യൂത്ത്, ഫെലോഷിപ്പ് മിനിസ്ട്രി, അല്മായ വചനപ്രഘോഷകർ എന്നിവയൊക്കെ സജീവമാകാൻ കരിസ്മാറ്റിക് മുന്നേറ്റം കാരണമായി. ക്രിസ്റ്റീൻ, ഏയ്ഞ്ചൽസ് ആർമി മുതലായവയും കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഫലമായുണ്ടായവയാണ്. ഗർഭഛിദ്രത്തെയും മദ്യപാനത്തെയും മറ്റും എതിർക്കാനുണ്ടായ പ്രസ്ഥാനങ്ങൾ, വചനം പ്രഘോഷിക്കാൻ അല്മായന് ധൈര്യം കൊടുത്തത് കരിസ്മാറ്റിക് സംഭാവനകളാണ്. ശാലോം ടെലിവിഷൻ, സൺഡേ ശാലോം, ശാലോം ടൈംസ്, വചനോത്സവം, ജീവജ്വാല ഇങ്ങനെയുള്ള നല്ല മാധ്യമങ്ങൾ, ധാരാളം കാസറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, ധാരാളം യു ട്യൂബ് വീഡിയോകൾ ഇതൊക്കെ കരിസ്മാറ്റിക് മുന്നേറ്റവുമായി ബന്ധപ്പെട്ട ശുശ്രൂഷകളുടെ വളർച്ചയുടെ ഫലമായിട്ടാണ്.
    .          ധാരാളം നന്മകൾ കരിസ്മാറ്റിക് പ്രസ്ഥാനം നമുക്ക് നൽകിയിട്ടുണ്ട്. നമ്മുടെ പ്രാർത്ഥനാ കൂട്ടായ്മകളിലൂടെ രൂപതാ തലത്തിലുള്ള കരിസ്മാറ്റിക് ഏകോപനത്തിലൂടെയൊക്കെ വചനപ്രഘോഷണത്തിലൂടെയുമൊക്കെ ധാരാളം നന്മകൾ ഉളവായി. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പാർശ്വഫലം, ഇത് പെന്തക്കോസ്തൽ മുന്നേറ്റത്തെ ബലപ്പെടുത്തി എന്നുള്ളതാണ്. കരിസ്മാറ്റിക് പ്രസ്ഥാനം വളർന്നപ്പോൾ പെന്തക്കോസ്തൽ ഗ്രൂപ്പുകളിലേക്കും ആളുകൾ പോകാൻ കുറെയൊക്കെ കാരണമായി.
    .         രിസ്മാറ്റിക് മുന്നേറ്റത്തെ സമർപ്പിതരും വൈദികരും വേണ്ടതുപോലെ ഇടയദൗത്യത്തിന്റെ ദണ്ഡുപയോഗിച്ച് മുന്നോട്ട് നയിച്ചിട്ടില്ല. ഒരു ധ്യാനകേന്ദ്രത്തിൽ പോയി ധ്യാനം കൂടി വരുന്നവന് പ്രാർത്ഥിക്കാനും വചനം പഠിക്കാനും വചനം വ്യാഖ്യാനിക്കാനും പ്രഘോഷിക്കാനുമുള്ള ആവേശമുണ്ട്. അതനുസരിച്ച് അവനെ വഴിനടത്താൻ അജപാലന ശുശ്രൂഷയിൽ നമുക്ക് പലപ്പോഴും കഴിഞ്ഞിട്ടില്ല.
    .         മ്മുടെ വിശ്വാസശൈലിയിലേക്ക് അക്രൈസ്തവവിശ്വാസത്തിൽ നിന്നും മാറിയവരെ ഹൃദയപൂർവം സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. വിജാതീയ കൂട്ടായ്മക്ക് കത്തോലിക്കാ സഭയുമായി ഐകദാർഢ്യം പുലർത്തുന്ന വിധത്തിലുള്ള ഒരു സ്വാഗതാർഹമായ അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും അവരെ മാറ്റിനിർത്തുകയാണ് നമ്മുടെ പല ഇടവകകളും ചെയ്യുന്നത്.
    .        മിഷനിലേക്ക് നമ്മുടെ നാട്ടിൽനിന്നും കൂടുതൽ ജനങ്ങൾ പോകാൻ തയാറായി വരുന്നുണ്ട്. പക്ഷേ നമ്മുടെ സമർപ്പിതരും വൈദികരും പ്രോത്സാഹനം കൊടുക്കേണ്ടതിനുപകരം പ്രതിസന്ധിയായി നിലകൊള്ളുകയാണ്. അല്മായനെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു സംവിധാനം നമ്മുടെ സഭയിൽ ധാരാളമായി ഉണ്ടാകണം. അതുപോലെ കരിസ്മാറ്റിക് മുന്നേറ്റം ആവേശമായി സ്വീകരിക്കുന്ന ആളുകൾക്ക് കുറെക്കൂടെ സുവിശേഷം അതിന്റെ തനിമയിൽ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെ ആഗ്രഹിക്കുന്നവരെ തളർത്തിക്കളയരുത്.
    .        തിരുനാളുകൾ ആർഭാടമായി നടത്താൻ ഇടവകകൾ കാണിക്കുന്ന വലിയ ആവേശം, രംഗസജ്ജീകരണം ഇവിടെയൊക്കെ കുറയൊക്കെ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ ശൈലി ഉൾക്കൊള്ളാൻ തയാറാവണം. അങ്ങനെയായാൽ കരിസ്മാറ്റിക് മുന്നേറ്റം ആധികാരികമായി എന്ന് നമുക്ക് പറയാനാകും. അമ്പെഴുന്നള്ളിപ്പുകൾക്ക് പലപ്പോഴും രണ്ടായിരവും മൂവായിരവും കൊടുക്കുന്നതിന്റെ ആവശ്യമെന്തെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അവൻ ജീവിക്കാനാഗ്രഹിക്കുന്ന സുവിശേഷത്തിന്റെ തനിമ നിറഞ്ഞ ശൈലിയെ ഉൾക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനുമാണ് നാം ആവേശം കാണിക്കേണ്ടത്.
    മധ്യദശകത്തിൽ യാഥാസ്ഥിതികമായി ജീവിച്ചിരുന്നവർക്ക് അസീസിയിലെ ഫ്രാൻസിസ് ഭ്രാന്തനാണെന്ന് പറയാൻ കഴിഞ്ഞു. ആ ഭ്രാന്ത് എട്ട് നൂറ്റാണ്ടുകൾക്കുശേഷവും കത്തോലിക്കാ സഭയിൽ സുവിശേഷത്തിന്റെ സുഗന്ധമായി തുടരുകയാണ്. കരിസ്മാറ്റിക് പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന വിപ്ലവാത്മകമായ സുവിശേഷമൂല്യങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കണം. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആത്മപ്രചോദനം ഉൾക്കൊണ്ട് സുവിശേഷചൈതന്യത്തിൽ ജീവിക്കാൻ സഭയ്ക്കും കഴിയണം. വരദാനങ്ങൾ ഉപയോഗിച്ചുള്ള ശുശ്രൂഷകളിൽ പാലിക്കപ്പെടേണ്ട ലക്ഷ്മണരേഖകൾ പാലിക്കാതെ ചില അല്മായർ പ്രവർത്തിക്കുന്നുണ്ട്. ചില വൈദികരും ധ്യാനകേന്ദ്രങ്ങളും അങ്ങനെ പ്രവർത്തിക്കുന്നുമുണ്ട്. അവിടെയൊക്കെ തിരുത്തൽ വേണം. പക്ഷേ, അത് കരിസ്മാറ്റിക് പ്രസ്ഥാനത്തെ മൊത്തമായി ആക്രമിച്ചുകൊണ്ടാകരുത്.
  • ബിഷപ് മാർ റാഫേൽ തട്ടിൽ

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?