Follow Us On

28

March

2024

Thursday

മക്കൾ വഴിതെറ്റാതിരിക്കാൻ ഒരു കുറുക്കുവഴി!

മക്കൾ വഴിതെറ്റാതിരിക്കാൻ ഒരു കുറുക്കുവഴി!

നിങ്ങളുടെ കുഞ്ഞുങ്ങളെ നേടിയെടുക്കണോ? ഉത്തരം ലളിതമാണ്, അവരുടെ കൂടെ കളിക്കുക. ലോറൻസ് കോഹൻ എന്ന ‘പ്ലേ തെറാപ്പി’ യിൽ ഡോക്ടറേറ്റ് നേടിയ മനശാസ്ത്രജ്ഞൻ തന്റെ 25 വർഷത്തെ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതാണിത്.
ഒരു പ്രായമാകുമ്പോൾ തങ്ങളോട് യാതൊരു അറ്റാച്ച്‌മെന്റും കുട്ടികൾ കാണിക്കുന്നില്ല എന്ന പരാതിയുതിർത്ത ദമ്പതിമാരിലും, കുട്ടികളുമായി നല്ല ബന്ധം മരണംവരെ പുലർത്തിയ മറ്റുചിലരിലും നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ ആകെത്തുകയായിട്ടാണ് അദ്ദേഹം ഇത് അവതരിപ്പിക്കുന്നത്.
ഏറ്റവും പ്രധാനമായ രണ്ടു മനോഭാവങ്ങളാണ് കുട്ടികളുടെ മുമ്പിൽ മാതാപിതാക്കളാൽ അവതരിപ്പിക്കപ്പെടുക. ഒന്ന് അധികാരത്തിന്റെയും, രണ്ട് സ്വഭാവികബന്ധത്തിന്റെയും. നിങ്ങൾ കുട്ടികളുടെ മുമ്പിൽ അധികാരമാണോ അധികമായി പ്രയോഗിക്കുന്നത് എന്നറിയാൻ ചില കുറുക്കുവഴികളുണ്ട്. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി, എനിക്കറിയാം നിന്നെയൊക്കെ മര്യാദ പഠിപ്പിക്കേണ്ടത് എങ്ങനെയെന്ന്, അനുസരിച്ചില്ലെങ്കിൽ അനുസരിപ്പിക്കാൻ ഞങ്ങൾക്കറിയാം – തുടങ്ങിയ മനോഭാവങ്ങളാണ് ഓരോ പ്രതിസന്ധിയുടെയും മുമ്പിൽ നിങ്ങൾ മുന്നോട്ടുവയ്ക്കുന്നതെങ്കിൽ ശ്രദ്ധിക്കണം. അധികാരം ഒരു പരിധിവരെ അവരെ നിയന്ത്രിച്ചേക്കാം. അധികാരപരിധി വിടുന്നതോടെ നിങ്ങൾ അവർക്ക് ആരുമല്ലാതാകും. ഒരു പ്രായം കഴിഞ്ഞാൽ ഈ കുഞ്ഞുങ്ങൾ വീണ്ടും പഴയ അധികാരത്തിന് കീഴ്‌പ്പെടാൻ ഒരിക്കലും തയ്യാറാകുകയുമില്ല.
ഇങ്ങനെയൊക്കെയായിരുന്നാലും കുഞ്ഞുങ്ങൾ ചിലപ്പോൾ മാതാപിതാക്കളെ കരുതിയേക്കാം. പക്ഷേ, അവരുടെ മനസിന്റെ ഭാവം ഇതാണ് – എന്റെ ഉത്തരവാദിത്വമാണ് മാതാപിതാക്കളെ സംരക്ഷിക്കുക, നോക്കുക എന്നത്. അതിനപ്പുറമുള്ള ഒരു ആവശ്യമായി ഈ ബന്ധത്തെ അവർ കാണാറില്ലത്രേ. അധികാരം നല്ല രീതിയിൽ പ്രയോഗിച്ച് വളർത്തപ്പെട്ട കുഞ്ഞുങ്ങൾ മാതാപിതാക്കളെ നോക്കുന്നത് ഒരു ഉത്തരവാദിത്വമായി കരുതുന്നു എന്നതാണ് ഏകനന്മ. അധികാരം മോശമായ രീതിയിൽ പ്രയോഗിക്കപ്പെട്ടവർ വളർന്നുവരുമ്പോൾ മാതാപിതാക്കൾ ഉള്ളതായി പോലും കരുതാറുമില്ല. ഉത്തരവാദിത്വം എന്ന ഏക മാനദൺഡമനുസരിച്ച് മാതാപിതാക്കളെ നോക്കുന്നവരിൽനിന്ന് സ്‌നേഹവും പരിഗണനയുമൊന്നും കിട്ടുകയുമില്ല. അത്യാവശ്യം കാര്യങ്ങളിൽ അവർ വീഴ്ച വരുത്തുകയില്ലെന്നുമാത്രം.
സ്വഭാവികബന്ധത്തിൽ ഏറ്റവും പ്രധാനം കുട്ടികളുമൊത്ത് സമയം ചിലവഴിക്കുന്ന സമയങ്ങളാണ്. കൡും ചിരിയുമാണ് കുഞ്ഞുങ്ങളുമായുള്ള ബന്ധത്തിൽ ഏറ്റവും പ്രധാനം എന്നാണ് ഈ പഠനം നിരീക്ഷിക്കുന്നത്. കുഞ്ഞുങ്ങൾ വളർന്നു വലുതാകുന്നതുവരെ മാതാപിതാക്കളിൽനിന്ന് അവർ ഏറ്റവും അധികമായി ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവും ആനന്ദവും നിറഞ്ഞൊരു ജീവിതമാണ്. പണമോ, വിദ്യാഭ്യാസമോ, ജീവിതസൗകര്യമോ എന്തുമാകട്ടെ, അവയൊക്കെയും രണ്ടാമതാണ്. കുട്ടികൾ കളിപ്പാട്ടത്തിനായി മാതാപിതാക്കളെ ഏറ്റവുമധികമായി ശല്യം ചെയ്യുന്നതിന്റെ ഒരു കാരണം അവർ മാതാപിതാക്കളുമൊത്തുള്ള ആനന്ദനിമിഷങ്ങളെ ഏറെ സ്‌നേഹിക്കുന്നതിന്റെ അടയാളമാണത്രേ.
മാത്രമല്ല, കുഞ്ഞുങ്ങളുമായി കളിക്കുമ്പോഴാണ് അവരുടെ വ്യക്തിത്വം ഏറ്റവുമധികമായി വികസിക്കുന്നത്. കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും, മനസിലാക്കാനും പറ്റിയ സമയവും കളിസമയം തന്നെ. ചെറുപ്രായത്തിൽ അവർക്ക് നാം മുതിർന്നവരാണെന്നൊന്നും അറിയില്ല. കൂടെയിറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരാളാണ് തന്റെ അപ്പനും അമ്മയും എന്നുള്ള തിരിച്ചറിവ് അവരെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കും. ഭാവിയിലെ പ്രശ്‌നങ്ങൡലേക്ക് അവർ നിങ്ങളെ ക്ഷണിക്കുകയും ചെയ്യും. കുട്ടികളുടെ ലോകത്തിന്റെ ഭാഗമാകാത്ത ഒരു വ്യക്തിക്കും അവരെ സ്വാധീനിക്കാനാവില്ല. ഇത് അടുത്തബന്ധവും, ആഴമായ അടുപ്പവും സമ്മാനിക്കും.
അറ്റാച്ച്‌മെന്റ് എന്ന പദത്തിന് കുട്ടികളുടെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടെന്ന് ജോൺ ബൗഡ്‌ലി എന്ന മനശാസ്ത്രജ്ഞൻ പറയുന്നു. കേൾക്കാനൊരാൾ, മനസിലാക്കാനൊരാൾ, പിന്തുണയ്ക്കാനൊരാൾ, സ്‌നേഹിക്കാനൊരാൾ – ഈ വ്യക്തിക്കാണ് ഒരു കുഞ്ഞിനെ ഏറ്റവുമധികം സ്വാധീനിക്കാനാവുക. ദേഷ്യം, ക്ഷീണം, ഏകാന്തത, മുറിവുകൾ എന്നിവയൊക്കെ കുഞ്ഞുങ്ങളിൽനിന്ന് അപ്രത്യക്ഷമാവുന്നത് ‘അറ്റാച്ച്ഡ്’ ആയ ആളുകളുടെ ഒപ്പം വളരുമ്പോഴാണ്. കുട്ടികളിൽ കാണുന്ന സ്വാഭാവ വൈകല്യങ്ങളിൽ ഏറെയും അറ്റാച്ച്‌മെന്റുമായി ബന്ധപ്പെട്ടതാണെന്ന് കോഹൻ കുറിയ്ക്കുന്നു.
കുട്ടികളുമായി കളിയ്ക്കുന്നവർ അവരെ പഠിപ്പിക്കുന്ന പാഠങ്ങൾ പലതാണ്. ആരെയും പറ്റിക്കാതിരിക്കാനും, കള്ളത്തരം കാണിക്കാതെയും പറയാതെയും ജീവിക്കാനും. പരാജയത്തെ സ്വീകരിക്കാനും ഉൾക്കൊള്ളാനും. മറ്റുള്ളവർ നല്ലതുപോലെ ചെയ്യുമ്പോൾ അത് അംഗീകരിക്കാൻ, പാഠങ്ങൾ പഠിക്കാൻ. തന്റെ ഊഴത്തിനായി കാത്തിരിക്കാനും, മറ്റുള്ളവരെ ബഹുമാനിക്കാനും. യഥാർത്ഥ ജീവിതത്തോട് ബന്ധപ്പെടുത്തി ചിന്തിക്കാൻ തുടങ്ങുമ്പോൾ ഈ നിയമങ്ങൾ അവർ പാലിക്കാനും തയ്യാറാകുമത്രേ.
കളിയ്ക്കുക എന്നാൽ എല്ലായ്‌പ്പോഴും എഴുതപ്പെട്ട നിയമങ്ങളുള്ള ഔദ്യോഗിക കളികളാകണമെന്ന് നിർബന്ധമില്ല. ഇസബെൽ ഫിലിസറ്റ് എന്ന മനശാസ്ത്രജ്ഞ ഇപ്രകാരം എഴുതുന്നു, ”സന്തോഷവും ആനന്ദവും നൽകുന്ന എല്ലാ പ്രവർത്തികളും കളികളുടെ ഭാഗമാണ്.” അംഗ്യങ്ങൾ, രസംനൽകുന്ന ശബ്ദങ്ങൾ, കുട്ടികൾ കളിക്കുന്നതിന്റെ കൂടെച്ചേരൽ ഇതെല്ലാം പ്രധാനപ്പെട്ടതാണ്. മാതാപിതാക്കൾക്ക് അവ ചിലപ്പോൾ ബോറിംഗ് ആയിത്തോന്നിയേക്കാം. പക്ഷേ, കുട്ടികളെ നേടിയെടുക്കാൻ താല്പര്യമുള്ളവർ കുട്ടികളുടെ മനസ്സറിയണം.
ആനന്ദവും സന്തോഷവും കുഞ്ഞുങ്ങളുടെ കൂടെയുള്ള സമയം ചിലവഴിക്കലും നിങ്ങൾക്ക് നല്ല കുട്ടികളെ നൽകിയേക്കാം. ഒരുകാലത്ത് അവരെയോർത്ത് വിലപിക്കുന്നതിന്റെ പത്തിലൊന്ന് സമയം ഇപ്പോൾ ചിലവഴിച്ചാൽ കാര്യങ്ങൾക്ക് മാറ്റമുണ്ടാകും. ”കുഞ്ഞുങ്ങളെ തടയേണ്ട” അവർ എന്റെ അടുക്കൽ വരട്ടെ എന്ന യേശുവിന്റെ വാക്കുകൾ, ഗൗരവമുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ശല്യപ്പെടുത്താൻ വന്ന കുട്ടികളെ തടഞ്ഞ ശിഷ്യന്മാരോടാണ്. യേശു അവരുടെ കൂടെ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടല്ലോ.
കൂടുതൽ ഉദാത്തമായ വ്യക്തിത്വങ്ങളായി നമ്മുടെ കുഞ്ഞുങ്ങൾ മാറണമെങ്കിൽ അവർക്ക് ഭക്ഷണവും, ജീവിതസൗകര്യങ്ങളും മാത്രം പോരാ. പണവും സാമ്പത്തിക ഭദ്രതയും നേടാനുള്ള നെട്ടോട്ടത്തിനിടയിൽ കുഞ്ഞുങ്ങളെ മറന്നുപോയ പലരും ഇന്ന് വിലപിക്കുന്നത് സമ്പത്തിന് നടുവിൽ നഷ്ടപ്പെട്ട മക്കളെയോർത്താണ്. എല്ലാമുണ്ടെങ്കിലും കുടുംബബന്ധങ്ങളുടെ ശുഷ്‌കതയും ആളിക്കത്തുന്ന ശൂന്യതയും മാത്രം മിച്ചം. വരുംതലമുറയ്‌ക്കെങ്കിലും ഈ ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ.
ജിന്റോ മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?