Follow Us On

28

March

2024

Thursday

മക്കൾ വിശുദ്ധരാകട്ടെ!

മക്കൾ  വിശുദ്ധരാകട്ടെ!

സെപ്തംബർ എട്ട് പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളായി സഭ ആഘോഷിക്കുന്ന ദിവസമാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാൾ സഭാതനയരെ സംബന്ധിച്ചിടത്തോളം വിശുദ്ധിയിലേക്കുള്ളൊരു വിളിയാണ്. കാരണം ഉദ്ഭവനിമിഷം തൊട്ട് മറിയം എല്ലാ പാപങ്ങളിൽ നിന്നും വിമുക്തയാണെന്ന് നാലാം നൂറ്റാണ്ട് മുതലേ നാം വിശ്വസിച്ചുപോരുന്നു. ഈ വിശുദ്ധി നമ്മുടെ കുടുംബങ്ങളിലേക്കും നാം കൊണ്ടുവരണം. നമ്മുടെ കുഞ്ഞുങ്ങളെയും ഈ വിശുദ്ധിയുടെ വഴിയിലേക്ക് നയിക്കണം.
പരിശുദ്ധ അമ്മയുടെ വിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട് വിശുദ്ധ അപ്രേം പാടി. ”തീർച്ചയായും നീയും നിന്റെ അമ്മയും മാത്രം എല്ലാ തലങ്ങളിലും പൂർണസൗന്ദര്യം നിറഞ്ഞുനിൽക്കുന്നു…. എന്റെ കർത്താവേ, നിന്നിലും നിന്റെ അമ്മയിലും യാതൊരു മാലിന്യവും ഇല്ലെന്ന് ഞാൻ ഏറ്റുപറയുന്നു…”
ക്രിസ്തു ജനിക്കുന്നതിനുമുമ്പ് എങ്ങനെ പരിശുദ്ധ കന്യാമറിയം എല്ലാ പാപങ്ങളിൽ നിന്നും വിമുക്തയാകും എന്നതിനെക്കുറിച്ച് ആദ്യകാല ദൈവശാസ്ത്ര പണ്ഡിതരെല്ലാം ഏറെ ചർച്ച ചെയ്തിരുന്നു. സത്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനത്തിന്റെ ഫലം മുൻകൂട്ടി മറിയത്തിന് നല്കപ്പെടുകയാണുണ്ടായത്. പരിശുദ്ധ കന്യകാമറിയം ഉദ്ഭവനിമിഷം മുതൽ ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന സത്യം ദൈവികവെളിപാടിനോടു ചേർന്നതാണെന്നും അതിനാൽ എല്ലാ വിശ്വാസികളും അത് സ്ഥിരമായി ഉറച്ചുവിശ്വസിക്കണമെന്നും ഒൻപതാം പിയൂസ് മാർപാപ്പാ പ്രസ്താവിച്ചു.
മറിയത്തിന്റെ പിറവിത്തിരുനാളിൽ മറിയത്തിന്റെ വിശുദ്ധിയോടൊപ്പം അവൾക്ക് ജന്മം നൽകിയ മാതാപിതാക്കളുടെ വിശുദ്ധിയെക്കൂടി നാം അനുസ്മരിക്കണം. മറിയത്തിന് നിർമ്മലമായ ജീവിതം നയിക്കാൻ പ്രചോദനമായത് നിശ്ചയമായും അവളുടെ മാതാപിതാക്കളുടെ വിശുദ്ധ ജീവിതമാണല്ലോ. ആയതിനാൽ മക്കൾ നല്ല രീതിയിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് ആദ്യം വിശുദ്ധിയിലേക്ക് കടന്നുവരേണ്ടത്.
വിവാഹം എന്ന കൂദാശയിലൂടെ ഒന്നായിത്തീർന്ന് കുടുംബജീവിതം ആരംഭിച്ചിരിക്കുന്ന നമ്മുടെ കടമയാണ് ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയായിത്തീർന്ന് ദൈവമക്കൾക്ക് ജന്മം കൊടുക്കുക എന്നത്. ദൈവമക്കൾക്ക് ജന്മം കൊടുക്കാൻ നമുക്ക് പരിശുദ്ധ കന്യാമറിയത്തിന്റെ മാതാപിതാക്കളെപ്പോലെ ആത്മീയ, ശാരീരിക, മാനസിക ഒരുക്കം ആവശ്യമാണ്.
നിർമ്മലമായ മനസോടെ ശാരീരിക വിശുദ്ധിയോടെ, സ്‌നേഹത്തിൽ വേണം കുഞ്ഞിനെ സ്വീകരിക്കാൻ. അതോടൊപ്പം ചുറ്റുമുള്ള സാഹചര്യങ്ങളെയും അന്തരീക്ഷത്തേയും വിശുദ്ധമാക്കാനും ശ്രദ്ധിക്കണം.
ദൈവം നമ്മളിൽ നിന്നാഗ്രഹിക്കുന്നത് സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ”(ഉത് : 1/28) ഇന്ന് പല കുടുംബങ്ങളിലും, നവീകരണത്തിൽ വരുന്നതിന് മുമ്പും വന്ന ശേഷവും ഉണ്ടായിട്ടുള്ള കുട്ടികളെ മനസിലാക്കിയാൽ വളരെ സ്വഭാവ വ്യത്യാസങ്ങൾ കാണാം.
ഒരു ശിശു അമ്മയുടെ ഉദരത്തിൽ രൂപമെടുക്കുന്ന ആ സമയത്ത് തന്നെ കുട്ടിക്ക് ആത്മാവ് ശരീരം മനസ് എന്നിവ ഉണ്ട്. കുഞ്ഞിന്റെ സാന്നിധ്യം ഗർഭാശയത്തിൽ രൂപം കൊള്ളുമ്പോൾ തന്നെ ഭർത്താവ് ഭാര്യ മാറി അച്ഛനും അമ്മയും ആകുന്നു. തുടർന്ന് ഒമ്പത് മാസത്തിലേക്ക് കുട്ടി ഉദരത്തിൽ വളരുന്നതിനോടൊപ്പം ഭർത്താവും ഭാര്യയും അച്ഛൻ അമ്മ എന്ന അഭിഷേകത്തിലേക്ക് വളരുകയാണ്. മാതാവിന്റെ ഉദരത്തിൽ ശിശു വളരുന്ന കാലഘട്ടം അതീവ പ്രധാന്യം ഉള്ളതാണ്. കാരണം ഈ കാലഘട്ടത്തിൽത്തന്നെ കുഞ്ഞിന്റെ അടിസ്ഥാനപരമായ സ്വഭാവരീതികൾ രൂപപ്പെടുന്നു.
പരിശുദ്ധ അമ്മ ഏലീശാ പുണ്യവതിയുടെ അടുക്കൽ ചെന്ന് അഭിവാദനം ചെയ്തപ്പോൾ ഉദരത്തിലായിരുന്ന ശിശു കുതിച്ചു ചാടി. (ലൂക്കാ:1/44) ഏലീശാ പുണ്യവതിയുടെ ഉദരത്തിലായ യോഹന്നാന് പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചു. ഈ അഭിഷേകം കർത്താവിന് വഴി ഒരുക്കാൻ കാരണമായി.
ഉദരത്തിൽ ആയിരുന്ന ശിശുവിന് സാധാരണ മനുഷ്യനെപ്പോലെ എല്ലാം സ്വീകരിക്കാൻ സാധിക്കും. അവന്റെ പഞ്ചേന്ദ്രിയങ്ങൾ അമ്മയുടെ ഇന്ദ്രിയങ്ങൾ തന്നെയാണ്. അതുകൊണ്ടാണ് പണ്ടു കാലങ്ങളിൽ ഗർഭിണികളെ ആൾക്കൂട്ടം ഉള്ളിടത്ത് കൊണ്ടുപോകുകയോ, വെടിക്കെട്ട്, ഭയം ഉളവാക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുകയോ ചെയ്തിരുന്നത്. അമ്മയ്ക്ക് എന്ത് ഉണ്ടായാലും അവ കുട്ടിക്കും അനുഭവപ്പെടും.
സാംസണെ ഗർഭം ധരിക്കുന്നതിന് മുമ്പ് അവന്റെ മാതാപിതാക്കൾക്ക് പ്രത്യക്ഷപ്പെട്ട് ദൈവദൂതൻ പറയുന്നു, നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള ലഹരിപദാർത്ഥമോ ഒരിക്കലും കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കരുത്. (നിയമാ: 13:3-4)
പരിശുദ്ധാത്മാവിന്റെ ആലയമായ ശരീരത്തിനുള്ളിൽ ഒരു ശിശു രൂപപ്പെടുന്നതോടു കൂടി രണ്ട് ആത്മാവ് വസിക്കുകയാണ്. ഒന്ന് അമ്മയുടേത്, ഒന്ന് കുഞ്ഞിന്റേത്. അതുകൊണ്ട് വളരെയധികം സൂക്ഷിച്ച് തിന്മയിൽ നിന്ന് ഒഴിഞ്ഞുമാറണം. വെറുപ്പോ, വിദ്വേഷമോ ഉള്ളിൽ കൊണ്ട് നടക്കാൻ പാടില്ല.
ഇന്ന് പല കുട്ടികളുടേയും സ്വഭാവ വൈകല്യത്തിന് കാരണം ഉദരത്തിലായ കാലഘട്ടത്തിൽ മാതാപിതാക്കളിലെ പാപത്തിന്റെ മേഖലയാണ്. കുഞ്ഞ് ഉദരത്തിലായ കാലഘട്ടത്തിൽ മാതാപിതാക്കൾ വിശുദ്ധിയിലൂടെ വളരുക. അതോടൊപ്പം മനസിന്റെ മേഖലയിലും, നെഗറ്റീവ് വികാരങ്ങൾ ഉളവാകുന്ന കാര്യങ്ങൾ കാണുകയോ, കേൾക്കുകയോ, പറയുകയോ, സംഭവിക്കുകയോ അരുത്. അമിതമായ ഭയം, ലജ്ജ, അപകർഷതാബോധം ദു:ഖം എന്നിവ ഒഴിവാക്കണം. ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധവേണം. യേശു തരുന്ന ഈ മുന്നറിയപ്പുകളെ അനുസരിച്ച് ജീവിതം ക്രമീകരിക്കുക. കുട്ടിയെ ഉദരത്തിൽ സ്വീകരിച്ച് കഴിഞ്ഞ് മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ :-
* വിശുദ്ധ കുർബാന സ്വീകരിച്ച് കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുക.
* രണ്ട് ആഴ്ച കൂടുമ്പോഴെങ്കിലും നന്നായി അനുതപിച്ച് കുമ്പസാരിക്കുക.
* ജപമാല ചൊല്ലി പ്രാർത്ഥിക്കുക.
* കുടുംബാംഗങ്ങളെ കൂടുതൽ സ്‌നേഹിക്കുകയും സ്‌നേഹം സ്വീകരിക്കുകയും ചെയ്യുക.
ഞാൻ തനിച്ചല്ല എന്റെ കൂടെ ഒരു കുഞ്ഞുണ്ട്.’എന്ന ബോധ്യത്തോടെ എന്തു ചെയ്യുമ്പോഴും കുഞ്ഞേ, നമുക്ക് ചെയ്യാം’എന്ന് മനസിൽ പറഞ്ഞ് ചെയ്യുക. ദൈവീകമായ ഗാനങ്ങളും പ്രസംഗങ്ങളും ശ്രവിക്കുക. വിശുദ്ധരുടെ ജീവചരിത്രങ്ങൾ, പ്രത്യേകിച്ച് ദൈവ മനുഷ്യന്റെ സ്‌നേഹഗീത’എന്ന പുസ്തകം വായിക്കുന്നത് നല്ലതാണ്. കുട്ടി ആരായിരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ അതിനു സഹായിക്കുന്ന നല്ല പുസ്തകങ്ങൾ വായിക്കുക. സന്തോഷചിത്തരായി ഇരിക്കുകയും എപ്പോഴും ദൈവത്തെ സ്തുതിക്കുകയും ചെയ്യുക. നല്ലത് ചിന്തിക്കുക…..നല്ല കാര്യങ്ങൾ സംസാരിക്കുക…..നല്ല ഉത്സാഹത്തോടെ ജോലികൾ ചെയ്യുക……. ജീവിത പങ്കാളി കുഞ്ഞിനോട് സംസാരിക്കുകയും ഉദരത്തിൽ കൈകൾ വെച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. കുഞ്ഞിന് വേണ്ടി ഒരു ധ്യാനം കൂടാൻ പോകുന്നതും നല്ലതാണ്. കുഞ്ഞിന് വേണ്ടി ദിവസവും പ്രാർത്ഥിക്കുക.
നമ്മുടെ ഭവനത്തിൽ ഗർഭിണികളായിരിക്കുന്ന വ്യക്തിയെ അവളുടെ പ്രത്യേകതകളോട് കൂടി അംഗീകരിക്കാനും സ്‌നേഹിക്കാനും തയ്യാറാകുക. അല്ലാതെ മറ്റുള്ളവരെ താരതമ്യപ്പെടുത്തിയും ഞങ്ങളുടെ കാലത്ത് ഇങ്ങനൊന്നും ആയിരുന്നില്ല…..എന്നിങ്ങനെ ഉള്ള വാക്കുകൾ പറഞ്ഞും കുറ്റപ്പെടുത്താതിരിക്കുക. ഗർഭിണിയായ വ്യക്തിക്ക് കുഞ്ഞിനെ ഓർത്താണ് നാം കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നത്. കുഞ്ഞിന് വളരെ നല്ല അന്തരീക്ഷം ഒരുക്കുമ്പോൾ കുടുംബത്തിന് കൂടുതൽ അനുഗ്രഹമുള്ള പൈതലിനെ ദൈവം തരും. ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് (മത്താ 25:40).
അഞ്ചു വയസുകാരനായ മനുക്കുട്ടന് മാതാവിനോട് പ്രത്യേക ഭക്തിയാണ്. കാരണം എന്തെന്നോ?….മനുവിനെ ഉദരത്തിൽ വഹിച്ചപ്പോൾ ഡോക്ടർ പറഞ്ഞു, “കുട്ടിയെ കിട്ടണമെങ്കിൽ ബെഡ് റെസ്റ്റ് വേണം.”ആ അമ്മ എന്ത് ചെയ്‌തെന്നോ……….. കിടക്കയിൽ കിടന്ന് കൊണ്ട് നിരന്തരം ജപമാല ചൊല്ലി, മാതാവിന്റെ പാട്ടുകൾ പാടി. ഇപ്പോൾ ഇതാ കുഞ്ഞും മാതാവിന്റെ പ്രത്യേക ഭക്തനായി മാറിയിരിക്കുന്നു.
ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എഴുതാനുണ്ട്. ഗർഭകാലത്ത് കുട്ടിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കുട്ടിയുടെ ജീവിതാവസാനം വരെ നിലനിൽക്കുന്നു.
എട്ടു വയസുകാരൻ ജോസ്‌മോൻ ദേഷ്യം വന്നാൽ കയ്യിൽ കിട്ടുന്നതെന്തും വലിച്ചെറിയും. ഈ പ്രശ്‌നവുമായി മാതാപിതാക്കൾ പ്രാർത്ഥിക്കാൻ വന്നപ്പോൾ ഒരു കാര്യം മനസിലായി. കുട്ടിയെ ഉദരത്തിൽ വഹിച്ച നാളിൽ ഭർത്താവിന്റെ അമ്മയുമായി അവന്റെ അമ്മ വഴക്കായിരുന്നു. കടുത്ത ദേഷ്യം വരുമ്പോൾ ഈ ചേച്ചി പാത്രം എടുത്ത് കുത്തുകയും തട്ടി താഴെ ഇടുകയും ചെയ്യുമായിരുന്നു. ഈ സംഭവത്തിന്റെ ഗൗരവം മനസിലായ മാതാപിതാക്കൾ അനുതപിക്കാനും കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാനും തയ്യാറായി. അതോടെ കുട്ടിയുടെ സ്വഭാവം മാറി. പ്രിയ മാതാപിതാക്കളെ, അറിഞ്ഞോ അറിയാതെയോ മക്കൾ ഉദരത്തിലായിരുന്നപ്പോൾ അവരുടെ മനസ് മുറിവേറ്റിട്ടുണ്ടെങ്കിൽ നിരാശപ്പെടാതെ നമ്മിൽ സംഭവിച്ച തിന്മകളെ ഓർത്ത് അനുതപിക്കുകയും സൗഖ്യത്തിനായ് പ്രാർത്ഥിക്കുകയും ചെയ്യുക.
പരിശുദ്ധ കന്യമറിയത്തിന്റെ മാതാപിതാക്കളെപ്പോലെ നമുക്കും വിശുദ്ധരായി ജീവിക്കാം.
സന്തോഷ് ടി, കോട്ടയം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?