Follow Us On

29

March

2024

Friday

മലങ്കര കത്തോലിക്ക സഭയിൽ പിൻതുടർച്ചാവകാശമുള്ള രണ്ട് മെത്രാൻമാർ

മലങ്കര കത്തോലിക്ക സഭയിൽ പിൻതുടർച്ചാവകാശമുള്ള രണ്ട് മെത്രാൻമാർ

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കു പത്തനംതിട്ടയിലും മൂവാറ്റുപുഴയിലും പിൻതുടർച്ചാവകാശമുള്ള (കോ-അഡ്ജുത്തൂർ) പുതിയ മെത്രാൻമാരെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നിയമിച്ചു. നിലവിലുള്ള ബിഷപ്പുമാർ സ്ഥാനമൊഴിയുമ്പോൾ ഡോ. സാമുവൽ മാർ ഐറേനിയസ് പത്തനംതിട്ട രൂപതയിലും ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മൂവാറ്റുപുഴ രൂപതയിലും അധ്യക്ഷൻമാരാകും. മലങ്കര കത്തോലിക്കാ സഭയുടെ സൂനഹദോസ് തീരുമാനത്തിനു ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതനുസരിച്ചായിരുന്നു പ്രഖ്യാപനം.
ഇന്നലെ ഉച്ചകഴിഞ്ഞു 3.30 നു പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പുമാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ബസേലിയോസ് ബാവയാണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തേ തുടർന്ന് സാമുവൽ മാർ ഐറേനിയോസിനെ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റോമും ഡോ. യൂഹാനോൻ മാർ തിയഡോഷ്യസിനെ ബിഷപ് ഡോ. എബ്രഹാം മാർ യൂലിയോസും ഷാൾ അണിയിച്ചു.
ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് ഇപ്പോൾ തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായമെത്രാനും ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ കൂരിയാ മെത്രാനും യൂറോപ്പിലേയും ഓഷ്യാനായിലേയും അപ്പസ്തോലിക വിസിറ്ററുമായി പ്രവർത്തിച്ചു വരികയാണ്. ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് നാളെ ഉച്ചയ്ക്കു 12 ന് മൂവാറ്റുപുഴയിലും സാമുവൽ മാർ ഐറേനിയോസ് ഈ മാസം 29 ന് ഉച്ചകഴിഞ്ഞു മൂന്നിന് പത്തനംതിട്ടയിലും കോഅഡ്ജുത്തൂർ ബിഷപ്പുമാരായി ഔദ്യോഗിക ചുമതലയേൽക്കും.
ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ്
പത്തനംതിട്ട ജില്ലയിൽ കടമ്മനിട്ട കാട്ടുകല്ലിൽ പരേതരായ കെ. സി തോമസിന്റേയും അന്നമ്മയുടേയും മകനായി 1952 മെയ് 13-ന് ജനിച്ചു. കടമ്മനിട്ട ഗവ. ഹൈസ്‌ക്കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പരിശീലനം പൂർത്തിയാക്കി. 1978 ഡിസംബർ 22ന് ആർച്ചു ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കേരള സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ റാങ്കോടു കൂടി മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും നേടി. ജറുസലേമിലെ താന്തുർ എക്യൂമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ദൈശാസ്ത്രത്തിൽ ഡിപ്ലോമ നേടി. തിരുവനന്തപുരം മേജർ അതിരൂപതയിൽ ഏറതുമ്പമൺ മുട്ടത്തുകോണം, പമ്പുമല, വട്ടക്കരിക്കം, കുറ്റിച്ചൽ, വേങ്ങോട്, മഞ്ഞമല, വെള്ളാനിക്കൽ, കള്ളിയൽ, തിരുമല, ചാല, പാളയം ബസിലിക്ക, തിരുവല്ലം, കരകുളം, കല്ലയം, അഞ്ചൽ, തഴമേൽ, ഒഴുകുപാറക്കൽ എന്നീ ഇടവകകളിൽ വികാരി ആയിരുന്നു.
ക്രൈസ്തവ കാഹളം മാസികയുടെ ചീഫ് എഡിറ്റർ, അഞ്ചൽ സെന്റ്ജോൺസ് കോളേജ് പ്രിൻസിപ്പാൾ, മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പാൾ, കേരള സർവ്വകലാശാലയുടെയും കാലടി ശ്രീ. ശങ്കര സംസ്‌കൃത സർവ്വകലാശാലയുടെയും ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ഒ.എൻ.വി ഫൗണ്ടേഷൻ, ഡോ. കെ. എം. ജോർജ്ജ് ട്രസ്റ്റ് എന്നിവയിൽ അംഗം, തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2010 മാർച്ച് 13ന് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയിൽ നിന്ന് മെത്രാൻ പട്ടം സ്വീകരിച്ചു. 2010 മുതൽ തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായമെത്രാനും മുഖ്യ വികാരി ജനറലുമാണ്. കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാനും വിദ്യാഭ്യാസം, ദൈവവിളി കമ്മീഷനുകളുടെ വൈസ് ചെയർമാനുമാണ്. അറിയപ്പെടുന്ന ധ്യാനഗുരുവും വചന പ്രഘോഷകനുമായ ബിഷപ് സാമുവൽ മാർ ഐറേനിയോസ് കറുത്ത ചിരിയുടെ കവി, പ്രകാശത്തിന്റെ ഉത്സവം, ധന്യ ജീവിതം, വിശ്വാസവും വികസനവും എന്നീ കൃതികളുടെ ഗ്രന്ഥകർത്താവാണ്. 2012 ൽ സി. കേശവൻ മെമ്മോറിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്.
ബിഷപ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്
പത്തനംതിട്ട ജില്ലയിൽ പുതുശേരിഭാഗം കൊച്ചുതുണ്ടിൽ ഫീലിപ്പോസ് ഉണ്ണൂണ്ണിയുടേയും ചിന്നമ്മയുടേയും മകനായി 1959 ഏപ്രിൽ 8 ന് ജനിച്ചു. തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പരിശീലനം പൂർത്തിയാക്കി. 1985 ഡിസംബർ 22 ന് ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.കേരള സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ റാങ്കോടു കൂടി മാസ്റ്റർ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിൽ ഡോക്ടറേറ്റും തായ്ലൻഡിലെ സോഫിയ സെന്ററിൽ നിന്ന് വൈദിക പരിശീലനത്തിൽ ഡിപ്ലോമായും നേടിയിട്ടുണ്ട്.
തിരുവനന്തപുരം മേജർ അതിരൂപതയിൽ വള്ളിയറപ്പൻ കാവ്, ഒറ്റക്കൊമ്പ്, മലമുകൾ, ചെമ്പൂര്, വട്ടപ്പറമ്പ്, കടമ്പറ, ആനക്കുഴി, ആറ്റിങ്ങൽ, പൂഴനാട്, ബാർട്ടൺഹിൽ, കാട്ടുവിള, മൺവിള, പള്ളിപ്പുറം, കഴക്കൂട്ടം, പാളയം ബസിലിക്ക എന്നിവിടങ്ങളിൽ വികാരിയായിരുന്നിട്ടുണ്ട്. ആർച്ചു ബിഷപ് മാർ ഗ്രിഗോറിയോസിന്റെ സെക്രട്ടറി, തിരുവനന്തപുരം മേജർ അതിരൂപത ചാൻസസിലർ, മൈനർ സെമിനാരി റെക്ടർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി, വികാരി ജനറാൽ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ വൈസ് ചാൻസിലർ, ഓർഡിനറി ട്രൈബ്യൂണൽ പ്രസിഡന്റ്, തിരുവനന്തപുരം മലങ്കര സെമിനാരി റെക്ടർ സി.ബി.സി.ഐ കോർ ടീം കോർഡിനേറ്റർ, ഗൂഡ്ഗാവ് രൂപത വികാരി ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. ന്യൂയോർക്ക് അതിരൂപതയുടെ വിവാഹ കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. മദ്ബഹായിലെ മാലാഖമാർ, സന്യാസ ദർശന സൗഭഗം, ആത്മപ്രേരിത പ്രാർത്ഥനകൾ, കരുണയുടെ വാതിൽ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ രചയിതാവാണ്. 2017 സെപ്റ്റംബർ 21 ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയിൽ നിന്നും മെത്രാഭിഷേകം സ്വീകരിച്ചു. ഇപ്പോൾ തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററിൽ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാനിയ എന്നിവടങ്ങളിൽ അപ്പസ്തോലിക വിസിറ്ററുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?