Follow Us On

18

April

2024

Thursday

മലനാട്ടിലെ മനുഷ്യസ്‌നേഹി

മലനാട്ടിലെ മനുഷ്യസ്‌നേഹി

”എനിക്കു വിശന്നു. നിങ്ങൾ എനിക്ക് ഭക്ഷിക്കുവാൻ തന്നു. ഞാൻ രോഗിയായിരുന്നു. നിങ്ങൾ എന്നെ സന്ദർശിച്ചു.”
രോഗിയെ ക്രിസ്തുവായും രോഗിയുടെ കിടക്കയെ ബലിപീഠമായും ശുശ്രൂഷിച്ച മലനാടിന്റെ വല്യച്ചൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ മലനാട് ജനതയുടെ ഹൃദയത്തിൽ കുളിരുള്ള ഓർമയായി.
ബ്രദർ ഫോർത്തുനാത്തൂസിന്റെ മഹത്തായ ജീവിതം ആരംഭിക്കുന്നത് ജർമനിയിലെ ബർലിൻ നഗരത്തിലാണ്. അവിടെ അദ്ദേഹം 1918 ഫെബ്രുവരി 27-ന് ജനിച്ചു. പിതാവ് എവാൾഡ് താൻഹോയ്‌സെർ ഫോറസ്റ്റ് ഓഫീസറായിരുന്നു. മാതാവ് മരിയ സാധാരണക്കാരിയായൊരു വീട്ടമ്മയും. അവർക്ക് മൂന്ന് ആൺകുട്ടികൾ. മൂത്തയാളാണ് വല്യച്ചൻ. മാമ്മോദീസാപേര് ബർണാർഡ്.
സാമാന്യവിദ്യാഭ്യാസം കഴിഞ്ഞു, വയസ് 17. ഇനിയെന്ത് എന്നത് ഒരു പ്രശ്‌നമായില്ല. തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കാൻതന്നെയായിരുന്നു തീരുമാനം. അങ്ങനെ 1935 മെയ് 27 ന് ബ്രസ്‌ലൗ എന്ന സ്ഥലത്തെ ഹോസ്പിറ്റലർ സഭാസമൂഹത്തിൽ അംഗമായി. 1935 സെപ്റ്റംബർ 20-ന് സന്ന്യാസ പരിശീലനം ആരംഭിച്ചു, 1936 നവംബർ 21 ന് താല്കാലിക വ്രതവാഗ്ദാനവും നടന്നു.
രണ്ടാം ലോകമഹായുദ്ധകാലമായിരുന്നു അത്. സന്ന്യാസികൾ ഉൾപ്പെടെ എല്ലാവരും നിർബന്ധിത സൈനികസേവനത്തിന് വിളിക്കപ്പെട്ടു. എന്നാൽ മുറിവുണ്ടായാൽ രക്തം നിൽക്കാൻ വിഷമമുള്ള ശരീരപ്രകൃതി കാരണം അദ്ദേഹം ഒഴിവായി. പകരം തനിക്കേറ്റവും ഇഷ്ടപ്പെട്ട രോഗീശുശ്രൂഷ എന്ന ദൗത്യം അദ്ദേഹത്തിന് ലഭിച്ചു. യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തി. ഇതിനിടിയിൽ ഗവൺമെന്റ് അംഗീകാരമുള്ള നഴ്‌സിംഗ് പഠിച്ച് അദ്ദേഹം ഡിപ്ലോമയും സമ്പാദിച്ചിരുന്നു. യുദ്ധം അവസാനിച്ചപ്പോഴേയ്ക്കും അദ്ദേഹത്തിന് അമ്മയും രണ്ടു സഹോദരങ്ങളും നഷ്ടപ്പെട്ടിരുന്നു. പിതാവ് 1954-ലും അന്തരിച്ചു.
മുറിവേറ്റവരെകൊണ്ട് ആശുപത്രികൾ നിറഞ്ഞു. വേണ്ടത്ര ഭക്ഷണമോ വസ്ത്രമോ ഇല്ലാത്തവർ നിരവധി. യുദ്ധാനന്തരം ജർമ്മൻ ബ്രദേഴ്‌സ് പലപ്പോഴായി ജർമ്മനിയിലേയ്ക്ക് നാടുകടത്തപ്പെട്ടു. 1950 ൽ ജർമ്മനിയിലെത്തിയ അവസാന ഗ്രൂപ്പിൽ ബ്രദർ ഫോർത്തുനാത്തൂസും ഉണ്ടായിരുന്നു. യുദ്ധകാലത്ത് വേർപിരിഞ്ഞ ബ്രദർ ഫുൾഗെൻസിയൂസിനെ അദ്ദേഹം അവിടെ കണ്ടെത്തി. യുദ്ധത്തിൽ തകർന്ന വൃദ്ധമന്ദിരത്തിന്റെ ഉപയോഗയോഗ്യമായ ഏകമുറിയിലായിരുന്ന അദ്ദേഹത്തിന്റെ വാസം. കൂട്ടിനൊരു നായും. മറ്റൊരു സന്ന്യാസ സമൂഹത്തിന്റേതായിരുന്നു ഈ സ്ഥാപനം. വീണ്ടും പടുത്തുയർത്താൻ പണമോ അംഗങ്ങളോ ഇല്ലാതിരുന്നതിനാൽ അവർ അത് ബ്രദേഴ്‌സിന് കൈമാറി. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ ഭൂമിക്കു താഴെയുള്ള നിലയിൽ ഒരൊറ്റ പഠനമുറി. പഠനം, പാചകം, ഉറക്കം എല്ലാം അവിടെത്തന്നെ. പഴയ കെട്ടിടത്തിന്റെ ശേഷിച്ച ഭിത്തികൾചേർത്ത് ചെറിയൊരാശുപത്രി നിർമ്മിച്ചു. എന്നാൽ അനുദിനാവശ്യങ്ങൾക്ക് ഞെരുങ്ങി. മിക്കവാറും ഭക്ഷണത്തിന് പോലും ഒന്നും കിട്ടിയിരുന്നില്ല.
ഭാഗ്യവശാൽ ഈ അവസരത്തിൽ ആശുപത്രിയിൽ നല്ലൊരു ഡോക്ടർ ചാർജെടുത്തു. ആശുപത്രിയുടെ അവശത അറിഞ്ഞ് പലരും സഹായഹസ്തം നീട്ടി. സഭയിൽ അംഗങ്ങളാകുവാൻ യുവാക്കളും മുമ്പോട്ടുവന്നു. അങ്ങനെ അംഗസംഖ്യയിലും സാമ്പത്തികശേഷിയിലും സഭയ്ക്ക് സാമാന്യം നല്ല അടിത്തറയായെന്നു കണ്ടെപ്പോൾ ബ്രദർ ഫോർത്തുനാത്തൂസിന്റെ കണ്ണുകൾ വികസ്വരരാജ്യങ്ങളിലേക്ക് തിരിഞ്ഞു. എവിടെയെങ്കിലും ഒരു മിഷൻ തുടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു.
കാവുകാട്ട് പിതാവ് ബ്രദർ ഫോർത്തുനാത്തൂസിനെ തന്റെ രൂപതയിലേയ്ക്ക് ക്ഷണിക്കുന്നത് ആ നാളുകളിലാണ്. സസന്തോഷം ക്ഷണം സ്വീകരിച്ച അദ്ദേഹത്തിന് 1967 ജനുവരി മാസത്തിൽ മാത്രമാണ് കേരളത്തിൽ എത്താൻ സാധിച്ചത്. 1968 ജൂൺ 27 ന് മാർ മാത്യു കാവുകാട്ട്, കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിക്ക് തറക്കല്ലിട്ടു. അന്നുതന്നെയായിരുന്നു കട്ടപ്പന ഇടവകപ്പള്ളിക്കും കല്ലിട്ടത്. അങ്ങനെ ചരിത്രപ്രസിദ്ധങ്ങളായ രണ്ടു ശിലാസ്ഥാപനങ്ങൾ.
1969 നവംബർ 19-ന് ബ്രദർ ഫോർത്തുനാത്തൂസിന്റെ പുനരാഗമനം. അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം ലഭിച്ചു. കട്ടപ്പനയിലെ ഹോസ്പിറ്റൽ ചാപ്പലിന്റെ രൂപകല്പനയും നിർമ്മാണവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. ബ്രദർ ഫോർത്തുനാത്തൂസിന്റെ സേവനം ആശുപത്രിയിൽ മാത്രം ഒതുങ്ങിനിന്നില്ല. പല രംഗങ്ങളിലേക്കും അദ്ദേഹം തിരിഞ്ഞു. അതിലൊന്നാണ് സാധുക്കൾക്കായുള്ള ഭവനനിർമ്മാണ പദ്ധതി. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്ന ആയിരക്കണക്കിന് ഭവനങ്ങൾ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായി കാണാൻ കഴിയും. നിത്യരോഗികൾക്കും മക്കളുപേക്ഷിച്ച വൃദ്ധജനങ്ങൾക്കുമൊക്കെയായി ഒരു ഭവനമുണ്ടാക്കുക എന്നതായിരുന്നു അദേഹത്തിന്റെ അടുത്ത സ്വപ്നം. അങ്ങനെ രൂപപ്പെട്ട ഭവനത്തിന് ‘പ്രതീക്ഷാഭവൻ’ എന്ന് പേരിട്ടു. അധികം താമസിക്കാതെ അവിടം അന്തേവാസികളെകൊണ്ടു നിറഞ്ഞു.
വല്യച്ചന്റെ അത്യധ്വാനവും സന്മാതൃകയും വൃഥാവിലായില്ല. അവയ്‌ക്കെല്ലാം നൂറുമേനി ഫലം നൽകി ദൈവം അനുഗ്രഹിച്ചു. സെന്റ് ജോൺസ് ഹോസ്പിറ്റൽ ഇന്ന് എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടി ആയിരങ്ങളുടെ ആശ്വാസകേന്ദ്രമായി നിലകൊള്ളുന്നു. ആശുപത്രിയോടനുബന്ധിച്ചുള്ള നഴ്‌സിംഗ് കോളേജും പ്രതീക്ഷഭവനുമെല്ലാം എത്രയോ ആളുകൾക്ക് പ്രയോജനപ്പെടുന്നു. ഇതോടൊപ്പം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളും.
രോഗക്കിടക്കയിലായിരിക്കുമ്പോഴും കൊന്തയും മറ്റു പ്രാർത്ഥനകളും താല്പര്യത്തോടെ ചൊല്ലിയിരുന്നു. അവസാനം ന്യുമോണിയ ബാധിച്ചതോടെ രോഗീലേപനം നൽകുകയും ചെയ്തു. സമീപത്തു നിന്ന ബ്രദർ ഇഗ്‌നാസിനോട് താൻ പുതിയ റൂമിലേക്ക് പോവുകയാണെന്ന് പറഞ്ഞു. ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ബ്രദർ നോക്കിനിൽക്കെ അദ്ദേഹം ദീർഘമായി ഒന്നു ശ്വസിച്ചു. ആ മഹത്ജീവിതത്തിന്റെ ശാന്തമായ അന്ത്യമായിരുന്നു അത്. 2015 നവംബർ 21-ന് പാവങ്ങളുടെ പിതാവിനെ തിരുസഭ ദൈവദാസനായി ഉയർത്തി. 2018 ഫെബ്രുവരി 17-ന് ജന്മശതാബ്ദി ആഘോഷിച്ചപ്പോൾ നിരവധി രോഗികളും അവശതയുള്ളവരും അദ്ദേഹത്തിന്റെ അത്ഭുതങ്ങളാൽ സൗഖ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മലനാടിന്റെ മനുഷ്യസ്‌നേഹിയെ അറിയുവാനും അനുകരിക്കുവാനും ഇന്നും അനേകർ തീവ്രമായ ആഗ്രഹത്തോടെ കട്ടപ്പനയിലെത്തുന്നുണ്ട്.
ബ്രദർ റോയി പള്ളിപ്പറമ്പിൽ OH

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?