Follow Us On

28

March

2024

Thursday

മാനസാന്തരത്തിന്റെ ഫലം

മാനസാന്തരത്തിന്റെ ഫലം

കോടതിയെ അത്ഭുതപ്പെടുത്തിയ മാപ്പ്
ഭർത്താവിന്റെ മരണത്തിന് കാരണക്കാരനായ വയോവൃദ്ധനായ വാഹന െ്രെഡവറോട് ക്ഷമിച്ചുവെന്നും അയാളെ ശിക്ഷിക്കരുതെന്നുമുള്ള യുവതിയുടെ വാക്ക് കേട്ട് ലോകം അത്ഭുതപ്പെട്ടു. വൈരാഗ്യത്തിന്റെയും പകയുടെയും കനലെരിയുന്ന കാലത്താണ് സ്‌നേഹത്തിന്റെയും ക്ഷമയുടെയും പുതിയ പാഠവുമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന മിനി കോടതിയിൽ എത്തിയത്. ഇംഗ്ലണ്ടിന്റെ നീതിന്യായ ചരിത്രത്തിൽത്തന്നെ അസാധാരണമായ ഈ സംഭവത്തിന് പാശ്ചാത്യ മാധ്യമങ്ങൾ പോലും വാർത്താ പ്രാധാന്യം നൽകി.
സംഭവം ഇങ്ങനെ; വിഥിൻഷായിലെ എൻഎച്ച്എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു മിനി. മിനിയുടെ ഭർത്താവ് പോൾ ജോൺ അടുത്തൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും. ഇവർക്ക് രണ്ട് മക്കൾ. ഒമ്പതുവയസുകാരി ആഞ്ചലയും 13 വയസ്സുള്ള മറ്റൊരു മകളും. 2017 മാർച്ച് 14-നാണ് സംഭവം. സ്‌കൂൾ കഴിഞ്ഞതിനുശേഷം ആഞ്ചലയെ ഒപ്പം കൂട്ടി വീട്ടിലേക്ക് നടക്കുകയായിരുന്നു പോൾ. അന്നത്തെ സ്‌കൂൾ വിശേഷങ്ങളൊക്കെ കൗതുകത്തോടെ പോൾ ചോദിക്കുമ്പോൾ ആഞ്ചല അതിനെല്ലാം പൊടിപ്പും തൊങ്ങലും വച്ച് മറുപടിയും നൽകിക്കൊണ്ടിരുന്നു. അവർ ഏറെ ആഹ്ലാദത്തോടെ മുന്നോട്ട് പോയി. അനേകം കാൽനടക്കാർ അവരെപ്പോലെ റോഡുവക്കിലൂടെ തിരക്കിട്ട് നടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് നിയന്ത്രണം വിട്ട് ഒരു കാർ തങ്ങളുടെ നേരെ പാഞ്ഞുവരുന്നത് പോൾ കാണുന്നത്. ശരിയായ ദിശയിലല്ല കാർ പാഞ്ഞുവരുന്നതെന്ന് അദേഹത്തിന് മനസിലായി. കാർ മകളെ ഇടിക്കുമെന്ന് വ്യക്തമായപ്പോൾ അദേഹം കുഞ്ഞിനെ റോഡുവക്കിൽ നിന്നും തള്ളിനീക്കി. കുട്ടി അപകടത്തിൽ നിന്നും രക്ഷപെട്ടു. എന്നാൽ മിന്നൽപോലെ ചാടി രക്ഷപെടാൻ കഴിയുംമുമ്പേ കാർ പോളിനെ ഇടിച്ച് ദൂരേക്ക് തെറിപ്പിച്ചിരുന്നു. കാർ ഓടിച്ചത് മാഞ്ചസ്റ്ററിനു സമീപമുള്ള ബർണേജ് സ്വദേശി എഡ്വേർഡ് വാലൻ എന്ന 89 വയസുകാരനായിരുന്നു. നിയന്ത്രണം വിട്ട കാർ പിന്നീട് മറ്റു രണ്ടുപേരെ കൂടി ഇടിച്ചു തെറിപ്പിച്ചശേഷമാണ് നിന്നത്. 27 വയസുകാരിയായ ഒരു സ്ത്രീ ഈ അപകടത്തിൽ തെറിച്ച് റോഡിലേക്ക് വീണ് കൈയൊടിഞ്ഞു. എന്നാൽ കൂടെ പുഷ്‌ചെയറിൽ ഉണ്ടായിരുന്ന രണ്ടു വയസുള്ള മകൻ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
ഓടിക്കൂടിയവർ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ പോളിനെ അപ്പോൾ തന്നെ അടുത്തുള്ള സാൽഫോർഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ വളരെയേറെ പരിശ്രമിച്ചെങ്കിലും അദേഹത്തിന്റെ രക്തസ്രാവം നിയന്ത്രിക്കാനായില്ല. അവസാനം പോൾ മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ ആകസ്മിക മരണം മിനിയെ വല്ലാതെ തളർത്തി. കൂരിരുട്ട് മാത്രമാണ് മിനിക്ക് മുന്നിൽ തെളിഞ്ഞത്. എന്നിട്ടും ധൈര്യപൂർവ്വം പ്രതിസന്ധികളെ അതിജീവിച്ച മിനി മരണാനന്തരം പോളിന്റെ അവയവങ്ങൾ ദാനം ചെയ്തു. അനേകം പേരുടെ ജീവിതത്തിന് പുതുജീവൻ നൽകുന്ന അനുഭവമായിരുന്നു അത്.
അപകടത്തെ തുടർന്ന് കാർ ഓടിച്ച വയോവൃദ്ധനെ പോലീസ് അധികം വൈകാതെ അറസ്റ്റ് ചെയതു. ശിക്ഷ എന്നനിലയിൽ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് അപ്പോൾ തന്നെ റദ്ദാക്കുകയും ചെയ്തു. കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നു. കാർ ഓടിച്ച എഡ്വേർഡ് വാലന്റെ പ്രായം പരിഗണിച്ച് ഒന്നരവർഷത്തെ കടുത്ത തടവ് ശിക്ഷയയിരുന്നു കോടതിവിധി. ജീവിതാന്ത്യം ജയിലിൽ ആകുമല്ലോ എന്നോർത്ത് എഡ്വേർഡ് കോടതിയിൽ പൊട്ടിക്കരഞ്ഞു. ഇയാൾക്ക് ബന്ധുക്കളാരും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ അയാളുടെ സങ്കടത്തിൽ പങ്കുചേരാൻ ആരും ഉണ്ടായില്ല. ഒറ്റപ്പെട്ട് ഒരു വീട്ടിലാണ് അയാൾ കഴിഞ്ഞത്. വരുമാനമെന്ന് പറയാൻ ചെറിയൊരു പെൻഷൻ.
അപ്പോഴാണ് പ്രതിക്ക് മാപ്പു നൽകണമെന്ന് അഭ്യർഥിച്ച് മിനിയും കുടുംബവും കോടതിയിൽ എത്തുന്നത്. മിനിയുടെ കുടുംബം നൽകിയ സ്റ്റേറ്റ്‌മെന്റ് മാഞ്ചസ്റ്റർ ക്രൗൺ കോർട്ട് ജഡ്ജ് മാർട്ടിൻ റഡ്‌ലാൻഡ് കോടതിയിൽ വായിച്ചു. അതുകേട്ടവരെല്ലാം ഞെട്ടിപ്പോയി. ആ കുടുംബത്തോട് കടുത്ത അനീതി കാട്ടിയ വൃദ്ധന് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിനൽകണമെന്ന അഭിപ്രായമായിരുന്നു ഏറെപ്പേരും പ്രകടിപ്പിച്ചത്. അപ്പോഴാണ് പോൾ ജോണിന്റെ കുടുംബത്തിന്റെ മാപ്പ് ഹർജി കോടതിയെ കോടതിയെ അത്ഭുതപ്പെടുത്തിയത്. അപേക്ഷ പരിഗണിച്ച കോടതി ജയിൽശിക്ഷ സസ്‌പെൻഡ് ചെയ്തു. കടുത്ത ശിക്ഷ പ്രതീക്ഷിച്ച് കോടതിയിലെത്തിയ എഡ്വേർഡ് വാലനും ഇതിൽപ്പരം അത്ഭുതമില്ല. ഇതുപോലൊരു അനുഭവം തന്റെ ജീവിതത്തിൽ ആദ്യത്തേതാണെന്നായിരുന്നു വാലന്റെ പ്രതികരണം.
ഇത് കുറ്റവാളികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽത്തന്നെ മാറ്റം സൃഷ്ടിക്കുമെന്നും ഇതൊരു നല്ല തുടക്കമാണെന്നുമായിരുന്നു പ്രമുഖ മാധ്യമങ്ങൾ വിലയിരുത്തിയത്.
ഏതു കുറ്റവാളിയെയും കടുത്ത ശിക്ഷകൊണ്ട് മാനസാന്തരപ്പെടുത്താനാവില്ല. എന്നാൽ സ്‌നേഹവും ക്ഷമയും അവരുടെ ജീവിതം മാറ്റിമറിക്കുക തന്നെചെയ്യും.
ഡോക്ടർമാർ നൽകിയ മുന്നറിയിപ്പ്
മാർഗരറ്റ് എന്ന അമേരിക്കൻ യുവതി നാലാംതവണ ഗർഭിണിയായത് അവളുടെ കുടുംബം അതീവ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ നാലാംമാസം പതിവുള്ള പരിശോധനക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഡോക്ടർമാർ വെളിപ്പെടുത്തുന്നത്. ഗർഭസ്ഥ ശിശുവിന്റെ സുഷുമ്‌ന നാഡിക്ക് താഴെയായി ഒരു മുഴ വളരുന്നുണ്ട്.
ഈ മുഴ കുഞ്ഞിന്റെ ശരീരത്തിലെ രക്തയോട്ടവും ഹൃദയത്തിന്റെ പ്രവർത്തനവും തടസപ്പെടുത്തും. മാത്രമല്ല ചിലപ്പോഴിത് അമ്മയുടെ ജീവനെപ്പോലും അപകടത്തിലാക്കാനും വഴിയുണ്ട്. ഡോക്ടർമാർ നൽകിയ മുന്നറിയിപ്പാണിത്. പരിഹാരമായി രണ്ടു വഴികളാണ് ഡോക്‌ടേഴ്‌സ് നിർദ്ദേശിച്ചത്.
ഒന്നാമത്തെ മാർഗം ഗർഭഛിദ്രം നടത്തി കുഞ്ഞിനെ ഇല്ലാതാക്കുക. അല്ലെങ്കിൽ ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്ത് വീണ്ടും ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. അവിടെവെച്ച് പൂർണവളർച്ച എത്താൻ അനുവദിക്കുക. വളരെ അപകടം പിടിച്ച വഴിയാണിത്. കാരണം ഇങ്ങനെ ചെയ്താലും കുഞ്ഞിന്റെ ജീവൻ സുരക്ഷിതമെന്ന് പറയാനാവില്ല. എന്നാൽ ജീവനെ അമൂല്യമായി സ്‌നേഹിച്ച മാർഗരറ്റ് രണ്ടാമത്തെ വഴി തന്നെ തെരഞ്ഞെടുത്തു.
ഗർഭകാലത്തിന്റെ 23-ാം ആഴ്ച മാർഗരറ്റിന്റെ ഉദരത്തിൽ നിന്ന് ഏറെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ട്യൂമർ 90 ശതമാനവും ഡോക്ടർമാർ നീക്കം ചെയ്തു. കുഞ്ഞിന്റെ അത്ര തന്നെ വലിപ്പം ഉണ്ടായിരുന്നു പുറത്തെടുത്ത ട്യൂമറിനും. മുഴ നീക്കംചെയ്തശേഷം കുഞ്ഞിനെ അമ്മയുടെ ഗർഭപാത്രത്തിലേക്ക് ഡോക്ടർമാർ തിരികെ നിക്ഷേപിച്ചു. മാസം തികഞ്ഞപ്പോൾ സിസേറിയനിലൂടെ കുഞ്ഞിനെ വീണ്ടും പുറത്തെടുത്തു. അങ്ങനെ രണ്ട് തവണ പിറന്നതിലൂടെ ആ പെൺകുഞ്ഞ് ലോകശ്രദ്ധ നേടി.
എട്ട് ആഴ്ചകൾ പിന്നിട്ടപ്പോൾ ആ കുഞ്ഞിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആദ്യ ഘട്ടത്തിൽ നീക്കം ചെയ്യാൻ സാധിക്കാതെപോയ ട്യൂമറിന്റെ അവശേഷിച്ച ഭാഗങ്ങൾ അവളുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തു. ലൈൻലിബോമറോണ എന്ന് പേരിട്ട് ഈ കുഞ്ഞ് സുഖമായിരിക്കുന്നു. അനേകം വേദികളിൽ ഈ കുടുംബം ജീവന്റെ സാക്ഷ്യം പ്രഘോഷിക്കുന്നു.
ഇൻഡിയാനയിലെ എൽവുഡിൽനിന്നുള്ള ആഷ്‌ലിയുടെ ജീവിതകഥ. സഹോദരന്റെ കൂട്ടുകാരനിൽനിന്ന് ഗർഭം ധരിക്കുമ്പോൾ അവൾക്ക് 13 വയസേയുള്ളൂ. തന്നെ പീഡിപ്പിച്ച യുവാവിനെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും ശിക്ഷിക്കുവാനും അവളുടെ കുടുംബത്തിന് കഴിഞ്ഞു. എന്നാൽ, ജീവിതത്തിനേറ്റ കളങ്കം എളുപ്പം മായിക്കാനാവില്ലല്ലോ. കുഞ്ഞിനെ നശിപ്പിക്കണോ വളർത്തണോ? ഈ ചോദ്യം ഒരു വാൾത്തലപോലെ അവരുടെ കുടുംബത്തിന് മുന്നിൽ തൂങ്ങി.
‘പ്ലാൻഡ് പേരന്റ്ഹുഡ്’ പോലുള്ള അമേരിക്കയിലെ അബോർഷൻ ഭീമന്മാർ ഭ്രൂണഹത്യയല്ലാതെ ഈ സാഹചര്യത്തിൽ മറ്റെന്താണ് വഴിയെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് ചോദിച്ചത് പ്രോ ലൈഫേഴ്‌സിന്റെ പോലും ഉത്തരം മുട്ടിക്കുന്നതായിരുന്നു. പക്ഷേ അമേരിക്കൻ ജനതയെ അമ്പരപ്പിച്ചുകൊണ്ട് ആഷ്‌ലി ജീവൻ തിരഞ്ഞെടുത്തു.
കുഞ്ഞിനെ പത്തുമാസം ഉദരത്തിൽ വഹിച്ച് പ്രസവിക്കുവാൻ അവൾ തീരുമാനമെടുത്തത് ജീവന് പുല്ലുവില കൽപ്പിച്ച ജനതയെ അത്ഭുതപ്പെടുത്തി. ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ അവളിന്ന് മൂന്നുവയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. എയ്ഡൻ എന്നാണ് അവൾക്കുണ്ടായ കുഞ്ഞിന്റെ പേര്. ഇതിനിടയിൽ ഒരു അപകടത്തിൽ ആഷ്‌ലിയുടെ സഹോദരനും മരണമടഞ്ഞിരുന്നു. എല്ലാ പ്രതിസന്ധികളിലും അപ്പനും അമ്മയും അവളോടൊപ്പം നിന്നു. അനേകർ ഈ കുടുംബത്തിനെതിരെ തിരിഞ്ഞപ്പോഴും ജീവനുവേണ്ടി അവർ ഒരുമിച്ചു. ജീവൻ നശിപ്പിക്കാൻ നമുക്ക് നൂറ് നൂറ് കാരണങ്ങൾ നിരത്താനുണ്ടാകും, എന്നാൽ രക്ഷിക്കാൻ ചിലപ്പോൾ ഒരു കാരണമേ ഉണ്ടാകൂ. എല്ലാ മനുഷ്യജീവനും മഹത്വവും വിലയുമുള്ളതാണെന്ന സത്യം.
വയോജനങ്ങൾക്കുള്ള കൽപനകൾ
1. അനേകം പേർ നമുക്ക് ചുറ്റും വാർദ്ധക്യത്തെ ആഘോഷമാക്കിയിട്ടുണ്ടെന്ന് ഓർക്കുക. അവരുടെ ഉത്സാഹവും സന്തോഷവും നമ്മുടെ ജീവിതത്തെയും പ്രകാശമാനമാക്കും. അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകരും ബിസിനസുകാരും സിനിമാ സാമൂഹ്യമേഖലകളിലുള്ളവരുമെല്ലാം അറുപതും എഴുപതുമെല്ലാം പിന്നിട്ടവരാണ്.
2. റിട്ടയർമെന്റ് കഴിയുകയും മക്കൾ ഉദ്യോഗം കിട്ടിയോ
പഠനാവശ്യത്തിനോ നാട്ടിൽനിന്നും പോവുകയും
ചെയ്താൽ ഏകാന്തതയിലേക്ക് മനസിനെ അഴിച്ചുവിടരുത്. ഇതിന് പകരമായി ദിനചര്യയിൽ ഒരു അഴിച്ചുപണി നടത്തുക. സാമൂഹ്യപ്രവർത്തനം, എഴുത്ത്, വായന, സൗഹൃദക്കൂട്ടായ്മ ഇതിലൊക്കെ സജീവമാവുക.
3. വാർധക്യകാലത്തെ ആവശ്യങ്ങൾക്കായി നേരത്തേതന്നെ നിശ്ചിത സമ്പാദ്യം മാറ്റിവയ്ക്കുന്നത് ഉചിതമാണ്. പെൻഷനും ഇൻഷുറൻസ് പദ്ധതികളും മറ്റും ഇതിന് ഉപകാരപ്രദമാക്കാം.
4. ആരോഗ്യവും അധികാരവും സമ്പത്തും കൈവിട്ടുപോയാലും അഭിമാനം എന്നും മുറുകെപ്പിടിക്കാനാണ് വയോജനങ്ങൾ ശ്രമിക്കാറുളളത്. എന്നാൽ ചുരുക്കം ചിലപ്പോൾ പുതിയ തലമുറയിൽനിന്നും പിന്തുണയും പ്രോത്സാഹനവും ലഭിച്ചെന്നും വരില്ല. ചിലപ്പോൾ അപ്രതീക്ഷിത അനുഭവങ്ങളും ഉണ്ടാകും.
5. വീട്ടിൽ പ്രധാനസ്ഥാനങ്ങളിലുള്ള ഇരിപ്പിടം, പ്രധാന അവസരങ്ങളിലുള്ള ആദരവ്, അവസാന തീരുമാനത്തിനുള്ള അന്വേഷണം ഇതൊക്കെയും വയോജനങ്ങൾ ഏറെ ആഗ്രഹിക്കും. എന്നാൽ ചിലപ്പോൾ അതൊന്നും മക്കളിൽനിന്നോ ചെറുമക്കളിൽനിന്നോ ലഭിക്കണമെന്നില്ല. അതൊരു വേദനയായി കൊണ്ടുനടക്കരുത്.
6. മക്കൾ ജോലി ആവശ്യങ്ങൾക്കോ മറ്റോ ദൂരെയാണെങ്കിൽ വയോജനങ്ങളുടെ സുരക്ഷ ഏറെ അനിവാര്യമായ സമയമാണ്. അതിനാൽ വിലപിടിച്ച ആഭരണങ്ങൾ ധരിക്കാതിരിക്കുന്നതാണ് ഉത്തമം.
7. പെട്ടെന്ന് ശാരീരികമായൊരു വേദനയോ മറ്റോ തോന്നിയാൽ ഉടൻ വിളിക്കാൻ പാകത്തിൽ ഡോകടറുടെ ഫോൺനമ്പറും മറ്റും ക്രമീകരിക്കണം. കഴിക്കേണ്ട മരുന്നുകളുടെ സ്ഥാനം തൊട്ടടുത്തായിരിക്കുന്നത് നല്ലതാണ്.
8. മുതിർന്നവർ പരമാവധി ദേഷ്യം, വാഗ്വാദം, വാശി തുടങ്ങിയവയിൽനിന്നും അകന്നുനിൽക്കുക.
9. ദേഷ്യം ഉണ്ടാകുമ്പോൾ നാം അറിയാതെയാണെങ്കിൽ പോലും പറയുന്ന വാക്കുകൾ മറ്റുള്ളവർക്ക് മുറിവുകളുണ്ടാക്കാം. പ്രത്യേകിച്ച് ബന്ധുക്കളായവരെ വേദനിപ്പിക്കാനും ഇടയാക്കും. അതിനാൽ വാക്കിലും സംസാരത്തിലും നിയന്ത്രണം പാലിക്കാൻ പരമാവധി പ്രയത്‌നിക്കുക.
10. വാർദ്ധക്യമെന്നാൽ വിളവെടുപ്പിന്റെ കാലമാണെന്ന് പറയാറുണ്ട്. അതെ; ഒരർത്ഥത്തിൽ ജീവിതാനുഭവങ്ങളുടെ വിളവെടുപ്പിന്റെ കാലം തന്നെയാണിത്. അതിനാൽ കഴിഞ്ഞകാലങ്ങളിലെ നന്മയുടെ വിളകൾ സംതൃപ്തിയോടെ നോക്കി കാണുക.
ജയ്‌മോൻ കുമരകം
സാക്ഷരത
പ്രശസ്ത വക്കീലായിരുന്ന മള്ളൂർ ഗോവിന്ദപിളളയോട് ഓഫീസ് ബോയി പറഞ്ഞു. ”ഇന്നുച്ചകഴിഞ്ഞ് പീരങ്കി മൈതാനത്ത് ഫുട്‌ബോൾ മാച്ചുണ്ട്. എനിക്ക് പോകണം..”
അക്ഷരാഭ്യാസം കുറഞ്ഞ പയ്യന്റെ വാക്ക് മളളൂരിന് ഇഷ്ടമായില്ല. അദേഹം അവന് പ്രായോഗിക ജ്ഞാനം നൽകാൻ തീരുമാനിച്ചു. മള്ളൂർ അവനെ വിളിച്ച് സ്‌നേഹപൂർവ്വം തന്റെ കസേരയിലിരുത്തി. അവനോട് പറഞ്ഞു. ”നീ ഇവിടെ ഇരിക്ക്..എങ്ങനെയാണ് നീ ഇപ്പോൾ ചോദിച്ച ചോദ്യം ചോദിക്കേണ്ടതെന്ന് ഞാൻ പഠിപ്പിച്ച് തരാം..”
പയ്യനും ഇഷ്ടമായി. അവൻ മള്ളൂരിന്റെ കസേരയിൽ കയറി ഇരുന്നു. വക്കീൽ മുറിക്ക് പുറത്തിറങ്ങിയിട്ട് പുറത്ത്‌നിന്ന് വരുന്നതുപോലെ കയറി. എന്നിട്ട് ഭവ്യതയോടെ കൈകൾ കൂപ്പി വിനയത്തോടെ പറഞ്ഞു.
”സാർ… ഇന്ന് വൈകുന്നേരം പീരങ്കി മൈതാനത്ത് ഒരു ഫുട്‌ബോൾ മാച്ചുണ്ടെന്ന് കേട്ടു. എനിക്കത് കാണാൻ താല്പര്യമുണ്ട്. അങ്ങ് അനുവദിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു..”
ആ ഭവ്യത കണ്ട പയ്യന് സന്തോഷമായി. അവൻ മള്ളൂരിന്റെ മേശ തുറന്ന് അതിൽ നിന്നും 10 രൂപയെടുത്ത് വക്കീലിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
”എടാ..പയ്യനേ..നീ ഇപ്പോൾ തന്നെ പോയി കളി കണ്ടോളൂ… ഇതിരിക്കട്ടെ.. ഒരു പോക്കറ്റ് മണിയായി…”
പയ്യനെ സാക്ഷരത പഠിപ്പിക്കാൻ ശ്രമിച്ച വക്കീലിന് വാക്കുമുട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?