Follow Us On

29

March

2024

Friday

മാറുന്ന ലോകത്ത് നഷ്ടപ്പെടുന്നത്…

മാറുന്ന ലോകത്ത് നഷ്ടപ്പെടുന്നത്…

അമ്മമാരുടെ കണ്ണീർ
വീഴാതിരിക്കട്ടെ!
വാട്‌സാപ്പിൽ സ്‌നേഹിതൻ അയച്ചുതന്നൊരു വീഡിയോ ക്ലിപ്പ് കണ്ട് ഞെട്ടിപ്പോയി. ഏതോ ഒരു അമ്മ തനിക്ക് മക്കളിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പറയുന്നതാണിത്.
തന്നെ ഉപദ്രവിച്ച് വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിക്കുന്ന മകനെക്കുറിച്ച് ആരോടോപറയുകയാണ് അമ്മ. എന്നാൽ തന്നെ ഇത്രയേറെ ഉപദ്രവിക്കുന്ന മകനെതിരെ കേസ് കൊടുക്കാം എന്ന ആ വ്യക്തി പറഞ്ഞപ്പോൾ അമ്മയുടെ ഹൃദയം നോവുന്നു.
”വേണ്ട അവനെ പോലീസ് തല്ലിയാൽ എന്റെ ചങ്ക് പൊട്ടും” എന്നായിരുന്നു അമ്മയുടെ വാക്കുകളപ്പോൾ.
കണ്ണുള്ളപ്പോൾ കാഴ്ചയറിയില്ല. അതുപോലെ നഷ്ടപ്പെടുമ്പോഴാണ് മാതൃസ്‌നേഹത്തിന്റെയും വിലയറിയുന്നത്.
മാതാപിതാക്കളെ വാർധക്യത്തിൽ സഹായിക്കുവാൻ ജോലിയും സൗഭാഗ്യകരമായ ജീവിതവുമെല്ലാം ഉപേക്ഷിച്ച ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്.
ലോകപ്രശസ്ത ഫുട്‌ബോൾ താരം യുവാൻ റോമൻ റിക്വൽമി അത്തരത്തിലൊരാളാണ്. രോഗിയായ അമ്മയെ പരിചരിക്കാനായി ദേശീയ ടീം നായകന്റെ റോൾ അദ്ദേഹം ഉപേക്ഷിച്ചത് ലക്ഷക്കണക്കിന് കായിക പ്രേമികളെ ഞെട്ടിച്ചൊരു വാർത്തയായിരുന്നു.
ബാല്യത്തിൽ മാതാപിതാക്കൾ മക്കൾക്കുവേണ്ടി എത്രയോ അധികം കഷ്ടപ്പെട്ടിട്ടുണ്ടാകണം. അങ്ങനെയെങ്കിൽ യാതനാപൂർണ്ണമായ അവരുടെ വാർധക്യത്തിൽ മക്കളല്ലേ സ്‌നേഹവും സംരക്ഷണവും നൽകേണ്ടത്. ഫുട്‌ബോൾ താരം റോമൻ റിക്വൽമിയുടെ ഈ കാഴ്ചപ്പാട് വൃദ്ധമാതാപിതാക്കൾക്ക് താങ്ങും തണലുമാകാൻ അനേകരെ പ്രചോദിപ്പിക്കുന്നതായിരുന്നു. എങ്കിലും പ്രശസ്തിയുടെ നടുവിൽനിന്നും ഇക്കാരണത്താൽ വിരമിക്കേണ്ടതില്ലെന്നായിരുന്നു ആരാധകരിൽ കുറെപ്പേരുടെ അഭിപ്രായം. അവർ പറഞ്ഞു, ”അമ്മയെ നോക്കാൻ ഏതെങ്കിലും നല്ല നഴ്‌സുമാരെ ചുമതലപ്പെടുത്തുന്നതാണ് നല്ലത്. ഇപ്പോൾ കിട്ടുന്ന ലക്ഷക്കണക്കിന് ഡോളറും അതിനേക്കാളുപരിയുള്ള പ്രശസ്തിയും വെറുതെ കളയരുത്.” മറുപടിയെന്നോണം റിക്വൽമി പറഞ്ഞു, ”എനിക്ക് ഫുട്‌ബോൾ കളിയേക്കാൾ വലുതാണ് അമ്മയുടെ ആരോഗ്യം. കാരണം, അമ്മയാണ് എന്നെ കളിയിലേക്ക് നയിച്ചത്. അമ്മയുടെ അവസ്ഥ പരിതാപകരമാണ്. ഇപ്പോൾ അമ്മയ്‌ക്കെന്നെ ആവശ്യമാണ്.” പിന്നീട് വിമർശകർക്കൊന്നും പറയാനുണ്ടായിരുന്നില്ല.
പത്രങ്ങളിൽ വന്ന ഈ വാർത്ത എത്രയധികം ആളുകളെയാണ് സ്വാധീനിച്ചതെന്നറിയാമോ?
ആർത്തിസംസ്‌കാരം കടന്നുകയറുന്നതിന്റെ അവശിഷ്ടമെന്നോണം പുറന്തള്ളപ്പെടുകയാണ് ഇന്നു വയോജനങ്ങൾ. ‘ഡിസ്‌പോസിബിൾ സംസ്‌കാരം’ നാടിന്റെ ഭാഗമായപ്പോൾ കുടുംബങ്ങളിലെ സ്‌നിഗ്ദ്ധ സ്പർശങ്ങളായിരുന്ന മുത്തച്ഛനും മുത്തശ്ശിയും, പിന്നെ പ്രായമായവരെല്ലാം അവഗണനയുടെ ശരശയ്യയിലായി.
ലോകജനതയുടെ പത്തുശതമാനം പേർ ഇന്ന് വയോജനങ്ങളാണ്. ലോകജനസംഖ്യയിൽ 60 വയസ്സിനു മുകളിൽ 600 ദശലക്ഷമുണ്ടെന്നും 2025 ആകുമ്പോൾ അത് 1200 ദശലക്ഷവും 2050 ആകുമ്പോഴേക്കും അത് 200 കോടിയും ആകുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വാർദ്ധക്യത്തിന്റെ ക്ലേശങ്ങളിലൂടെയും ദുരിതങ്ങളിലുടെയും കടന്നുപോകുന്നവരെ ഉദ്ധരിക്കാനും സംരക്ഷിക്കാനും കുടുംബങ്ങളോടൊപ്പം സർക്കാരിനും സമൂഹത്തിനും കടമയുണ്ട്. വികസിത രാജ്യങ്ങളെല്ലാം ഇക്കാര്യത്തിൽ കൃത്യത പാലിക്കുന്നതായി കാണാം.
അമേരിക്കയിലാകട്ടെ സീനിയർ സിറ്റിസൺസിന് ഭക്ഷണത്തിനും യാത്രയ്ക്കും താമസത്തിനുമെല്ലാം പകുതി നിരക്ക് നൽകിയാൽ മതിയാകും. ആഫ്രിക്കയിലെ ചില ഗോത്രങ്ങളിൽ മുതിർന്നവരെ സമൂഹത്തിലെ ഏറ്റവും ശ്രേഷ്ഠരായി കാണുന്നു. അവരുടെ വാക്കുകളനുസരിച്ച് മാത്രമേ ഇളംതലമുറയ്ക്ക് മുന്നോട്ട് പോകാനാവൂ. ചൈനയിലും ജപ്പാനിലുല്ലൊം മുതിർന്ന പൗരന്മാർക്ക് ആഹ്ലാദത്തോടെ കഴിയാനുളള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരിക്കുന്നു. കൂടാതെ ഇടയ്ക്ക് മക്കളെ കാണാനും അവരുടെ സന്തോഷങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരങ്ങളുമുണ്ട്.
ഇതുപോലെ ഇനി എന്നാണ് എന്റെ നാട് വളരുന്നത്?
ഗർഭച്ഛിദ്രശിശുക്കൾക്ക് കല്ലറയൊരുക്കുകയാണ് ഇയാൾ
ഗർഭഛിദ്രത്തിന് വിധേയരായി കൊല്ലപ്പെടുന്ന ശിശുക്കളെക്കുറിച്ചോർത്ത് ആരും നൊമ്പരപ്പെടാറില്ല. അവർ കൊല്ലപ്പെട്ട വ്യക്തികളായും പരിഗണിക്കാറില്ല. ആശുപത്രിക്ക് പിന്നിലെ മാലിന്യ കൂമ്പാരത്തിൽ അവർ ഒതുങ്ങുന്നു. അവർക്കായി ആരും കല്ലറയും സെമിത്തേരിയും നിർമിക്കാറില്ല. ജീവന്റെ പുലരി വെളിച്ചം കാണാത്ത ആ പൂക്കളെ ഓർത്ത് പ്രാർത്ഥിക്കാനും ആരും ഉണ്ടെന്ന് തോന്നുന്നില്ല. ജീവനു വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന നൂറു കണക്കിന് സംഘടനകളും പ്രസ്ഥാനങ്ങളും നമുക്കിടയിലില്ലേ? പക്ഷേ.. എല്ലാവരും കാര്യത്തോട് അടുക്കുമ്പോൾ നിശബ്ദരാകും.
ഈസ്റ്റ് വിയറ്റ്‌നാമിലെ ഹോൺ തോം തോട്ടത്തെക്കുറിച്ച് ഈയിടെയാണ് വായിച്ചത്. ഇതിനു വേണ്ടി കൊടുത്ത ചിത്രത്തിൽ മനോഹരമായൊരു പൂന്തോട്ടമാണു കണ്ടത്. പല വർണ്ണങ്ങളിലുള്ള പതിനായിരക്കണക്കിന് പൂവുകളുള്ള മനോഹരമായ തോട്ടം. എന്നാൽ ഈ പൂന്തോട്ടത്തിന് അടിയിൽ ഉറങ്ങുന്നത് വിടരും മുൻപ് കൊഴിഞ്ഞ പൂവുകളാണ്.
ഗർഭഛിദ്രത്താൽ കൊല്ലപ്പെട്ട കുട്ടികൾ. ടോങ് ഫുവോക് ഫുക് എന്ന മനുഷ്യസ്‌നേഹിയാണ് ഗർഭച്ഛിദ്രത്താൽ വധിക്കപ്പെട്ട കുഞ്ഞുങ്ങൾക്കായി ഇങ്ങനെ മനോഹരമായ കല്ലറകൾ ഒരുക്കിയത്. ഇതുവരെ പതിനൊന്നായിരത്തിലേറെ കുരുന്നുകൾക്കാണ് യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ടോങ് അന്ത്യവിശ്രമസ്ഥലമൊരുക്കിയത്. കൂടാതെ പ്രസവത്തോടെ ഉപേക്ഷിക്കപ്പെടുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളുടെ വളർത്തച്ഛനുമാണിയാൾ.
2001 ൽ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് ടോങ് ഗർഭഛിദ്രം എന്ന കാട്ടാളത്തത്തെപ്പറ്റി കൂടുതലറിഞ്ഞത്. ആശുപത്രികൾ ഗർഭഛിദ്രത്തിന് വിധേയമായ കുട്ടികളുടെ ശരീരങ്ങൾ അനാദരവോടെ കരിച്ചുകളയുന്നത് കണ്ടുനിൽക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. തുടർന്ന് കുഞ്ഞുങ്ങളെ ആചാരപ്രകാരം മറവു ചെയ്യാനുള്ള അനുവാദം അദ്ദേഹം ഗവൺമെന്റിൽ നിന്ന് നേടി. അങ്ങനെ ടോങ് ഹോൺ തോം മലമ്പ്രദേശത്ത് കുറച്ചു സ്ഥലം വാങ്ങി കൊച്ചു കൊച്ചു ശവകുടീരങ്ങളൊരുക്കി. കുഞ്ഞുങ്ങളുടെ മൃതശരീരം തീയതി രേഖപ്പെടുത്തിയ ചെറിയ മൺകുടങ്ങളിലാക്കിയാണ് ടോങ് സംസ്‌ക്കരിക്കുന്നത്. ടോങിന്റെ നല്ല മനസ് വിയറ്റ്‌നാമിൽ വാർത്തയായതോടെ ഗർഭഛിദ്രം ചെയ്യാൻ മനസ്സില്ലാത്ത അമ്മമാർ അദ്ദേഹത്തിന്റെ സഹായഭ്യർത്ഥിച്ചു. തന്നെ തേടിയെത്തിവരോടെല്ലാം യെസ് പറഞ്ഞതോടെ ടോങ് നിരവധി കുട്ടികൾക്ക് വളർത്തച്ഛനായി. ഇന്ന് നിരവധിപ്പേരാണ് ടോങിന്റെ ഈ സാമൂഹ്യസേവനത്തെ പിന്തുണക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഗർഭഛിദ്രം നടക്കുന്നത് വിയറ്റ്‌നാമിലാണ്. 1000 സ്ത്രീകളിൽ 85പേർ വിയറ്റ്‌നാമിൽ ഗർഭഛിദ്രത്തിന് വിധേയരാകുന്നുവെന്നാണ് കണക്ക്.
ഏതാനും ആഴ്ച മുമ്പ് ഇതേ ആശയം ചങ്ങനാശേരി കൃപാ പ്രോ ലൈഫ് ലീഡർ എബ്രഹാം പുത്തൻകളം പങ്കുവച്ചത് ഓർക്കുന്നു.
ഒരോ ദിവസവും ഇന്ത്യയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഉദരത്തിൽ കൊല്ലപ്പെടുന്നുണ്ട്. കരിഞ്ഞു പോകുന്ന ഈ പൂക്കൾക്കായി ഒരു തോട്ടമൊരുക്കാൻ മനുഷ്യസ്‌നേഹികളേ, നമുക്ക് കരം കോർക്കാം. ജീവനുവേണ്ടി നിലകൊള്ളുന്നവർ ഒന്നിച്ച് കരം കോർത്താൽ മതി!
പണ്ടത്തെ കാലം
പണ്ടൊക്കെ 40 വയസ് കഴിഞ്ഞാൽ ആളുകൾ വൃദ്ധരാകുമായിരുന്നു. സ്ത്രീകളാണെങ്കിൽ 35 വയസിൽ തന്നെ നര ബാധിച്ചിട്ടുണ്ടാകും.
അക്കാലത്തെ നാല്പതിൽ അധികവും ആൾക്കാരുടെ ജീവിതം കൊടും പ്രാരാബ്ധങ്ങളിൽ നീറിയാണ് നീങ്ങിയിരുന്നത്. നല്ല വീടില്ല, ധാരാളം മക്കൾ, പെൺമക്കളുടെ വിവാഹം, വരുമാനക്കുറവ് അങ്ങനെ അനവധി വിഷയങ്ങൾ. ചിരിച്ച മുഖത്തോടെ ഒരാളെ കാണാൻ പ്രയാസം. കാലം കുറച്ചു കൂടി ചെന്നപ്പോൾ ആൾക്കാർ കുറച്ചു കൂടി ചെറുപ്പമായി.
50 വയസ്സു കഴിയേണ്ടിവന്നു വൃദ്ധരോ മധ്യവയസ്‌കരോ ആകാൻ. പലർക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സന്താഷിക്കാൻ ഉണ്ടായി. ഒന്നുമില്ലെങ്കിൽ ടിവിയിൽ സീരിയലുകൾ കണ്ടെങ്കിലും സന്തോഷിച്ചു. ഇതാ പ്രായത്തിന്റെ അതിരളവുകൾ വീണ്ടും മാറിയിരിയ്ക്കുന്നു. ഡബ്ല്യു.എച്ച്.ഒ-യുടെ പുതിയ തീയറി പ്രകാരം 18 വയസു മുതൽ 65 വയസുവരെ യൗവനകാലമാണ്. 66 മുതൽ 79 വരെ മധ്യവയസും 80-നു മുകളിൽ വാർധക്യവുമാണ്!
സത്യം പറയാമല്ലോ, ഇപ്പോഴാ ഒന്ന് സമാധാനമായത്. വയസനായിയെന്ന പേടിയിലായിരുന്നു ഇതുവരെ. ഇനി പ്രശ്‌നമില്ല, 80 വരെ സമയമുണ്ടല്ലോ…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?