Follow Us On

29

March

2024

Friday

മൂന്ന് മാർപാപ്പമാർക്കൊപ്പമുളള ഒരു അല്മായന്റെ അനുഭവങ്ങൾ

മൂന്ന് മാർപാപ്പമാർക്കൊപ്പമുളള ഒരു അല്മായന്റെ അനുഭവങ്ങൾ

മൂന്ന് മാർപാപ്പമാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ അപൂർവ ഭാഗ്യത്തിന് ഉടമയാണ് പ്രഫ. കെ.ടി. സെബാസ്റ്റ്യൻ എന്ന ചങ്ങനാശേരിക്കാരൻ. ഏഴു ദശാബ്ദക്കാലമായി വിദ്യാഭ്യാസ, സാസ്‌കാരിക, മത-സമുദായിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകികൊണ്ടിരിക്കുന്ന അദ്ദേഹം കഴിഞ്ഞ ജൂലൈ 13-ന് നവതി (90 വയസ്) ആഘോഷിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിനെ തുടർന്ന് രൂപീകരിക്കപ്പെട്ട അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അംഗങ്ങളിൽ ഏഷ്യയിൽനിന്നുള്ള മൂന്നുപേരിൽ ഒരാളും ഭാരതത്തിൽനിന്നുള്ള ഏകപ്രതിനിധിയുമായിരുന്നു പ്രഫ. സെബാസ്റ്റ്യൻ.
മാർപാപ്പമാരായ പോൾ ആറാമൻ, ജോൺ പോൾ ഒന്നാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നിവരുടെ കാലത്ത് അല്മായ കൗൺസിൽ അംഗമായിരുന്നു. ഏഷ്യൻ രാജ്യങ്ങളിലെ അല്മായരെ സംബന്ധിക്കുന്ന കാര്യങ്ങളിൽ മാർപാപ്പയ്ക്ക് ഉപദേശം നൽകുക എന്ന ഉത്തരവാദിത്വമായിരുന്നു ഈ കൗൺസിലിന് ഉണ്ടായിരുന്നത്. പൊന്തിഫിക്കൽ കൗൺസിലിന്റെ രണ്ടാമത്തെ പൊതുസമ്മേളനത്തിന് (1978) സംബന്ധിക്കുവാനായി വത്തിക്കാനിൽ ചെന്നപ്പോൾ ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ മരണവാർത്തയാണ് കേട്ടത്. പുഞ്ചിരി തൂവുന്ന അദ്ദേഹത്തിന്റെ മുഖം തന്റെ മനസിൽനിന്ന് മായിച്ചുകളയാൻ സാധിക്കുന്നില്ലെന്ന് പ്രഫ. കെ.ടി. സെബാസ്റ്റ്യൻ ഓർക്കുന്നു.
അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കൗൺസിൽ കൂടുവാൻ സാധിക്കാതെ വന്നതുകൊണ്ട് പിൻഗാമിയായ വന്ന ജോൺ പോൾ രണ്ടാമൻ (1978-2005) പൊന്തിഫിക്കൽ കൗൺസിലിലെ അംഗത്വ കാലാവധി അഞ്ചുവർഷത്തേക്ക് നീട്ടുകയായിരുന്നു. അങ്ങനെയാണ് 1977 മുതൽ 83 വരെയുള്ള വർഷമായി ദീർഘിപ്പിച്ചത്. ജോൺ പോൾ ഒന്നാമന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കുവാനും സാധിച്ചു. ഇതെല്ലാം ജീവിതത്തിലെ അസാധാരണ സംഭവങ്ങളായിരുന്നു. കൗൺസിലിലെ തന്റെ അംഗത്വകാലം ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ലെന്ന് പ്രഫ. സെബാസ്റ്റ്യൻ പറയുന്നു. അക്കാലത്ത് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച, അദ്ദേഹത്തിന്റെ കുർബാനയിൽ പങ്കെടുക്കൽ, പ്രതിനിധികളോരോരുത്തരുമായി മാർപാപ്പയുമായുള്ള ഫോട്ടോ എടുക്കൽ എന്നിവയ്‌ക്കെല്ലാം അവസരം ലഭിച്ചിരുന്നു.
ചങ്ങനാശേരിക്ക് സമീപം കുരിശുങ്കൽപറമ്പിൽ കുടുംബത്തിലാണ് പ്രഫ. സെബാസ്റ്റ്യന്റെ ജനനം. പ്രാരംഭ വിദ്യാഭ്യാസം വലിയ പള്ളിക്ക് തൊട്ടടുത്തുള്ള പള്ളിവക സ്‌കൂളിലായിരുന്നു. സെന്റ് ബർക്കുമാൻസ് സ്‌കൂളിലെ പഠനത്തിനിടയിൽ നാടകാഭിനയം, പ്രസംഗം, ഉൾപ്പെടെ പാഠ്യേതര പരിപാടികളിൽ പരിശീലനം ലഭിച്ചിരുന്നു. മിഡിൽ സ്‌കൂൾ അവസാന വർഷത്തിൽ നടന്ന മത്സരപരീക്ഷയിൽ ഡിപ്പാർട്ട്‌മെന്റ് വക മഹാരാജാവ് സ്‌കോളർഷിപ്പ് ലഭിക്കുകയുണ്ടായി. തുടർന്ന് എസ്.ബി കോളജിൽനിന്ന് ഇന്റർമീഡിയറ്റും ബി.എയും പാസായി. രണ്ടുവർഷം മുംബൈയിൽ പത്രപ്രവർത്തകനായിരുന്നു. 1952-54-ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് എം.എ കരസ്ഥമാക്കി. മാർ കാവുകാട്ടിന്റെ നിർദേശാനുസരണം അമേരിക്കയിൽ എം.എഡ് പഠനം നടത്തി. തുടർന്ന് തേവര എസ്.എച്ച്. കോളജിലും ചങ്ങനാശേരി എസ്.ബി കോളജിലും അധ്യാപകനായി. 1983-ൽ എസ്.ബി കോളജിൽ റിട്ടയർ ചെയ്യുമ്പോൾ ഇംഗ്ലീഷ് വകുപ്പ് മേധാവിയായിരുന്നു.
കേരള കത്തോലിക്ക വിദ്യാർത്ഥി സംഘം
കെ.സി.എസ്.എൽ എന്ന് പൊതുവെ അറിയപ്പെടുന്ന കേരള കത്തോലിക്ക വിദ്യാർത്ഥിസംഘം അതിന്റെ ശതാബ്ദിയാഘോഷിക്കുകയാണല്ലോ. അമ്പതുവർഷം മുമ്പ് സഖ്യം അതിന്റെ സുവർണജൂബിലി ആഘോഷിക്കുമ്പോൾ പ്രഫ. കെ.ടി. സെബാസ്റ്റ്യൻ ആയിരുന്നു സംസ്ഥാന പ്രസിഡന്റ്. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങി വന്നപ്പോൾ ഏൽപിക്കപ്പെട്ട വലിയ ഉത്തരവാദിത്വമായിരുന്നു പ്രസിഡന്റുസ്ഥാനം.
1964 മുതൽ 70 വരെ കെ.സി.എസ്.എലിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1916-17 കാലത്ത് തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളജിൽ മലയാളി വിദ്യാർത്ഥികൾക്കുവേണ്ടി ആരംഭിച്ച സംഘടന പിന്നീട് കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ സംഘടനയായി. പിൽക്കാലത്ത് ചുരുക്കം സ്‌കൂളുകളിലായി കെ.സി.എസ്.എൽ സംഘടന ഒതുങ്ങി, ഏതാണ്ട് മൃതപ്രായമായി. ഇതിന് നവജീവൻ നൽകി കേരളത്തിലെ എല്ലാ രൂപതകളിലും പ്രവർത്തനക്ഷമമാക്കുകയെന്നതായിരുന്നു പുതിയ പ്രസിഡന്റിന്റെ ഉത്തരവാദിത്വം. വിദ്യാർത്ഥികളുടെ നേതൃത്വപരവും സർഗാത്മകവുമായ കഴിവുകളെ തട്ടിയുണർത്തുവാനും കലാകായിക മത്സരങ്ങളിലൂടെ വിദ്യാഭ്യാസത്തെ കൂടുതൽ ആകർഷകമാക്കുവാനും പ്രഫ. സെബാസ്റ്റ്യന് സാധിച്ചു. കേവലം ഒരു ഭക്തസംഘടനയുടെ രീതിയിൽ പ്രവർത്തിച്ചുപോന്ന സംഘടനയ്ക്ക് ഒരു പുതുജീവൻ നൽകുവാൻ അതുവഴി കഴിഞ്ഞു. സർവകലാശാല വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കത്തോലിക്ക വിദ്യാർത്ഥി സംഘടനയായ ഐക്കഫിന്റെ മുഖ്യപ്രവർത്തകനായിരുന്നു.
ഭാരതസഭാസെമിനാർ
ഭാരതസഭയുടെ ചരിത്രത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പഠനശിബിരമായിരുന്നു 1969 മെയ് മാസത്തിൽ ബംഗളൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളജിലും ധർമാരാം കോളജിലുമായി സംഘടിപ്പിച്ച ഭാരതസഭാ സെമിനാർ. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ചൈതന്യത്തിലും പഠനങ്ങൾക്കുമനുസരിച്ച് ഭാരതസഭയെ നവീകരിക്കുവാനുള്ള ശ്രമമായിരുന്നു ഇത്. രണ്ടുമൂന്നു വർഷക്കാലത്തെ തയാറെടുപ്പിനും രൂപതാ/റീജണൽ സെമിനാറുകൾക്കുംശേഷം വേണ്ടത്ര തയാറെടുത്ത് നടത്തപ്പെട്ട ഈ സെമിനാറിൽ പന്ത്രണ്ടോളം ഗ്രൂപ്പുകൾ തിരിച്ചായിരുന്നു ചർച്ചകൾ നടത്തുകയും ശുപാർശകൾ അവതരിപ്പിക്കുകയും ചെയ്തത്. ഭാരതത്തിലെ എല്ലാ മെത്രാന്മാരും ഇതിൽ പങ്കെടുത്തിരുന്നു. സഭയിലെ നേതൃത്വം എന്ന വിഷയം ചർച്ച ചെയ്ത ഗ്രൂപ്പിന്റെ ലീഡർ പ്രഫ. കെ.ടി. സെബാസ്റ്റ്യൻ ആയിരുന്നു. പിൽക്കാലത്ത് കേന്ദ്രമന്ത്രിയും ഗവർണറുമായിരുന്ന മാർഗരറ്റ് ആൽവയും ലോകസഭാ സ്പീക്കറായിരുന്ന സാങ്ങ്മയും ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.
ഭാരതസഭാ സെമിനാറിന്റെ ശുപാർശകൾ നടപ്പിലാക്കുവാനുള്ള അനുധാവന സംവിധാനത്തിന് സെമിനാർ രൂപം നൽകി. ദേശീയ ഉപദേശകസമിതി എന്ന പേരിലുള്ള ഈ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിലൊരാളായിരുന്നു പ്രഫ. കെ.ടി. സെബാസ്റ്റ്യൻ. ഭാരതത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സഭയ്ക്കാവശ്യമായ നവീകരണം വരുത്തുന്നതിന് മെത്രാൻ സമിതിയെ ഉപദേശിക്കുകയെന്നതായിരുന്നു ഇവരുടെ ചുമതല. സി.ബി.സി.യുടെ സമ്പൂർണ സമ്മേളനത്തിൽ (ഡൽഹി) ദേശീയ ഉപദേശകസമിതി മെത്രാന്മാരിൽനിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുവാനും അവസരം ലഭിച്ചു.
ദേശീയ ഉപദേശകസമിതിയെ കാത്തലിക് കൗൺസിൽ എന്നായി ഉയർത്തുവാൻ സാധിച്ചതിൽ അദ്ദേഹത്തിന്റെ നിർണായകമായ പങ്കുണ്ടായിരുന്നു. കൗൺസിലിന്റെ അംഗമെന്ന നിലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അല്മായ പ്രതിനിധികളുമായി അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം ലഭിച്ചു. ഏഷ്യയിലെ പ്രാദേശിക സഭകളായിരുന്നു ഏഷ്യൻ പ്രതിനിധികളുടെ പഠനവിഷയം. ദേശീയ ഉപദേശകസമിതി കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ പുനഃസംഘടിപ്പിച്ചത് സെബാസ്റ്റ്യൻ അംഗമായ കമ്മിറ്റിയുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ്.
1973-ൽ യുവജന പ്രവർത്തകർക്കായി ബംഗളൂരുവിൽ സംഘടിപ്പിച്ചതും ഒരുമാസം നീണ്ടുനിന്നതുമായ തീവ്രപരിശീലന പരിപാടിക്ക് പ്രഫ. സെബാസ്റ്റ്യൻ മുഖ്യനേതൃത്വം നൽകി. തുടർന്നുള്ള രണ്ടുമൂന്നു ദശാബ്ദക്കാലം സഭാതലങ്ങളിലുള്ള തുടർച്ചയായ പ്രവർത്തനങ്ങളുടെ കാലമായിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിനെ തുടർന്ന് രൂപത പാസ്റ്ററൽ കൗൺസിലുകൾ രൂപീകരിക്കാനുള്ള നിർദേശം ഉണ്ടായപ്പോൾ അതിനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. ഭരണഘടന എഴുതിയുണ്ടാക്കുവാൻ നിയുക്തമായ ചങ്ങനാശേരി അതിരൂപതയുടെ കമ്മിറ്റിയിൽ നിർണായകമായ പങ്കുണ്ടായിരുന്നു. ഭാരതത്തിലെ എല്ലാ രൂപതകൾക്കും മാതൃകയാകട്ടെ എന്നു കരുതി ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം എല്ലാ രൂപതാകേന്ദ്രങ്ങളിലേക്കും അയച്ചുകൊടുക്കുകയും ചെയ്തു. നാലു ദശാബ്ദക്കാലം ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. ചങ്ങനാശേരി അതിരൂപതയിൽ 1984-ൽ ആരംഭിച്ച അല്മായർക്കുവേണ്ടിയുള്ള ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ പ്രിൻസിപ്പലായിരുന്നു. കുറെക്കാലം ‘താലന്ത്’ മാസികയുടെ പത്രാധിപസമിതിയിലും ഉണ്ടായിരുന്നു.
ഭാരതസഭയുടെ അല്മായ വക്താവ്
കേരളത്തിന് പൊതുവിൽ ഒരു സംസ്ഥാന പരിശീലനകേന്ദ്രം ഉണ്ടായിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസലിനുശേഷം ഭാരതസഭയ്ക്കും ഒരു പൊതുപരിശീലനകേന്ദ്രം ഉണ്ടായി. നാഷണൽ ബിബ്ലിക്കൽ കാറ്റക്കെറ്റിക്കൽ ലിറ്റർജിക്കൽ സെന്റർ എന്നറിയപ്പെടുന്ന ഈ കേന്ദ്രത്തിന്റെ ആസ്ഥാനം ബംഗളൂരു ആയിരുന്നു. സഭാസംബന്ധമായ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രം ആയിരുന്നതുകൊണ്ട് ഇത് ദേശീയ കേന്ദ്രം എന്നും അറിയപ്പെടുന്നു. ഈ കേന്ദ്രവുമായി പ്രഫ. കെ.ടി. സെബാസ്റ്റ്യൻ ആരംഭം മുതൽ ബന്ധപ്പെട്ടിരുന്നു.
കേരളത്തിലെ പി.ഒ.സിയുമായും അദ്ദേഹത്തിനുണ്ടായിരുന്ന അതേ ബന്ധംതന്നെയായിരുന്നു നാഷണൽ ബിബ്ലിക്കൽ കാറ്റകെറ്റിക്കൽ ലിറ്റർജിക്കൽ സെന്ററുമായും ഉണ്ടായിരുന്നത്. പൊന്തിഫിക്കൽ കൗൺസിലിലെ അംഗമെന്ന നിലയിലും അല്മായ ദൈവശാസ്ത്രജ്ഞനെന്ന നിലയിലും പ്രഫ. സെബാസ്റ്റ്യൻ പല അന്തർദേശീയ സമ്മേളനങ്ങളിലും പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്മായ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അല്മായ പ്രേഷിതത്വത്തിലുള്ള പരിചയസമ്പത്തും കണക്കിലെടുത്ത് ഡൽഹിയിലുള്ള ഈശോസഭക്കാരുടെ വിദ്യാജ്യോതി ദൈവശാസ്ത്ര പഠനകേന്ദ്രത്തിൽ അവിടെ മൂന്നു വർഷക്കാലം വിസിറ്റിങ്ങ് പ്രഫസറായിരുന്നു. കത്തോലിക്ക കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റിയിലും അഡൈ്വസറായി ബോർഡിലും ദീർഘകാലം അംഗമായിരുന്നു.
ഈ പ്രവർത്തനങ്ങളുടെ അംഗീകാരമെന്ന നിലയിൽ ഇന്ത്യൻ ദൈവശാസ്ത്രസമിതിയിൽ അംഗത്വം ലഭിക്കുകയും ചെയ്തു. അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അല്മായന് അംഗത്വം ലഭിക്കുന്നത്. അംഗത്വം ലഭിക്കുവാൻ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉണ്ടായിരിക്കണമെന്നുള്ള നിബന്ധനയും പ്രഫ. സെബാസ്റ്റ്യന്റെ കാര്യത്തിൽ ഒഴിവാക്കപ്പെട്ടു.
അക്കാലത്ത് മെത്രാന്മാരുമായി ദൈവശാസ്ത്ര ചർച്ചകളിൽ പങ്കെടുക്കുവാനും അവസരം ലഭിച്ചു. സീറോ മലബാർ സഭയുടെ ഏറ്റവും വലിയ ബഹുമതിയായ സഭാതാരം പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ സെബാസ്റ്റ്യന് ലഭിച്ചിട്ടുണ്ട്. പ്രഫ. സെബാസ്റ്റ്യൻ രചിച്ച ‘ദ ഇറ ഓഫ് ദ ലെയ്റ്റി പീപ്പിൾ’ എന്ന ഗ്രന്ഥം എൻ.ബി.സി.എൽ.സിയാണ് പ്രസിദ്ധീകരിച്ചത്. അല്മായ ദൈവശാസ്ത്രത്തിനൊരു ആമുഖം എന്ന ഗ്രന്ഥം 2015-ൽ രചിച്ചു.
വിൽസൺ ചങ്ങനാശേരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?