Follow Us On

28

March

2024

Thursday

യുവത്വത്തിന്റെ പ്രത്യാശയും വീട്ടകങ്ങളിലെ വിശ്വാസവും

യുവത്വത്തിന്റെ പ്രത്യാശയും  വീട്ടകങ്ങളിലെ വിശ്വാസവും

യുവതയുടെ വിചാരങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും വലിയ പ്രത്യാശയോടെ കാതോര്‍ക്കുകയാണു കത്തോലിക്കാ സഭ. റോമില്‍ നടക്കുന്ന പതിനഞ്ചാമതു സാധാരണ സിനഡിനെ അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് യുവലോകം കാണുന്നത്.
നാളത്തെ സഭയ്ക്കു കരുത്തും ദിശാബോധവും പകരേണ്ടവര്‍ എന്ന നിലയിലാണു യുവാക്കളെ സഭ കാണുന്നത്. സഭയുടെയും സമൂഹത്തിന്റെയും നല്ല നാളെകളെ നിര്‍മിക്കുന്നതില്‍ നിര്‍ണായക സ്വാധീനം അവര്‍ക്കുണ്ട്. യുവത്വം സഭയിലും സമൂഹത്തിലും പ്രകാശിപ്പിക്കേണ്ട പ്രത്യാശയുടെ വെട്ടത്തിന് എണ്ണപകരേണ്ട ഇടങ്ങള്‍ പ്രധാനമായും കുടുംബങ്ങള്‍ തന്നെ. മാറുന്ന കാലഘട്ടത്തില്‍ യുവജനങ്ങളുടെ വിശ്വാസ, സഭാത്മക വഴികളില്‍ കുടുംബങ്ങള്‍ വഹിക്കുന്നതും വഹിക്കേണ്ടതുമായ പങ്ക് വലുതാണ്.
നന്മയുടെ നിറക്കൂട്ടൊരുക്കുന്ന കുടുംബം
ഏതൊരു വിശ്വാസിയും തന്റെ വിശ്വാസത്തിന്റെ ആദ്യപാഠങ്ങള്‍ സ്വന്തമാക്കുന്നത് കുടുംബത്തില്‍ നിന്നാണ്. കുഞ്ഞുനാളില്‍ അമ്മയുടെ മാറില്‍ ശാന്തമായി കേട്ട വചനഭാഷണങ്ങള്‍, മാതാപിതാക്കള്‍ പലവട്ടം ചൊല്ലിത്തന്ന സുകൃതജപങ്ങള്‍, സഹോദരങ്ങള്‍ പാടിപ്പഠിപ്പിച്ച ഭക്തിഗാനങ്ങളുടെ ഈരടികള്‍, സന്ധ്യാപ്രാര്‍ഥനകള്‍, ക്രിസ്തീയ നന്മയുടെ ശീലങ്ങള്‍…. ഇതെല്ലാം എന്നിലും നിങ്ങളിലുമൊക്കെ നല്ല ക്രിസ്ത്യാനിയെ രൂപപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകണം. ബാല്യകൗമാരങ്ങള്‍ പിന്നിട്ട് തീക്ഷ്ണയൗവനത്തിനു നന്മയുടെ നിറക്കൂട്ടൊരുക്കുന്നത് നല്ല കുടുംബാന്തരീക്ഷം തന്നെയാണ്.
ദൈവം സൃഷ്ടിച്ച ഏറ്റവും മനോഹരമായ ഇടമാണ് കുടുംബം. ദൈവികപദ്ധതിയില്‍ കുടുംബങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ടെന്നതിനു വിശുദ്ധ ഗ്രന്ഥത്തില്‍ ഉദാഹരണങ്ങളേറെയാണ്. മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ച ദൈവത്തെ ഉല്‍പത്തി പുസ്തകത്തില്‍ നാം കാണുന്നു. മക്കളെ ലഭിക്കുന്നതിലൂടെ കുടുംബത്തെ ധന്യമാക്കുന്ന സാറായെ ഉല്‍പത്തി പുസ്തകത്തിന്റെ 15-ാം അധ്യായത്തിലും റാഹേലിനെ 29-ാം അധ്യായത്തിലും മനോവായെ ന്യായാധിപഗ്രന്ഥത്തിന്റെ 13-ാം അധ്യായത്തിലും ഹന്നായെ 1 സാമുവേലിന്റെ ആദ്യ അധ്യായത്തിലും എലിസബത്തിനെ ലൂക്കാ സുവിശേഷത്തിന്റെ ഒന്നാം അധ്യായത്തിലും കണ്ടുമുട്ടുന്നു.
മാതാപിതാക്കള്‍ പാഠപുസ്തകങ്ങള്‍
വിശ്വാസജീവിതത്തിന്റെ പ്രഥമ പരിശീലന കളരിയായ കുടുംബങ്ങളില്‍ മക്കള്‍ക്കു പ്രാര്‍ഥനാരൂപിയും ക്രിസ്തീയമായ മൂല്യങ്ങളും പകരാനുള്ള സുപ്രധാന കടമ മാതാപിതാക്കള്‍ക്കുണ്ട്. വിശ്വാസവഴികളില്‍ ജീവിതംകൊണ്ടു മാതൃകയാവുന്ന മാതാപിതാക്കള്‍ യുവാക്കളെ സംബന്ധിച്ചു മഹത്തായ പാഠപുസ്തകമാണ്. മാതാപിതാക്കളെ കണ്ടു പഠിക്കുന്ന, അവരെ കേട്ടു പഠിക്കുന്ന മക്കള്‍ അവരുടെ വഴിയിലൂടെ ദിശതെറ്റാതെ സഞ്ചരിക്കും.
നല്ല കുടുംബാന്തരീക്ഷവും തന്റെ അമ്മയുടെ സ്വാധീനവും അഗസ്റ്റിന്‍ എന്ന യുവാവിനെ വിശുദ്ധ അഗസ്റ്റിനാക്കി. ജീവിതത്തില്‍ കാലിടറിയ മകനെയോര്‍ത്ത് മോനിക്ക എന്ന അമ്മ പൊഴിച്ച കണ്ണുനീര്‍ത്തുള്ളികള്‍, സമര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ ഇതെല്ലാമാണു തിരുസഭയ്ക്ക് അഗസ്തീനോസ് എന്ന പുണ്യവാനെ സമ്മാനിച്ചത്. തനിക്കു മാനസാന്തരത്തിനും വിശ്വാസത്തില്‍ ആഴപ്പെടാനും പ്രചോദനമായത് അമ്മ നയിച്ച കുടുംബമാണെന്നു ‘ഏറ്റുപറച്ചില്‍’ എന്ന ആത്മകഥയില്‍ വിശുദ്ധ അഗസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
യൂഗോസ്ലാവിയയിലെ സ്‌കോപ്ജി എന്ന ഗ്രാമത്തിലെ മറ്റൊരു അമ്മയെയും നാം ധ്യാനിക്കണം. ഒരു കൈയില്‍ ഭക്ഷണപ്പൊതിയും മറുകൈയില്‍ തന്റെ മകളുടെ ചെറുകൈകളും ചേര്‍ത്തുപിടിച്ച് ഓരോ ദിനവും ഗ്രാമത്തിലെ നിരാലംബരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതു ശീലമാക്കിയ അമ്മ. ആ നിരാലംബരെ പരിചരിച്ച്, അവര്‍ക്കു ഭക്ഷണം നല്‍കി മടങ്ങുമ്പോള്‍ മകളോട് അമ്മ പറയും; പ്രിയപ്പെട്ട ആഗ്നസ്, നീയും വലുതാവുമ്പോള്‍ ഇതുപോലെ ചെയ്യണം. അമ്മ പഠിപ്പിച്ച കാരുണ്യത്തിന്റെ പാഠം ഹൃദയത്തിലേറ്റിയ ആ ആഗ്നസാണു കൊല്‍ക്കത്തയിലെ തെരുവീഥികളില്‍ ഉപേക്ഷിക്കപ്പെട്ട നിരാലംബജീവിതങ്ങള്‍ക്ക് അമ്മയായി മാറിയ വിശുദ്ധ മദര്‍ തെരേസ.
മൂല്യങ്ങളുടെയും പങ്കുവയ്ക്കലിന്റെയും കുടുംബാന്തരീക്ഷങ്ങളില്‍നിന്നാണു കൊച്ചുത്രേസ്യ എന്ന കുട്ടിയില്‍നിന്നു വിശുദ്ധ കൊച്ചുത്രേസ്യ എന്ന പുണ്യവതിയെ കിട്ടിയത്. വിശുദ്ധരായ അല്‍ഫോന്‍സാമ്മയെയും ചാവറയച്ചനെയും എവുപ്രാസ്യാമ്മയെയുമൊക്കെ നമുക്കു കിട്ടിയതു കൂട്ടായ്മാനുഭവം കളിയാടിയ കുടുംബങ്ങളില്‍നിന്നാണ്.
അസ്വസ്ഥതയുടെ വര്‍ത്തമാനകാലം
വിശ്വാസത്തിനും സഭാസ്‌നേഹത്തിനും വിരുദ്ധമായ സംഭവങ്ങളും വാര്‍ത്തകളും പ്രചാരണങ്ങളും നമ്മെ അസ്വസ്ഥമാക്കുന്ന പുതിയ കാലത്തില്‍, കുടുംബങ്ങളില്‍ നിന്നു പകര്‍ന്നുകിട്ടുന്ന ഉറച്ച വിശ്വാസബോധ്യങ്ങളാണു വെളിച്ചമാവുക. ഇന്നു നമ്മുടെ യുവാക്കളെ ക്രിസ്തീയ വിശ്വാസ ജീവിതത്തിന്റെ ആഴങ്ങളിലേക്കും ബോധ്യങ്ങളിലേക്കും കൈപിടിക്കാനും വളര്‍ത്താനും മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും സാധിക്കണം. യഥാര്‍ഥ സ്‌നേഹത്തിന്റെ വിളനിലങ്ങളാവണം കുടുംബങ്ങള്‍. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സന്ധ്യാപ്രാര്‍ഥനയും അത്താഴവിരുന്നുമെല്ലാം ക്രൈസ്തവ കുടുംബങ്ങളുടെ അഴകും അടയാളവുമാണ്. കുടുംബാംഗങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും അസ്വസ്ഥതകളും പ്രാര്‍ത്ഥനാ നിമിഷങ്ങളിലും അത്താഴമേശയുടെ ഹൃദ്യതയിലും അലിഞ്ഞില്ലാതാവുന്നു. ‘ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്‍ക്കുന്നു’ എന്ന വചനവെൡച്ചമാണു നമ്മുടെ സന്ധ്യാപ്രാര്‍ത്ഥനകളെ സജീവമാക്കുന്നത്.
യുവതയെ ഉള്‍ക്കൊള്ളുന്നവരാകാം
യുവജനങ്ങളുടെ മാറുന്ന ചിന്താഗതികളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളാനും അതനുസരിച്ച് അവരെ ചേര്‍ത്തു നിര്‍ത്താനും സഭയ്‌ക്കെന്നപോലെ കുടുംബങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്. പഴയ ചട്ടക്കൂടുകളില്‍ യുവതയെ തളച്ചിടുന്നതിനു പകരം പുതിയ ശൈലികളും സമീപനങ്ങളും കൊണ്ട് യുവജനങ്ങളുടെ ഹൃദയം കവരാനുള്ള പരിശ്രമങ്ങളാണു വേണ്ടതെന്നു, യുവജന സിനഡിന്റെ ഒരുക്കരേഖയില്‍ ഫ്രാന്‍സിസ് പാപ്പ പഠിപ്പിക്കുന്നു. സഭയുടെ യുവജനശുശ്രൂഷയില്‍ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നും പാപ്പ ഓര്‍മിപ്പിക്കുന്നു.
വര്‍ത്തമാനകാലത്ത് യുവാക്കള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് സ്‌നേഹവും പരിഗണനയുമാണ്. മാധ്യമ ഉപയോഗങ്ങളിലുള്‍പ്പടെ യുവതയ്ക്കു വ്യക്തമായ ദിശാബോധം ലഭിക്കേണ്ടതു കുടുംബങ്ങളില്‍ നിന്നാവണം. നല്ല മാതാപിതാക്കള്‍ ചിലപ്പോള്‍ നല്ല കൂട്ടുകാരായി മാറേണ്ടതുണ്ട്.. നല്ല സഹോദരങ്ങള്‍ ചിലപ്പോള്‍ നല്ല മാതാപിതാക്കളെപ്പോലെയും…
കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ട നമ്മുടെ കുടുംബങ്ങള്‍ യുവാക്കള്‍ക്കു സംഗീതം പോലെ ആസ്വാദ്യകരമാകട്ടെ.
കുടുംബങ്ങളിലെ സംഭാഷണങ്ങള്‍ യുവാക്കള്‍ക്കു പ്രാര്‍ത്ഥനയുടെ സ്‌നേഹസംഗീതമാവട്ടെ; കുടുംബങ്ങളിലെ ഊട്ടുമേശകള്‍ യുവാക്കള്‍ക്കു സ്വര്‍ഗസമാനമാവട്ടെ, അല്ല സ്വര്‍ഗമാവട്ടെ നമ്മുടെ കുടുംബങ്ങള്‍.

സിജോ പൈനാടത്ത്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?