Follow Us On

29

March

2024

Friday

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് ഫോർ ലൈഫിനെ അഭിസംബോധന ചെയ്യും

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് ഫോർ ലൈഫിനെ അഭിസംബോധന ചെയ്യും

വാഷിങ്ടൺ: ഗർഭഛിദ്രത്തിനെതിരെ അടുത്ത ദിവസം നടക്കുന്ന ‘മാർച്ച് ഫോർ ലൈഫ്’ റാലിയെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഭിസംബോധന ചെയ്യും. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവരോട് ട്രംപ് സംസാരിക്കുക. വൈറ്റ് ഹൌസിൽ നിന്നാണ് ട്രംപ് മാർച്ച് ഫോർ ലൈഫിനെ അഭിസംബോധന ചെയ്യുമെന്ന് സംഘാടകർക്ക് അറിയിപ്പ് ലഭിച്ചത്. മാർച്ച് ഫോർ ലൈഫിന്റെ നാൽപ്പത്തിയഞ്ചുവർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഒരമേരിക്കൻ പ്രസിഡന്റ് പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റ് സ്പീക്കർ പോൾ റയാനും മാർച്ചിനെ അഭിസംബോധന ചെയ്യുമെന്നറിയിച്ചിരുന്നു.
2015 ൽ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് റയാൻ റാലിയെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞവർഷം വീഡിയോ സന്ദേശത്തിലൂടെ ഭ്രൂണഹത്യക്കെതിരെ പോരാടുന്ന മാർച്ച് ഫോർ ലൈഫിന് നന്ദിപറഞ്ഞ റയാൻ മാർച്ചിൽ പങ്കെടുത്തവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. സ്വയം പ്രതിരോധിക്കാനാകാത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മാർച്ച് സഹായകരമാണെന്നും മാർച്ചിൽ പങ്കെടുക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. അതേസമയം, റയാൻ മാർച്ച് ഫോർ ലൈഫിൽ പ്രസംഗിക്കുന്നത് ഒരു ബഹുമതിയാണെന്നും അദ്ദേഹം പതറാത്ത ഒരു ചാമ്പ്യനാണെന്നും മാർച്ച് ഫോർ ലൈഫിന്റെ പ്രസിഡന്റ് ജാനെ മൻസിനി പറഞ്ഞു.
ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടൻ ഡി.സി. യിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. മാർച്ച് ഫോർ എഡ്യുക്കേഷന്റേയും, ഡിഫെൻസ് ഫണ്ടിന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഈ വർഷം ജനുവരി 19-നാണ് 45-ാമത് ‘മാർച്ച് ഫോർ ലൈഫ്’ റാലി നടക്കുക. രാവിലെ 11.30 ന് ക്രിസ്ത്യൻ ഗായികയായ പ്ലമ്പ് ആലപിക്കുന്ന സംഗീതത്തോടെയാണ് മാർച്ച് ഫോർ ലൈഫ് ഔപചാരികമായി ആരംഭിക്കുന്നത്. 12.00 മണിക്ക് റാലിയും ഉച്ചയ്ക്ക് ഒരു മണിക്ക് സുപ്രീം കോടതിയിലേക്കും ക്യാപ്പിറ്റോൾ ബിൽഡിങ്ങിലേക്കും മാർച്ചും നടക്കും. മൂന്ന് മണിക്ക് മാർച്ച് പൂർത്തിയാകുന്നതോടെ ആളുകൾ സുപ്രീം കോടതിക്ക് പുറത്ത് അല്പസമയം മൗനമായി നിൽക്കും. അതിനുശേഷം മാർച്ച് ഫോർ ലൈഫ് പ്രവർത്തകർ തങ്ങളുടെ സെനറ്റർമാരുമായി ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കും. മാർച്ച് ഫോർ ലൈഫ് ഒരുക്കിയിരിക്കുന്ന പ്രദർശനവും കണ്ട ശേഷമാണ് ആളുകൾ മടങ്ങുക.
മാർച്ച് ഫോർ ലൈഫിലും തുടർന്നുള്ള വിശുദ്ധ കർമ്മങ്ങളിലും, മഹാകൂട്ടായ്മയിലും പങ്കെടുക്കുന്നവർക്ക് സമ്പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് വാഷിംഗ്ടൻ ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ഡൊണാൾഡ് വൂയേളും അർലിംഗ്ടൺ ബിഷപ്പ് മൈക്കേൽ ബുർബിഡ്ജും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട കത്തിലാണ് ഇരുവരും ദണ്ഡവിമോചനത്തെപ്പറ്റിയുള്ള സംയുക്ത പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വാർധക്യസഹജമായ അവശതകൾ അനുഭവിക്കുന്നവർക്കും രോഗികൾക്കും മറ്റ് ഗുരുതരമായ കാരണങ്ങളാൽ മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ദണ്ഡവിമോചനം സാധ്യമാണെന്നും കർദിനാൾ വുയോളും ബിഷപ്പ് ബുർബിഡ്ജും തങ്ങളുടെ കത്തിൽ വ്യക്തമാക്കി. കുമ്പസാരത്തിലൂടെയും വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയും ഫ്രാൻസിസ് പാപ്പയുടെ നിയോഗത്തിനായുള്ള പ്രാർത്ഥനയിലൂടെയും തങ്ങളുടെ ക്ലേശങ്ങളോ രോഗങ്ങളോ ദൈവത്തിന്റെ കരുണയ്ക്കു വേണ്ടി കാഴ്ച്ച വെയ്ക്കുന്നതിലൂടെയും ദണ്ഢവിമോചനം സാധ്യമാകുമെന്ന് അവർ അറിയിച്ചു.
അമേരിക്കയിൽ സുപ്രീം കോടതി ഗർഭഛിദ്രം നിയമവിധേയമാക്കിയതിന്റെ വാർഷിക ദിനത്തിലോ അതിനടുത്ത ദിവസങ്ങളിലോ ആണ് സാധാരണയായി മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്. 1974 ജനുവരി 22-ന് നെല്ലി ഗ്രേയുടെ നേതൃത്വത്തിൽ കാപ്പിറ്റോളിലെ വെസ്റ്റ് സ്റ്റെപ്പിലാണ് ആദ്യ റാലി നടന്നത്. അന്ന് ഇരുപതിനായിരം ആളുകളാണ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?