Follow Us On

29

March

2024

Friday

യു.കെയിലെ സീറോ മലങ്കര സഭ ദൈവമാതാവിന് സ്വന്തം; അവിസ്മരണീയം പുനരൈക്യ വാർഷികം

യു.കെയിലെ സീറോ മലങ്കര സഭ ദൈവമാതാവിന് സ്വന്തം; അവിസ്മരണീയം പുനരൈക്യ വാർഷികം

യു.കെ: യു.കെയിലെ സീറോ മലങ്കര സമൂഹത്തെ വിമലഹൃദയനാഥയ്ക്ക് സമർപ്പിച്ച് സഭാനേതൃത്വം. യു. കെ. റീജ്യണിലെ 15 സീറോ മലങ്കര മിഷനുകൾ ചേർന്ന് സംഘടിപ്പിച്ച വാൽസിങ്ഹാം മരിയൻ തീർത്ഥാടനത്തോട് അനുബന്ധിച്ചായിരുന്നു സമർപ്പണം. 88-ാമത് പുനരൈക്യ വാർഷികവും ഇതോടൊപ്പം ക്രമീകരിച്ചിരുന്നു. വാൽസിങ്ഹാമിലെ മംഗളവാർത്ത ദൈവാലയത്തിൽ സീറോ മലങ്കര സഭയുടെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് ഡോ.യൂഹാനോൻ മാർ തിയോഡോഷ്യസിന്റെ കാർമികത്വത്തിൽ അർപ്പിച്ച പ്രാർത്ഥനയോടെയാണ് തീർത്ഥാടനത്തിന് തുടക്കമായത്.

ഏതു പ്രതിസന്ധിയിലും സുവ്യക്തമായ സഹായമാണ് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമെന്ന് അനുഭവ സാക്ഷ്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി വാൽസിങ്ഹാം തീർത്ഥാടകർ നഗ്‌നപാദരായി സഞ്ചരിച്ച ഹോളി മൈൽ പാതയിലൂടെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ജപമാലയും മാതൃഗീതങ്ങളും ചൊല്ലി തീർത്ഥാടകർ പ്രദക്ഷിണമായി നീങ്ങിയപ്പോൾ, പങ്കെടുത്തവരുടെയും കാഴ്ചക്കാരുടെയും മനസിൽ അനുഗ്രഹമഴ പെയ്തിറങ്ങി.

വാൽസിങ്ഹാം കാത്തലിക് മൈനർ ബസലിക്കയിൽ എത്തിചേർന്ന പ്രദക്ഷിണത്തെ ബസിലിക്ക റെക്ടർ മോൺ. ജോൺ ആമിറ്റേജിന്റെ നേതൃത്വത്തിലുള്ള തീർത്ഥാടനകമ്മറ്റി സ്വീകരിച്ചു. തുടർന്ന്, ഡോ.യൂഹാനോൻ മാർ തിയോഡോഷ്യസിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ഫാ. തോമസ് മടുക്കമൂട്ടിൽ, ഫാ. രഞ്ജിത് മ~ത്തിറമ്പിൽ, ഫാ. ജോൺ അലക്‌സ്, ഫാ. ജോൺസൻ മനയിൽ എന്നിവർ സഹകാർമികരായിരുന്നു.

ദിവ്യബലിമധ്യേ, യു.കെയിലെ 15 മിഷനുകളെ പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച മാർ തിയോഡോഷ്യസ്, അബെർദീൻ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സെന്റ് സ്റ്റീഫൻസ് മിഷന്റെ പ്രഖ്യാപനവും നിർവഹിച്ചു. ‘സകലതലമുറകളും ഭാഗ്യവതി എന്നു പ്രകീർത്തിച്ച മറിയത്തിന്റെ സ്ഥാനം രക്ഷാകരചരിത്രത്തിൽ സ്ഥാനം പിടിക്കാൻ കാരണം ദൈവഹിതത്തിന് അമ്മ പൂർണമായി കീഴ്‌വഴങ്ങി എന്നതാണ്. ഏത് ജീവിതാവസ്ഥയിലും മാനുഷിക പരിഹാരങ്ങൾക്കുപരി, പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതത്തിനു മുമ്പിലുള്ള സമ്പൂർണ സമർപ്പണത്തിന് നാമും തയാറാകണം,’ ബസിലിക്കയിൽ തിങ്ങിനിറഞ്ഞ വിശ്വാസികളെ അദ്ദേഹം ഓർമിപ്പിച്ചു.

ദൈവദാസൻ മാർ ഇവാനിയോസ് തികഞ്ഞ മാതൃഭക്തനായിരുന്നുവെന്നു പിതാവ് അനുസ്മരിച്ചു. യു. കെയിലെ സീറോ മലങ്കര സഭയുടെ മതബോധന ഡയറിയുടെ പ്രകാശനവും മാർ തിയോഡോഷ്യസ് നിർവഹിച്ചു. ശുശ്രൂഷാഗീതങ്ങൾക്ക് നേതൃത്വം നൽകാൻ രൂപപ്പെടുത്തിയ സീറോ മലങ്കര നാഷണൽ ക്വയറിന്റെ പ്രഥമ ആലാപനം ഭക്തിനിർഭരമായിരുന്നു.

സഭയുടെ യു.കെ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വത്തിൽ വൈദികരും നാഷണൽ കൗണ്‌സിൽ അംഗങ്ങളും മിഷൻ ഭാരവാഹികളും ഉൾപ്പെടുന്ന സമിതിയാണ് തീർത്ഥാടനത്തിനും പുനരൈക്യവാർഷികത്തിനും ചുക്കാൻ പിടിച്ചത്. ഗ്ലാസ്‌ഗോമുതൽ സൗത്താംപ്ടൺവരെയുള്ള കുടുംബങ്ങളും ആവേശപൂർവം പ്രാർത്ഥനയോടെ ഒന്നുചേർന്നപ്പോൾ സീറോ മലങ്കര സഭയുടെ ചരിത്രത്തിൽ പൊൻലിപികളാൽ എഴുതി ചേർക്കപ്പെട്ട അധ്യായമായിമാറി വാൽസിങ്ഹാം തീർത്ഥാടനം.

പുനരൈക്യ വാർഷിക സ്മരണയിൽ നടത്തപ്പെട്ട മരിയൻ തീർഥാടനം പങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. നാഷണൽ കൗൺസിൽ സെക്രട്ടറി ജോൺസൺ ജോസഫ് നന്ദിപ്രകാശനം നടത്തി. പ്രളയ ദുരിതബാധിതരെ സഹായിക്കാനായി ഇത്തവണത്തെ പുനരൈക്യ വാർഷികം മലങ്കര സഭയിൽ ആഘോഷങ്ങളില്ലാതെയാണ് ആചരിച്ചത്. ആഘോഷങ്ങൾക്ക് വേണ്ടി വരുന്ന തുക പ്രളയസഹായ നിധിയിലേക്ക് നൽകി സഭ മാതൃക കാട്ടിയിരുന്നു.

ജോൺസൺ ജോസഫ്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?