Follow Us On

28

March

2024

Thursday

യൂറോപ്പ്യൻ വിസിറ്റേറ്റർ  സ്പീക്കിംഗ് !

യൂറോപ്പ്യൻ വിസിറ്റേറ്റർ  സ്പീക്കിംഗ് !
കുടിയേറ്റ ജനതയിലൂടെ യൂറോപ്പിൽ പൂർത്തീകരിക്കപ്പെടേണ്ട ദൈവപദ്ധതിയുടെ ആരംഭമാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. ഇതിന് സമാനമായ ദൈവപദ്ധതിയുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുകയാണ് മാർത്തോമാ പൈതൃകംപേറുന്ന കുടിയേറ്റ ജനതയുടെ സാന്നിധ്യത്താൽ അനുഗൃഹീതമായ യൂറോപ്പ്യൻ നഗരങ്ങളെല്ലാം. അവിടങ്ങളിൽ സീറോ മലബാർ രൂപതകൾ ഉയരുന്ന ദിനങ്ങൾ പ്രവചനാതീതമാണെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഒരു ചുവടുകൂടി അടുത്തുകഴിഞ്ഞു സഭാ നേതൃത്വം ^ യൂറോപ്പിനുവേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ നിയമനത്തിലൂടെ.
ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്താണ് പുതിയ ദൗത്യത്തിന്റെ അമരക്കാരൻ. വിരലിലെണ്ണാവുന്ന നാളുകൾക്കുള്ളിൽ റോമിലെയും ഇറ്റലിയിലെയും സീറോ മലബാർ സഭാകൂട്ടായ്മയെ വലിയ വളർച്ചയിലേക്ക് നയിച്ച ചിറപ്പണത്തച്ചൻ പുതിയ ദൗത്യത്തിന്റെ നായകസ്ഥാനം അലങ്കരിക്കുമ്പോൾ ലക്ഷ്യത്തിലേക്കുള്ള യാത്ര അതിവേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് യൂറോപ്പിലെ സഭാമക്കൾ. ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും വെയിൽസും ഒഴികെയുള്ള മുഴുവൻ യൂറോപ്പ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നതാണ് വിസിറ്റേറ്ററുടെ അജപാലന മേഖല. (പ്രസ്റ്റൺ കേന്ദ്രമായി സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഭാഗമായതിനാലാണ് മേൽപ്പറഞ്ഞ രാജ്യങ്ങളെ അധികാരപരിധിയിൽനിന്ന് ഒഴിവാക്കിയത്)
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, ദൈവദാസൻ ഔസേപ്പച്ചൻ എന്നിവരുടെ നാമധേയത്താൽ ധന്യമായ ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ ഇടവകയിൽനിന്നാണ് മാർ ചിറപ്പണത്ത് യൂറോപ്പ്യൻ ശുശ്രൂഷകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിലെ സീറോ മലബാർ തനയരെ ഒരൊറ്റ അജഗണമാക്കി മാറ്റാൻ അരയും തലയും മുറുക്കി യാത്രതിരിക്കുന്ന മാർ സ്റ്റീഫൻ ചിറപ്പണത്തിന് ചിന്നിച്ചിതറിക്കഴിയുന്ന സഭാമക്കൾക്ക് നൽകാനുള്ള സന്ദേശവും ആഹ്വാനവും ഒറ്റവാക്കിൽ ചുരുങ്ങും^നിരവധി അർത്ഥതലങ്ങളുടെ ഒരൊറ്റ വാക്കിൽ: ‘നമുക്ക് കൂട്ടായ്മയിൽ വളരാം, കൂട്ടായ്മ വളർത്താം; സാക്ഷ്യമാകാം, സാക്ഷ്യമേകാം.’
? ഇറ്റലിയിലെ സീറോ മലബാർ വിശ്വാസികളുടെ കോർഡിനേറ്ററിൽനിന്ന് യൂറോപ്പിനുവേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ പദവിയിലേക്ക്^ ഇടയശുശ്രൂഷയിലെ പുതിയ ദൗത്യം ഭരപ്പെടുത്തുന്ന ചുമതലകൾ, എന്താണ് യൂറോപ്പിനെക്കുറിച്ചുള്ള അങ്ങയുടെ സ്വപ്‌നം
സീറോ മലബാർ സഭയ്ക്ക് യൂറോപ്പിൽ പുതിയൊരു അജപാലനക്രമം ഒരുക്കുമ്പോൾ, ദൈവത്തിന് യൂറോപ്പിനെക്കുറിച്ച് ഒരു സ്വപ്‌നമുണ്ടെന്ന് വ്യക്തം. അത് യാഥാർത്ഥ്യമാക്കാൻ അവിടുത്തോട് വിശ്വസ്ഥതാപൂർവം ചേർന്നുനിൽക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. ക്രൈസ്തവ പാരമ്പര്യത്തിൽ അടിയുറച്ചുനിന്നിരുന്ന യൂറോപ്പ് ഇന്ന് വിശ്വാസകാര്യങ്ങളിൽ വലിയ വെല്ലുവിളിയിലാണ്. ഈ സാഹചര്യത്തിലാണ്, വിശ്വാസത്താൽ സംപുഷ്ടമായ ഭാരതീയസഭയ്ക്ക് യൂറോപ്പിൽ പുതിയൊരു സംവിധാനം ഒരുങ്ങുന്നതിന്റെ പ്രസക്തി. മാർത്തോമാശ്ലീഹ നട്ടുനനച്ച വിശ്വാസപൈതൃകവുമായി യൂറോപ്പിലെത്തിയ വിശ്വാസീസമൂഹം യൂറോപ്പിൽ ഒരു പുളിമാവായി പ്രവർത്തിക്കണം.
അതിനാവശ്യമായ ക്രമീകരണങ്ങൾ യൂറോപ്പിലാകമാനം ഒരുക്കുകയാണ് എന്റെ ചുമതല. കൂട്ടായ്മകൾ ശക്തിപ്പെടുത്തിയും ഏകോപിപ്പിച്ചും മികവുറ്റ അജപാലനശുശ്രൂഷ പ്രവാസിമക്കൾക്ക് ലഭ്യമാക്കുക, അജപാലനശുശ്രൂഷയുടെ വ്യാപ്തി വർദ്ധിപ്പിക്കാനും അതിന്റെ ഗുണപരത ഉറപ്പാക്കാനും വിവിധ സ്ഥലങ്ങളിൽ പുതിയ ശുശ്രൂഷാകേന്ദ്രങ്ങൾ കണ്ടെത്തുക, പ്രവാസികളുടെ കൃത്യമായ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുക എന്നിവയാണ് ദൗത്യങ്ങൾ.
പ്രവാസി സഭാമക്കളുടെ സാന്നിധ്യമുള്ള സ്ഥലങ്ങൾ മനസ്സിലാക്കി ലാറ്റിൻ രൂപതാനേതൃത്വത്തിന്റെ സഹകരണത്തോടെ അവിടങ്ങളിൽ സീറോ മലബാർ വൈദികരുടെ സേവനം ഉറപ്പാക്കുകയാണ് ഇതിൽ പ്രധാനം.
അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 40,000 സീറോ മലബാർ സഭാംഗങ്ങൾ യൂറോപ്പിലുണ്ട്. ഇതിൽ കൃത്യത വരുത്തുകയാണ് സ്ഥിതിവിവര ശേഖരണത്തിന്റെ ലക്ഷ്യം. കൂടാതെ, യൂറോപ്പിലെ ലാറ്റിൻ രൂപതകൾക്കുവേണ്ടി സേവനംചെയ്യുന്ന സീറോ മലബാർ വൈദികരുടെയും സന്യസ്തരുടെയും കൃത്യമായ എണ്ണം ശേഖരിക്കുക എന്ന ചുമതലയും പൗരസ്ത്യ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലിയാൻഡോ സാന്ദ്രി  ഏൽപ്പിച്ചിട്ടുണ്ട്.
3
? എന്തിനുവേണ്ടിയാണത്
 
യൂറോപ്പ്യൻ സഭയിൽ പുളിമാവായി പ്രവർത്തിക്കുന്ന സീറോ മലബാർ സമർപ്പിതർ ഇപ്പോൾതന്നെ നിരവധിയുണ്ട്. ആ കണക്കുകൾ പാപ്പയ്ക്ക് സമർപ്പിക്കുകകൂടിയാണ് ലക്ഷ്യം. അവർ ആഗോളസഭയ്ക്കുവേണ്ടി ചെയ്യുന്ന ശുശ്രൂഷകളുടെ വ്യാപ്തി വ്യക്തമാകാൻ ഇത് സഹായകമാകും.
? നിരവധി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അജപാലനമേഖലയുടെ സാരഥ്യം ഏൽക്കുന്ന ആദ്യ ഇടയൻ. എങ്ങിനെ ഉൾക്കൊള്ളുന്നു പുതിയ ഉത്തരവാദിത്വം, അത് ഉയർത്തുന്ന വെല്ലുവിളികൾ
പൗലോസ് പറഞ്ഞതുപോലെ,  ഏറ്റവും വലിയ പാപിയാണെന്ന് സ്വയം വിശ്വസിക്കുന്നവനാണ് ഞാൻ. പക്ഷേ, ദൈവത്തിൽനിന്ന്^ കുമ്പസാരക്കൂട്ടിൽനിന്ന് അകലംപാലിക്കാൻ ശ്രമിച്ചിട്ടില്ല. അതിന് ദൈവം തന്ന സമ്മാനമായാണ് പുതിയ ദൗത്യത്തെ ഞാൻ സ്വീകരിക്കുന്നത്. അജപാലന ശുശ്രൂഷകൾ ലഭ്യമാക്കേണ്ട  പ്രദേശത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു എന്നത് വെല്ലുവിളിതന്നെയാണ്.കഴിവുകളെക്കാൾ എന്റെ കുറവുകളെക്കുറിച്ച് ബോധവാനുമാണ്. എന്നാൽ, അതൊന്നും ആശങ്കപ്പെടുത്തുന്നില്ല. തികഞ്ഞ ദൈവാശ്രയബോധത്തോടെയാണ് പുതിയ ദൗത്യം ഏറ്റെടുക്കാനൊരുങ്ങുന്നത്.
‘കഴിവുള്ളവരെ തിരഞ്ഞെടുക്കുന്നവനല്ല, തിരഞ്ഞെടുത്തവരെ കഴിവുള്ളവരാക്കി മാറ്റുന്നവനാണ് ദൈവം’ എന്ന ദർശനമാണ് എന്നെ നയിക്കുന്നത്. ഓരോരോ ശുശ്രൂഷകൾക്കാവശ്യമായ കഴിവുകളും കൃപയും ദൈവം തരും എന്നതാണ് എന്റെ അനുഭവം. തീവ്രസെക്കുലറിസവും ഭൗതികതയും അപകടകരമായ വലിയ മാറ്റങ്ങൾ യൂറോപ്പിൽ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വലിയ ആത്മീയ പാരമ്പര്യമുണ്ടായിരുന്ന മണ്ണാണിത്. ആ പാരമ്പര്യങ്ങൾ ഇന്നും ആ മണ്ണിൽ ഉറങ്ങിക്കിടപ്പുണ്ട് എന്നത് വലിയ പ്രത്യാശ പകരുന്ന വസ്തുതയാണ്. പുളിമാവായി മാറാനുള്ള നമ്മുടെ ഉദ്യമത്തിന് അത് വലിയ കരുത്തുപകരുമെന്നതിൽ സംശയമില്ല.
? എന്തെല്ലാം പദ്ധതികളാണ് മനസ്സിലുള്ളത്
കേരളത്തിലെ ഗ്രാമീണതലത്തിൽ വളർന്ന സീറോ മലബാർ വിശ്വാസ പാരമ്പര്യങ്ങളെ അതിഭൗതികമായ യൂറോപ്പ്യൻ സാഹചര്യങ്ങളിൽ പിടിച്ചുനിറുത്തുകയാണ്  പ്രധാന വെല്ലുവിളി. പ്രവാസികളിൽ ബഹുഭൂരിപക്ഷവും നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. ഭൗതികതയുടെ ഉന്നതിയിലായിരിക്കുന്ന  അവിടങ്ങളിൽ മിക്കസ്ഥലത്തും പ്രവാസീ വിശ്വാസീസമൂഹത്തിന് മാതൃകയാക്കാവുന്ന കൂട്ടായ്മകളോ ഇടവക കൂട്ടായ്മകളോ  ഇല്ല എന്നതാണ് സത്യം. ശ്രമകകരമായ ദൗത്യമാണ് അവിടെ കാത്തിരിക്കുന്നതെന്ന് സാരം. ക്രിയാത്മകമായ പദ്ധതികൾ വിഭാവനം ചെയ്യേണ്ടതിനാവശ്യമായ വിവരശേഖരണങ്ങളിലേക്കും മറ്റും ഉടൻ പ്രവേശിക്കും.
യൂറോപ്പിലെ പ്രവാസികളെ ഒന്നടങ്കം ഭൂമിശാസ്ത്രപരമായി കൂട്ടിയോജിപ്പിക്കുകയല്ല ലക്ഷ്യം. മറിച്ച്, അവരുടെ കൂട്ടായ്മയിലുള്ള ജീവിതം ശക്തിപ്പെടുത്തുന്ന പദ്ധതികൾക്കാവും മുൻതൂക്കം. ഒരുമിച്ച് പ്രാർത്ഥിക്കുന്ന, കൂദാശകളിൽ പങ്കുകൊള്ളുന്ന കൂട്ടായ്മയുടെ മനോഭാവത്തിലേക്ക് സഭാമക്കളെ നയിക്കാനുള്ള പദ്ധതികളുണ്ടാകും. നവമാധ്യമങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുക എന്നതുൾപ്പെടെയുള്ള പദ്ധതികൾ മനസ്സിലുണ്ടെങ്കിലും കുടുംബകേന്ദ്രീകൃതമായ, വ്യക്തികേന്ദ്രീകൃതമായ അജപാലന സംരംഭങ്ങൾക്കുതന്നെയാകും പ്രാധാന്യം.
ആധുനിക മാധ്യമങ്ങൾ അജപാലനശുശ്രൂഷയിൽ ഗുണപരമായ ഫലങ്ങൾ സമ്മാനിക്കുമെങ്കിലും കുടുംബകേന്ദ്രീകൃതമായ അജപാലനരീതിക്കപ്പുറംവരില്ല മറ്റൊന്നും കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള അജപാലനപദ്ധതിയിൽവന്ന മാറ്റമാണ് യൂറോപ്പിലെ സഭകൾക്കുണ്ടായ തളർച്ചയുടെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് എന്നതും ഗൗരവത്തിലെടുക്കണം. രൂപതകളിൽ ഉള്ളതുപോലെ വിവിധ അപ്പസ്തലേറ്റുകൾ രൂപീകരിക്കുന്നതിനും ആലോചനയുണ്ട്. റോമിലെ സഭാംഗങ്ങൾക്കായി രൂപംകൊടുത്ത ഫാമിലി അപ്പസ്തലേറ്റിന്റെ  മാതൃകയിലാവും ഇതര അപ്പസ്തലേറ്റുകളും നിലവിൽ വരിക.
?  ഭൂമിശാസ്ത്രപരമായി ജനങ്ങളെ ഒരുമിച്ചുകൂട്ടുകയല്ല, കൂട്ടായ്മയിൽ വളർത്തുകയാണ് ലക്ഷ്യം^ വ്യക്തമാക്കാമോ
കുറ്റബോധം മനസ്സിൽ ഉണ്ടാകും എന്നതിനപ്പുറം മറ്റൊരു കാരണംകൂടി മനുഷ്യനെ തെറ്റ് ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. സമൂഹത്തെ ഭയപ്പെടണം എന്നതാണത്. പരസ്പരം അറിയാത്തവരുടെ സമൂഹത്തിലാണ് ഏറ്റവും കൂടുതൽ തിന്മകൾ നടക്കുന്നതെന്ന സാമൂഹ്യശാസ്ത്രജ്ഞരുടെ വാക്കുകൾ ഇവിടെ കൂടുതൽ പ്രസക്തമാകുന്നു. പരസ്പ്പരം അറിയുന്ന സാമൂഹ്യക്രമം രൂപീകരിക്കേണ്ടതിന്റെ  പ്രാധാന്യമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
ഞാനും എന്റെ കുടുംബവും മാത്രം എന്നതിന് സമാനമായ മാനസ്സികാവസ്ഥപോലെ ഒരുതരം അജ്ഞാതവാസത്തോടുള്ള ആഭിമുഖ്യം യൂറോപ്പിലെ മലയാളികളിൽ കണ്ടിട്ടുണ്ട്. ആത്മീയകാര്യത്തിൽപ്പോലും ചിലപ്പൊഴെങ്കിലും അത് പ്രകടമാകുന്നുണ്ട് ഞാനും എന്റെ ദൈവവും! വെർട്ടിക്കൽ (മുകളിൽനിന്ന് താഴേക്കുള്ള) കത്തോലിസിസം നമ്മിലുണ്ട്, എന്നാൽ ഹൊറിസോണ്ടൽ (ചുറ്റുപാടുകളോടുള്ള) കത്തോലിസിസം  ഇല്ല എന്ന ബനഡിക്ട് 16^ാമന്റെ വാക്കുകൾ കടമെടുത്താൽ, കൂട്ടായ്മയിൽനിന്ന് മാറിനിൽക്കുന്ന മനോഭാവം ആത്മീയതയുടെ നിഷേധമാണെന്നാണ് എന്റെ അഭിപ്രായം.
ഇവിടെയാണ് കൂട്ടായ്മയിൽ ഒരുമിച്ച് വളരണം എന്ന സന്ദേശം മുന്നോട്ടുവെക്കാനുള്ള പ്രേരണ. പ്രാർത്ഥനകളിൽ തുടങ്ങി ആരാധനക്രമത്തിലുടനീളം ഈ കൂട്ടായ്മാനുഭവം സൃഷ്ടിക്കപ്പെടണം എന്നാണ് ആഗ്രഹം. ഒരു കാര്യംകൂടി ഈ സാഹചര്യത്തിൽ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു: സീറോ മലബാർ സഭയുടെ അധികാര വ്യാപനമല്ല. മറിച്ച്. അജപാലന ശുശ്രൂഷയുടെ അതിർത്തി കൂടുതൽ വിശാലമാകുകമാത്രമാണ് പുതിയ സംവിധാനത്തിലൂടെ സംജാതമാകുന്നത്.
?  ഗ്രേറ്റ് ബ്രിട്ടന് പിന്നാലെ യൂറോപ്പിൽനിന്ന് പുതിയ രൂപതകൾ ഉയരാനുള്ള സാധ്യതകൾ, ‘ഗ്രേറ്റ് ബ്രിട്ടൺ’ രൂപത യൂറോപ്പിലെ സീറോ മലബാർ സഭയുടെ വളർച്ചയെ എപ്രകാരം സ്വാധീനിക്കും
യൂറോപ്പിലുടനീളം പുതിയ രൂപതകൾ നിലവിൽ വരാനുള്ള സാധ്യതകൾ വിദൂരമാണ്. ഒരുപക്ഷേ, നിലവിലെ സംവിധാനങ്ങൾ വിപുലപ്പെടുത്തുകയാവും ഉണ്ടാവുക. രൂപതയായി ഉയർത്തപ്പെടാനുള്ള അംഗസംഖ്യയുണ്ടെങ്കിലും ഇന്ത്യയിലേതുപോലെ യൂറോപ്പ്യൻ രാജ്യങ്ങളിൽ രൂപത സ്ഥാപിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. വിവിധ രാജ്യങ്ങൾ വത്തിക്കാനുമായി പുലർത്തുന്ന നയതന്ത്രബന്ധംമുതൽ ഭരണകൂടത്തിന്റെ അനുമതിവരെനീളുന്ന നടപടിക്രമങ്ങളിലൂടെമാത്രമേ അവിടങ്ങളിൽ രൂപതാസംവിധാനം സാധ്യമാകൂ. ജർമനിയിലെ സാഹചര്യം ഉദാഹരണമായെടുക്കാം. അവിടെ രൂപതയ്‌യ്ക്കും അജപാലകർക്കുമുള്ള ഫണ്ട് ലഭ്യമാക്കുന്നത് സർക്കാരിലൂടെയാണല്ലോ.
ഗ്രേറ്റ് ബ്രിട്ടൺ രൂപത നിലവിൽവന്ന സാഹചര്യം യൂറോപ്പിനെ ഒന്നടങ്കം സ്വാധീനിക്കും. മാത്രമല്ല,  ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലേക്ക് ജനം ഉറ്റുനോക്കുകയാണ് വിശിഷ്യാ, യൂറോപ്പിലെ തദ്ദേശീയ രൂപതകൾ. വിവിധ പൗരസ്ത്യസഭകൾക്ക് യൂറോപ്പിൽ രൂപതകളുണ്ട്. അതിനാൽ, സ്വന്തം രൂപതകൾ നിലവിൽവരണമെന്നതുതന്നെയാണ് ഓരാ സഭാംഗത്തിന്റെയും ആഗ്രഹം.
? യൂറോപ്പ്യൻ രാജ്യങ്ങളിലുള്ള പ്രവാസി സഭാംഗങ്ങളെക്കുറിച്ചും അജപാലന സൗകര്യങ്ങളെക്കുറിച്ചും വിശദീകരിക്കാമോ, അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ നിയമനത്തോടെ അവർക്ക് കൈവരുന്ന നേട്ടങ്ങൾ
 
ഏകദേശം 40,000 സീറോ സഭാംഗങ്ങൾ യൂറോപ്പിലുണ്ടെന്നാണ് ഏകദേശ കണക്ക്. 35 വൈദികരിൽ അഞ്ച് പേരാണ് സീറോ മലബാർ സഭയ്ക്കുവേണ്ടി മുഴുവൻ സമയ ശുശ്രൂഷകളിലുള്ളത്. മറ്റുള്ളവർ ലത്തീൻ രൂപതകളിൽ സേവനംചെയ്യുന്നതിനൊപ്പം സീറോ മലബാർ സഭയ്ക്കായി പ്രവർത്തിക്കുന്നു. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ സീറോ മലബാർ ദിവ്യബലിയർപ്പണം നടക്കുന്ന കേന്ദ്രങ്ങൾ എതാണ്ട് 70 എണ്ണം വരും.
റോമിലെ സീറോ മലബാർ ഫാമിലി അപ്പസ്തലേറ്റിന്റെ പ്രവർത്തനങ്ങൾക്കായി രണ്ട് കന്യാസ്ത്രികളും സേവനം ചെയ്യുന്നു. എന്നാൽ, സീറോ മലബാർ സഭയുടെ 22 കന്യാസ്ത്രീ മഠങ്ങളിലായി 200ൽപ്പരം കന്യാസ്ത്രീകൾ റോമിൽ ശുശ്രൂഷചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. യൂറോപ്പ്യൻ സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷകളിൽ വ്യാപൃതരായ സീറോ മലബാർ കോൺഗ്രിഗേഷനുകളിലെ കന്യാസ്ത്രീമാരുടെ ആകെ എണ്ണംഏകദേശം 1000വരും. ഇതിന് പുറമെ, ലത്തീൻ കോൺഗ്രിഗേഷനുകളിൽ ചേർന്ന് പ്രവർത്തിക്കുന്ന കന്യാസ്ത്രീകളുടെ എണ്ണം ഏകദേശം 3000വരും.
ദിവ്യബലിയർപ്പണത്തിനായുള്ള കൂടുതൽ കേന്ദ്രങ്ങൾ നിലവിൽ വരുന്നതിനൊപ്പം മതബോധനം, സംഘടനാ പ്രവർത്തനം തുടങ്ങിയ രംഗങ്ങളിലും വിസിറ്റേറ്ററുടെ നിയമനം ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കും. ആത്മീയ വളർച്ചയ്ക്ക് സഹായകമായ നിരവധി അവസരങ്ങൾക്ക് വഴിയൊരുങ്ങും. സീറോ മലബാർ റീത്തിലുള്ള ദിവ്യബലിയർപ്പണം ആഴ്ചയിലൊരിക്കലെങ്കിലും പ്രവാസിസഭാമക്കൾക്ക് ഉറപ്പാക്കുകയാണ് അടിയന്തിരപ്രാധാന്യത്തോടെ നിർവഹിക്കാനുദ്ദേശിക്കുന്ന കാര്യം.
? ഇറ്റാലിയൻ ശുശ്രൂഷകൾ പുതിയ ദൗത്യത്തിന് എപ്രകാരം പ്രയോജനപ്പെടും. റോമിലും ഇറ്റലിയിലുമായ് അങ്ങ് ചെയ്ത ശുശ്രൂഷകൾ പങ്കുവെക്കാമോ
വത്തിക്കാനിലെ സീറോ മലബാർ പ്രൊക്യുറേറ്ററായി 2011ലാണ് ഞാൻ റോമിലെത്തിയത്. മേജർ ആർച്ച്ബിഷപ്പിന്റെ വത്തിക്കാനിലെ പ്രതിനിധിയാണ്  പ്രൊക്യുറേറ്റർ. സ്ഥിതി വിവരക്കണക്കുകൾ സമാഹരിച്ചതിന്റെ ഫലമായി, ‘അൾത്താര വിശ്വാസികളുടെ സമീപത്തേക്ക് കൊണ്ടുവരിക എന്ന ദർശനത്തോടെ ദിവ്യബലിയർപ്പണ കേന്ദ്രങ്ങൾ ക്രമീകരിക്കുകയാണ് ആദ്യം ചെയ്തത്. ക്‌നാനായ ദൈവാലയം ഉൾപ്പെടെ രണ്ട് ദൈവാലയങ്ങളാണ് 2011ൽ സീറോ മലബാർ സഭയ്ക്ക് റോമിൽ ഉണ്ടായിരുന്നതെങ്കിൽ അഞ്ച് വർഷംകൊണ്ട്  അത് 11ആയി വളർന്നു.
സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ വൈദികരുടെ സേവനം ലഭ്യമാക്കാൻ  രണ്ട് വൈദികരെയും സഭാനേതൃത്വം നിയമിച്ചു. തലശേരി അതിരൂപതാംഗം ഫാ. ബിജു മുട്ടത്തുകുന്നേലും എറണാകുളം- അങ്കമാലി അതിരൂപതാംഗം ഫാ. ബിനോജ് മുളവരിക്കലും. റോമിൽ പഠിക്കാനെത്തിയ സീറോ മലബാർ വൈദികരും  അജപാലനശുശ്രൂഷയിൽ സഹായിക്കുന്നുണ്ട്. ഏതാണ്ട് 7,000 പ്രവാസികളാണ് അവിടെയുള്ളത്. ഇറ്റലിയിലും ഏതാണ്ട് അത്രതന്നെയുണ്ട് വിശ്വാസികൾ. അവിടെ 14 കേന്ദ്രങ്ങളിൽ ആഴ്ചതോറും സീറോ മലബാർ ദിവ്യബലികൾ അർപ്പിക്കപ്പെടുന്നു.
ഞായറാഴ്ച ആചരണങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം മറ്റ് ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.ആദ്യ ശനിയാഴ്ചകളിൽ സമ്മേളിക്കുന്ന കരിസ്മാറ്റിക് കൂട്ടായ്മ ‘പെനുവേൽ’, വ്യാഴാഴ്ചകളിൽ ക്രമീകരിച്ചിരിക്കുന്ന ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും, ശനിയാഴ്ചകളിലുള്ള മാതാവിന്റെ നൊവേനയും ദിവ്യബലിയും എന്നിവയാണവ.
ഓശാന ഞായറാഴ്ചകളിൽ കൊളോസിയത്തിൽ മലയാളികളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി സംഘടിപ്പിക്കുന്നുണ്ട്.  മരിയ  മജോരെ ബസിലിക്കയിൽ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷവും ഗംഭീരമായാണ് ക്രമീകരിക്കുന്നത്. അൽമായ നേതൃനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  ദിവ്യബലിയർപ്പണ കേന്ദ്രങ്ങളിൽ 12 അംഗ അൽമായ കമ്മിറ്റി രൂപീകരിച്ചു. റോമിലെ ഒരോ ദിവ്യബലിയർപ്പണ കേന്ദ്രത്തിന്റെ ചുമതല ഓരോ കന്യാസ്ത്രീമഠങ്ങൾക്കാണ് ഏൽപ്പിച്ചു കൊടുത്തിരിക്കുന്നത്. റോമിൽ വൈദിക പഠനം നടത്തുന്ന 55 സെമിനാരിക്കാരിൽ 20ൽപ്പരംപേർ ശുശ്രൂഷകളിൽ പങ്കാളികളാകാറുണ്ട്.  വിൻസന്റ് ഡി പോൾ സൊസൈറ്റി, മാതൃജ്യോതി, ജീസസ് യൂത്ത്, ജീസസ് ഫാൻ ക്ലബ്, എയ്ഞ്ചൽ ഗ്രൂപ്പ് എന്നിവയുടെ പ്രവർത്തനവും  ശ്രദ്ധേയമാണ്. മാതൃകാപരമായ ഈ ശുശ്രൂഷകൾ യൂറോപ്പിലേക്കാകമാനം വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹം.
4
? ആത്മീയകാര്യങ്ങളിൽ അവർ പ്രകടിപ്പിക്കുന്ന ജാഗ്രതയെക്കുറിച്ച് അങ്ങയുടെ അഭിപ്രായം, പാശ്ചാത്യ സംസ്‌ക്കാരത്തിലെ ദുസ്വാധീനങ്ങളിൽ വീഴാതിരിക്കാൻ മുൻകരുതലുകൾ ആവശ്യമാണല്ലോ
കുടിയേറ്റക്കാരുടെ ആദ്യതലമുറ ഇന്നാട്ടിലെത്തുമ്പോൾ കൈയിൽ കരുതിയിരുന്ന വസ്തുവകകളുടെ കൂട്ടത്തിൽ, പാരമ്പര്യമായി കൈമാറിക്കിട്ടിയ ധാർമിക-വിശ്വാസ ശീലങ്ങളുമുണ്ടായിരുന്നു. അത് അവർ മക്കളിലേക്കും കൈമാറി. എന്നാൽ, പാശ്ചാത്യസംസ്‌ക്കാരവുമായി ഇടപഴകുമ്പോൾ പുതുതലമുറയ്ക്ക് മനസ്സിലാക്കാനാകുന്നത് മാതാപിതാക്കൾ പകർന്നുകൊടുത്ത മൂല്യങ്ങൾക്ക് വിരുദ്ധമായ സംഗതികളാണ്. ഈ വൈരുദ്ധ്യങ്ങൾ കുഞ്ഞുങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ഭൗതിക വളർച്ചയുടെ ഉന്നതിയിൽ നിൽക്കുകയാണെങ്കിലും മേൽപ്പറഞ്ഞ ആശയക്കുഴപ്പങ്ങൾ ദൃശ്യമാണെങ്കിലും  പ്രവാസി വിശ്വാസികൾ ആത്മീയകാര്യങ്ങളിൽ പുലർത്തുന്ന ദാഹം പ്രത്യാശ പകരുന്നതാണ്. ജോൺ 23-ാമൻ പാപ്പ എഴുതിയ ‘മാത്തർ ഏത്ത് മജിസ്ത്രാ’ (മാതാവും ഗുരുനാഥയും) എന്ന ചാക്രികലേഖനം ചൂണ്ടിക്കാട്ടുന്ന  രണ്ട്   കാര്യങ്ങൾ ഇവിടെ പരാമർശിക്കുന്നത് ഉചിതമായിരിക്കും. സഭയ്ക്ക് ഗുരുനാഥന്റെയും അമ്മയുടെയും പങ്കാണ് സമൂഹത്തിൽ നിർവഹിക്കാനുള്ളത്.
സഭയുടെ പഠനങ്ങൾ വിശ്വാസീസ മൂഹത്തിന് വ്യക്തമായി പറഞ്ഞുകൊടുക്കാനുള്ള ഇടമാണ് പ്രസംഗ പീഠം. ഒരു ഗുരുനാഥന്റെ ഉത്തരവാദിത്വമാണ് ഇവിടെ നിർവഹിക്കപ്പെടേണ്ടത്. പാപസങ്കീർത്തനത്തിനണയുന്ന കുമ്പസാരക്കൂടിൽ സഭ നിർവഹിക്കേണ്ടത് അമ്മയുടെ പങ്കാണ്. അവിടെ പ്രസംഗമല്ല, പാപപ്പൊറുതി തേടിയണയുന്നവരെ അനുധാവനംചെയ്യാനാവണം വൈദികർ ശ്രദ്ധിക്കേണ്ടത്. ഈ നിർദേശപ്രകാരമുള്ള ശുശ്രൂഷകൾ യുവജനങ്ങളുടെ രൂപീകരണത്തിൽ വലിയ ഗുണഫലങ്ങൾ സൃഷ്ടിക്കുമെന്നാണ് വിശ്വാസം.
? വത്തിക്കാൻ കൂരിയ സീറോ മലബാർ സഭയ്ക്ക് നൽകുന്ന പ്രോത്‌സാഹനത്തെക്കുറിച്ച് അങ്ങ് എന്തു പറയുന്നു
അനുഗ്രഹീതമായ പിന്തുണയാണ് വത്തിക്കാൻ കൂരിയയിൽനിന്ന് സീറോ മലബാർ സഭയ്ക്ക് ലഭിക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ച്ബിഷപ്പായതിനുശേഷം ഇതുവരെ എട്ട് അജപാലനപരമായ തീരുമാനങ്ങളാണ് സീറോ മലബാർ സഭയിലെ പ്രവാസികൾക്കുവേണ്ടിമാത്രം വത്തിക്കാൻ കൈക്കൊണ്ടത്. ഓസ്‌ട്രേലിയയിലും ഗ്രേറ്റ് ബ്രിട്ടണിലും ഫരിദാബാദിലും രൂപതകൾ, കാനഡയിൽ എക്‌സാർക്കേറ്റ്, ചിക്കാഗോ സീറോ മലബാർ രൂപതയിൽ സഹായമെത്രാൻ, ഭാരതത്തിനാകമാനമുള്ള അപ്പസ്‌തോലിക്
വിസിറ്റേറ്റർ, മാണ്ഡ്യ രൂപതയുടെ അജപാലനാതിർത്തി  ബാംഗ്ലൂരിലേക്ക് വ്യാപിപ്പിച്ചത്, ഇപ്പോഴിതാ യൂറോപ്പിൽ അപ്പസ്‌തോലിക് വിസിറ്റേറ്ററും. സീറോ മലബാർ സഭയ്ക്ക് ലഭിക്കുന്ന പ്രോത്‌സാഹനം മാത്രമല്ല ഇത്. മറിച്ച്, അംഗീകാരംകൂടിയാണ്.
? വിവിധ രാജ്യങ്ങളിലെ സീറോ മലബാർ സഭാംഗങ്ങളുടെ വളർച്ചയ്ക്ക് തദ്ദേശീയ ലത്തീൻ രൂപതാധികൃതർ നൽകിയ പിന്തുണയെക്കുറിച്ച് കേട്ടിട്ടുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിലെ സ്ഥിതി
വലിയ പിന്തുണയാണ് തദ്ദേശീയ ലത്തീൻ രൂപതകളിൽനിന്ന് ലഭിക്കുന്നത്. ചില രൂപതാധ്യന്മാരെ ഇതിനകം സന്ദർശിച്ചുകഴിഞ്ഞു. വലിയ പിന്തുണയും  പ്രോത്‌സാഹനവുമാണ് അവർ വാഗ്ദാനംചെയ്തിരിക്കുന്നത്. സീറോ മലബാർ വിശ്വാസീസമൂഹത്തിന്റെ ആത്മീയപോഷണം ഉറപ്പാക്കാൻ സാമ്പത്തികകാര്യങ്ങൾ ഉൾപ്പെടെയുള്ളവ അവർ ലഭ്യമാക്കുന്നുവെന്ന് പറയുമ്പോൾ ഉദാരപൂർണമായ പിന്തുണ വ്യക്തമല്ലേ.
? മുൻകാലങ്ങളെ അപേക്ഷിച്ച് തദ്ദേശീയ സഭാധികൃതരുടെ പിന്തുണയും പ്രോത്‌സാഹനവും വർദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ അങ്ങയുടെ അഭിപ്രായത്തിൽ
ഉത്തരേന്ത്യയിലും വിദേശരാജ്യങ്ങളിലും രൂപീകൃതമായ പ്രവാസിരൂപതകളുടെ സാക്ഷ്യം ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല, സീറോ മലബാർ സഭാംഗങ്ങളായ 35 ബിഷപ്പുമാർ ലാറ്റിൻ രൂപതാധ്യക്ഷന്മാരായും ന്യുൺഷേ്യാമാരായും ആഗോളസഭയിൽ ശുശ്രൂഷചെയ്യുന്നുണ്ട്. കൂടാതെ, സീറോ മലബാർ സഭയിൽനിന്നുള്ള നൂറുകണക്കിന് വൈദികരും ആയിരക്കണക്കിന് കന്യാസ്ത്രീകളും ലാറ്റിൻ രൂപതകളിൽ വിശിഷ്യാ, യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലുമായി സേവനനിരതരാണ്. ജർമനിയിലെ രൂപതകളിൽമാത്രം അജപാലന ശുശ്രൂഷ നിർവഹിക്കുന്ന സീറോ മലബാർ സഭാംഗങ്ങളുടെ എണ്ണം 500ൽപ്പരം വരും. ഇതെല്ലാം വത്തിക്കാൻ ശ്രദ്ധാപൂർവം മനസ്സിലാക്കുന്നതിന്റെ സ്വാഭാവിക പ്രതിഫലനമാണ് പിന്തുണ.
കൊറിന്തോസീലെ സഭയ്ക്ക് പ്രതിസന്ധി ഉണ്ടായപ്പോൾ മക്കദോനിയയിലെ സഭയിൽനിന്ന് പണം പിരിച്ചുകൊടുത്തത് തിരുവചനത്തിൽ വായിക്കാം. സമ്പത്തുമാത്രമല്ല, ശുശ്രൂഷകളും ആൾബലവുമെല്ലാം ഇതുപോലെ വിനിമയംചെയ്യപ്പെടേണ്ടത് ഭൂമിയുടെ അതിർത്തികൾ ലക്ഷ്യംവെച്ചുള്ള സഭയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. ഭാരതത്തിന്റെ സുവിശേഷവത്ക്കരണത്തിൽ നിർണായകമായത് യൂറോപ്പിലെ മിഷണറിമാരുടെ സേവനമാണ്. അവരുടെ പിൻതലമുറയെ പുനസുവിശേഷീകരിക്കാൻ ദൈവം നമ്മെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നുവെന്നുമാത്രം.
? സീറോ മലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങൾ വിശിഷ്യാ സമുദായംഗങ്ങൾക്കിടയിലേക്ക് ചുരുങ്ങുന്നുണ്ടെന്ന അഭിപ്രായങ്ങളോടുള്ള പ്രതികരണം
സീറോ മലബാർ സഭയുടെ മിഷൻരംഗത്തേക്കുള്ള കടന്നുവരവ് ആരംഭിച്ചത് 1960കളിലാണ്. അക്കാലത്ത് പ്രവാസി സമൂഹം ഇല്ലാതിരുന്നതിനാൽ ആ മേഖലയിലേക്ക് ശ്രദ്ധ തിരിക്കേണ്ടതില്ലായിരുന്നു.എന്നാൽ,  70കളിൽ ആരംഭിച്ച വിദേശ കുടിയേറ്റം 80കളോടെ ശക്തമായി. പ്രവാസികൾക്ക് അജപാലനശുശ്രൂഷ ലഭ്യമാക്കേണ്ട സാഹചര്യത്തിലേക്ക് സഭ പ്രവേശിച്ചതോടെ, മിഷൻ രംഗത്തുനിന്ന്  ശ്രദ്ധ മാറിയെന്നത് വാസ്തവമാണ്. നമ്മുടെ ശുശ്രൂഷകൾ സകലജനപദത്തിനും വേണ്ടിയാവണം. എന്നതിനാൽ സീറോ മലബാർ മിഷൻ പ്രവർത്തനങ്ങൾ പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടതില്ല എന്ന അഭിപ്രായമില്ല. പക്ഷേ, മുൻഗണനാക്രമം നിശ്ചയിക്കുമ്പോൾ  പ്രവാസി ശുശ്രൂഷകൾക്ക് പ്രാധാന്യം കൊടുക്കണം.
ലോകജനസംഖ്യയിലെ ഏഴിൽ ഒന്ന് പ്രവാസികളാണ്. സീറോ മലബാർ സഭയുടെ കാര്യമെടുത്താൻ നാലിലൊന്ന് പ്രവാസികളാണ്. യുവജനങ്ങളുടെ കണക്കെടുത്താൽ മൂന്നിലെന്ന് പ്രവാസികളാണ്. അതുകൊണ്ടുതന്നെ പ്രവാസി സഭാംഗങ്ങൾക്ക് തനത് ആരാധനക്രമത്തിലുള്ള ശുശ്രൂഷകൾ ഉറപ്പാക്കുക സഭയുടെ കർത്തവ്യമാണ്. പ്രവാസ ശുശ്രൂഷയും മിഷൻ പ്രവർത്തന സാധ്യത തുറന്നുതരുന്നത് കാണാതിരിക്കരുത്. പാശ്ചാത്യനാടുകളുടെ പുനസുവിശേഷീകരണം ദൈവവിളികളാൽ, വിശ്വസതീക്ഷ്ണതയാൽ സമ്പന്നമായ ഭാരതസഭയുടെ കർത്തവ്യംതന്നെയാണ്. അത് ഫലപ്രദമായി വിനിയോഗിക്കുന്നതിലും ജാഗരൂകരാകണം.
? ‘ദൈവത്തെ സ്‌നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി, (റോമാ. 8:28) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിക്കാൻ കാരണം
ഞാൻ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കേയാണ് സഹോദരി മരണമടഞ്ഞത്. ദുഃഖപൂരിതമായ ആ നാളുകൾ, ജീവിതത്തെ ഒരുതരം അനിശ്ചിതാവസ്ഥയിൽ കൊണ്ടെത്തിച്ചു. ആത്മീയ ഉപദേഷ്ടാവായിരുന്ന ഫാ. മാത്യു മങ്കുഴിക്കരിയുടെ നിർദേശപ്രകാരം വ്യക്തിപരമായ പ്രാർത്ഥനയിൽ ചെലവഴിച്ച നാളുകളിൽ എന്നെ ശക്തിപ്പെടുത്തിയ തിരുവചനഭാഗമാണ് ഇത്. പിന്നീട് ഇതുവരെയുള്ള വ്യക്തിജീവിതത്തിലും ശുശ്രൂഷാ ജീവിതത്തിലും എന്നെ ബലപ്പെടുത്തുന്ന വചനവും ഇതുതന്നെയാണ്.
? ജീസസ് യൂത്ത്, ശാലോം ഉൾപ്പെടെയുള്ള അത്മായ പ്രസ്ഥാനങ്ങളെ അങ്ങ് എങ്ങനെ നോക്കിക്കാണുന്നു
സഭാഗാത്രത്തോട് ചേർന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും കഴിവിനൊത്ത് പങ്കാളികളാകുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെ പ്രോത്‌സാഹിക്കണം. ജനമനസ്സുകളിൽ വലിയ സ്വാധീനമുള്ള ശുശ്രൂഷകളാണ് ഇവ രണ്ടും. ശാലോമിലൂടെ ആത്മീയതയിലേക്ക് കടന്നുവരുന്നവർ നിരവധിയുണ്ടെന്ന് വ്യക്തിപരമായിതന്നെ എനിക്കറിയാം. വലിയ പ്രേഷിതത്വമാണ് സഭയിൽ ശാലോം നിർവഹിക്കുന്നത്.
വീയെക്‌സ്‌
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?