Follow Us On

28

March

2024

Thursday

യേശുവിനെ കൊണ്ടുവരുന്ന കഴുതകളെ എന്നും ആവശ്യമുണ്ട്

യേശുവിനെ കൊണ്ടുവരുന്ന കഴുതകളെ എന്നും ആവശ്യമുണ്ട്

ഓശാന ഞായർ എന്ന പേരിൽ ലോകം മുഴുവനും അറിയപ്പെടുന്ന ദിവസമാണിന്ന്. ഒരു ചരിത്രസംഭവമാണ് ലോകം ഇന്ന് അനുസ്മരിക്കുന്നത്. യേശു താമസിച്ചിരുന്നതും നസറത്ത് എന്ന സ്ഥലത്തായിരുന്നു. അവിടെനിന്ന് ഏകദേശം 172 കിലോമീറ്റർ ദൂരമുള്ള ജറുസലേമിലേക്ക് യേശു നിരവധി തവണ പോയിട്ടുണ്ട്. എല്ലാം കാൽനട യാത്ര ആണെന്ന് തോന്നുന്നു. എന്നാൽ, ഓശാന ദിവസത്തെ വരവിന് മൂന്ന് പ്രത്യേകതകൾ ഉണ്ട്.
ഒന്ന്, കഴുതപ്പുറത്ത് കയറിയാണ് വരുന്നത്.
രണ്ട്, ഇത് ജറുസലേമിലേക്കുള്ള യേശുവിന്റെ അവസാനത്തെ വരവാണ്.
മൂന്ന്, ഈ യാത്ര മനുഷ്യരക്ഷയ്ക്കുവേണ്ടി സഹിക്കുവാനും മരിക്കുവാനും വേണ്ടിയാണ്.
ജറുസലേം ആണ് ലോകത്തിന്റെ രക്ഷയുടെ കേന്ദ്രം. ഇവിടെവച്ചുള്ള യേശുവിന്റെ സഹന-മരണങ്ങളാണ് മനുഷ്യന് നിത്യരക്ഷ സാധ്യമാക്കിയത്.
ഈ ഓശാന ദിവസം നടന്ന ചില കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കുവാനുണ്ട്. സാധാരണഗതിയിൽ നടന്നുവരുന്ന യേശു ഇപ്രാവശ്യം കഴുതപ്പുറത്ത് കയറിയാണ് വരുന്നത്. അഥവാ, കഴുതയാണ് യേശുവിനെ ജറുസലേമിലേക്ക് യേശുവിന്റെ രക്ഷാകരപ്രവൃത്തി ചെയ്യുവാൻ കൊണ്ടുവരുന്നത്.
എല്ലാവരും അവഹേളിക്കുന്ന മൃഗമാണ് കഴുത. ബുദ്ധി ഇല്ലെന്ന് കരുതുന്ന മൃഗം. കഴുത എന്ന് മനുഷ്യരെ നാം ചിലപ്പോൾ വിളിക്കാറില്ലേ? എന്താണർത്ഥം? ബുദ്ധിയും ബോധവും ഇല്ലാത്ത ആൾ എന്നല്ലേ? കഴുതയുടെ മറ്റൊരു പ്രത്യേകത പുറത്ത് വച്ചുകൊടുക്കുന്ന എത്ര ഭാരമുള്ള ചുമടും എത്ര വൃത്തികെട്ട ചുമടും അത് ചുമക്കും എന്നതാണ്.
യേശു കഴുതപ്പുറത്ത് വരുന്നത് ഒരു അടയാളമാണ്. ഒന്നാമത്, അത് യേശുവിന്റെ എളിമയെ കാണിക്കുന്നു. ഈ സംഭവത്തിന് നൂറ്റാണ്ടുകൾമുമ്പ് (ബി.സി 740-700) കാലഘട്ടത്തിൽ പ്രവാചകദൗത്യം നിർവഹിച്ച ഏശയ്യാ പ്രവാചകൻ ഇതിനെപ്പറ്റി ഇങ്ങനെ പ്രവചിച്ചിരുന്നു: സീയോൻ പുത്രിയോട് പറയുക: ഇതാ, നിന്റെ രക്ഷ വരുന്നു. ഇതാ, അവിടുത്തെ പ്രതിഫലം അവിടുത്തോടുകൂടെ; സമ്മാനം അവിടുത്തെ മുമ്പിലും (ഏശയ്യാ 62:11). രണ്ടാമത്, അത് യേശു ചുമക്കാനിരിക്കുന്ന മനുഷ്യന്റെ പാപഭാരത്തെ കാണിക്കുന്നു. അന്യന്റെ ഭാണ്ഡമാണ് കഴുത ചുമക്കുന്നത്. ഇതുപോലെ, പീഡാസഹന-കുരിശുമരണത്തിലൂടെ യേശു വലിയ ചുമട് വഹിക്കുകയാണ്. മനുഷ്യരുടെ പാപത്തിന്റെ ചുമട്. യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്‌നാപകൻ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1:29). ഏശയ്യാ 53:2-12 വചനങ്ങളിൽ ഇതിനെപ്പറ്റി പറയുന്ന ചില വചനങ്ങൾ ഇങ്ങനെയാണ്: അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവൻ ആയിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു. അവൻ നിന്ദിക്കപ്പെട്ടു. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. അനേകരുടെ പാപഭാരം അവൻ പേറി; അതിക്രമങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു. അതെ, കഴുത വിഴുപ്പുഭാണ്ഡം ചുമക്കുന്നതുപോലെ, സകല മനുഷ്യരുടെയും പാപത്തിന്റെ വിഴുപ്പുഭാണ്ഡം യേശു ചുമന്നു.
ഇനി മറ്റൊരു കാര്യം ഓർക്കാം. കഴുതപ്പുറത്ത് കയറി യേശു ജറുസലേമിലേക്ക് വരുന്നുണ്ട് എന്ന് മുൻകൂട്ടി പ്രചരണം ഒന്നും നടത്തിയിരുന്നില്ല. യേശു പറഞ്ഞപ്പോഴാണ് ശ്ലീഹന്മാർ പോയി കഴുതയെ കണ്ടെത്തി അഴിച്ച് കൊണ്ടുവരുന്നത്. അവർക്ക് യാതൊരു മുന്നറിയിപ്പും ഇല്ലായിരുന്നു.
അതിനാൽ, യാതൊരു മുന്നൊരുക്കവും ഇല്ലായിരുന്നു. എന്നിട്ടും ധാരാളം ആളുകൾ റോഡുവക്കത്ത് കൂടി. അവർ വഴിയിൽ വസ്ത്രം വിരിച്ചു. സൈത്തിൻ കമ്പുകൾ വിതറി. ഓശാന പാടി. കഴുതപ്പുറത്താണ് വന്നതെങ്കിലും വന്നത് ദൈവപുത്രനാണ്. രക്ഷകനാണ്. ജനം രക്ഷകനെ, ദൈവത്തെ തിരിച്ചറിയുന്ന അവസരങ്ങൾ ഉണ്ടാകും. ഞങ്ങളെ രക്ഷിക്കണമേ എന്ന് ദൈവത്തെ വിളിച്ചപേക്ഷിക്കുവാൻ ജനങ്ങൾ നിർബന്ധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. അതിനാൽ, ജനത്തിന്റെ നടുവിലൂടെ, അവർക്ക് വിളിച്ചപേക്ഷിക്കുവാൻ, രക്ഷകൻ കടന്നുപോകുന്ന അവസരങ്ങൾ ഉണ്ടാകണം. അതിന്, ആ കഴുതയെപ്പോലെ, രക്ഷകനെ ജനസമൂഹത്തിലേക്ക് കൊണ്ടുവരുവാൻ ആരെങ്കിലും വേണം. ചില മനുഷ്യരിലൂടെയായിരിക്കും ചില മനുഷ്യരിലേക്ക് ദൈവം കടന്നുവരുന്നത്.
അതിനാൽ, കർത്താവിന്റെ കഴുതകളാകുവാൻ എന്നും എവിടെയും കുറെ മനുഷ്യരെ ആവശ്യമാണ്. എത്രയോ അല്മയാർ ഇന്ന് കർത്താവിന്റെ കഴുതകളായി ശുശ്രൂഷ ചെയ്യുന്നു. അവർവഴി എത്രയോ പേരിലേക്ക് ദൈവത്തിന്റെ രക്ഷ കടന്നുചെന്നിരിക്കുന്നു. അഥവാ, അവരുടെ ആത്മീയ ശുശ്രൂഷകൾ ഇല്ലായിരുന്നുവെങ്കിൽ എത്രപേർ ദൈവം നൽകുന്ന വിവിധ തരത്തിലുള്ള രക്ഷ നേടാതെ പോകുമായിരുന്നു. വൈദികരുടെയും സിസ്റ്റർമാരുടെയും കാര്യം എടുക്കുക. എന്തൊക്കെ കുറ്റങ്ങൾ അവർക്ക് ഉണ്ടെങ്കിലും, എന്തെല്ലാം ആക്ഷേപങ്ങൾ അവരെപ്പറ്റി പറഞ്ഞാലും, അവർ വഴി എത്രയോ പേരിലേക്ക് ദൈവത്തിന്റെ വിവിധ തരത്തിലുള്ള രക്ഷ കടന്നുചെന്നിരിക്കുന്നു; കടന്നുചെല്ലുന്നു. അതേസമയം, അവരുടെ കുറവുകളെ ന്യായീകരിക്കുന്നുമില്ല. അവർ കുറെക്കൂടി കർത്താവിന്റെ നല്ല കഴുതകൾ ആയിരുന്നെങ്കിൽ, എത്രയോ പേർക്ക് രക്ഷ കിട്ടുമായിരുന്നു എന്ന സങ്കടമേ ഉള്ളൂ. ആ സങ്കടം അവിടെ കിടക്കുമ്പോഴും ഒരു കാര്യം സത്യമാണ്. അവർവഴി രക്ഷ കണ്ടെത്തിയവരും കണ്ടെത്തുന്നവരും ധാരാളം.
നമ്മുടെ നാട്ടിൽ നടക്കുന്ന വിവിധ ധ്യാനങ്ങളെപ്പറ്റി ചിന്തിക്കുക. കുറെ അല്മായരും വൈദികരും സിസ്റ്റർമാരും ഈ ധ്യാന-കൺവൻഷൻ സെന്ററുകളിൽ കഴുതപ്പണി ചെയ്യുകയാണ്. അവിടേക്ക് രക്ഷകനെ തേടി, രക്ഷ തേടി ആളുകൾ വരുന്നു. രക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവ് അനേകർക്ക് രക്ഷ നൽകുകയും ചെയ്യുന്നു. കർത്താവിന്റെ രക്ഷ സംലഭ്യമാകുന്ന ഇത്തരം ആത്മീയ ശുശ്രൂഷകരും ആത്മീയ ശുശ്രൂഷാകേന്ദ്രങ്ങളും ഇല്ലാതിരിക്കുന്ന അവസ്ഥ ഓർത്തുനോക്കിക്കേ. എത്രയോ അധികംപേർ വിവിധ തരത്തിലുള്ള രക്ഷ, അഥവാ അനുഗ്രഹങ്ങൾ ലഭിക്കാതെ പോകുമായിരുന്നു.
അതിനാൽ, യേശുവിനെ കൊണ്ടുവന്ന കഴുത പ്രതീകമാണ്; ഒരു പ്രചോദനമാണ്; ഒരു സാക്ഷ്യമാണ്. യേശുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്ന ധാരാളം കഴുതകൾ എല്ലായിടത്തും ഉണ്ടാകട്ടെ. ഓശാന തിരുനാളിന്റെ സന്തോഷവും ഓശാന തരുന്ന ദൈവാനുഗ്രഹങ്ങളും ഓശാനനാളിൽ രക്ഷകനായി കടന്നുവന്ന യേശുവിന്റെ രക്ഷയും എല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ!
ഫാ. ജോസഫ് വയലിൽ സിഎം.ഐ 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?