Follow Us On

28

March

2024

Thursday

രണ്ടാം ലോക മഹായുദ്ധത്തെ ഒറ്റക്ക് നേരിട്ട മാർപാപ്പ

രണ്ടാം ലോക മഹായുദ്ധത്തെ ഒറ്റക്ക് നേരിട്ട മാർപാപ്പ

വത്തിക്കാൻ സിറ്റി: രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. ഹിറ്റ്‌ലറുടെ ഭീകരപ്രവർത്തനങ്ങളെ ഒരു രാജ്യത്തിനും ഫലപ്രദമായി നേരിടാൻ കഴിഞ്ഞിരുന്നില്ല. റഷ്യൻ സ്വേച്ഛാധിപതിയായിരുന്ന സ്റ്റാലിൻപോലും ഹിറ്റ്‌ലറെ തടഞ്ഞുനിറുത്തിയത് കോടിക്കണക്കിന് പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടാണ്. അവരുടെ വ്യവസായ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് ഏക്കർ കൃഷിയും അക്കാലത്ത് നശിച്ചുപോയി. ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിൽ ഒരുവനും അനേകം ലക്ഷം യഹൂദരെ ഗ്യാസ് ചേംബറിലും മറ്റ് ഭീകരങ്ങളായ പീഡനോപകരണങ്ങളിലും ഇട്ട് വധിക്കുകയും ചെയ്ത ഹിറ്റ്‌ലറുടെ അജണ്ട സഭയെ തകർക്കുക എന്നതായിരുന്നു.
കാരണം മറ്റൊന്നുമല്ല പല സ്ഥലത്തും ഹിറ്റ്‌ലറിന് ഭീഷണിയായത് സഭയാണ്. അടുത്തിടെ വത്തിക്കാൻ മുഖപത്രമായ ‘ഒസർവത്തോരെ റൊമാനോ’ ഹൃദയസ്പർശിയായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. പട്രീഷ്യ മാക്‌ഗോൾഡ്‌റിക്ക് എന്നൊരു ബ്രിട്ടീഷ് ഗവേഷക ബ്രിട്ടീഷ് നാഷണൽ ആർക്കൈവ്‌സിൽ നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് പരിശുദ്ധ പിതാവ് പന്ത്രണ്ടാം പീയൂസ് പാപ്പാ നടത്തിയ ധീരപോരാട്ടങ്ങളുടെ രേഖ കണ്ടെടുത്തിരുന്നു. രാജ്യനേതാക്കന്മാരും ബിസിനസ് സ്ഥാപനങ്ങളും ബാങ്കുടമകളുമായി നടത്തിയ പാപ്പായുടെ കത്തിടപാടുകളാണ് പഠനവിധേയമാക്കിയത്. മാക്‌ഗോൾഡ്‌റിക്കിന്റെ പഠനങ്ങളാണ് ഒസർവത്തോരെ വിശദമായി വിലയിരുത്തിയത്.
നേരിട്ട് ഹിറ്റ്‌ലറോട് യുദ്ധം ചെയ്യുക ആ കാലഘട്ടത്തിൽ ആർക്കും ചിന്തിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. ഹിറ്റ്‌ലറിനെതിരായ വാക്കുപോലും ഒരു രാജ്യത്തിന്റെ നാശത്തിന് കാരണമായേക്കാവുന്ന കാലം. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി ഹിറ്റ്‌ലറിന്റെ നാസിപ്പട മാറിയിരുന്നു.
മിക്കരാജ്യങ്ങളിലും ദേവാലയങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും വിശുദ്ധസ്ഥലങ്ങളും നശിപ്പിക്കപ്പെട്ടു. നാസിപ്പട്ടാളം വിശ്വാസികളെ അവഹേളിക്കുകയും ദേവാലയങ്ങൾ ഇടിച്ചുനിരത്തുകയും ചെയ്തു.
ആ സമയത്ത് പീയൂസ് പന്ത്രണ്ടാമൻ പാപ്പായുടെ ചുവടുകൾ ഇങ്ങനെ: ഹിറ്റ്‌ലർ നശിപ്പിച്ച് മുന്നേറിയ സ്ഥലങ്ങളിലെ ദേവാലയങ്ങൾ പുനരുദ്ധരിക്കുന്നതിനും കേടുപാടുകൾ പോക്കുന്നതിനുമായി അമേരിക്കയിലെയും ബ്രിട്ടണിലെയും ബാങ്കുകളിൽ കോടിക്കണക്കിന് ഡോളറുകൾ വത്തിക്കാൻ നിക്ഷേപിച്ചു.
രൂപതകളിൽനിന്നും വത്തിക്കാൻ സമ്പാദ്യത്തിൽനിന്നുമുള്ള മുഴുവൻ സംഭാവനയും അതിലുണ്ടായിരുന്നു. സഭയുടെ സ്വത്തിന്റെ ഏറിയ പങ്കും ഇങ്ങനെ ചിലവാക്കി. ശേഷം ഈ ബാങ്കുകളിൽനിന്ന് അവരുടെ രഹസ്യസഹായത്തോടെ വൈദികർക്കും ഇടവകകൾക്കും സ്ഥാപനങ്ങൾക്കും പണം കൈമാറി. ദാരിദ്ര്യവും ക്ലേശവും അകറ്റാനും വിശ്വാസം വീണ്ടും ബലപ്പെടുത്താനും ഇതുപകരിച്ചു. പല രാജ്യങ്ങളിലും ഹിറ്റ്‌ലറുടെ ആക്രമണത്തിനുശേഷം എളുപ്പത്തിൽ ദേവാലയങ്ങൾ ഉയർന്നു. വിശ്വാസം ശക്തമായി.
വത്തിക്കാൻപണം അക്കാലത്ത് കൈകാര്യം ചെയ്തത് ഇറ്റലിയുടെ കൊമേഴ്‌സ്യൽ ബാങ്കിന്റെ ചുമതലയുണ്ടായിരുന്ന ബെർണദീനോ നൊഗാര എന്നൊരാളാണ്. ഇദേഹത്തിന്റെ വാക്കുകളിലും പാപ്പായുടെ ജ്ഞാനം എടുത്തുകാട്ടപ്പെടുന്നു. അന്ന് അതെക്കുറിച്ച് സംസാരിക്കുവാനാകുമായിരുന്നില്ല എന്നു മാത്രം. താൻ ചെയ്യുന്നതിനെക്കുറിച്ച് പാപ്പായും നിശബ്ദനായിരുന്നു.
ഇങ്ങനെ നൽകിയ സാമ്പത്തിക സഹായം നാസിപ്പട്ടാളത്തിന്റെ ക്രൂരതയെ അതിജീവിക്കാൻ പല രാജ്യങ്ങളെയും സഹായിച്ചു. ജനജീവിതം യുദ്ധസമയത്ത് വേദനാജനകമായെങ്കിലും പെട്ടന്ന് മെച്ചപ്പെടുന്നതിന് കാരണമായി. ബാങ്കുകൾ ധനസഹായം നൽകിയതിനാൽ വത്തിക്കാന്റെ ഇടപെടൽ എളുപ്പം മനസിലാക്കാനും ആർക്കും കഴിഞ്ഞില്ല.
1941 നും 43 നും ഇടയിൽ വത്തിക്കാൻ നടത്തിയ കത്തിടപാടുകളുടെ രഹസ്യശേഖരമാണ് ബ്രിട്ടീഷ് ആർക്കൈവ്‌സിൽനിന്നും കണ്ടെടുത്തത്. സ്വന്തം നിലയിലും മറ്റുരാജ്യങ്ങളിൽനിന്ന് പണം സ്വീകരിച്ചും വത്തിക്കാൻ ഈ നവീകരണം പെട്ടന്ന് ആരംഭിച്ചു. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ കണ്ടെത്തലായിരുന്നു ഈ നവീകരണം. ആർത്തലച്ചുവരുന്ന ശത്രുവിനെ ഒന്നും ചെയ്യാനായില്ലെങ്കിലും ശത്രുവിന്റെ ആക്രമണത്തിലൂടെ ഉണ്ടായ നാശത്തെ പെട്ടന്ന് അതീജീവിക്കാൻ പാപ്പാ മാർഗങ്ങൾ കണ്ടെത്തുകയായിരുന്നു.
വത്തിക്കാനിലെ രഹസ്യധനശേഖരം മാറ്റപ്പെട്ടിരിക്കുന്നു എന്ന വാർത്ത വത്തിക്കാനെ ആക്രമിക്കുന്നതിൽനിന്ന് ഹിറ്റ്‌ലറെ പിന്തിരിപ്പിക്കാനും കാരണമായി. സാർവത്രിക സഭയ്ക്ക് അക്കാലത്ത് ധനസഹായം ലഭിച്ചുകൊണ്ടിരുന്ന അമേരിക്കൻ ബാങ്കുകളിൽനിന്നായിരുന്നു എന്നു ചരിത്രം വരച്ചുകാട്ടുന്നു. ഹിറ്റ്‌ലറിന്റെ ആക്രമണത്തിന്റെ കെടുതി അനുഭവിക്കാത്ത ഏക രാജ്യം അമേരിക്കയായിരുന്നു എന്നതും ഇതിന് സഹായകമായി.
1944 ൽ പല രാജ്യങ്ങളിലേക്കും കപ്പൽമാർഗം ലക്ഷക്കണക്കിന് മനുഷ്യർക്കുള്ള ഭക്ഷ്യവിഭവങ്ങളുടെ ക്രയവിക്രയം പന്ത്രണ്ടാം പീയൂസ് നടത്തിയതും ശ്രദ്ധേയമായിരുന്നു. ലോകം മുഴുവൻ ദാരിദ്ര്യത്തിലും പട്ടിണിയിലും നശിക്കാൻ തുടങ്ങിയപ്പോൾ ക്രാന്തദർശിയായ ഒരു ആത്മീയ ആചാര്യന്റെ മുഖമായിരുന്നു പന്ത്രണ്ടാം പീയൂസ് പാപ്പായ്ക്കുണ്ടായിരുന്നത്. അർജന്റീന, സ്‌പെയിൻ, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആ നാളുകളിൽ ധാന്യവും ഗോതമ്പും ഭക്ഷ്യവസ്തുക്കളും യുദ്ധം തകർത്ത രാജ്യങ്ങളിലേക്കൊഴുകിയിരുന്നു.
മാത്രമല്ല അമേരിക്കയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലും ആ നാളുകളിൽ പാപ്പാ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചു. റോൾസ് റോയ്‌സ്, യുണൈറ്റഡ് സ്റ്റീൽ കോർപറേഷൻ, ഡോ കെമിക്കൽ, വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക്, യൂണിയൻ കാർബൈഡ്, ജനറൽ ഇലക്ട്രിക് തുടങ്ങി വമ്പൻ വ്യവസായ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ച് അവരുടെ പ്രൊഡക്ടുകൾ യുദ്ധം തകർത്ത രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ക്രമീകരണം നടത്തി. ഇത് പല രാജ്യങ്ങളിലും തകർക്കപ്പെട്ട വ്യവസായങ്ങൾ പിടിച്ചുനിർത്തി. അങ്ങനെ ഒരു ലോകമഹായുദ്ധത്തെ പാപ്പാ ഒറ്റയ്ക്ക് നേരിടാൻ തയ്യാറെടുത്തിരുന്നു.
ഒരു പരിധിവരെ ആരും അറിയാതെപോയ ഈ നടപടികൾ ഫലം കണ്ടു. ലോകമഹായുദ്ധത്തോടെ തകർന്നുപോകേണ്ടിയിരുന്ന പല രാജ്യങ്ങളും അതിവേഗം ഉയർത്തെഴുന്നേറ്റു. പട്ടിണിയെയും തൊഴിലില്ലായ്മയെയും അതിജീവിച്ചു. നാസികളെ തോൽപിച്ച യു.എസ്. യുദ്ധമുന്നേറ്റത്തിനും വത്തിക്കാന്റെ ധനസഹായം ലഭിച്ചതായി മാക്‌ഗോൾഡ്‌റിക്ക് സാക്ഷ്യപ്പെടുത്തുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?