Follow Us On

28

March

2024

Thursday

രഹസ്യമായി മിണ്ടാമഠത്തിൽ എത്തിയിട്ട് 40 വർഷങ്ങൾ

രഹസ്യമായി മിണ്ടാമഠത്തിൽ എത്തിയിട്ട് 40 വർഷങ്ങൾ

പീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് രാധ കൃഷ്ണൻ അയ്യർ മുംബൈയിലെ ബാന്ദ്ര മൗണ്ട് മേരീസ് ബസലിക്കയിൽ പോകുന്നത്. സഹപാഠികളുടെ കൂടെ തിരുനാളിൽ പങ്കെടുക്കാനായിരുന്നു അത്. ബ്രാഹ്മണ സമൂഹത്തിൽപ്പെട്ട ആ കൗമാരക്കാരി ആദ്യമായിട്ടായിരുന്നു കത്തോലിക്കാ ദൈവാലയത്തിനുള്ളിൽ പ്രവേശിക്കുന്നത്. വിശുദ്ധ കുർബാനയിൽ ആളുകൾ ഭക്തിപൂർവം പങ്കുചേരുന്ന ദൃശ്യങ്ങളും ദൈവാലയത്തിലെ അന്തരീക്ഷവും അവളെ ആകർഷിച്ചു. ഹോസ്റ്റൽ മുറിയുടെ ഭിത്തിയിൽ ഉണ്ടായിരുന്ന പരിശുദ്ധ മാതാവിന്റെ ചിത്രം നേരത്തെത്തന്നെ രാധയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. വീട്ടിൽ ചെന്ന് അമ്മയോട് ചിത്രത്തിന്റെ കലാപരമായ മേന്മകൾ വിവരിക്കുകയും ചെയ്തിരുന്നു. തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജിലായിരുന്നു ഡിഗ്രി പഠനം. ഫ്രാൻസിസ് സേവ്യറുടെ തിരുനാൾ ദിനത്തിൽ അവിടുത്തെ ദൈവാലയത്തിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
ആദ്യമായിട്ടായിരുന്നു കുർബാനയിൽ പങ്കുചേരുന്നത്. ദൈവാലയത്തിലെ ഗാനങ്ങളും ആരാധനാ രീതികളും അവളെ സ്വാധീനിച്ചു. ആരും നിർദ്ദേശിക്കാതെ ഒരേ സമയം ആളുകൾ എഴുന്നേല്ക്കുന്നതും നില്ക്കുന്നതും മുട്ടുകുത്തുന്നതുമൊക്കെ പുതുമനിറഞ്ഞ അനുഭവങ്ങളായിരുന്നു. അവ ഏറെ ആകർഷണീയമെന്ന് തോന്നി.
ഡിഗ്രി അവസാന വർഷമായപ്പോഴേക്കും ക്രിസ്തീയ ആരാധന രീതികളോട് എന്തെന്നില്ലാത്ത താല്പര്യമായി. അതവളെ എല്ലാ ദിവസവും വിശുദ്ധ കുർബാനക്കായി ദൈവാലയത്തിലെത്തിച്ചു. ഡിഗ്രി പൂർത്തിയാക്കി വീട്ടിലെത്തിയെങ്കിലും രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരിക്കുന്നതിനെപ്പറ്റി അവൾക്ക് ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ, ബ്രാഹ്മണ സമൂഹത്തിൽപ്പെട്ട പെൺകുട്ടി കത്തോലിക്കാ ദൈവാലയത്തിൽ പോകുന്നത് പുറത്തറിഞ്ഞാലുള്ള ഭവിഷ്യത്ത് രാധയ്ക്ക് നിശ്ചയമുണ്ടായിരുന്നു. അതിരാവിലെ നടക്കാൻ പോകുന്നത് നഗരത്തിലെ പതിവ് കാഴ്ചകളായിരുന്നു. താനും നടക്കാൻ പോകുകയാണെന്ന് പറഞ്ഞ് അവൾ വീട്ടിൽ നിന്നും ഇറങ്ങും. എന്നിട്ട് കുറച്ച് അകലെയുള്ള ദൈവാലയത്തെ ലക്ഷ്യമാക്കി വേഗം നടക്കും. പരിചയമുള്ള മുഖങ്ങൾ പരിസരത്തൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി മിന്നൽ വേഗത്തിൽ ദൈവാലയത്തിലേക്ക് പ്രവേശിക്കും.
മാസങ്ങളോളം ഈ പ്രക്രിയ തുടർന്നിട്ടും വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞില്ല. എന്നാൽ, ദൈവം അവളുടെ തീക്ഷ്ണത കാണുന്നുണ്ടായിരുന്നു. അതിലുപരി അവളുടെ ഹൃദയത്തിലെ സ്‌നേഹം തിരിച്ചറിഞ്ഞിരിക്കാം. ഒരുകാലത്ത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഭയത്തോടെ ചുറ്റുംനോക്കി ദൈവാലയത്തിലേക്ക് കയറിയിരുന്ന പെൺകുട്ടി ഇപ്പോൾ മുഴുവൻ സമയവും ദൈവത്തോടൊപ്പമാണ്. ഒളിച്ചും പാത്തും ദൈവാലയത്തിലേക്കു പോയിരുന്ന ആ പെൺകുട്ടിയാണ് കനോഷ്യൻ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ രാധ മരിയ. സിസ്റ്റർ കനേഷ്യൻ മിണ്ടാമഠത്തിൽ എത്തിയിട്ട് 40 വർഷങ്ങൾ പൂർത്തിയാകുകയാണ്. കഥപോലെ സംഭവബഹുലമാണ് സിസ്റ്ററിന്റെ അനുഭവങ്ങൾ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷത്തിനുശേഷം മുംബൈയിലായിരുന്നു സിസ്റ്ററിന്റെ ജനനം. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമായിരുന്നു സിസ്റ്ററിന്.
ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിലെത്തിയ രാധക്ക് വിവാഹലോചനകളുടെ തിരക്കായിരുന്നു. പല ചെറുപ്പക്കാരും വന്ന് പെണ്ണിനെ കണ്ടു. ആ സമയമായപ്പോഴേക്കും രാധയുടെ മനസിലും പുതിയ ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ, ഓരോ ചെറുപ്പക്കാരനും വന്നുപോയിക്കഴിയുമ്പോൾ മനസിൽ വല്ലാത്ത ആധിയും അസ്വസ്ഥതയും നിറയുന്നതായി രാധക്ക് മനസിലായി. ആദ്യം അത്തരം തോന്നലുകളെ അവഗണിച്ചെങ്കിലും അത് കൂടുതൽ ശക്തമായി മനസിലേക്ക് വരാൻ തുടങ്ങി. ഇതിലൂടെ ദൈവം തന്നോട് എന്തൊക്കെയോ സംസാരിക്കുകയാണെന്ന് രാധയ്ക്ക് തോന്നി. വിവാഹാലോചനകൾ നിർത്താൻ പിതാവിനോട് ആവശ്യപ്പെട്ടു. വീട്ടുകാർക്ക് ബോധ്യമാകുന്ന കാരണവും പറഞ്ഞു. തനിക്ക് അധ്യാപക പരിശീലനത്തിന് ചേരണം. ജോലി ലഭിച്ചതിനുശേഷം വിവാഹം മതി. മാതാപിതാക്കൾ ആഗ്രഹത്തെ അനുകൂലിച്ചു. വീണ്ടും പഠനവുമായി കോളജിലേക്ക്. പഠനം കഴിഞ്ഞ് പരീക്ഷ പൂർത്തിയായപ്പോൾ രഹസ്യമായി മാമ്മോദീസ സ്വീകരിച്ച് രാധ മരിയ കൃഷ്ണനായി മാറി. അതൊരു മംഗളവാർത്താ ദിവസമായിരുന്നു എന്ന് സിസ്റ്റർ ഓർക്കുന്നു. പരിശുദ്ധ മാതാവ് മംഗളവാർത്ത കേട്ട് ആമ്മേൻ പറഞ്ഞതുമുതൽ ജീവിതത്തിൽ സഹനങ്ങളുടെ കാലമായിരുന്നതുപോലെ സിസ്റ്റർ രാധയുടെ ജീവിതത്തിലും ഏറെ പ്രതിസന്ധികളും പ്രശ്‌നങ്ങളും നിറഞ്ഞ് ജീവിതം സംഘർഷഭരിതമായി.
ഒരു ദിവസം ആരോടും പറയാതെ നേരെ മഠത്തിലെത്തുകയായിരുന്നു. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടി മഠത്തിൽ ചേരുക എന്നത് അവർക്ക് സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല. അവരുടെ കാഴ്ചപ്പാടിൽ ക്രിസ്ത്യാനികൾ ജാതിയിൽ ഏറെ താഴ്ന്നവരായിരുന്നു. തന്റെ പ്രവൃത്തി മാതാപിതാക്കൾക്ക് വലിയ വേദനക്ക് കാരണമായെന്ന് സിസ്റ്റർ ഓർക്കുന്നു. എന്നാൽ, തനിക്കുവേണ്ടി ജീവിതം സമർപ്പിച്ച പെൺകുട്ടിയുടെ കാര്യത്തിൽ ദൈവത്തിന് പ്രത്യേകമായ കരുതൽ ഉണ്ടായിരുന്നു എന്ന് സിസ്റ്റർ പറയുന്നു. അത് സഹോദരങ്ങളുടെ രൂപത്തിലായിരുന്നു. സാധാരണ രീതിയിൽ ഇത്തരം സംഭവങ്ങളോട് അവരായിരിക്കും കൂടുതൽ രൂക്ഷമായ രീതിയിൽ പ്രതികരിക്കുക. എന്നാൽ, തന്റെ കാര്യത്തിൽ മറിച്ചായിരുന്നു എന്ന് സിസ്റ്റർ രാധ പറയുന്നു. മൂന്ന് സഹോദരന്മാരും സഹോദരിയും സിസ്റ്റർ രാധയുടെ ആഗ്രഹത്തോടൊപ്പം നിന്നു. ആ പ്രവൃത്തിമൂലം തങ്ങൾക്ക് സമൂഹത്തിൽനിന്നുണ്ടായ വിഷമങ്ങളൊന്നും അവരെ അകറ്റിയില്ല. കുടുംബത്തിൽ ഉണ്ടായ മുറിവ് വേഗം ഉണങ്ങാൻ സഹോദരങ്ങളുടെ നിലപാട് കാരണമായി. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികൾക്കും ഇടപെടലുകൾക്കും നന്ദിപറയുകയാണ് സിസ്റ്റർ രാധ.
സ്വന്തം ലേഖകൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?