Follow Us On

28

March

2024

Thursday

ലെപ്പാന്റോയും കാളൻബർഗും മറക്കരുതേ!

ലെപ്പാന്റോയും കാളൻബർഗും മറക്കരുതേ!

 
1571 ൽ തുർക്കികളുടെ ഒട്ടോമാൻ സാമ്രാജ്യം ക്രിസ്ത്യൻ രാജ്യങ്ങൾക്കെതിരെ ഒന്നൊന്നായി യുദ്ധം ആരംഭിച്ച കാലം. 1453 ൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത തുർക്കികൾ അവിടുത്തെ ക്രിസ്തീയ ദേവാലയങ്ങൾ മോസ്‌ക്കുകളാക്കി മാറ്റിക്കഴിഞ്ഞിരുന്നു. റോമിലെയും മറ്റു ക്രിസ്ത്യൻ രാജ്യങ്ങളിലെയും ദേവാലയങ്ങൾ മോസ്‌ക്കുകളാക്കി മാറ്റാമെന്നുള്ള പ്രതീക്ഷയോടെ ഒട്ടോമാൻ സാമ്രാജ്യം വലിയൊരു യുദ്ധത്തിനുള്ള സർവസന്നാഹങ്ങളും ഒരുക്കി.
പീയൂസ് അഞ്ചാമൻ മാർപാപ്പയുടെ നിർദേശപ്രകാരം ഓസ്ട്രിയായിലെ ഡോൺ ജുവാന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ രാജ്യങ്ങളിലെ നാവികപ്പട 1571 സെപ്റ്റംബർ മാസത്തിൽ ഒട്ടോമാൻ തുർക്കിപ്പടയെ നേരിടുവാൻ പുറപ്പെട്ടു. ഡോൺ ജുവാൻ നാവികരെ യുദ്ധസജ്ജമാക്കി എല്ലാ ഒരുക്കങ്ങളും നടത്തി. അവസാന ഒരുക്കമായി തന്റെ സൈനികർക്ക് ഓരോരുത്തർക്കും കൊന്ത കൊടുക്കുകയും മൂന്നുദിവസത്തെ ഉപവാസത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടെയുള്ള വൈദികൻ വിശുദ്ധ കുർബാനയർപ്പിച്ച് ദൈവസന്നിധിയിൽ നിരന്തരം പ്രാർത്ഥനാനിരതനായിരുന്നു. ഇതേസമയം റോമിൽ മാർപാപ്പയുടെ നേതൃത്വത്തിൽ വിശ്വാസികൾ കൊന്ത കൈയിലേന്തി കൈകൾ വിരിച്ച് പിടിച്ച് ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിക്കുകയായിരുന്നു. 1571 ഒക്‌ടോബർ ഏഴിന് നിർണായകമായ യുദ്ധം നടന്നു. അന്നു രാവിലെവരെ പ്രതികൂലമായിരുന്ന കടൽക്കാറ്റ് പെട്ടെന്ന് ക്രിസ്ത്യാനികൾക്ക് അനുകൂലമാവുകയും തുർക്കികളുടെമേൽ കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് ക്രിസ്ത്യാനികൾ മഹത്തായ വിജയം നേടുകയും ചെയ്തു.
ക്രിസ്ത്യാനികളെ നശിപ്പിച്ച് അവരുടെ ദേവാലയങ്ങൾ മോസ്‌ക്കുകളാക്കാൻ കച്ചകെട്ടി പുറപ്പെട്ട ഒട്ടോമാൻ തുർക്കികൾക്ക് ലഭിച്ച സ്വർഗീയ പ്രഹരമായിരുന്നു അത്. ആ യുദ്ധത്തിൽ ഒട്ടോമാൻ തുർക്കികൾ വിജയിച്ചിരുന്നെങ്കിൽ യൂറോപ്പ് ഒട്ടോമാൻ സാമ്രാജ്യത്തിൽ ഉൾപ്പെടുമായിരുന്നു. യൂറോപ്പിൽനിന്ന് ക്രിസ്ത്യാനികൾ തുടച്ചുനീക്കപ്പെടുമായിരുന്നു. ഈ വിജയത്തിന്റെ നന്ദിസൂചനയായിട്ടാണ് ഒക്‌ടോബർ ഏഴിന് ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളായി തിരുസഭ ആഘോഷിക്കുന്നത്.
1683 ജൂൺ മാസത്തിൽ വീണ്ടും തുർക്കികൾ ഓസ്ട്രിയായിലെ വിയന്നായുടെ സമീപം ഏകദേശം രണ്ടുലക്ഷത്തോളം സൈനികരുമായി നഗരത്തിന് ഉപരോധം ഏർപ്പെടുത്തി. ഓസ്ട്രിയക്കാർ ഭയന്ന് വിറച്ച കാലം. ഓസ്ട്രിയായെ പിടിച്ചെടുക്കുകയും അതുവഴി യൂറോപ്പ് മുഴുവനെയും ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ഭാഗമാക്കുവാൻ ലക്ഷ്യമിട്ടിരുന്നു തുർക്കികൾ. ഓസ്ട്രിയായ്ക്ക് ആകെ നാൽപ്പതിനായിരം സൈനികർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാർപാപ്പയുടെ ആഹ്വാനപ്രകാരം പോളണ്ടിലെ രാജാവായ ജോൺ സോബിസ്‌ക്കി മൂന്നാമൻ മുപ്പതിനായിരം സൈനികരുമായി വന്നു. മാർപാപ്പയുടെ ദൂതനായി മാർക്കോ ഫോൺ അവിയാനോ എന്ന കപ്പൂച്ചിൻ വൈദികൻ അവർക്ക് ആത്മീയനേതൃത്വം നൽകി. 1683 സെപ്റ്റംബർ 12 ന് ഞായറാഴ്ച രാവിലെ നാലുമണിക്ക് കാളൻബർഗ് മലയുടെ മുകളിലുള്ള തകർന്നു കിടന്ന സെന്റ് ജോസഫ് ദേവാലയത്തി ൽ മാർക്കോ ഫോൺ അവിയാനോ ദിവ്യബലിയർപ്പിക്കുകയും തങ്ങളുടെ സൈന്യത്തെ സ്വർഗീയരാജ്ഞിയുടെ പരിപാലന യ്ക്ക് സമർപ്പിക്കുകയും ചെയ്തു. അതിനുശേഷം സംയുക്ത സൈന്യവുമായി കാളൻബർഗ് മലയിറങ്ങി ഒട്ടോമാൻ സൈന്യത്തെ നേരിട്ടു. അവർ ഒട്ടോമാൻ തുർക്കി സൈ ന്യത്തെ പരാജയപ്പെടുത്തി. ജീവരക്ഷാർത്ഥം പലായനം ചെ യ്ത തുർക്കികൾ അവരുടെ പീരങ്കികളും മറ്റു യുദ്ധോപകരണങ്ങളും ഉപേക്ഷിച്ചുപോയി. ശത്രുവിന്റെ ആ പീരങ്കികൾ ഉരുക്കിയെടുത്താണ് യൂറോപ്പിലെ വലിപ്പംകൊണ്ട് രണ്ടാം സ്ഥാനമുള്ള 22 മെട്രിക്ടൺ ഭാരമുള്ള പടുകൂറ്റൻ ദേവാലയമണി നിർമിച്ച് വിയന്നിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്നത്.
ഇന്ന് ഒട്ടോമാൻ തുർക്കികളോ മറ്റു മതസ്ഥരോ മറ്റേതെങ്കിലും മനുഷ്യരോ അല്ല ക്രിസ്ത്യാനിയുടെ ശത്രു. നേരെമറിച്ച് തിന്മയുടെ ശക്തിയാണ്. ഭൗതികവാദത്തിലൂടെയും യുക്തിവാദത്തിലൂടെയും ഉപഭോഗസംസ്‌കാരത്തിലൂടെയും ലൈംഗിക അരാചകത്വത്തിലൂടെയും തിന്മയുടെ അന്ധകാരശക്തികൾ കലയെയും മാധ്യമങ്ങളെയും ദുരുപയോഗിച്ചുകൊണ്ട് ക്രിസ്തുവിശ്വാസികളെ നശിപ്പിക്കുവാൻ വ്യക്തമായ അജണ്ടയോടെ സർവസന്നാഹവുമായി ഒരുമ്പെട്ടിരിക്കുന്നത് വിശ്വാസികൾ തിരിച്ചറിയണം.
”ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാൽ, ഇപ്പോൾ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു. രാത്രി കഴിയാറായി; പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിൻ. ദുർമോഹങ്ങളിലേക്ക് നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ” (റോമ 13:11-14). ക്രിസ്തുവിശ്വാസികൾ എന്നും പോരാട്ടത്തിലാണെന്ന് ഓർക്കണം. അവന്റെ ഓരോ ദിനവും തീർത്ഥാടകന്റെ പുരോഗതിയാണ്. സ്വർഗീയ ലക്ഷ്യത്തിൽനിന്ന് അവനെ വഴിതെറ്റിക്കുവാൻ എന്നും ശത്രു ജാഗ്രതയോടെ പതിയിരിക്കുന്നുണ്ട്.
കാനാൻ ദേശം ലക്ഷ്യമാക്കി യാത്ര തിരിച്ച ഇസ്രായേൽക്കാരെ അമലേക്യർ ആക്രമിക്കുന്ന സംഭവം പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ”അമലേക്യർ റഫിദീമിൽ വന്ന് ഇസ്രായേൽക്കാരെ ആക്രമിച്ചു. അപ്പോൾ മോശ ജോഷ്വയോട് പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്ധത്തിന് പുറപ്പെടുക. ഞാൻ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്ത് മലമുകളിൽ നിൽക്കും. മോശ പറഞ്ഞതനുസരിച്ച് ജോഷ്വാ അമലേക്യരുമായി യുദ്ധം ചെയ്തു. മോശ, അഹറോൻ, ഹൂർ എന്നിവർ മലമുകളിൽ കയറിനിന്നു. മോശ കരങ്ങളുയർത്തി പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങൾ താഴ്ത്തിയപ്പോൾ അമലേക്യർക്കായിരുന്നു വിജയം. മോശയുടെ കൈകൾ കുഴഞ്ഞു. അപ്പോൾ അവർ ഒരു കല്ല് നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേൽ ഇരുന്നു. അഹറോനും ഹൂറും അവന്റെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയംവരെ അവന്റെ കൈകൾ ഉയർന്നുതന്നെ നിന്നു. ജോഷ്വാ അമലേക്കിനെയും അവന്റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി. കർത്താവ് മോശയോട് അരുളിച്ചെയ്തു: ഇതിന്റെ ഓർമ നിലനിർത്താനായി നീ ഇത് ഒരു പുസ്തകത്തിലെഴുതി, ജോഷ്വായെ വായിച്ചു കേൾപ്പിക്കുക. ആകാശത്തിൻ കീഴിൽ നിന്ന് അമലേക്കിന്റെ സ്മരണ ഞാൻ നിശേഷം മായിച്ചുകളയും. മോശ അവിടെ ഒരു ബലിപീഠം നിർമിച്ച് അതിന് യാഹ്‌വേനിസ്‌സി എന്നു പേരു നൽകി. എന്തെന്നാൽ, അവൻ പറഞ്ഞു: കർത്താവിന്റെ പതാക കൈയിലെടുക്കുവിൻ. തലമുറ തോറും കർത്താവ് അമലേക്കിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കും” (പുറപ്പാട് 17:8-16).
തിന്മയുടെ പ്രതീകമായ അമലേക്യൻ എന്നും ക്രിസ്തുവിശ്വാസിയെ ആക്രമിക്കാനുണ്ടാകും. മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും വിശ്വാസരാഹിത്യമോ പാപാവസ്ഥയോ കണ്ട് പകച്ചുനിൽക്കാതെ ക്രിസ്തുവിശ്വാസികൾ ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥം തേടി മോശയെപ്പോലെ കൈവിരിച്ചുപിടിച്ച് പ്രാർത്ഥിക്കട്ടെ.
”സീയോൻപുത്രീ, കർത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹംപോലെ കണ്ണുനീർ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകൾക്ക് വിശ്രമം നൽകരുത്. രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ ജലധാരപോലെ ഹൃദയത്തെ ചൊരിയുക. നാൽക്കവലകളിൽ വിശന്നു തളർന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്ക് കൈകളുയർത്തുക” (വിലാപങ്ങൾ 2:18-19).
പുരോഹിതർ ദൈവവചന പ്രഘോഷണത്തിലൂടെ ജനത്തെ ദൈവത്തിലേക്ക് തിരിക്കട്ടെ. ദിവ്യകാരുണ്യാരാധനയും വിശുദ്ധ കുമ്പസാരവും വഴി തങ്ങളെ വിശുദ്ധീകരിക്കുന്ന ശക്തിസ്രോതസായ ദൈവത്തെ കണ്ടെത്തുവാൻ അവർ ജനങ്ങളെ സഹായിക്കുന്നതിൽ അതീവശ്രദ്ധ പുലർത്തട്ടെ. ”പുരോഹിതൻ അധരത്തിൽ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവൻ സൈന്യങ്ങളുടെ കർത്താവിന്റെ ദൂതനാണ്.
ഇന്ന് ലോകമാസകലം നടമാടുന്ന അകൃത്യങ്ങളോർത്ത് ഹൃദയം നൊന്ത് കരഞ്ഞ് പശ്ചാത്തപിക്കുവാൻ അവർ ജനങ്ങളെ ഉദ്‌ബോധിപ്പിക്കട്ടെ. എസെക്കിയേൽ പ്രവാചകന് നൽകിയ ദർശനംപോലെ അപ്രകാരം വിലപിച്ച് പ്രാർത്ഥിക്കുന്നവരുടെ മേൽ ദൈവം സംരക്ഷണമുദ്ര പതിപ്പിക്കുന്നു (എസെക്കിയേൽ 9:1-7).
വരണ്ട അസ്ഥികൾ നിറഞ്ഞ താഴ്‌വരയുടെ ദർശനം നൽകിക്കൊണ്ട് പ്രവചിക്കുവാൻ എസെക്കിയേൽ പ്രവാചകനോട് കല്പിച്ച കാരുണ്യവാനായ ദൈവം (എസെ. 37:1-14) ഇന്നിതാ വിശ്വാസം നഷ്ടപ്പെട്ട തകർന്ന കുടുംബാംഗങ്ങളുടെ താഴ്‌വരയായ യൂറോപ്പിലേക്ക് സുവിശേഷപ്രഘോഷകരെ പരിശുദ്ധാത്മാവിന്റെ നിറവിലും നിയന്ത്രണത്തിലും പ്രവാചകദൗത്യവുമായി അഭിഷേകം ചെയ്തിരിക്കുന്നു; പ്രവാസികളെ ഉണർത്തി യൂറോപ്പിനെ നവീകരിക്കുവാൻ.
സജി ജേക്കബ്, വിയന്ന

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?