Follow Us On

28

March

2024

Thursday

ലോക കുടുംബസംഗമം: പേപ്പൽ ഇഫക്ട് ആഗ്രഹിച്ച് ഐറിഷ് സഭ

ലോക കുടുംബസംഗമം: പേപ്പൽ  ഇഫക്ട് ആഗ്രഹിച്ച് ഐറിഷ് സഭ

 
ഡബ്ലിൻ: അനിശ്ചിതത്വങ്ങൾക്ക് വിരാമംകുറിച്ച്, അയർലൻഡ് ആതിഥേയത്വം വഹിക്കുന്ന ലോക കുടുംബസംഗമത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ എത്തുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചതോടെ രാജ്യത്ത് പ്രഥമ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് പാപ്പയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പൂർത്തിയാക്കുകയാണ് അയർലൻഡിലെ വിശ്വാസീസമൂഹം ലോക കുടുംബസംഗമങ്ങൾ ആരംഭിച്ചതുമുതൽ വേദിയിൽ പാപ്പായുടെ സാന്നിധ്യം ഉറപ്പാണെങ്കിലും, അയർലൻഡിലെ പാപ്പാ സന്ദർശനവുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നു. ലോക കുടുംബസംഗമത്തിന് ഡബ്ലിൻ വേദിയാകുന്ന പശ്ചാത്തലത്തിൽ ഐറിഷ് ഭരണകൂടം പാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും, വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നതാണ് വാസ്തവം. അത് കേവലം ആരോപണം മാത്രമല്ലെന്നതിന് തെളിവായി ചൂണ്ടിക്കാട്ടാം,സംഗമത്തിന് കേവലം രണ്ടു മാസം മുമ്പുമാത്രം ഉണ്ടായ സന്ദർശന സ്ഥിരീകരണം. എന്തായാലും രാജ്യത്ത് പാപ്പാ ഫ്രാൻസിസ്‌കോ ഇഫക്ട് സംഭവിക്കാൻ ഈ പേപ്പൽ പര്യടനം വഴിയൊരുക്കണം എന്നാണ് സഭാവിശ്വാസികളുടെ ആഗ്രഹവും പ്രാർത്ഥനയും. കാരണം, വിവാഹ^ കുടുംബ വ്യവസ്ഥകളിൽ വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.
രാജ്യം അന്നും ഇന്നും
വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് അയർലൻഡ് സന്ദർശിച്ച (1979) പ്രഥമ പാപ്പ. അദ്ദേഹം സന്ദർശനത്തിനെത്തിയപ്പോൾ ഉണ്ടായിരുന്ന സാമൂഹ്യസാഹചര്യങ്ങളല്ല നാൽപ്പതു വർഷത്തിനിപ്പുറം ഫ്രാൻസിസ് പാപ്പയെ കാത്തിരിക്കുന്നത്. വിവാഹ^ കുടുംബ വ്യവസ്ഥിതികളെ തച്ചുടയ്ക്കുന്ന നിയമവ്യവസ്ഥകളുടെ നാടായി മാറിക്കഴിഞ്ഞു അയർലൻഡ്. 1990ന്റെ ആരംഭംവരെ വിവാഹമോചനംപോലും നിയമവിരുദ്ധമായിരുന്ന രാജ്യത്തിപ്പോൾ സ്വവർഗ ലൈംഗികതയും സ്വവർഗ വിവാഹവുമെല്ലാം നിയമവിധേയമാണ്. എന്തിനേറെ പറയണം, സ്വവർഗാനുരാഗിയെന്ന് സ്വയം പ്രഖ്യാപിച്ച് പുരുഷപങ്കാളിക്കൊപ്പം ജീവിക്കുന്ന പ്രധാനമന്ത്രിയാണ് അയർലൻഡിന്റെ ഇപ്പോഴത്തെ ഭരണാധികാരി.മാത്രമല്ല, ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളുറപ്പാക്കുന്ന ‘എട്ടാം ഭരണഘടനാ ഭേദഗതി’ റദ്ദാക്കാനുള്ള ജനഹിത പരിശോധനയ്ക്ക് തയ്യാറെടുക്കുകയുമാണ് രാജ്യം. മേയ് 25ന് നടക്കുന്ന ജനഹിതപരിശോധനാ ഫലം പ്രോ ലൈഫ് അനുഭാവികൾക്ക് ഹിതകരമാവില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
സഭാംഗങ്ങൾക്ക് പ്രതീക്ഷ; സഭാവിരുദ്ധർക്ക് ആശങ്ക
കുടുംബത്തെയും ജീവസംസ്‌ക്കാരത്തേയും സാരമായി ബാധിക്കുന്ന വെല്ലുവിളികളിൽപെട്ട് ഉഴലുമ്പോൾ പാപ്പയുടെ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് ഐറിഷ് സഭാ നേതൃത്വം ഉറ്റുനോക്കുന്നത്. പാപ്പയുടെ ആഗമനം കുടുംബങ്ങളെഅഭിസംബോധന ചെയ്യാനാണെന്നത് പരിഗണിക്കുമ്പോൾ വിശേഷിച്ചും. ‘കുടുംബത്തിന്റെ സുവിശേഷം ലോകത്തിനുവേണ്ടിയുള്ള ആനന്ദം’ (ദ ഗോസ്പൽ ഓഫ് ദ ഫാമിലി: ജോയ് ഫോർ ദ വേൾഡ്) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.
വിവാഹം കുടുംബം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാപ്പ നടത്തുന്ന പരാമർശങ്ങൾ അയർലൻഡിൽ വിശ്വാസപരമായ മാറ്റമുണ്ടാക്കാൻ സഹായിക്കുമെന്നാണ് സഭയുടെ പ്രതീക്ഷ. പാപ്പ എന്താവും പറയുക എന്നതാണ് ഭരണകൂടത്തെ അലട്ടുന്നതും. വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിൽ മാത്രമാണെന്ന തരത്തിലുള്ള പ്രസ്താവനകൾ പാപ്പയിൽനിന്ന് ഉണ്ടാവരുത് എന്നവിധമുള്ള സൂചനകൾ ഈയിടെ ഒരു ഐറിഷ് മന്ത്രി പങ്കുവെച്ചത് ഈ ഭീതിക്ക് തെളിവാണ്.
ഓഗസ്റ്റ് 21മുതൽ 26വരെ നടക്കുന്ന ഒൻപതാം ലോക കുടുംബസംഗമ ദിനങ്ങളിലെ 25, 26 തിയതികളിലാണ് ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യം ഉണ്ടാവുക. ഓഗസ്റ്റ് 25ന് ഡബ്ലിനെത്തുന്ന പാപ്പ ക്രോക്ക് പാർക്കിൽ സംഘടിപ്പിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് ദ ഫാമിലീസ്’ പരിപാടിയിൽ പങ്കെടുക്കും. വിശ്വാസത്തിലധിഷ്~ിതമായി സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക സംഗീതവിരുന്നായ ‘ഫെസ്റ്റിവൽ ഓഫ് ദ ഫാമിലീസ്’ ലോക കുടുംബ സംഗമത്തിന്റെ ശ്രദ്ധേയ സെഷനുകളിലൊന്നാണ്. കുടുംബസംഗമത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 26ന് ഫീനിക്‌സ് പാർക്കിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പയായിരിക്കും മുഖ്യകാർമികൻ.
പ്രതീക്ഷ പങ്കുവെച്ച് സഭാനേതൃത്വം
‘വിശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ആഗോളസഭാ ആഘോഷങ്ങളിലും കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകളിലും പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ ഞങ്ങളുടെ രാജ്യത്തെത്തുന്നു എന്നതിനെ ഞങ്ങളേറെ ബഹുമാനിക്കുന്നു. ഞങ്ങളോടൊത്ത് അദ്ദേഹം താമസിക്കുന്ന കാലയളവിൽ അജപാലനപരമായ മാർഗനിർദേശങ്ങൾ കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,’ഐറിഷ് മെത്രാൻ സമിതി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഞങ്ങൾ ജിജ്ഞാസയോടെ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തെ കാത്തിരിക്കുകയാണ്. ഇത് വിശ്വാസികൾക്കും അത്മായർക്കും വൈദികർക്കും ആത്മീയനവീകരണത്തിന്റെ അവസരമായിരിക്കുമെന്നും ബിഷപ്പുമാർ പ്രത്യാശ പ്രകടിപ്പിച്ചു. പേപ്പൽ സന്ദർശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് മെത്രാൻ സമിതി അറിയിച്ചു. ഡബ്ലിൻ ആർച്ച്ബിഷപ്പ് ഡയമുഡ് മാർട്ടിനാണ് ലോക കുടുംബസംഗമത്തിന്റെ പ്രസിഡന്റ്.
ലോക കുടുംബസംഗമം 2018 ന്റെ ഔദ്യോഗിക ഐക്കണായ തിരുക്കുടുംബത്തിന്റെ ചിത്രം രണ്ട് കുടുംബങ്ങൾ ചേർന്ന് ഫ്രാൻസിസ് പാപ്പയ്ക്ക്ഇക്കഴിഞ്ഞ ദിവസം വത്തിക്കാനിൽ സമ്മാനിച്ചിരുന്നു. കോ കിൽഡാരെയിൽനിന്നുള്ള ടോബിൻ കുടുംബവും റോമിൽ താമസിക്കുന്ന ബഷെൽ കുടുംബവുമാണ് ഇത് പാപ്പയ്ക്ക് സമ്മാനിച്ചത്.
ശാലോം വേൾഡും ഒരുങ്ങുന്നു
കുടുംബം എന്ന വിഷയത്തിൽ കേന്ദ്രീകരിച്ച് 2014, 2015 വർഷങ്ങളിൽ വത്തിക്കാനിൽ സമ്മേളിച്ച സാധാരണ, അസാധാരണ സിനഡുകളുടെ ഭാഗമായാണ് ഡബ്ലിനിലെ ലോക കുടുംബസംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഓഗസ്റ്റ് 21നാണ് ലോക കുടുംബസംഗമത്തിന്റെ ഉദ്ഘാടനം. തുടർന്നുവരുന്ന മൂന്നു ദിവസങ്ങളിൽ വിവിധ വേദികളിൽ സമ്മേളനങ്ങൾ നടക്കും. ഫ്രാൻസിസ് പാപ്പാപുറപ്പെടുവിച്ച പ്രബോധനരേഖയായ ‘സ്‌നേഹത്തിന്റെസന്തോഷ’ത്തെ ആസ്പദമാക്കി കുടുംബവും വിശ്വാസവും, കുടുംബവും സ്‌നേഹവും, കുടുംബവും പ്രത്യാശയും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും സാക്ഷ്യങ്ങളും നടക്കും. കൂടാതെ, യുവജനങ്ങളുടെയും കുട്ടികളുടെയും പരിപാടികളും ഉണ്ടാകും.
ഓഗസ്റ്റ് 25നാണ് സമ്മേളനത്തിലെ ഏറ്റവും മനോഹരമായ ‘ഫെസ്റ്റിവൽ ഓഫ് ദ ഫാമിലീസ്’. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പട്ടവരുടെ നൃത്ത, സംഗീത പരിപാടികൾ ആദിനത്തെ കൂടുതൽ ആസ്വാദ്യകരമാക്കും. 26ന് പാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടും ദിവ്യകാരുണ്യ ആശീർവാദത്തോടുംകൂടി ലോക കുടുംബസംഗമത്തിന് തിരശീലവീഴും.
ലോകമെമ്പാടുമുള്ള കത്തോലിക്കാ കുടുംബങ്ങൾക്ക് പുത്തനുണർവ് പകരാൻ സഹായിക്കുന്ന ലോക കുടുംബസംഗമം അവിസ്മരണീയമാക്കാൻ അയർലൻഡിനൊപ്പം മീഡിയാ പാർട്ണറായ ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലും ഒരുക്കംതുടരുകയാണ്. കുടുംബസംഗമ വേദിയിലെ പരിപാടികൾ തത്‌സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനു പുറമെ, ഒരുക്കദിനങ്ങളിൽ പ്രക്ഷേപണം ചെയ്യാൻ പ്രത്യേക പരിപാടികളും ‘ശാലോം വേൾഡ്’ ഒരുക്കുന്നുണ്ട്.
ക്രൈസ്തവമൂല്യങ്ങൾ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്‌നേഹം വർധിപ്പിക്കുക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1994ലാണ് ലോക കുടുംബസംഗമത്തിന് തുടക്കം കുറിച്ചത്. മൂന്നു വർഷം കൂടുമ്പോഴാണ് സംഗമം സംഘടിപ്പിക്കുക. 1994ലും 2000ലും റോമായിരുന്നു വേദി. 1997ൽ ബ്രസീലിലെ റയോഡിജനീറോയും 2003ൽ ഫിലിപ്പീൻസിലെ മാനിലയും 2006ൽ സ്‌പെയിനിലെ വലെൻഷ്യയും 2009ൽ മെക്‌സിക്കോ സിറ്റിയും 2012ൽ ഇറ്റലിയിലെ മിലാനും വേദിയായി. ഫിലാഡൽഫിയയായിരുന്നു 2015ൽ കൂടിച്ചേർന്ന സംഗമത്തിന്റെ വേദി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?