Follow Us On

29

March

2024

Friday

വഴിതടയുന്ന ദൈവമെന്ന് കേട്ടിട്ടുണ്ടോ?

വഴിതടയുന്ന ദൈവമെന്ന് കേട്ടിട്ടുണ്ടോ?

ജീവിതത്തെ ഏറെ സ്വാധീനിച്ച നാളുകളായിരുന്നു ഡിഗ്രി പഠനകാലം. 1984-87 കാലത്ത് കാഞ്ഞിരപ്പള്ളി സെന്റ്‌ഡോമിനിക്‌സ് കോളജില്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്നു. ഒന്നാം വര്‍ഷക്കാരുടെ പ്രതിനിധിയാകാന്‍ മത്സരിച്ച് തോല്ക്കുക വരെ ചെയ്തു. ആ നാളുകളില്‍ത്തന്നെയാണ് കോളജില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തതും പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പോയിത്തുടങ്ങുന്നതും. താമസിയാതെ ജീസസ് യൂത്ത് എന്ന പേരുണ്ടാകുന്നതിനുമുമ്പുള്ള യുവജനനവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. രണ്ടാം വര്‍ഷത്തില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ, കൊമേഴ്‌സ് ഫോറം, നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍ സെക്രട്ടറി എന്നിങ്ങനെ ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു.

കാമ്പസുകള്‍ ഏറെ പ്രക്ഷുബ്ദമായിരുന്ന കാലഘട്ടമായിരുന്നല്ലോ എണ്‍പതുകള്‍. കാര്യത്തിനും അല്ലാതെയും പ ഠിപ്പുമുടക്കുകള്‍ അന്ന് സര്‍വ്വസാധാരണം. ഇന്നെന്തെങ്കിലും സമരമുണ്ടോ എന്ന ആകാംക്ഷയുമായാണ് വിദ്യാര്‍ത്ഥികള്‍ കോളജിലെത്തിയിരുന്നത്. പ്രത്യേക രാഷ്ട്രീയമൊന്നുമില്ലാത്ത തമാശസംഘടനയുടെ നേതൃത്വത്തിലുള്ള പഠിപ്പുമുടക്ക് സമരംമൂലം കോള ജുവിട്ട് മടങ്ങിയ പ്രാര്‍ത്ഥനാ ഗ്രൂപ്പ് വോളണ്ടിയര്‍ക്ക് അപ്പോഴാണ് ഒരു വെളിപാടുണ്ടാകുന്നത്. ഇത്തരം പഠിപ്പുമടക്കുകള്‍ക്കൊണ്ട് എത്രമാത്രം സമയവും ആയുസുമാണ് നഷ്ടപ്പെടുന്നത്.

അന്ന് കോളജില്‍ 2500 വിദ്യാര്‍ത്ഥികളും 150 അധ്യാപക അനധ്യാപകരും. വിദ്യാത്ഥികള്‍ക്ക് എട്ടും മറ്റുള്ളവര്‍ക്ക് പത്തും എന്നരീതിയല്‍ കണക്കാക്കിയാ ല്‍ നഷ്ടപ്പെടുന്നത് 21,500 മണിക്കൂറുകള്‍. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിന്റെ നല്ല സമയങ്ങള്‍. അന്ന് രാത്രി ഉറക്കമിളച്ചിരുന്ന് ഈ കണക്കെല്ലാം നിരത്തി ഒരു ലേഖനമെഴുതാന്‍ ആത്മാവ് പ്രചോദനം നല്‍കി. സ്‌കെച്ച്‌പെന്‍ പോലുള്ള വസ്തുക്കള്‍ അത്യപൂര്‍വ്വമായിരുന്നതുകൊണ്ട് പെന്‍സിലില്‍ തുണിചുറ്റി മഷിക്കുപ്പിയില്‍ മുക്കി ‘സമരം’ എന്ന തലക്കെട്ടുമെഴുതി. രാവിലെ കോളജിലെത്തി പ്രിന്‍സിപ്പലിന്റെ അനുമതിവാങ്ങി ‘ടാലന്റ് ഡിസ്‌പ്ലേ’ ബോര്‍ഡില്‍ ഈ കുറിപ്പ് ഇട്ടു. രണ്ടാമത്തെ പീരിയഡ് ക്ലാസിനിടയില്‍ പ്രിന്‍സിപ്പല്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. അദേഹം ശാന്തനായി പറഞ്ഞു. തലേദിവസം സമരം നടത്തിയവര്‍ക്ക് പ്രതിഷേധമുള്ളതുകൊണ്ട് ആ കുറിപ്പ് അവിടെ നിന്നും മാറ്റണം..”

ഞാന്‍ എതിരൊന്നും പറഞ്ഞില്ല. ഉടന്‍ തന്നെ അവിടെനിന്നും മാറ്റി. എന്നാല്‍ അടുത്തദിവസം കാര്യങ്ങള്‍ ചൂടുപിടിക്കുകയാണ് ഉണ്ടായത്. സമരം നടത്തിയ സംഘടനക്കാര്‍ പ്രതിഷേധവുമായി വന്നപ്പോള്‍ മറ്റൊരു കൂട്ടര്‍ എനിക്ക് സംരക്ഷണ ഭിത്തി തീര്‍ത്തു. മൂന്നാമത്തെ ദിവസം അച്ചടിച്ച ഒരുനോട്ടീസ് എല്ലാവരുടെയും കൈകളിലെത്തി. എന്റെ പേര് നേരിട്ടതില്‍ കൊടുത്തിട്ടില്ലായിരുന്നുവെങ്കിലും സൂചന വൃക്തമായിരുന്നു. ഞാവള്ളില്‍ എന്നവീട്ടുപേരില്‍നിന്ന് ‘വള്ളിയില്ലാത്ത ഞാണിന്മേല്‍ തൂങ്ങുന്ന വാനരസോദരാ’

എന്നൊക്കയായിരുന്നു അതിലെ അഭിസംബോധന. പ്രാര്‍ത്ഥനാ ഗ്രൂപ്പിനെ സൂചിപ്പിച്ച് ‘ഭക്തിലഹരി മാനസികരോഗത്തിന് കാരണമാകുമോ?’ എന്ന തലക്കെട്ടും. കരിങ്കാലി, വിദ്യാര്‍ത്ഥി വഞ്ചകാ എന്നൊക്കെയുള്ള ആക്രോശങ്ങള്‍ക്കൊടുവില്‍ രസകരമായൊരു കണക്കും അവര്‍ കൊടുത്തിരുന്നു. ഇന്ത്യയിലെ ജനസംഖ്യ 70 കോടിവരുമെങ്കില്‍ അവരോരുത്തരും ദിവസവും ശരാശരി അരമണിക്കൂര്‍ വീതം പ്രഭാതകൃതൃങ്ങള്‍ക്കായി ചിലവഴിക്കുന്നുവെന്ന് കരുതുക. മനുഷ്യായുസ് എടുത്ത് പരിശോധിച്ചാല്‍ ആകെ 35 കോടി മണിക്കൂര്‍. ഇതൊരു ദേശീയ നഷ്ടമല്ലേ? ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കൂ. ഇങ്ങനെയൊക്കയായിരുന്നു എതിര്‍വാദക്കാരുടെ ന്യായം.
ഞാന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ആളാണെന്ന് കോളജ് മുഴുവന്‍ പാട്ടാവുകയും അതിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ധാരാളം പേര്‍ എത്തുകയും ചെയ്തു എന്നതായിരുന്നു ഈ സംഭവവികാസങ്ങളുടെ അനന്തരഫലം. എന്നെ നവീകരണ ജീവിതത്തില്‍ നിലനിര്‍ത്തുന്നതിന് ദൈവം ഒരുക്കിയ വഴിയായി ഞാനിന്നും കാണുന്നത് ആ അനുഭവമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?