Follow Us On

29

March

2024

Friday

വായ്‌മൊഴിയായി വിതയ്ക്കപ്പെടുന്ന കളകൾ!

വായ്‌മൊഴിയായി  വിതയ്ക്കപ്പെടുന്ന  കളകൾ!

സത്യസന്ധരായി ജീവിച്ചാൽ രക്ഷപ്പെടാൻ പ്രയാസമാണെന്ന് പൊതുവേ പറയാറുണ്ട്. അങ്ങനെ പറയുന്നതിന്റെ കാരണം വ്യക്തമാക്കാൻ പലർക്കും കഴിയാറില്ല. എങ്കിലും അങ്ങനെയൊരു ധാരണ എങ്ങനെയോ അനേകരുടെ മനസിൽ കയറിക്കൂടിയിരിക്കുന്നു. മറ്റുചിലർ പുറമെ പറയുന്നില്ലെങ്കിലും അത്തരം ചിന്താഗതികൾ അവരെയും ഭരിക്കുന്നുണ്ട്. അതിന് തെളിവായി ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങളുമുണ്ട്. ഒറ്റനോട്ടത്തിൽ അവയെല്ലാം ശരിയാണെന്ന് തോന്നാം. അത്രയും യുക്തിഭദ്രമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. സമ്പത്തിനോടുള്ള ആഗ്രഹം മനുഷ്യസഹജമാണ്. അതിനെ വളർത്തി ദൈവവഴികളിൽനിന്നും അകറ്റുന്നതിനുള്ള ശ്രമങ്ങളാണ് ഇത്തരം വാദങ്ങൾ.
ചുറ്റുപാടുകളിലേക്ക് നോക്കിയാൽ സത്യസന്ധരായ അനേകർക്ക് അവരുടെ നിലപാടുകളുടെ പേരിൽ നഷ്ടങ്ങൾ സംഭവിച്ച കഥകൾ ചൂണ്ടിക്കാണിക്കാനാകും. എന്നാൽ, അവർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ അനുഗ്രഹങ്ങളായി ദൈവം മാറ്റുമെന്നത് വിസ്മരിക്കരുത്. അവരുടെ നീതിനിഷ്ഠത സമൂഹത്തിന് അനുഗ്രഹമായി തീർന്നിട്ടുണ്ട്. സത്യസന്ധതയോടെ ജീവിച്ചാൽ ഉയർച്ച ഉണ്ടാവില്ലെന്ന് പറയുന്നവർ അടുത്ത വാക്കായി കൂട്ടിച്ചേർക്കുന്നത്- ചെറിയ അഡ്ജസ്റ്റുമെന്റുകൾ ചെയ്യുന്നതിലൊന്നും കുഴപ്പമില്ലെന്നായിരിക്കും. എല്ലാവരും ഇതൊക്കെ ചെയ്യുന്നതല്ലേ എന്നൊക്കെയുള്ള വിശദീകരണങ്ങളും നൽകും. അവർ ഹീറോകളായി ചൂണ്ടിക്കാട്ടുന്ന പലരും വളഞ്ഞ വഴികളിലൂടെ നേട്ടങ്ങൾ സ്വന്തമാക്കിയവരാണ്. ഇത്തരക്കാർ സ്വന്തം തെറ്റിനെ ന്യായീകരിക്കാനും അതിനെ സാമാന്യവല്ക്കരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും. കുറ്റബോധം തോന്നുമ്പോൾ സ്വയം നടത്തുന്ന ന്യായീകരണങ്ങളാണ് സാമാന്യവല്ക്കരണം. നീതിവിരുദ്ധരായി ജീവിക്കുന്നവരെ മാതൃകകളായി അവതരിപ്പിക്കുമ്പോൾ സമൂഹത്തെ വഴിതെറ്റിക്കുന്ന അപകടങ്ങൾ അതിൽ പതിയിരിപ്പുണ്ടെന്ന് മനസിലാക്കണം. അതിനാൽത്തന്നെ അത്തരം വാക്കുകൾക്ക് ചെവികൊടുക്കരുത്. സത്യസന്ധരായി ജീവിച്ച് ഉയർന്ന നിലയിൽ എത്തിയ എത്രയോ പേർ നമുക്ക് ചുറ്റിലുമുണ്ട്. എന്തുകൊണ്ടാണ് അവരെ പരിഗണിക്കാത്തത്.
തെറ്റുകൾ ശരികളായി കരുതപ്പെടുകയും അവയെ മുഖംമൂടികൾ അണിയിച്ച് മഹത്വവല്ക്കരിക്കുകയും ചെയ്യുന്നത് ആധുനിക ശൈലിയാണ്. തിന്മ വിതയ്ക്കുന്ന കളകളാണ് ഇങ്ങനെയുള്ള ചിന്തകൾ. സത്യസന്ധർക്ക് രക്ഷയില്ലെന്ന തെറ്റായ ധാരണ പരത്തുമ്പോൾ തെറ്റിനോട് സന്ധിചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ്. ഈ ലോകത്തെ മാത്രം കേന്ദ്രീകരിച്ച് ജീവിച്ചാൽ മതിയെന്ന ആഹ്വാനമാണ് അത്തരം വാക്കുകളിൽ. പ്രായോഗികതയുടെ പേരിൽ ദൈവകല്പനകൾ ലംഘിക്കുന്നതുപോലും ന്യായീകരിക്കപ്പെടുന്നു. തെറ്റു ചെയ്യുന്നു എന്നു മാത്രമല്ല, മറ്റുള്ളവരെക്കൂടി അതിന് പ്രേരിപ്പിക്കുന്നു. ”എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനു ദുഷ്‌പ്രേരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത് കഴുത്തിൽ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18:6) എന്ന വചനം വിസ്മരിക്കരുത്.
തെറ്റുകളുടെ ലോകത്ത് എത്തപ്പെട്ട അനേകർക്ക് ഇത്തരം ദുർമാതൃക നൽകിയവരെപ്പറ്റി പറയാനുണ്ടാകും. ചെറിയ തെറ്റുകളിലൂടെ ആയിരിക്കും വലിയ തെറ്റുകളിലേക്ക് എത്തിയത്. ഈ ലോകത്ത് നേട്ടങ്ങൾ സ്വന്തമാക്കിയവരെല്ലാം വളഞ്ഞ വഴികളിലൂടെ സഞ്ചരിച്ചവരാണെന്ന് ഇതിനർത്ഥമില്ല. അതുവഴി നേട്ടങ്ങൾ സ്വന്തമാക്കിയവർ ധാരാളം ഉണ്ടാകും. പക്ഷേ അത്തരം സൗഭാഗ്യങ്ങൾക്ക് ആയുസ് കുറവായിരിക്കും. ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാൽ അതു ബോധ്യപ്പെടും. അതിലുപരി ഏറ്റവും വലിയ വിഡ്ഢിത്തം ചെയ്തവരാണ് അവർ. ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടമാക്കിയാൽ എന്തു പ്രയോജനമെന്ന് ദൈവവചനം നമ്മോട് ചോദിക്കുന്നുണ്ട്. ഇവിടെയാണ് തിന്മ വിതയ്ക്കുന്ന കളകളുടെ ശക്തി തിരിച്ചറിയേണ്ടത്. പുറമേ നോക്കുമ്പോൾ നിസാരമെന്നു തോന്നുന്നവയിലൂടെ തിന്മയ്ക്ക് ദൈവവഴികളിൽനിന്നും മനുഷ്യരെ പൂർണമായി അകറ്റാൻ കഴിയുമെന്ന് അറിയണം.
ലോകം പറയുന്ന കഥകൾ എപ്പോഴും പ്രത്യാശയുടേത് ആയിരിക്കണമെന്നില്ല. ഓരോരുത്തരുടെയും മനോഭാവങ്ങൾ അവർ പറയുന്ന കാര്യങ്ങളിലും പ്രതിഫലിക്കാം. സമ്പത്തിനോട് ഭ്രമം ഉള്ളവരുടെ വാക്കുകളിൽ ഏതുവിധേനയും അതു സമ്പാദിക്കുന്നതിനെ ന്യായീകരിക്കും. ഈ ലോകത്തെ മാത്രം ലക്ഷ്യമാക്കി ജീവിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകളെ ആ ഒറ്റക്കാരണംകൊണ്ട് തള്ളിക്കളയണം. മനുഷ്യർ പറയുന്ന വാക്കുകളല്ല, ദൈവം പറയുന്നതാണ് നാം കണക്കിലെടുക്കേണ്ടത്. ദൈവത്തോടുകൂടെ യാത്രചെയ്യുമ്പോഴാണ് നമ്മുടെ ജീവിതങ്ങൾ അനുഗ്രഹിക്കപ്പെടുന്നത്.
 

Share:

Similar Posts

Latest Posts

Don’t want to skip an update or a post?