Follow Us On

29

March

2024

Friday

വിളക്കുകൾ തെളിയുന്ന രാത്രി

വിളക്കുകൾ തെളിയുന്ന രാത്രി

ശനിയാഴ്ച വൈകുന്നേരമായതുകൊണ്ട് ഒഴിവുദിനത്തിന്റെ ലഹരിയിലായിരുന്നു ജർമ്മൻ നഗരം. പെട്ടെന്നാണ് തിരക്കുകൾക്കുമേൽ രണ്ടുപേർ പ്രത്യക്ഷപ്പെടുന്നത്. പുഞ്ചിരിച്ചുകൊണ്ട് അവർ വഴിയാത്രക്കാരോട് ചോദിക്കുന്നു, ”ഞങ്ങൾ ഒരു തിരി സമ്മാനമായി തരട്ടെ?” പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് അമ്പരന്നു നിൽക്കുന്നവരോട് അവർ തുടരുന്നു, ”നിങ്ങൾക്ക് താല്പര്യമെങ്കിൽ ആ ദേവാലയത്തിലൊന്നു കയറുമോ? അവിടെ സംഗീതമുണ്ട്, പ്രാർത്ഥനയുണ്ട്.”
ജർമനിയിലെ കൊളോൺ രൂപതയിൽ ആരംഭിച്ച ‘നൈറ്റ് ഫിവർ’ എന്ന ഈ ആത്മീയസംഗമം യൂറോപ്യൻ നഗരങ്ങളിലൊക്കെ പടർന്ന് പിടിച്ച് ന്യൂസിലാന്റുമുതൽ ന്യൂയോർക്കുവരെ എത്തിനിൽക്കുന്നു. എല്ലാ നഗരങ്ങളിലും പ്രോഗ്രാം നടത്തുന്ന രീതി ഒരുപോലെ. വൈകുന്നേരം വിശുദ്ധ കുർബാനയോടെ തുടങ്ങുന്ന ആരാധന രാത്രി 12 മണിയോടെ സഭയുടെ യാമപ്രാർത്ഥനയോടെ അവസാനിക്കുന്നു. ഇടമുറിയാതെ പെയ്യുന്ന പശ്ചാത്തലസംഗീതം, ഇടയ്ക്കിടെ ഉയരുന്ന സങ്കീർത്തനങ്ങൾ, സുകൃതജപങ്ങൾ ശ്വാസമിടിപ്പിന്റെ താളത്തിൽ പതിഞ്ഞ സ്വരത്തിൽ ഭജൻപോലെ ആവർത്തിച്ചുകൊണ്ടും ജപമാല രഹസ്യം ഉരുവിട്ടുകൊണ്ടും പരിശുദ്ധാത്മാവിന്റെ പെയ്തിറങ്ങലിന് വയലൊരുക്കുന്ന തിരുമണിക്കൂറുകൾ. ഇവിടെ സ്വർഗം ഭൂമിയെ ചുംബിക്കുന്നു. നിശബ്ദമായി അൾത്താരയിലെ കാരുണ്യത്തിലേക്ക് ഉറ്റു നോക്കുന്നവർ, തോരാത്ത കണ്ണുനീര് തുടച്ചുകൊണ്ട് കുനിഞ്ഞിരിക്കുന്നവർ…
ഇവിടെ ആരും ആരെയും മുട്ടുകുത്തുവാൻ നിർബന്ധിക്കില്ല, പ്രാർത്ഥന ഏറ്റുചൊല്ലി കൊടുക്കില്ല… കൈകൂപ്പാനോ നിശബ്ദത പാലിക്കുവാനോ പറയില്ല… എന്നിട്ടും ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതുപോലെയല്ല പലരും തിരിച്ചിറങ്ങുന്നത്. വെറും അഞ്ച് മിനിറ്റ് എന്ന് മന്ത്രിച്ച് വന്നവർ ഇറങ്ങിപ്പോകാതെ കുമ്പിട്ടിരിക്കുന്നു. മങ്ങിയ വെളിച്ചം നിറഞ്ഞ ദേവാലയത്തിലെ അൾത്താരയ്ക്ക് മുന്നിലായി ചിരാതുകളുടെ ആകൃതിയുള്ള മെഴുകുവിളക്കുകൾ മിഴിതുറന്നിരിക്കുന്നു. ഓരോ തിരികളും ഓരോ പ്രാർത്ഥനകളാണ്, അല്ല ചിലരുടെ ഹൃദയം തന്നെയാണ്. 40 വർഷമായി ദേവാലയത്തിൽ കയറാത്തവർ, കുമ്പസാരക്കൂട്ടിലേക്ക് നോക്കാത്തവർ. അവരുടെയെല്ലാം ഹൃദയം ഇവിടെ ആളിക്കത്തുകയാണ്.
ജർമൻ കാത്തലിക് ബിഷപ് കോൺഫ്രൻസ് തലവൻ, നൈറ്റ് ഫിവറിനെ വിശേഷിപ്പിച്ചത് ‘സഭയുടെ പ്രതീക്ഷയുടെ നക്ഷത്ര’മെന്നാണ്. പല നഗരങ്ങളിലും കുർബാനയർപ്പിക്കുന്നതും സന്ദേശങ്ങൾ നൽകുന്നതും ബിഷപുമാർ തന്നെയാണ്. ആയിരങ്ങളാണ് വിശ്വാസത്തോടെയും വിശ്വാസമില്ലാതെയും കാഴ്ച കാണാനും പ്രാർത്ഥിക്കുവാനുമൊക്കെ വരുന്നത്.
തിരിയുമായി വഴിയിൽ കാത്ത നിന്ന യൂലിയാ എന്ന പെൺകുട്ടിയോട് ചോദിച്ചു.” നിങ്ങൾ കൊടുക്കുന്ന തിരി നിരസിക്കുന്നവരില്ലേ, അപ്പോൾ വിഷമംതോന്നില്ലേ?” അവൾ ഉടനെ പറഞ്ഞു: ”ഒരിക്കലുമില്ല. ഈ രാവിൽ ഒരേയൊരാൾക്ക് ദൈവത്തോട് അടുപ്പം തോന്നിയാൽ മതി. ഞങ്ങൾക്കത് സന്തോഷമാണ്.” ദൈവത്തിന്റെ ആത്മാവ് ഒന്നല്ല കൈനിറയെ അനുഭവങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാറുണ്ട്.
നൈറ്റ്ഫിവറിന് ഗിറ്റാർ വായിക്കുന്ന ബിരുദവിദ്യാർത്ഥിയായ മാർട്ടിൻ, സൺഡേ ശാലോമിനോട് പറഞ്ഞത് തെരുവിൽ നടന്ന സംഭവമാണ്. ”ബസ്സ്റ്റാന്റിലെ വെയ്റ്റിംഗ്‌ഷെഡിൽ ഒറ്റയ്ക്കിരുന്ന ഒരാളുടെയടുത്തുചെന്ന് ‘തിരി തരട്ടെ’യെന്ന് ഞാൻ ചോദിച്ചു. നിരാശയും ഏകാന്തതയും നിറഞ്ഞ മുഖമുള്ളൊരാളായിരുന്നു അത്. ”എന്തെങ്കിലും വിഷമമുണ്ടോ?”എന്നു ഞാൻ ചോദിച്ചപ്പോൾ അയാൾ തലയാട്ടി. ”എന്റെ കൂടെ വരുമോ?”എന്നു ചോദിച്ചപ്പോൾ അയാൾ തുറിച്ചു നോക്കി… കുറച്ച് സമയം കഴിഞ്ഞപ്പോൾ അയാൾ എഴുന്നേറ്റുവന്നു, പള്ളിയിലേക്ക് കൊണ്ടുപോയി. ഓരോരുത്തർ ചെയ്യുന്നത് ശ്രദ്ധിച്ച് അയാൾ കുറെനേരം നിന്നു. മെല്ലെ കൈയിലുണ്ടായിരുന്ന തിരിതെളിച്ചു. പിന്നെ അരുളിക്കയുടെ മുന്നിൽ മുട്ടുകുത്തി കണ്ണടച്ചു. ”ഞാനൊരു വൈദികനെ വിളിക്കട്ടെ. കുമ്പസാരിക്കാമോ?” എന്ന് ചോദിച്ചപ്പോൾ അയാളുടെ മുഖം വിടരുന്നത് കണ്ടു. അത് അയാളുടെ ജീവിതം പുതുക്കി നിർമ്മിക്കാൻ വഴിയൊരുക്കുകയായിരുന്നു. ഓരോ സായാഹ്നങ്ങളിലും ഇങ്ങനെ മധുരിക്കുന്ന അനുഭവങ്ങൾ ഏറെയുണ്ടാകാറുണ്ടെന്ന് മാർട്ടിൻ.
ലോകയുവജനോത്സവത്തിന് തിരശീല വീണപ്പോൾ ജർമനിയിലെ കൊളോണിലെ ചില വിദ്യാർത്ഥികൾക്ക് തങ്ങൾ അനുഭവിച്ച വിശ്വാസക്കനൽ കെടാതെ മുന്നോട്ട് കൊണ്ടുപോകണമെന്ന ചിന്തയുദിച്ചു. പരിശുദ്ധാത്മാവ് തോന്നിപ്പിക്കുന്നതുപോലെ ചലിച്ചില്ലെങ്കിൽ സ്വന്തം പ്ലാനുകളൊക്കെ പൊളിയുമെന്ന് ആവശ്യത്തിലധികം അനുഭവങ്ങൾ അവരെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ട് ദൈവസ്വരത്തിന് അവർ കാതോർത്തു. അങ്ങനെയാണ് തെരുവിൽ നടന്ന് വഴിയാത്രക്കാരെ ദേവാലയത്തിലേക്ക് ക്ഷണിക്കുക എന്ന ആശയം വിടർന്നത്. അങ്ങനെ ഒരു പ്രാവശ്യത്തേക്ക് തുടങ്ങിയത് ഇന്ന് നൂറുതവണയിലേറെയായി, ഭൂഖണ്ഡങ്ങളും കടന്നു. ഇന്ന് നൈറ്റ് ഫിവർ അക്കാഡമിയും നൈറ്റ്ഫിവർ ലീഡേഴ്‌സ് സമ്മേളനങ്ങളും വിവിധ രാജ്യങ്ങളിലുള്ളവരെ കോർത്തിണക്കി നൈറ്റ്ഫിവർ വാർഷികസമ്മേളനങ്ങളുംനടക്കുന്നു.
ഫാൻസിസ്‌ക്കാ എന്ന പെൺകുട്ടിയോട് ചോദിച്ചു, ”ഇതിന്റെ അടിസ്ഥാന ശിലയെന്താണ്…?” മറുപടി ഇതായിരുന്നു. ”വിശുദ്ധ കുർബാനയും പ്രാർത്ഥനയും..”.ഒരുകൂട്ടർ തെരുവിലിറങ്ങുമ്പോൾ മധ്യസ്ഥപ്രാർത്ഥനയുമായി ബാക്കിയുള്ളവർ ദേവാലയങ്ങളിലുണ്ടാകും. ദീപമാകുന്നവർക്കല്ലേ ദീപമേകുവാൻ കഴിയൂ.
ഇന്നും സാമ്പത്തിക മാർഗത്തിൽ ചരിച്ചും ആത്മീയമായി മരിച്ചും കഴിയുന്ന വൻനഗരങ്ങളിലെ അടച്ചു പൂട്ടപ്പെടുന്ന ദേവാലയങ്ങൾക്ക് മുന്നിൽനിന്ന് നെഞ്ചിൽ കരിന്തിരി കത്തുന്ന വിശ്വാസം അണയാതെ പൊതിഞ്ഞു പിടിക്കുവാൻ ഒരായിരങ്ങൾക്ക് പ്രതീക്ഷയുടെ വെട്ടം തരുന്ന സുന്ദരക്കാഴ്ചയാണീ തിരികൾ മിഴിതുറക്കുന്ന സുന്ദരരാവുകൾ.
‘നൈറ്റ്ഫിവർ സഭയുടെ പുതിയ പന്തക്കുസ്തയാണ്. നിശബ്ദത പാലിക്കുക, മുട്ടുകുത്തുക.” ജർമനിയിലെ ഫുൾസയിൽ നടന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ ബിഷപ് ഹൈൻസ് ജോസഫ് ഓർമ്മിപ്പിക്കുന്നു.
പുതിയ പന്തക്കുസ്താക്ക് വയലുകളൊരുക്കുകയാണ് ഈ നൈറ്റ് ഫീവർ സംഘം. പഴമയും പുതുമയും ഒന്നിപ്പിച്ച്, സംഗീതവും നിശബ്ദതയും ഒന്നിപ്പിച്ച് പാരമ്പര്യവും അത്യാധുനികവും കൂട്ടിയിണക്കി, രാവും പകലും സന്ധിക്കുന്ന സായാഹ്നശോഭയിൽ ”നാഥാ കൂടെ വസിക്കണേ” എന്ന മൃദുമന്ത്രണവുമായി..
ബാസ്റ്റ്യൻ നീലഗിരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?