Follow Us On

28

March

2024

Thursday

വിശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം

വിശുദ്ധീകരിക്കുന്ന  പ്രവര്‍ത്തനം

25. ദൈവരാജ്യത്തില്‍നിന്ന് വിഭിന്നമായി ക്രിസ്തുവിനെ മനസിലാക്കാന്‍ സാധിക്കാത്തതുപോലെതന്നെ നിങ്ങളുടെ വ്യക്തിപരമായ ദൗത്യവും ദൈവരാജ്യത്തിന്റെ നിര്‍മാണത്തില്‍നിന്ന് വേര്‍തിരിക്കാവുന്നതല്ല. ”നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍” (മത്താ. 6:33). ക്രിസ്തുവിനോടും അവിടുത്തെ തിരുമനസിനോടുമുള്ള താദാത്മ്യപ്പെടല്‍ സ്‌നേഹത്തിന്റെയും നീതിയുടെയും സാര്‍വത്രിക സമാധാനത്തിന്റേതുമായ ദൈവരാജ്യം നിര്‍മിക്കാനുള്ള പ്രതിബദ്ധതയും ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാവശ്യമായ എല്ലാ പ്രയത്‌നങ്ങളിലും ത്യാഗങ്ങളിലും ഒപ്പം അതു നല്‍കുന്ന എല്ലാ ആനന്ദത്തിലും സമ്പന്നതയിലും അത് നിങ്ങളോടൊപ്പം ജീവിക്കാന്‍ ക്രിസ്തുതന്നെയും ആഗ്രഹിക്കുന്നു. നിങ്ങളെ തന്നെ പൂര്‍ണ ആത്മാവോടും ശരീരത്തോടുംകൂടെ സമര്‍പ്പിക്കാതെ, ഈ പരിശ്രമത്തിനായി നിങ്ങളെ തന്നെ ആവുന്നത്ര പ്രതിബദ്ധരാക്കാതെ നിങ്ങള്‍ക്ക് വിശുദ്ധിയില്‍ വളരാന്‍ സാധിക്കുകയില്ല.
26. അന്യരുമായുള്ള ബന്ധത്തെ ഒഴിവാക്കി നിശബ്ദതയെ സ്‌നേഹിക്കുന്നതും വിശ്രമം ആഗ്രഹിച്ചുകൊണ്ട് പ്രവര്‍ത്തനം ഒഴിവാക്കുന്നതും ശുശ്രൂഷയെ ചെറുതായി കണ്ട് പ്രാര്‍ത്ഥന അന്വേഷിക്കുന്നതും ആരോഗ്യകരമല്ല. നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമായി ഈ ലോകത്തിലുള്ള എല്ലാറ്റിനെയും നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കാനും സംയോജിക്കാനും വിശുദ്ധിയിലേക്കുള്ള നമ്മുടെ പാതയുടെ ഒരു ഭാഗമായിത്തീരാനും സാധിക്കും. നമ്മുടെ പ്രവൃത്തികളുടെ മധ്യേപോലും ധ്യാനനിരതരാകാനും നമ്മുടെ ശരിയായ ദൗത്യം ഉത്തരവാദിത്വത്തോടും ഉദാരതയോടുംകൂടെ നിര്‍വഹിച്ചുകൊണ്ട് വിശുദ്ധിയില്‍ വളരാനും നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു.
27. ഒരു ദൗത്യം നിര്‍വഹിക്കുന്നതിനുവേണ്ടി നമ്മെ ഉത്തേജിപ്പിച്ചിട്ട് നമ്മുടെ ആന്തരിക സമാധാനം കാത്തുസൂക്ഷിക്കാന്‍വേണ്ടി അത് ഉപേക്ഷിക്കുവാനോ പൂര്‍ണമായി അതില്‍ ഏര്‍പ്പെടാതിരിക്കാന്‍ നമ്മോട് ആവശ്യപ്പെടാന്‍ പരിശുദ്ധാത്മാവിന് കഴിയുമോ? വിശുദ്ധിയുടെയും ആന്തരികസമാധാനത്തിന്റെയും വളര്‍ച്ചയുടെ പാതയില്‍ ‘പല വിചാരങ്ങള്‍’ ആണെന്നുള്ള മട്ടില്‍ അജപാലനപരമായ ജോലിയെയോ ലോകത്തില്‍ നമുക്കുള്ള പ്രതിബദ്ധതയെയോ രണ്ടാം സ്ഥാനത്തേക്ക് മാറ്റിവയ്ക്കാന്‍ നാം പ്രലോഭിതരാകുന്ന സമയങ്ങള്‍ ഉണ്ട്. ”ജീവിതത്തിന് ഒരു ദൗത്യമില്ല; എന്നാല്‍ ജീവിതംതന്നെ ഒരു ദൗത്യമാണ്” എന്നത് നമുക്ക് മറക്കുവാന്‍ സാധിക്കുമോ?
28. ഉത്ക്കണ്ഠയോ അഹങ്കാരമോ മറ്റുള്ളവരില്‍ മതിപ്പുളവാക്കി അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആഗ്രഹംമൂലമോ ചെയ്യുന്ന ഒരു കാര്യവും വിശുദ്ധിയിലേക്ക് നയിക്കുകയില്ലെന്ന് പറയേണ്ടതില്ലല്ലോ. നാം ചെയ്യുന്ന എല്ലാ പ്രയത്‌നങ്ങള്‍ക്കും പ്രേഷിതപരമായ അര്‍ത്ഥമുള്ള വിധത്തിലും അവ നമ്മെ എപ്പോഴും യേശുക്രിസ്തുവുമായി താദാത്മ്യപ്പെടുത്തുന്ന വിധത്തിലും നമ്മുടെ സമര്‍പ്പണത്തില്‍ ജീവിക്കുക എന്നതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. നാം മിക്കപ്പോഴും മതാധ്യാപകന്റെ ആധ്യാത്മികതയെക്കുറിച്ചും രൂപതാ വൈദികന്റെ ആധ്യാത്മികതയെക്കുറിച്ചും തൊഴിലിന്റെ ആധ്യാത്മികതയെക്കുറിച്ചും സംസാരിക്കാറുണ്ട്. ഇതുകൊണ്ടാണ് ”സുവിശേഷത്തിന്റെ സന്തോഷത്തില്‍” ദൗത്യത്തിന്റെ ആധ്യാത്മികതയും ”അങ്ങേക്ക് സ്തുതി”യില്‍ പരിസ്ഥിതി പരമായ ആധ്യാത്മികതയും ”സ്‌നേഹത്തിന്റെ സന്തോഷത്തില്‍” കുടുംബജീവിതത്തിന്റെ ആധ്യാത്മികതയെയുംകുറിച്ച് പറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിച്ചത്.
29. ഇതിന്റെ അര്‍ത്ഥം ദൈവതിരുമുമ്പില്‍ ശാന്തതയുടെയും ഏകാന്തതയുടെയും മൗനത്തിന്റെയും നിമിഷങ്ങളുടെ ആവശ്യം അവഗണിക്കുക എന്നതല്ല, മറിച്ചാണ് വേണ്ടത്. പുതിയ സാങ്കേതിക ഉപകരണങ്ങളുടെ നിരന്തര സാന്നിധ്യം യാത്രയുടെ ആവേശം ഉപഭോഗവസ്തുക്കളുടെ അനന്തമായ നിര എന്നിവ ദൈവികസ്വരം കേള്‍ക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ഇടയാക്കും. അമിതമായ വാക്കുകളിലും വര്‍ധിച്ചുവരുന്ന ഉപരിസന്തോഷങ്ങളിലും ശബ്ദകോലാഹലങ്ങളിലും നാം മുഴുകുന്നു. ആനന്ദത്താല്‍ നിറയുന്നതിനുപകരം ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടവരുടെ അതൃപ്തി നമ്മില്‍ നിറയുന്നു. ദൈവവുമായുള്ള ഹൃദയപൂര്‍വമായ സംഭാഷണം തുടര്‍ന്നുകൊണ്ടുപോകാനായി വ്യക്തിപരമായ ഇടം വീണ്ടെടുക്കാനായി ഇവയ്‌ക്കെല്ലാം വിരാമമിടേണ്ടതാണെന്ന് നമുക്ക് മനസിലാകാതിരിക്കുന്നതെങ്ങനെ? അത് വേദനാജനകമായിരിക്കാം, എങ്കിലും ഫലദായകമാണ്. ഉടനെയോ പിന്നീടോ നമ്മുടെ യഥാര്‍ത്ഥ തനിമയെ നമ്മള്‍ അഭിമുഖീകരിക്കുകയും കര്‍ത്താവിന് പ്രവേശനം അനുവദിക്കുകയും വേണം. ”ഭയാനകമായ പ്രലോഭനത്തിന്റെ അഗാധതയിലേക്ക് നാം വീഴാന്‍ തുടങ്ങുന്നതായി കാണുകയോ നിരാശയുടെ കിഴുക്കാന്‍തൂക്കായ മലയില്‍ നില്‍ക്കുമ്പോള്‍ തലചുറ്റിക്കുന്ന അനുഭവം ഉണ്ടാവുകയോ തികച്ചും ഒറ്റപ്പെട്ടവരും പരിത്യക്തരുമായി സ്വയം തിരിച്ചറിയുകയോ” ചെയ്യുന്നില്ലെങ്കില്‍ ഇതു സംഭവിച്ചേക്കില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് നമ്മുടെ ജോലിയോടുള്ള പ്രതിബദ്ധത പൂര്‍ണമായി ജീവിക്കാനുള്ള അത്യഗാധമായ ഉത്തേജനം നമുക്ക് ഉണ്ടാകുന്നത്.
30. ഇന്നത്തെ ലോകത്തില്‍ സാധാരണമായി കാണപ്പെടുന്ന വ്യതിചലനങ്ങള്‍ക്കും ഉല്ലാസം നല്‍കുന്ന ഉപകരണങ്ങള്‍ക്കും ക്ഷണികമായ സന്തോഷങ്ങള്‍ പ്രദാനം ചെയ്ത് നമ്മെ പൂര്‍ണമായും അവയ്ക്ക് അടിമകളാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള വ്യതിചലനങ്ങള്‍ നമ്മുടെ ഒഴിവുസമയങ്ങളെ സമ്പൂര്‍ണമായി ഉപയോഗിക്കാനുള്ള പ്രവണതയും നമ്മില്‍ സൃഷ്ടിക്കുന്നു. അതിന്റെ പരിണതഫലമായി ദൗത്യത്തെ നാം വെറുക്കാന്‍ തുടങ്ങുന്നു.
നമ്മുടെ സമര്‍പ്പണം ഉദാസീനതയായിത്തീരുന്നു. നമ്മുടെ ഉദാരവും പ്രവര്‍ത്തനക്ഷമവുമായ സേവനചൈതന്യം തളരാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് ആത്മീയ അനുഭവത്തെ നിര്‍ഗുണമാക്കുന്നു. സുവിശേഷവത്ക്കരണത്തിലും പരസഹായശുശ്രൂഷയിലും മന്ദത കാട്ടുന്ന ആത്മീയ തീക്ഷ്ണതയ്ക്ക് ഭദ്രമായിരിക്കാന്‍ സാധിക്കുമോ?
(തുടരും)

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?