Follow Us On

19

April

2024

Friday

ഏപ്രിൽ 04: വിശുദ്ധ ഇസിദോർ ഓഫ് സെവില്ലെ

ഏപ്രിൽ 04: വിശുദ്ധ ഇസിദോർ ഓഫ് സെവില്ലെ

ജ്യേഷ്ഠന്റെ ശിക്ഷകൾ സഹിക്കാൻ വയ്യാതെ ഇസിദോർ എന്ന ആ ബാലൻ ഒളിച്ചോടി. ജ്യേഷ്ഠന്റെ കൈയിൽനിന്നും വാക്കുകളിൽനിന്നും രക്ഷപ്പെട്ടെങ്കിലും സ്വന്തം മനസിലുള്ള പരാജയചിന്തയുടെയും അവഗണനയുടെയും മുറിവുകളിൽനിന്ന് അവന് രക്ഷപെടാനായില്ല. എന്നാൽ ആ സമയത്ത് താനിരുന്ന പാറയിൽനിന്ന് ജലം ഒഴുകുന്നത് അവൻ ശ്രദ്ധിച്ചു.
ആറാം നൂറ്റാണ്ടിലെ സ്‌പെയിനിൽ വിശുദ്ധരുടെ കുടുംബമെന്ന് വിളിക്കപ്പെടാവുന്ന കുടുംബമായിരുന്നു അവന്റേത്. ലിയാൻഡർ, ഫുൾജെന്റിയൂസ് എന്നീ സഹോദരൻമാരും ഫ്‌ളോറന്റീന എന്ന സഹോദരിയും. ഇവർ സ്‌പെയിനിലെ വിശുദ്ധരായി പിന്നീട് ഉയർത്തപ്പെട്ടു. ഇസിദോറുമായി പ്രായത്തിൽ വളരെ അന്തരമുള്ള സഹോദരനായ ബിഷപ് ലിയാൻഡർ കടുത്ത ശിക്ഷണമാണ് അവന് നല്കിയത്. അതിൽനിന്ന് രക്ഷപ്പെടാനായിരുന്നു ഒളിച്ചോട്ടം. അങ്ങനെ ഒളിച്ചോടി വന്നിരുന്ന പാറയിലെ കാഴ്ച ശ്രദ്ധിക്കുകയായിരുന്നു ആ ബാലൻ. ബലമൊന്നും പ്രയോഗിക്കാതെ ജലകണങ്ങൾ താഴെ വീഴുന്നു. അവ പാറയിൽ മാറ്റമൊന്നും ഉണ്ടാക്കുന്നുമില്ല. എന്നാൽ അല്പസമയം കൂടി ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം മനസിലായി. ജലം വീണ് പാറയിൽ സുഷിരങ്ങളുണ്ടായിട്ടുണ്ട്.
അതിലൂടെ ദൈവം ആ ബാലനോട് സംസാരിച്ചു. തന്റെ പഠനത്തിനായി സ്വയം അർപ്പിച്ചാൽ ഒടുവിൽ തന്റെ ചെറിയ പരിശ്രമങ്ങൾവഴി വലിയ അറിവ് സമ്പാദിക്കാനാകും. പാറപോലുള്ള ജ്യേഷ്ഠസഹോദരന്റെ മനസ് അതുവഴി തുളച്ചുകയറാൻ സാധിക്കുമെന്നും അവന് തോന്നി. അങ്ങനെ അവൻ സഹോദരനടുത്തെത്തി. എന്നാൽ ഇസിദോറിനെ ബിഷപ് ലിയാൻഡർ ഒരു മുറിയിൽ ഏകാന്തവാസത്തിലാക്കി. അതൊരു ആശ്രമമുറിയായിരുന്നിരിക്കണം. കാരണം ഇസിദോർ വീണ്ടും ഓടിപ്പോയേക്കാമെന്ന ഭയമുണ്ടായിരുന്നു അദ്ദേഹത്തിന്.
പഠനം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായി അവൻ തിരഞ്ഞെടുത്തു. പിന്നീട് ബിഷപ്പായി അവരോധിക്കപ്പെടുന്ന സമയമായപ്പോഴേക്കും സ്‌പെയിനിലെ മഹാനായ അധ്യാപകനായി ഇസിദോർ ഉയർന്നിരുന്നു. സ്‌പെയിനിലെ എല്ലാ രൂപതകളിലും സെമിനാരിതുടങ്ങാൻ കാരണമായതും പഠനത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടംതന്നെ.
ഓപ്പുസ് എറ്റിമോളജീസ് എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു. അറിയപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയുമുള്ള ഒരു വിവരണം അതിലുണ്ടായിരുന്നു. തന്റെ മരണത്തിനുശേഷമാണ് അത് പുറത്തിറങ്ങിയതെങ്കിലും ആയിരത്തോളം വർഷങ്ങൾ അത് ഒരു ‘എൻസൈക്ലോപീഡിയ’യായി പരിഗണിക്കപ്പെട്ടു. അറിവ് അന്വേഷിക്കുന്നവർക്ക് അതൊരു ‘ടൂൾ’ ആയിരുന്നു, ഇന്നത്തെ ഇന്റർനെറ്റ് പോലെ.
സെവില്ലെയിലെ ബിഷപായി 37 വർഷം സേവനം ചെയ്ത അദ്ദേഹം 80-ാമത്തെ വയസിൽ, എ.ഡി. 636 ഏപ്രിൽ നാലിനാണ്, മരിച്ചത്. 1598-ൽ ക്ലമന്റ് എട്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. ഇന്നസെന്റ് പതിമൂന്നാമൻ പാപ്പ 1722-ൽ വേദപാരംഗതനായി പ്രഖ്യാപിച്ചു. 1997-ൽ ജോൺപോൾ രണ്ടാമൻ പാപ്പയാണ് അദ്ദേഹത്തെ ഇന്റർനെറ്റിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?