Follow Us On

28

March

2024

Thursday

വിശുദ്ധ കബറിടങ്ങളിലെ തീര്‍ത്ഥാടകന്‍

വിശുദ്ധ കബറിടങ്ങളിലെ  തീര്‍ത്ഥാടകന്‍

വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വരുംകാലങ്ങളില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന മറ്റ് എട്ടു പേരുടെയും കല്ലറകള്‍ തുറക്കുമ്പോള്‍ ഡോക്ടര്‍ എന്ന നിലയില്‍ സംഘത്തില്‍ അംഗമായിരുന്ന ഡോ. നെല്‍സണ്‍ ചാണ്ടിയുടെ അനുഭവങ്ങള്‍

വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന മറ്റ് എട്ട് പേരുടെയും കല്ലറകള്‍ തുറന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് ഡോ. നെല്‍സണ്‍ ചാണ്ടി. എം.ബി.ബി.എസ് പഠനശേഷം അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലാണ് ഡോ. നെല്‍സണ്‍ ജോയിന്‍ ചെയ്തത്.

അദ്ദേഹം കഴുത്തിലണിഞ്ഞിരുന്ന ജപമാല കണ്ടിട്ടാണ് സെലക്ഷന്‍ നല്‍കിയതെന്ന് ആശുപത്രി ഡയറക്ടര്‍ പിന്നീട് പറയുകയുണ്ടായി. തന്നെ കാണാന്‍ വരുന്നവര്‍ക്കെല്ലാം വെന്തിങ്ങ കൊടുക്കുന്ന ശീലം ഡോ. നെല്‍സന് ഉണ്ടായിരുന്നു. ആ സമയത്താണ് ഒരു നിരീശ്വരവാദി ഡോക്ടറെ കാണാനെത്തുന്നത്. അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നു. പതിവുപോലെ വെന്തിങ്ങ നല്‍കി.

പിറ്റേ ദിവസം ആ രോഗി ഡോക്ടറുടെ അടുക്കലേക്ക് വീണ്ടുമെത്തി. ഉടനെ കുമ്പസാരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഈ അനുഭവങ്ങള്‍ ഡോ. നെല്‍സണ്‍ ചാണ്ടിയുടെ ജീവിതത്തിലും ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു.
മറ്റൊരിക്കല്‍ അക്രൈസ്തവയായൊരു സഹോദരി ഡോക്ടറെ കാണാന്‍ ചെന്നു. ബ്ലഡ് കാന്‍സറായിരുന്നു രോഗം. അവരുടെ സഹോദരന്‍ വിദേശത്തായിരുന്നു. ജപമാല, വെന്തിങ്ങ, കാശുരൂപങ്ങള്‍ എന്നിവ അദ്ദേഹം നാട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു.

അവര്‍ വളരെ സന്തോഷവതിയായിരുന്നു. ഇതും ഡോക്ടറുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്നത്തെ സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന് ഡോക്ടര്‍ നെല്‍സന്റെ പ്രവര്‍ത്തനങ്ങളോട് ഏറെ താല്പര്യമുണ്ടായിരുന്നു. നാല്‍പതുമണി ആരാധന, തിരുനാളുകള്‍, ദുഃഖവെള്ളിയാഴ്ച എന്നീ അവസരങ്ങളിലെ പ്രസംഗങ്ങള്‍ക്ക് ഡോ. നെല്‍സണെയാണ് കര്‍ദിനാള്‍ ചുമതലപ്പെടുത്തിയത്.

നവീകരണത്തിലേക്ക്
നെല്‍സനെ ചെറുപ്പത്തില്‍ ആസ്തമയുടെ അസുഖം വല്ലാതെ അലട്ടി. ഫാ. ജേക്കബ് ചൊവ്വല്ലൂര്‍ നല്‍കിയ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് കഴുത്തില്‍ കെട്ടിയ ശേഷമാണ് അസുഖത്തില്‍നിന്നും പൂര്‍ണ സൗഖ്യം ലഭിച്ചത്. ഏഴുവയസുള്ള നെല്‍സണ്‍ ആലുവ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങി മരിക്കേണ്ടതായിരുന്നു. അവിടെനിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത് മറ്റൊരു ദൈവപരിപാലന.

1976-ല്‍ ആളൂര്‍ ബി.എല്‍.എമ്മില്‍ ധ്യാനം കൂടിയശേഷമാണ് ഡോ. നെല്‍സണ്‍ ചാണ്ടി നവീകരണാനുഭവത്തിലേക്ക് വരുന്നത്. പിന്നീട് ചിയ്യാരം ഗലീലിയില്‍ മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍ നടത്തിയ ധ്യാനങ്ങളുടെയെല്ലാം സംഘാടകനായി ഡോ. നെല്‍സണ്‍ പ്രവര്‍ത്തിച്ചു.

ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം, സിസ്റ്റര്‍ ഡാഫിനി എം.എസ്.എം.ഐ, ജോസ് കാപ്പില്‍, മേലപറമ്പില്‍ തോമാച്ചന്‍ എന്നിവരാണ് ഡോ. നെല്‍സനെ നയിച്ചത്. കര്‍ത്താവുമായി കൂടുതല്‍ അടുക്കണമെന്നുള്ള ചിന്ത അക്കാലത്തുണ്ടായി.

ഇരിഞ്ഞാലക്കുട രൂപതയിലെ പൂവത്തുശേരി ആശുപത്രിയില്‍ ഡോക്ടറായി ജോലി നോക്കുന്ന അവസരത്തിലാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മയുടെ കുഴിക്കാട്ടുശേരിയിലുള്ള കബറിടം തുറക്കുന്നത്. ആ ടീമിലേക്ക് ഡോ. നെല്‍സനെയും വിളിച്ചു. എല്ലാവരും പ്രാര്‍ത്ഥിച്ച് ഒരുങ്ങിയശേഷമാണ് മറിയം ത്രേസ്യായുടെ കബറിടം തുറക്കാന്‍ പോയത്.

പൂവത്തുശേരിയില്‍നിന്നും ഒരു സംഘം കന്യാസ്ത്രീകള്‍ പാക്കറ്റില്‍ ജപമാലയുമായെത്തി. കല്ലറ തുറക്കുമ്പോള്‍ ഒന്ന് മുട്ടിക്കാന്‍. എങ്കിലും ഇത് കാനോനിക്കലായി ശരിയല്ലെന്ന് പറഞ്ഞ് അന്നത്തെ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷനായിരുന്ന മാര്‍ ജെയിംസ് പഴയാറ്റില്‍ വിലക്കിയിരുന്നു. ഈ വിവരങ്ങളൊന്നും പുറത്തുപറയരുതെന്ന് ബിഷപ് നിര്‍ദേശിച്ചിരുന്നു.

ഡോ. നെല്‍സന്റെ അടുത്ത ബന്ധത്തില്‍പെട്ട ഒരു പെണ്‍കുട്ടി മറിയം ത്രേസ്യായുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് സുഗന്ധാഭിഷേകം ഉണ്ടായി. അങ്ങനെ അവര്‍ ആ മഠത്തില്‍ ചേര്‍ന്ന് സന്യാസിനിയായി. അവരുടെ അനുജത്തിയും തുടര്‍ന്ന് ഹോളിഫാമിലി കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നു.

മറിയം ത്രേസ്യാമ്മയുടെ ഗുരുത്തിയമ്മയായ എവുപ്രാസ്യാമ്മയുടെ കല്ലറ തുറക്കാനും ഡോ. നെല്‍സണ്‍ ചാണ്ടിക്ക് ദൈവനിയോഗമുണ്ടായി. മംഗലപ്പുഴ സെമിനാരി റെക്ടറായിരുന്ന സ്പാനിഷ് വൈദികന്‍ ഫാ. സഖറിയാസിന്റെ കബറിടം തുറന്നപ്പോഴും ഡോ. നെല്‍സണ്‍ ഉണ്ടായിരുന്നു.

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധനായി ജനങ്ങള്‍ കണ്ടിരുന്ന വ്യക്തിയായിരുന്നു ഫാ. സഖറിയാസ്. അദ്ദേഹത്തിന്റെ മൃതസംസ്‌കാര വേളയില്‍ ഫോട്ടോഗ്രാഫര്‍, അച്ചന്റെ ഭൗതികശരീരം കല്ലറയിലേക്കെടുക്കുംമുമ്പ് മൃതശരീരത്തില്‍ വച്ചിരുന്ന ഒരു പൂവെടുത്ത് സ്വന്തം പോക്കറ്റില്‍ വച്ചുപോലും. കുഴിക്കാട്ടുശേരിയിലെതന്നെ ഫാ. ജോസഫ് വിതയത്തിലിന്റെയും കല്ലറ തുറക്കുന്ന സമയത്തും ഡോ. നെല്‍സണ്‍ ഉണ്ടായിരുന്നു.

നടപടിക്രമങ്ങള്‍
ചൊവ്വന്നൂര്‍ ഫാ. അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ കല്ലറ തുറന്നപ്പോഴും സാക്ഷ്യംവഹിക്കാന്‍ ഡോ. നെല്‍സണ്‍ ഉണ്ടായിരുന്നു. ചേലക്കര ആന്റണി തച്ചുപറമ്പിലച്ചന്റെ കല്ലറ തുറക്കുമ്പോള്‍ ബിഷപ് പഴയാറ്റില്‍ ഒരു ഉപദേശം ഡോക്ടര്‍ക്ക് നല്‍കി: ”എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയില്‍ ജീവിക്കാനാണ്. അതുകൊണ്ട് ഇതുപോലെയുള്ള വിശുദ്ധ ജീവിതം നയിക്കാന്‍ പരിശ്രമിക്കുക.” വിശുദ്ധ ജീവിതം നയിക്കേണ്ടതിന്റെ ബോധ്യം ആ നാളുകളില്‍ ഡോ. നെല്‍സണ്‍ ചാണ്ടിക്ക് ലഭിച്ചത് അങ്ങനെയാണ്.

മംഗലപ്പുഴ സെമിനാരിയില്‍ റെക്ടറും സ്പാനിഷ് വൈദികനുമായ ഫാ. ഔറേലിയസിന്റെ കബറിടം തുറന്നപ്പോഴും ഡോ. നെല്‍സണ്‍ ചാണ്ടി ഉണ്ടായിരുന്നു. തേഞ്ഞുപോയ ചെരിപ്പാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. കീറിയ ഉടുപ്പ് വീണ്ടും വീണ്ടും തുന്നിയിട്ട് അത് ഉപയോഗിക്കും. വിശുദ്ധ എവുപ്രാസ്യാമ്മ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ എന്നിവരുടെ കല്ലറകളാണ് വിവിധ ഘട്ടങ്ങളില്‍ തുറന്ന് പരിശോധിച്ചത്.

വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ ‘വിശുദ്ധ പദ’ത്തിന്റെ അടുത്തെത്തിയിരിക്കുകയാണ്. ഇതിന് ഉപോല്‍ബലകമായ രോഗസൗഖ്യം വത്തിക്കാന്‍ അംഗീകരിച്ചുകഴിഞ്ഞു. വിശുദ്ധപദ പ്രഖ്യാപനത്തിന് ചില നടപടിക്രമങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.

തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായിരുന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ കല്ലറ തുറന്നപ്പോഴും ഡോ. നെല്‍സണ്‍ ഉണ്ടായിരുന്നു. കോതമംഗലം രൂപതയില്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ കബറിടം തുറന്നതിനും ഡോ. നെല്‍സണ്‍ സാക്ഷിയാണ്.

ഓരോരുത്തരുടെയും നാമകരണ നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്. ആദ്യമായി വിശുദ്ധ പദത്തിലേക്ക് എത്തേണ്ട വ്യക്തിയുടെ കാര്യങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ ചുമതലപ്പെടുത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാണ് കുഴിമാടം തുറക്കലിലേക്ക് കടക്കുന്നത്; ഡോ. നെല്‍സണ്‍ ചാണ്ടി പറയുന്നു.
രണ്ടോ മൂന്നോ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് കുഴിമാടം തുറക്കുക.

ബിഷപ്പും കൂടെയുണ്ടാവും. എന്തൊക്കെയാണ് കുഴിമാടത്തിലുള്ളതെന്ന് പരിശോധിക്കും. ഓരോ എല്ലുകളും എടുത്ത് ഏത് ശരീരഭാഗത്തിന്റെയാണെന്ന് കണ്ടുപിടിക്കും. ഓരോ ചെറിയ കുപ്പികളിലാക്കി സീല്‍ ചെയ്ത് വയ്ക്കും. ഇത് എവിടെയാണ് സൂക്ഷിക്കേണ്ടതെന്ന് രൂപതാധ്യക്ഷനാണ് തീരുമാനിക്കുക.

എവുപ്രാസ്യാമ്മ വാഴ്ത്തപ്പെട്ടവളായിരിക്കുമ്പോള്‍ കുഴിമാടം വീണ്ടും തുറന്നിരുന്നു. അതില്‍ മുഴുവന്‍ വെള്ളമായിരുന്നു. എല്ലുകള്‍ കുപ്പിയിലാക്കി സീല്‍ ചെയ്ത് ഭദ്രമായി സൂക്ഷിച്ചു. ആ സമയത്ത് ഏതെങ്കിലും ഭാഗങ്ങള്‍ തിരുശേഷിപ്പായി എടുത്ത് സൂക്ഷിക്കുന്നതിന് അനുവാദമുണ്ട്. ഓരോ പദവി പ്രഖ്യാപനസമയത്ത് തിരുശേഷിപ്പായി കൊടുക്കുന്നത് ഇങ്ങനെ എടുത്ത് സൂക്ഷിക്കുന്ന ഭാഗങ്ങളാണ്.

ഇത്രയും കല്ലറകള്‍ തുറക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണെന്ന് ഡോ. നെല്‍സണ്‍ ചാണ്ടി പറയുന്നു. ഡോക്ടറെ മുന്‍പരിചയമില്ലാത്ത കര്‍ദിനാള്‍ മാര്‍ ക്ലിമീസ് പിതാവാണ് തിരുവനന്തപുരത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് ചെല്ലുമ്പോള്‍ എട്ട് കുഴിമാടങ്ങള്‍ തുറന്നയാളാണ് എന്നു പറഞ്ഞിട്ടാണ് ക്ലിമീസ് പിതാവ് ഡോ. നെല്‍സണെ പരിചയപ്പെടുത്തിയത്.

കര്‍ത്താവിന്റെ കരുണ മാത്രമാണ് ഇതിനെല്ലാം കാരണം. മറിയം ത്രേസ്യാമ്മയുടെ കബറിടം തുറന്നത് ഡോ. നെല്‍സണും ഡോ. സണ്ണി പഴയാറ്റിലും ചേര്‍ന്നാണ്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്നവരുടെ കബറിടങ്ങള്‍ തുറക്കുമ്പോള്‍ അവരുടെ ഒരു സ്പര്‍ശനമുണ്ടായാല്‍ സ്വര്‍ഗത്തില്‍ എത്താമല്ലോ എന്ന് ചിന്തിച്ചിരുന്നെന്ന് ഡോ. നെല്‍സണ്‍ ചാണ്ടി പറയുന്നു.

കര്‍ത്താവ് നല്‍കിയ അവസരങ്ങളായിട്ടാണ് ഡോ. നെല്‍സണ്‍ ഈ ശുശ്രൂഷകളെയെല്ലാം കാണുന്നത്. തൃശൂര്‍ വ്യാകുല മാതാവിന്‍ ഇടവകാംഗമായ ഡോ. നെല്‍സണ്‍ മൂന്നു വര്‍ഷമായി റിട്ടയര്‍മെന്റ് ജീവിതം നയിക്കുകയാണ്. ഭാര്യ മോളി നെടുംപുഴ ജോര്‍ദാനിയയിലെ മുന്‍ കൗണ്‍സിലറാണ്.

സൈജോ ചാലിശേരി

Share:

Related Posts

Latest Postss

Don’t want to skip an update or a post?