Follow Us On

19

March

2024

Tuesday

വിശുദ്ധ ജൂലിയ

വിശുദ്ധ ജൂലിയ

May 23: കോർസിക്കായിലെ വിശുദ്ധ ജൂലിയ
കാർത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ൽ ഗോത്രവർഗ്ഗക്കാരുടെ രാജാവായിരുന്ന ജെൻസെറിക്ക് ആ നഗരം കീഴടക്കിയപ്പോൾ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വിൽക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികൾ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്തു.
ജോലി ചെയ്യേണ്ടാത്ത അവസരങ്ങളിൽ വിശുദ്ധ പ്രാർത്ഥനക്കും, ആത്മീയ ഗ്രന്ഥങ്ങൾ വായിക്കുന്നതിനുമായി വിനിയോഗിച്ചു. അവളുടെ സമയനിഷ്ഠയിലും, ആത്മാർത്ഥതയിലും ആകൃഷ്ടനായ വിശുദ്ധയുടെ ഉടമസ്ഥൻ ഒരിക്കൽ ഗൌളിലേക്ക് യാത്രപോയപ്പോൾ വിശുദ്ധയേയും കൂടെ കൂട്ടി. കോർസിക്കായുടെ വടക്കൻ ഭാഗത്തെത്തിയപ്പോൾ അദ്ദേഹം തന്റെ കപ്പലിന് നങ്കൂരമിടുകയും, വിഗ്രഹാരാധകരുടെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി തീരത്തേക്ക് പോവുകയും ചെയ്തു.താൻ പരസ്യമായി വെറുക്കുന്ന വിഗ്രഹാരാധകരുടെ അന്ധവിശ്വാസപരമായ ഉത്സവത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമില്ലാത്തതിനാൽ ജൂലിയ കുറച്ച് ദൂരെ മാറിനിന്നു.
കടുത്ത വിഗ്രഹാരാധകനും, ആ ദ്വീപിലെ ഗവർണറുമായിരുന്ന ഫെലിക്‌സ് തങ്ങളുടെ ദൈവത്തെ പരസ്യമായി അധിഷേപിക്കുന്ന ഈ സ്ത്രീ ആരാണെന്ന് ചോദിച്ചപ്പോൾ, അവൾ ഒരു ക്രിസ്ത്യാനിയാണെന്ന് യൂസേബിയൂസ് വെളിപ്പെടുത്തി. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അവളുടെ മതത്തെ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അവൾ വളരെ കഠിനമായി ജോലിചെയ്യുന്നവളും, വിശ്വസ്തയുമാണെന്നും അതിനാൽ തനിക്ക് അവളെ വിട്ടുപിരിയുവാൻ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുകേട്ട ഗവർണർ തന്റെ അടിമകളിൽ ഏറ്റവും നല്ല നാല് സ്ത്രീകളെ അദ്ദേഹത്തിന് വിശുദ്ധക്ക് പകരമായി വാഗ്ദാനം ചെയ്തു. എന്നാൽ ”നിങ്ങളുടെ മുഴുവൻ സമ്പത്തിനും അവളെ വാങ്ങുവാൻ കഴിയുകയില്ല, ഈ ലോകത്ത് എനിക്കുള്ള ഏറ്റവും അമൂല്യമായ വസ്തുപോലും ഞാൻ ഇവൾക്കായി ഉപേക്ഷിക്കുവാൻ തയ്യാറാണ്” എന്നായിരുന്നു യൂസേബിയൂസിന്റെ മറുപടി. എന്നാൽ യൂസേബിയൂസ് മദ്യപിച്ചു ഉറങ്ങുന്ന അവസരത്തിൽ ഗവർണർ വിശുദ്ധയോട് തങ്ങളുടെ ദൈവങ്ങൾക്ക് ബലിയർപ്പിക്കുകയാണെങ്കിൽ താൻ അവളെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു.
എന്നാൽ തനിക്ക് തന്റെ യേശുവിനെ സേവിക്കുവാൻ കഴിയുന്നിടത്തോളം കാലം താൻ സ്വതന്ത്രയാണെന്നായിരുന്നു വിശുദ്ധയുടെ മറുപടി. വിശുദ്ധയുടെ മറുപടി കേട്ടപ്പോൾ താൻ അപമാനിക്കപ്പെട്ടതായി ഫെലിക്‌സിന് തോന്നി. പെട്ടെന്നുള്ള ദേഷ്യത്തിന് ഫെലിക്‌സ് വിശുദ്ധയുടെ മുഖത്ത് ശക്തിയായി അടിക്കുകയും, അവളുടെ തലയിൽ നിന്നും ഒരു ഭാഗം മുടി വലിച്ചു പറിക്കുകയും ചെയ്തു. അവസാനം വിശുദ്ധയെ മരിക്കുന്നത് വരെ കുരിശിൽ തൂക്കുവാൻ അദ്ദേഹം ഉത്തരവിട്ടു. ഗോർഗോൺ ദ്വീപിലെ കുറച്ച് സന്യാസിമാർ വിശുദ്ധയുടെ മൃതദേഹം തങ്ങളുടെ കൂടെ കൊണ്ടുപോയി.
പക്ഷേ 768-ൽ ലൊംബാർഡിയിലെ രാജാവായിരുന്ന ഡെസിഡെരിയൂസ് വിശുദ്ധയുടെ ഭൗതീകശരീരം അവിടെ നിന്നും ബ്രെസിയായിലേക്ക് മാറ്റി. അവിടെ വിശുദ്ധയുടെ ഓർമ്മദിനം വളരെ ഭക്തിപൂർവ്വം ആഘോഷിച്ചുവരുന്നു. തീക്ഷണമായ ഭക്തിയും വിശ്വാസവും മുറുകെ പിടിച്ചവളായിരുന്നു ജൂലിയ. ദൈവീക പരിപാലനത്തിന്റെ എല്ലാ പദ്ധതികളേയും യാതൊരു പരാതിയും കൂടാതെ അവൾ ആദരിച്ചു. അവൾക്ക് നേരിടേണ്ടി വന്നിരുന്ന എല്ലാ ദൈവീക നിയോഗങ്ങളേയും നന്മക്കും, വിശുദ്ധിക്കും വേണ്ടിയുള്ള മാർഗ്ഗങ്ങളാക്കി കൊണ്ട് ദൈവത്തോടു നന്ദി പറയുവാനും, ദൈവത്തെ സ്തുതിക്കുവാനും അവൾ ഒരിക്കലും മടികാണിച്ചിരുന്നില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?