Follow Us On

28

March

2024

Thursday

വിശുദ്ധ നാട്ടിലേക്കുള്ള യാത്രകള്‍

വിശുദ്ധ  നാട്ടിലേക്കുള്ള യാത്രകള്‍

നാലായിരത്തോളം പേരെ വിശുദ്ധ നാട്ടിലേക്ക് നയിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഫാ. ജോസഫ് കാപ്പില്‍. അതില്‍ 82 വൈദികരും 212 സന്യാസിനികളുമുണ്ട്. 1994 മെയ് മാസത്തിലായിരുന്നു ആദ്യ വിശുദ്ധ നാട് തീര്‍ത്ഥാടനം. ”വിശുദ്ധനാട് തീര്‍ത്ഥയാത്രകളുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്റെ പൗരോഹിത്യജീവിതം. ഒരു കാലത്ത് വിശുദ്ധനാട് തീര്‍ത്ഥയാത്രയെപ്പറ്റി ക്രൈസ്തവര്‍ക്ക് വലിയ അറിവോ ബോധ്യമോ താല്‍പര്യമോ ഉണ്ടായിരുന്നില്ല. ക്രൈസ്തവര്‍ക്ക് ഇതൊരു സ്വപ്‌നം മാത്രമായിരുന്നു. ഇന്ന് ആ സ്ഥിതിക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഇന്ന് ഒട്ടേറെ ഏജന്റുമാര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ധാരാളം ക്രൈസ്തവര്‍ തീര്‍ത്ഥാടകരായി വിശുദ്ധ നാട്ടിലെത്തുന്നു. കര്‍ത്താവിന്റെ നാട് സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം വലിയൊരു ദൈവാനുഭവം സ്വന്തമാക്കാനും ബൈബിളിലെ ദൈവത്തിന്റെ മനുഷ്യരക്ഷാപദ്ധതികളെക്കുറിച്ച് ആഴമായി മനസിലാക്കുവാനും കഴിയുന്നു. വിശ്വാസത്തില്‍ ഏറെ ആഴപ്പെടാനും അത് ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കാനും ബൈബിളിനോട് കൂടുതല്‍ ആഴമായ സ്‌നേഹത്തില്‍ വളരാനും ഇടവരുത്തുന്നു. കൂടാതെ വിശുദ്ധനാട് തീര്‍ത്ഥയാത്ര ഏറ്റവും അനുഗ്രഹപ്രദമായ ഒരു ധ്യാനപരിപാടിയാണെന്ന് ഒട്ടേറെപ്പേര്‍ സാക്ഷ്യം നല്‍കുന്നു.” 24 വര്‍ഷത്തിനിടയില്‍ 54 വിശുദ്ധനാട് യാത്രകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. ജോസഫ് കാപ്പില്‍ പറയുന്നു.
പ്രതിസന്ധികള്‍
”വര്‍ഷങ്ങളോളം വിശുദ്ധനാട്ടില്‍ പഠനം നടത്തിയും പ്രാര്‍ത്ഥിച്ചും പുണ്യസ്ഥലങ്ങളെല്ലാം നേരില്‍ കണ്ടും തൊട്ടനുഭവിച്ചും വിശദമായി മനസിലാക്കിയും ഈ പ്രേഷിതദൗത്യത്തിന് ദൈവം എന്നെ കാലേകൂട്ടി ഒരുക്കിയെന്നാണ് പൂര്‍ണമായ വിശ്വാസം. അതിനാല്‍ ഈ പ്രേഷിതവേല കൂടുതല്‍ ഫലദായകമാക്കിത്തീര്‍ക്കാന്‍ സാധിക്കുന്നുണ്ട്; ഫാ. കാപ്പില്‍ ഇങ്ങനെയാണ് വിശുദ്ധനാട് തീര്‍ത്ഥാടനത്തെ വിലയിരുത്തുന്നത്. തുടക്കത്തില്‍ വര്‍ഷത്തില്‍ ഒരു യാത്രയുമായി ആരംഭിച്ച പരിപാടി, വര്‍ഷത്തില്‍ നാലും അഞ്ചും തവണയായി ഇപ്പോള്‍ മാറി. പത്തുദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനത്തിന് ഒരു ഗ്രൂപ്പിനെ സംഘടിപ്പിച്ച് ആത്മീയവും ഭൗതികവും മാനസികവുമായി എല്ലാ വിധത്തിലും ഒരുക്കി വിശുദ്ധ നാട്ടിലുടനീളം നയിച്ച് എല്ലാ പുണ്യസ്ഥലങ്ങളെ സംബന്ധിച്ച് വിശുദ്ധ ബൈബിളിന്റെ പശ്ചാത്തലത്തില്‍ വിവരിച്ചു പറഞ്ഞുകൊടുത്തും, യാത്ര, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഒരു കുറവുംകൂടാതെ നടത്തിക്കൊടുത്തും സുരക്ഷിതരായി തിരിച്ചെത്തിക്കുക എന്നത് ഏറെ അധ്വാനവും മാനസികസംഘര്‍ഷവും നിറഞ്ഞതുമാണ്. ചിലപ്പോഴെല്ലാം അപ്രതീക്ഷിതമായി പലതും സംഭവിക്കാം. യാത്രയ്ക്കിടയില്‍ ഒരു മധ്യവയസ്‌കന്‍ ഹൃദയാഘാതംമൂലം മരിക്കാനിടയായി. മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരണമോ അവിടെ സംസ്‌കരിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ താല്‍പര്യപ്രകാരം ബത്‌ലഹേമില്‍ സംസ്‌കരിച്ചു. അതിനുവേണ്ടി കുറെയേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നു. അതുപോലെ ഒരു തീര്‍ത്ഥാടനഗ്രൂപ്പില്‍നിന്ന് രണ്ടു യുവാക്കള്‍ ഇസ്രായേലില്‍ ജോലി കണ്ടെത്താന്‍വേണ്ടി മുങ്ങിയത് വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായതായി അച്ചന്‍ പറയുന്നു. ഇസ്രായേല്‍ പോലീസും മറ്റ് അധികാരികളുമായി ബന്ധപ്പെട്ട് നടക്കേണ്ടിവന്നതും വലിയ തിക്താനുഭവങ്ങളായിരുന്നു. എന്നാല്‍ വിശുദ്ധനാട് തീര്‍ത്ഥാടനവേളയില്‍ എന്തെല്ലാം സംഭവിച്ചാലും അവിടെയെല്ലാം ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലും ശക്തമായ സംരക്ഷണവും എപ്പോഴും ലഭിച്ചിരുന്നു. അതിനാല്‍ ഒരിടത്തും ഒരു പരാജയവും സംഭവിച്ചിട്ടില്ല. തീര്‍ത്ഥയാത്രയുമായി പ്രത്യേകമായവിധം ബന്ധപ്പെട്ട ഇസ്രായേലിലെ ഏജന്റും ഹോട്ടല്‍ മാനേജര്‍മാരും പോലീസും ഉദ്യോഗസ്ഥരും എപ്പോഴും സഹായത്തിനുണ്ടായിരുന്നു. ദൈവപരിപാലന ഒത്തിരിയേറെ അനുഭവിക്കാന്‍ ഇപ്രകാരമുള്ള സംഭവങ്ങള്‍ ഇടയാക്കി.
ഇപ്രകാരമുള്ള ചില അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശുദ്ധനാട് തീര്‍ത്ഥയാത്ര അവസാനിപ്പിച്ചാലോ എന്ന് ഒരിക്കല്‍ വിമാനത്തിലിരുന്ന് ചിന്തിച്ചു. യാത്ര ഇതോടെ അവസാനിപ്പിക്കാമെന്ന് മനസില്‍ തീരുമാനിച്ചു. പോട്ട ധ്യാനമന്ദിരത്തില്‍ ശുശ്രൂഷ നടത്തുന്ന ഒരു സഹോദരി സംഘത്തിലുണ്ടായിരുന്നു. അവര്‍ ഫാ. കാപ്പില്‍ ഇരിക്കുന്നിടത്തേക്ക് വന്ന് പറഞ്ഞു: ”അച്ചന്‍ വളരെയധികം മാനസികസംഘര്‍ഷം അനുഭവിക്കുന്നതായി കര്‍ത്താവ് കാണിച്ചുതരുന്നു. എന്നാല്‍ ഈ തീര്‍ത്ഥാടനം നിര്‍ത്തരുതെന്നാണ് കര്‍ത്താവ് തരുന്ന സന്ദേശം. അച്ചന്‍ ഇത് തുടരണം. കാരണം ഒത്തിരിയേറെപപേര്‍ക്ക് ഇതുവഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുന്നുണ്ട്.” അച്ചന്‍ മൂളുകമാത്രം ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയതിനുശേഷം കുറെ ചിന്തിച്ചു, പ്രാര്‍ത്ഥിച്ചു, ദൈവഹിതം തിരിച്ചറിയുന്നതിനുവേണ്ടി. വിശുദ്ധനാട് തീര്‍ത്ഥയാത്ര തുടരുന്നതാണ് ദൈവഹിതമെന്ന് മനസിലാക്കി. ഇത് എന്നെ സംബന്ധിച്ചുള്ള ദൈവനിയോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു; ഫാ. കാപ്പില്‍ ഓര്‍മിച്ചെടുത്തു.
മാര്‍പാപ്പ നല്‍കിയ പൗരോഹിത്യം
തൊടുപുഴക്കടുത്ത് നെടിയശാലയില്‍ ദേവസ്യ-അന്ന ദമ്പതികളുടെ മകനായി 1944-ല്‍ ജനിച്ചു. രണ്ട് സഹോദരിമാരും ഒരു സഹോദരനും. മൂന്നുവയസ് പ്രായമുള്ളപ്പോഴാണ് കുടുംബം തൊടുപുഴ-നെടിയശാലയില്‍നിന്ന് മലബാറിലേക്ക് പോരുന്നത്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിലാണ് സ്ഥലം വാങ്ങി താമസമാക്കിയത്. കൂരാച്ചുണ്ടിലും കുളത്തുവയലിലുമായി സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കി. അക്കാലമത്രയും അള്‍ത്താരബാലസംഘത്തിലെ അംഗമായിരുന്നു. എന്നും വിശുദ്ധ കുര്‍ബാന കൂടാന്‍ പോവുകയെന്നത് വലിയ സന്തോഷമായിരുന്നു. ഒരു വൈദികനാകണമെന്ന ആഗ്രഹം ഉള്ളിന്റെ ഉള്ളില്‍ രൂപപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി കഴിയാന്‍ കാത്തിരുന്നു സെമിനാരിയില്‍ ചേരാന്‍. തലശേരി മെത്രാന്‍ വള്ളോപ്പിള്ളി പിതാവ് ഇന്റര്‍വ്യൂ നടത്തി മൈനര്‍ സെമിനാരിയില്‍ അഡ്മിഷന്‍ നല്‍കി. കുന്നോത്തും തലശേരിയിലുമായി മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. മംഗലാപുരത്ത് ഈശോസഭാ വൈദികര്‍ നടത്തിയിരുന്ന മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനം നടത്തി. ദൈവശാസ്ത്രപഠനത്തിനായി വള്ളോപ്പിള്ളി പിതാവ് റോമിലേക്കയച്ചു. റോമില്‍ പ്രൊപ്പഗാന്ത കോളജിലും യൂര്‍ബന്‍ യൂണിവേഴ്‌സിറ്റിയിലും ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കുകയും ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ചെയതു. 1970 മെയ് 17-ന് പെന്തക്കുസ്താ ദിവസം റോമില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍വച്ച് ആറാം പോള്‍ മാര്‍പാപ്പയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് ആ ദിവസത്തെ എന്നും ഓര്‍ക്കുന്നത്. കാരണം ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളില്‍ ഒന്നായ പെന്തക്കുസ്താ ദിവസം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബസിലിക്കയായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍വച്ച് (വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന്മേല്‍ പണിതുയര്‍ത്തിയിരിക്കുന്ന ഏറ്റവും വലിയ ദൈവാലയമാണ് വിശുദ്ധ പത്രോസിന്റെ ബസിലിക്ക) പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചത്. ഇതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു പൗരോഹിത്യസ്വീകരണ ചടങ്ങിനെപ്പറ്റി ചിന്തിക്കാനില്ല. ജീവിതത്തില്‍ നാളിതുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും കൃപകള്‍ക്കും നന്ദി പറയുവാന്‍ വാക്കുകള്‍ പോരാ; ഫാ. കാപ്പില്‍ പറയുന്നു.
റോമിലെ ഉപരിപഠനം
പൗരോഹിത്യസ്വീകരണത്തിനുശേഷം രൂപതയില്‍ തിരിച്ചെത്തി. മാനന്തവാടി ഇടവകയല്‍ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യശുശ്രൂഷ ആരംഭിച്ചു. തുടര്‍ന്ന് വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായി സേവനം നിര്‍വഹിച്ചു. പിന്നീട് പെരുംപുന്ന, ഷീരാടി, നെല്ലിക്കുറ്റി, ചാപ്പന്‍തോട്ടം എന്നീ ഇടവകകളില്‍ വികാരിയായി. 1985-ല്‍ തേക്കുംകുറ്റി ഇടവകയിലെ വികാരിയായി ശുശ്രൂഷ നിര്‍വഹിക്കുമ്പോള്‍ താമരശേരി രൂപത നിലവില്‍വന്നു. പുതിയ രൂപതയുടെ ഫിനാന്‍ഷ്യല്‍ ഓഫീസറായി ഒരു വര്‍ഷം സേവനം ചെയ്തശേഷം, ലിറ്റര്‍ജിയില്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോവുകയും ലിറ്റര്‍ജിയില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ചെയ്തു. തുടര്‍ന്ന് ജറുസലേമില്‍ ബിബ്ലിക്കല്‍ ഫോര്‍മേഷന്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചു. അത് ജീവിതത്തിലെ വലിയൊരു അനുഗ്രഹമായിരുന്നു. ബൈബിളിലെ പുണ്യസ്ഥലങ്ങളെക്കുറിച്ചെല്ലാം ക്ലാസിലിരുന്ന് പഠിച്ചു. ഓരോ പുണ്യസ്ഥാനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് പഠനം നടത്തിയും പ്രാര്‍ത്ഥിച്ചും വിശുദ്ധ നാടിനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയെടുക്കാന്‍ കഴിഞ്ഞു. തിരിച്ച് രൂപതയിലെത്തുമ്പോള്‍ നമ്മുടെ നാട്ടില്‍നിന്ന് കുറെപ്പേരെയെങ്കിലും വിശുദ്ധനാട്ടില്‍ കൊണ്ടുപോയി എല്ലാ പുണ്യസ്ഥലങ്ങളെക്കുറിച്ചും പറഞ്ഞുകൊടുത്ത് ബൈബിളിലെ ദൈവത്തിന്റെ മനുഷ്യരക്ഷാ പദ്ധതിയെക്കുറിച്ച് ആഴമായ ബോധ്യവും വിശ്വാസവും വളര്‍ത്തണമെന്ന തീവ്രമായ ആഗ്രഹം മനസിലുദിച്ചു. അങ്ങനെയാണ് നാട്ടില്‍ മടങ്ങിയെത്തിയ ഉടനെ പിതാവിന്റെ അനുവാദത്തോടും ആശീര്‍വാദത്തോടും പിന്തുണയോടുംകൂടി 1994-ല്‍ ആദ്യത്തെ തീര്‍ത്ഥാടനം സംഘടിപ്പിച്ചത്. തുടര്‍ന്ന് ഇന്നുവരെ എല്ലാ വര്‍ഷവും തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിച്ച് നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനകം 54 ഗ്രൂപ്പുകളെ നയിക്കാന്‍ കഴിഞ്ഞു.
വിശുദ്ധ നാട്ടിലെ പഠനത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ മങ്കുഴിക്കരി പിതാവിന്റെ താല്‍പര്യപ്രകാരം, രൂപതയ്ക്കുവേണ്ടി പുല്ലൂരാംപാറയില്‍ ഒരു സ്പിരിച്വല്‍ റിന്യൂവല്‍ സെന്റര്‍ ആരംഭിക്കുവാനുള്ള ചുമതല നല്‍കപ്പെട്ടു. അത് ഒരു ദൈവികനിയോഗമായി കണ്ടു. വളരെ ലളിതമായ സംവിധാനങ്ങളോടെ ആരംഭിച്ച ബഥാനിയ സെന്റര്‍ ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത് കാണുന്നത് സന്തോഷകരമായ കാര്യമാണെന്ന് ഫാ. കാപ്പില്‍ പറഞ്ഞു.
ബഥാനിയ സെന്ററില്‍നിന്നും താമരശേരി രൂപതയുടെ ഫിനാന്‍ഷ്യല്‍ ഓഫീസറായി തൂങ്കുഴി പിതാവിന്റെ നിയമനപ്രകാരം ചുമതലയേറ്റു. ചിറ്റിലപ്പിള്ളി പിതാവിന്റെ കാലഘട്ടത്തില്‍ ഫിനാന്‍ഷ്യല്‍ ഓഫീസറായി തുടര്‍ന്നു. ആ കാലഘട്ടത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രല്‍ നിര്‍മാണ ചുതലയും ഏറ്റെടുത്തു. 1999 ഡിസംബര്‍ 31-ന് കത്തീഡ്രല്‍ വെഞ്ചരിപ്പിനുശേഷം പി.എം.ഒ.സി ഡയറക്ടര്‍, പ്രീസ്റ്റ് ഹോം ഡയറക്ടര്‍, രൂപതയുടെ വേദപാഠ ഡയറക്ടര്‍, ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ എന്നീ നാല് ചുമതലകളും ഒന്നിച്ച് വഹിച്ചു. പിന്നീട് കത്തീഡ്രല്‍ ദൈവാലയ വികാരിയായി. തുടര്‍ന്ന് മരുതോങ്കര ദൈവാലയ വികാരിസ്ഥാനം സ്വീകരിച്ച് മരുതോങ്കര ഇടവക ദൈവാലയനിര്‍മാണം നിര്‍വഹിച്ചു. തുടര്‍ന്ന് തിരുവാമ്പാടി ദൈവാലയ വികാരിയായി. അവിടെനിന്നും സബാറ്റിക്കല്‍ ഈയര്‍ എടുത്ത് ജറുസലേമിലേക്ക് പോയി പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. പിന്നീട് പെരിന്തല്‍മണ്ണ, മുക്കം എന്നീ ഇടവകകളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. മുക്കം ഇടവകയില്‍നിന്നാണ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചത്. മൂന്നു വര്‍ഷമായി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്നു. പൗരോഹിത്യത്തിന്റെ കര്‍മനിരതമായ കാലഘട്ടം അവസാനിപ്പിച്ച് പ്രാര്‍ത്ഥനയിലും ബൈബിള്‍ വായനയിലും പഠനത്തിലും മുഴുകി ജീവിക്കുന്നു. കൂടാതെ ചില ധ്യാനഗ്രൂപ്പുകള്‍ക്ക് വിശുദ്ധ കുര്‍ബാനയെപ്പറ്റിയുള്ള ക്ലാസുകള്‍ നടത്തി സഹായിക്കുന്നു. വിശുദ്ധ നാടിനെ സംബന്ധിച്ചുള്ള ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്ഥയാത്രകളും നടത്തിവരുന്നു. ”എന്റെ ജീവിതം മുഴുവനും ദൈവാനുഗ്രഹങ്ങളുടെ ഘോഷയാത്രയായിരുന്നു. കൂടുതല്‍ ലഭിച്ചവനില്‍നിന്ന് കൂടുതല്‍ ആവശ്യപ്പെടുമെന്നുള്ള കര്‍ത്താവിന്റെ വചനങ്ങള്‍ എപ്പോഴും ഓര്‍മയിലുണ്ട്. എങ്കിലും ദൈവത്തിന്റെ കരുണയിലും സ്‌നേഹത്തിലും ആശ്രയിച്ച്, ഈ വിശ്രമജീവിത കാലഘട്ടത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.” ദൈവപരിപാലനയുടെ വഴികളിലേക്ക് നോക്കിക്കൊണ്ട് ഫാ. ജോസഫ് കാപ്പില്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?