Follow Us On

29

March

2024

Friday

വീടുകള്‍ ശുചീകരിക്കാന്‍ തലശേരി അതിരൂപതയില്‍നിന്നുള്ള സന്നദ്ധസേന

വീടുകള്‍ ശുചീകരിക്കാന്‍ തലശേരി അതിരൂപതയില്‍നിന്നുള്ള സന്നദ്ധസേന

തലശേരി: പ്രളയബാധിത മേഖലകളിലെ മലിനമായ വീടുകള്‍ ശുചീകരിക്കാന്‍ തലശേരി അതിരൂപതയില്‍നിന്ന് പ്രത്യേകം പരിശീലനം നേടിയ 1200 വോളണ്ടിയര്‍മാരടങ്ങിയ സന്നദ്ധസേന വൈദികരുടെ നേതൃത്വത്തില്‍ കര്‍മരംഗത്ത്. അമ്പത് ടീമുകളായാണ് വീടുകള്‍ വാസയോഗ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്നത്. കുന്നോത്ത് ഗുഡ്‌ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയിലെ 160 വൈദികവിദ്യാര്‍ത്ഥികളും വൈദികരും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പ്രളയബാധിത മേഖലകളിലുണ്ട്. അതിരൂപതയിലെ 200 ഇടവകകളില്‍നിന്ന് ശേഖരിച്ച 500 ടണ്‍ അരിയും പത്തുടണ്‍ പയറും മൂന്ന് ടണ്‍ പഞ്ചസാരയും ഒരു ടണ്‍ വെളിച്ചെണ്ണയും ദുരിതബാധിത മേഖലകളില്‍ വിതരണം ചെയ്തു. കൂടാതെ 150-ല്‍ പരം ലോറികളിലായി മാനന്തവാടി, തൃശൂര്‍, ഇരിങ്ങാലക്കുട, കുട്ടനാട്, ഇടുക്കി, കോഴിക്കോട്, എറണാകുളം, ചങ്ങനാശേരി എന്നീ പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊടുത്തു. അതിരൂപതയിലെ കുടുംബകൂട്ടായ്മകളിലും സന്യാസഭവനങ്ങളിലും നിര്‍മിച്ച ഒരുലക്ഷത്തിലധികം ചപ്പാത്തികളും ദുരിതമേഖലയില്‍ വിതരണം ചെയ്തു. അമ്പതുലക്ഷം രൂപയുടെ തുണിത്തരങ്ങളും വിതരണം ചെയ്തു.
അതിരൂപതയുടെ ആശുപത്രികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ, തലശേരി ജോസ്ഗിരി, കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് എന്നിവിടങ്ങളില്‍നിന്ന് ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സാസഹായം നല്‍കി. മംഗളൂരു ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ അതിവിദഗ്ധരായ നാല്‍പതിലധികം ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ടീമിന്റെ സേവനത്തില്‍ അതിരൂപത മാനന്തവാടി, ബത്തേരി, അമ്പായത്തോട്, മണിക്കടവ് തുടങ്ങിയ ഉരുള്‍പൊട്ടിയ മേഖലകളില്‍ മൂന്നുദിവസത്തെ ചികിത്സാ ക്യാമ്പുകള്‍ നടത്തുകയും വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
കച്ചേരിക്കടവില്‍ നിന്നുള്ള മുപ്പതംഗ സംഘം ഇടവക വികാരി ഫാ. തോമസ് മണവത്തിന്റെ നേതൃത്വത്തില്‍ ആലുവ പാതാളം ഗ്രാമത്തിലെ 34 വീടുകള്‍ മൂന്നുദിവസംകൊണ്ട് വൃത്തിയാക്കി. തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് തയ്യിലാണ് അതിരൂപതയുടെ പുനരധിവാസ പദ്ധതി കോ-ഓര്‍ഡിനേറ്റു ചെയ്യുന്നത്. ഭക്ഷണ വിതരണത്തോടൊപ്പം കൗണ്‍സലിങ്ങും നല്‍കുന്നുണ്ട്.
തലശേരി അതിരൂപതയിലെ 150-ലധികം വൈദികരും ശുചീകരണ പ്രവര്‍ത്തനത്തില്‍ അണിചേരുന്നുണ്ട്. ഓരോ വൈദികര്‍ക്കൊപ്പം 20-25 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരും ഉണ്ട്. അതിരൂപതയിലെ ജീസസ് യൂത്ത്, കെ.സി.വൈ.എം, മിഷന്‍ലീഗ് തുടങ്ങി എല്ലാ വിഭാഗത്തില്‍പെട്ടവരും ഒത്തൊരുമയോടെ ശുചീകരണ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?