Follow Us On

29

March

2024

Friday

വൈദികനായി മാറിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌

വൈദികനായി മാറിയ  ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്ന
ജോസഫ് മണലില്‍ കേന്ദ്ര പൊതു
മേഖലാ സ്ഥാപനത്തിലെ മാനേജര്‍
പദവി രാജിവച്ചാണ് സെമിനാരിയില്‍ ചേര്‍ന്നത്. അസാധാരണമായ ഒരു
സമര്‍പ്പണത്തിന്റെ കഥ.

കര്‍ത്താവ് വഴിയിലിരുന്ന് എന്തൊക്കെയോ പെറുക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടത് വഴിയില്‍ വലിച്ചെറിഞ്ഞു കളഞ്ഞ ഉറപോയ ഉപ്പുകല്ലുകള്‍. അവയിലെല്ലാം എന്റെ പേരുകള്‍ എഴുതിയിരിക്കുന്നു. ഞാന്‍ ചോദിച്ചു, ”എന്തിനാണിത്?” കര്‍ത്താവ് പറഞ്ഞു: ”മകനേ, ഇതു കൊണ്ടുപോകുക. ഗത്‌സമേനിലും കാല്‍വരിയിലും ചിന്തിയ എന്റെ രക്തത്താല്‍ ഉറകൂട്ടാനാണ്.” ഫാ. ജോസഫ് മണലിലിനുണ്ടായത് സ്വപ്‌നമോ ദര്‍ശനമോ എന്ന് തിരിച്ചറിയാനാവാത്ത അനുഭവമായിരുന്നു. ജഗദല്‍പൂര്‍ രൂപത വൈദികനായ ഫാ. ജോസഫ് മണലിലിന്റെ ജീവിതം വലിയൊരു സാക്ഷ്യമാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്റെ മാനേജര്‍ എന്ന നിലയില്‍ പ്രൊഫഷനില്‍ ഉയരാനുള്ള സാധ്യതകള്‍ മുമ്പില്‍നില്ക്കുമ്പോഴാണ് അതെല്ലാം ഉപേക്ഷിച്ച് വൈദികനാകാന്‍ ഇറങ്ങിത്തിരിച്ചത്. അവിടുത്തെ സ്‌നേഹബന്ധത്തിലേക്ക് കര്‍ത്താവ് വലിച്ചടുപ്പിക്കുകയായിരുന്നു; ഫാ. ജോസഫ് മണലില്‍ പറയുന്നു. ചെറുപ്പംമുതല്‍ പരിസ്ഥിതി സംരക്ഷണം, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയോടെല്ലാമുള്ള സ്‌നേഹം സ്വഭാവത്തിന്റെ ഭാഗമായിരുന്നു. കോളജ് പഠനകാലത്ത് അവധിക്ക് വരുമ്പോള്‍ വീട്ടിലിരിക്കുന്നതിനെക്കാള്‍ തോട്ടത്തിലും സമീപപ്രദേശങ്ങളിലുമായിരുന്നു സമയം ചെലവഴിച്ചിരുന്നത്. ഹൈസ്‌കൂള്‍ പഠനകാലം മുതല്‍ വായന വലിയ ആവേശമായിരുന്നു.
കുടിയേറ്റം
ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ ഗ്രാമത്തില്‍ മണലില്‍ മത്തച്ചന്റെയും റോസമ്മയുടെയും പത്തുമക്കളില്‍ അഞ്ചാമനായിരുന്നു ജോസഫ്. മലബാര്‍ കുടിയേറ്റത്തിന്റെ പ്രധാന കാലഘട്ടമായ 1955-ല്‍ പിതാവ് മത്തച്ചന്‍ ആലക്കോട് തേര്‍ത്തല്ലിയിലെത്തി ഭൂമി വാങ്ങി. താല്‍ക്കാലിക വസതിയുണ്ടാക്കി, അവിടെ താമസിച്ച് കൃഷികാര്യങ്ങള്‍ നോക്കിനടത്തുകയായിരുന്നു. ഒന്നും രണ്ടും മാസം കഴിയുമ്പോഴായിരുന്നു നാട്ടിലെത്തുക. സ്‌കൂള്‍ അവധിക്കാലത്ത് അമ്മയും മക്കളെല്ലാവരും മലബാറിലെത്തി താമസിക്കും. 1966-ല്‍ കുട്ടനാട്ടില്‍നിന്നും കുടക് വനാതിര്‍ത്തിയിലെ തേര്‍ത്തല്ലിയില്‍ കുടുംബമൊന്നാകെ എത്തിച്ചേര്‍ന്നു. വ്യത്യസ്തമായ ജീവിത സാഹചര്യമായിരുന്നു. അവികസിത പ്രദേശം, സ്‌കൂള്‍, ആശുപത്രി, സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള മാര്‍ക്കറ്റ് തുടങ്ങിയ സൗകര്യങ്ങളൊന്നുമില്ലായിരുന്നു.
പിതാവിന്റെ ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായി മേരിഗിരിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിലുള്ള പള്ളി സ്ഥാപിതമായിരുന്നു. കഴിയുന്ന ദിവസങ്ങളിലെല്ലാം മാതാപിതാക്കളും മക്കളും പള്ളിയില്‍ പോയിരുന്നു. ”എവിടെയായിരുന്നാലും പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മുടക്കുമായിരുന്നില്ല. പരസ്‌നേഹത്തിലും ധാര്‍മികതയിലും മാതാപിതാക്കളും സഹോദരരും മാതൃകയായിരുന്നു. ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവും നല്ല മാതാപിതാക്കളെയായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. ഇത് വലിയ അനുഗ്രഹമായിരുന്നു എക്കാലവും. പ്രത്യേകിച്ച് അവരുടെ അവസാന കാലത്ത് മാതാപിതാക്കള്‍ സ്‌നേഹംകൊണ്ട് എന്നെ പൊതിയുകയും അനുഗ്രഹങ്ങള്‍ ധാരാളമായി ചൊരിയുകയും ചെയ്തിരുന്നു. സഹോദരങ്ങളും ഒന്നിനൊന്ന് നല്ലവരായിരുന്നു. വീട് പ്രാര്‍ത്ഥനയുടെ അടിത്തറയിലായിരുന്നു. രണ്ടുമൂന്നു തലമുറകളായി അമ്മവഴിയിലും ചാച്ചന്‍വഴിയിലും ധാരാളം ദൈവവിളികള്‍ ഉണ്ടായിരുന്നു” ഫാ. ജോസഫ് മണലില്‍ അനുസ്മരിക്കുന്നു.
ബാല്യകാലത്ത് പല കുറവുകളും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. എടുത്തുചാട്ടക്കാരനായിരുന്നു. നശീകരണ പ്രവണതകള്‍പോലും ഉണ്ടായിരുന്നതായി തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാക്കുന്നു. അതോടൊപ്പം ലോകത്തെയും മനുഷ്യരെയും പക്ഷിമൃഗങ്ങളെയുമെല്ലാം വളരെയധികം സ്‌നേഹിച്ചിരുന്നു. പുറത്തുനിന്ന് ഇതേ സ്‌നേഹം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അമിതമായ ഈ സ്‌നേഹം സ്വാഭാവികമായിരുന്നില്ലെന്ന സംശയം പില്‍ക്കാലത്ത് ഉണ്ടായി. വലിയ കുടുംബത്തില്‍ പലപ്പോഴും ഒറ്റപ്പെട്ട ജീവിതപ്രകൃതമായിരുന്നു; ബാല്യകാലത്തെക്കുറിച്ച് ഫാ. ജോസഫിന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ്.
കണക്കുകളുടെ ലോകത്തേക്ക്
1971-ല്‍ ബി.കോം പഠനത്തിനുശേഷം സി.എ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്) പഠനത്തിനായി ആന്ധ്രയിലെ ഹൈദ്രാബാദിലേക്ക് മാറിയതോടെ കുടുംബത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. ആ അവസരത്തില്‍ ദൈവത്തെപ്പോലും കുറ്റപ്പെടുത്തുന്ന മനോഭാവക്കാരനായി. ലോകത്തിന്റെ ദുഃഖങ്ങള്‍ക്കും അശാന്തിക്കും പരിഹാരമായി ദൈവം ഒന്നും ചെയ്യുന്നില്ലെന്ന ചിന്ത ആ ചെറുപ്പക്കാരനില്‍ രൂപപ്പെട്ടു. ആധുനിക സാഹിത്യം സമ്മാനിച്ച യുക്തിചിന്തകളായിരുന്നു ജോസഫിന്റെ വിശ്വാസത്തില്‍ കളകള്‍ വിതച്ചത്. സി.എ പാസായ ഉടന്‍, ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ചു. വൈകാതെ കമ്പനി മേധാവിയായി. മൂന്നു വര്‍ഷത്തിനുശേഷം 1981-ല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷണല്‍ മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് മാനേജര്‍ പദവിയിലെത്തി.
1990-കളില്‍ എത്തിയപ്പോള്‍ ചിന്തകളില്‍ മാറ്റങ്ങളുണ്ടായി. ദൈവം ഒരുക്കിയ വഴികള്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്. വിശ്വാസത്തില്‍ ആഴപ്പെടാന്‍ കാരണമായ രണ്ടു സംഭവങ്ങളുണ്ടായി. പിതാവിന്റെ ഭാഗ്യപ്പെട്ട മരണമായിരുന്നു അതിലൊന്ന്. എല്ലാ തലത്തിലും നന്നായി ഒരുങ്ങിയിരുന്നു. പിതാവിന്റെ മരണവും മറ്റു മതസ്ഥനായിരുന്ന അടുത്ത സുഹൃത്തിന്റെ പെട്ടെന്നുണ്ടായ മരണവും ജോസഫിനെ മാറ്റിമറിച്ചു. സുഹൃത്ത് അത്യാസന്ന നിലയിലാകുന്നതിനുമുമ്പുതന്നെ അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. തന്റെ ജീവനെടുത്തുവേണമെങ്കിലും അവനെ രക്ഷിക്കണമേ എന്നായിരുന്നു കണ്ണീരോടെയുള്ള പ്രാര്‍ത്ഥന. സ്‌നേഹിതന്‍ മരണത്തിന് മുമ്പ് വിശ്വാസിയായി മാറിയിരുന്നു. ആ സംസ്‌കാരവുംകൂടി കഴിഞ്ഞപ്പോഴാണ് വൈദികനാകാനുള്ള ആഗ്രഹം ശക്തമായി. 1999-ലാണ് ഉയര്‍ന്ന ഉദ്യോഗം രാജിവച്ച് സെമിനാരിയില്‍ ചേര്‍ന്നത്. അപ്പോള്‍ 49 വയസ് ആയിരുന്നു.
ജീവിതവഴിയില്‍ നമുക്കായി ദൈവം ആവശ്യാനുസരണം വ്യക്തികളെയും സാഹചര്യങ്ങളെയും ഒരുക്കിനിര്‍ത്താറുണ്ട്. പലതും കാണാതെ പോകുന്നത് മനുഷ്യസ്വഭാവമാണ്. എനിക്കുവേണ്ടി ഒരുക്കി നിര്‍ത്തിയവരില്‍ പ്രധാനം മേരിഗിരി ഫൊറോന വികാരിയായിരുന്ന ഫാ. ജോസഫ് കുഴിക്കാട്ട്, എന്റെ ജ്യേഷ്ഠനും വചനപ്രഘോഷകനുമായ ഫ്രാന്‍സിസ് മാത്യു, ജോസ് കാപ്പില്‍ തുടങ്ങിയവരായിരുന്നെന്ന് ഫാ. മണലില്‍ പറയുന്നു. വൈദിക ജീവിതത്തിലേക്ക് എത്തുന്നതില്‍ അവരുടെ പ്രാര്‍ത്ഥനയും ഉപദേശങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഹൈദരബാദില്‍ പഠനകാലത്തും ജോലിയിലിരിക്കെയും പ്രവാസി കത്തോലിക്കരുടെ ആക്ഷന്‍ റിന്യുവല്‍ പ്രസ്ഥാനവുമായി ചേര്‍ന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ആത്മീയ വളര്‍ച്ചയ്ക്കായി ധ്യാനം, പ്രാര്‍ത്ഥന, സേവനരംഗത്ത് ഭവന-ആശുപത്രി-ജയില്‍സന്ദര്‍ശനം, പാവപ്പെട്ട രോഗികള്‍ക്കും മറ്റും സഹായമെത്തിക്കുക തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ ആക്ഷന്‍ റിന്യുവലിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
ഒരു പ്രവചനം
ആക്ഷന്‍ റിന്യുവല്‍ സംഘടിപ്പിച്ച ധ്യാനത്തില്‍ ഫാ. ജയിംസ് മഞ്ഞാക്കല്‍ ജോസഫിന്റെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു, ‘നീ ഒരു വൈദികന്‍ ആകും.’ അതുകേട്ട് ജോസഫും സമീപത്തുണ്ടായിരുന്നവരും ചിന്തിച്ചത് ‘ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല’ എന്ന ദൈവവചനമാണ്. ആ പുരോഹിതനിലൂടെ മുഴങ്ങിയത് ദൈവസ്വരമായിരുന്നു.
ആ സമയത്ത് അസാധ്യമായ ഒരു സ്ഥലംമാറ്റമുണ്ടായി. ഛത്തീസ്ഗഡിലെ ജഗദല്‍പൂര്‍ രൂപതയിലെ ബലാഡിലാ എന്ന സ്ഥലത്തേക്കായിരുന്നു മാറ്റം. വന്ന ദിവസംതന്നെ ആകസ്മികമായി ജഗദല്‍പൂര്‍ രൂപതാ മെത്രാന്‍ മാര്‍ സൈമണ്‍ സ്റ്റോക്ക് പാലത്തറ പിതാവിനെ കാണാനിടയായി. വൈദികനാകാനുള്ള ആഗ്രഹം സൈമണ്‍ പിതാവിനെ ധരിപ്പിച്ചു. ദൈവം, കഴിഞ്ഞ ജീവിതമല്ല ഇനിയുള്ള ജീവിതമാണ് നോക്കുന്നതെന്ന് പറഞ്ഞ് പിതാവ് പ്രോത്സാഹിപ്പിച്ചു. അമ്മയോടായിരുന്നു കുടുംബത്തില്‍ ആദ്യം ഇക്കാര്യം പറഞ്ഞത്. അമ്മയ്ക്ക് വലിയ സന്തോഷമായി. ചാച്ചന്‍ ഇതു കേള്‍ക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര സന്തോഷിക്കുമായിരുന്നുവെന്ന് അമ്മ പ്രതികരിച്ചു. അക്ഷരങ്ങളാണ് ബുദ്ധിയെ ഒരിക്കല്‍ കാടുകയറ്റിയെങ്കില്‍ തിരിച്ചുകൊണ്ടുവരുവാന്‍ കര്‍ത്താവ് ഒരുക്കിയതും അതേവഴിയായിരുന്നു.
വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ വായിക്കാന്‍ തുടങ്ങി. കാട്ടില്‍ അകപ്പെട്ട അവസ്ഥയില്‍നിന്നും പ്രത്യാശയുടെ പ്രകാശത്തിലേക്ക് നയിച്ചു. വിശുദ്ധരുടെ ജീവചരിത്രവായന പുതിയ അനുഭവമായിരുന്നു. യേശു മരിയ വാള്‍ത്തോര്‍ത്തയെ കൊണ്ടെഴുതിച്ച ‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’ പോലെ ഈശോയെ ഇത്ര അടുത്തുകണ്ട് അനുഭവിക്കാന്‍ പറ്റുന്ന മറ്റൊന്നില്ല; ഫാ. ജോസഫ് പറയുന്നു. ഈ ഗ്രന്ഥത്തിലെ ഓരോ വാക്കും ഒരു കിലോ സ്വര്‍ണത്തെക്കാള്‍ ഈടുറ്റതും വില പിടിച്ചതുമാണ്. ഇത് സ്‌നേഹാനുഭവത്തില്‍ വളരാന്‍ സഹായിക്കും. പരിശുദ്ധ അമ്മ എന്നും എന്നോടൊപ്പമുണ്ടായിരുന്നു ശക്തിയായി. അതിനാലായിരിക്കണം 2008 ജനുവരി മൂന്നിന് നടത്തിയ തിരുപ്പട്ടത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലത്തറയാണ് പൗരോഹിത്യം നല്‍കിയത്.
അമ്മയുടെ പിറന്നാള്‍ സമ്മാനങ്ങള്‍
”എന്റെ അമ്മ 2014-ല്‍ ഭാഗ്യമരണം പ്രാപിച്ചു. മരിക്കുന്നതുവരെ പിറന്നാല്‍ സമ്മാനമായിട്ടും മറ്റും എനിക്ക് നല്‍കിയിരുന്നത് ആയിരം ജപമാല മഞ്ജരിയായിരുന്നു.” സെമിനാരി പഠനകാലത്തും ജയില്‍-ഭവന സന്ദര്‍ശനം, സാധുക്കളെ സഹായിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു. ഏഴുവര്‍ഷമായിരുന്നു സെമിനാരി പഠനം. പ്രായംകുറഞ്ഞ സതീര്‍ത്ഥ്യര്‍ക്കൊപ്പമുള്ള പഠനത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ ചില വിഷമങ്ങളും ഉണ്ടായി. അധികാരികളും സഹപാഠികളും വലിയ സഹായമനോഭാവം പുലര്‍ത്തിയിരുന്നത് വിഷമങ്ങളെ തരണം ചെയ്യാന്‍ സഹായിച്ചു. അമ്മയുടെയും സഹോദരങ്ങളുടെയും പ്രാര്‍ത്ഥന വലിയ ശക്തിയായിരുന്നു. ഫിലോസഫി പഠനം ബംഗളൂരു ധര്‍മാരാമിലും തിയോളജി ഉജ്ജയിനിലുമായിരുന്നു. പൗരോഹിത്യപട്ടം സ്വീകരിച്ച് ആദ്യനിയമനം ബീജാപ്പൂരില്‍ അസിസ്റ്റന്റ് ഇടവക വികാരിയായിട്ടായിരുന്നു. രാജ്യത്തെ പ്രധാന നക്‌സല്‍-മാവോയിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്. പിന്നീട് എട്ടുവര്‍ഷത്തോളം സെമിനാരിയില്‍ സ്പിരിച്വല്‍ ഫാദറായിരുന്നു. ഇപ്പോള്‍ രൂപതാ ആസ്ഥാനത്ത് വിവിധ ചുമതലകള്‍ വഹിക്കുന്നു. നിത്യാരാധന ചാപ്പലിന്റെ ചുമതലയും വഹിക്കുന്നു. 2014-ല്‍ കുളത്തുവയലില്‍ കൗണ്‍സലിങ്ങ് കോഴ്‌സില്‍ പങ്കെടുത്ത് പാസായി.
തന്റെ മണ്‍മറഞ്ഞുപോയ പ്രിയപ്പെട്ട മാതാപിതാക്കളുടെ സ്ഥാനത്ത് ഞങ്ങളുടെ പിതാവ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ പിതാവിനെയും ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക്ക് പിതാവിനെയും കാണുകയും സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. നാട്ടിലുള്ള എന്നെ സ്‌നേഹിക്കുന്ന സഹോദരങ്ങളുടെ സ്ഥാനത്ത് ഇവിടെയുള്ള സഹവൈദികരെയും സിസ്റ്റേഴ്‌സിനെയും മക്കളുടെ സ്ഥാനത്ത് മറ്റുള്ളവരെയും കാണുവാനാണ് എന്റെ വിളിയെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു; ഫാ. ജോസഫ് പറയുന്നു.
”എനിക്ക് പ്രയാസങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്, ഇന്നും ഉണ്ട്. യോഹന്നാന്‍ ക്രൂസിന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, സഹനത്തിന്റെ അവസരത്തില്‍ കിട്ടിയ അനേകം അനുഗ്രഹങ്ങളില്‍ ഏറ്റവും ചെറിയ ഒന്നിന്റെ, ചെറിയ ഒരംശത്തിനുപോലും പരിഹാരമാകുന്നില്ല അത്. വെട്ടിയൊരുക്കുന്നവന്റെ കൈയില്‍ ദൈവം കൊടുത്ത കത്തി കണ്ട് അവനെ വെറുക്കാതെ നാളെ ചൂടാന്‍ പോകുന്ന ഫലങ്ങളും സമൃദ്ധിയും മനസില്‍ കണ്ട് ഇന്നുമുതല്‍ അവനെ സ്‌നേഹിക്കാനുള്ള കൃപയ്ക്കായി പരിശ്രമിക്കുകയാണിപ്പോള്‍.”
മാതാപിതാക്കള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടുവെങ്കിലും സഹോദരങ്ങള്‍ ഇടയ്ക്കിടെ ഒന്നിച്ചുകൂടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ബാല്യ-കൗമാര കാലത്തുണ്ടായിരുന്നതിനെക്കാള്‍ ഇഴയടുപ്പത്തോടെ കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നതിനെ വലിയ ദൈവകൃപയായിട്ടാണ് കാണുന്നത്. ജ്യേഷ്ഠന്‍ ഫ്രാന്‍സിസ് മാത്യു മണലില്‍ പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റ് സഹോദരരും സാമൂഹ്യ-സേവനരംഗങ്ങളിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. മാതാപിതാക്കളുടെ പ്രാര്‍ത്ഥനാജീവിതവും മാതൃകകളും മക്കളെ പുണ്യവഴികളിലേക്ക് നയിക്കുമെന്ന് ഫാ. ജോസഫ് മണലില്‍ പറയുന്നു.

പ്ലാത്തോട്ടം മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?