Follow Us On

28

March

2024

Thursday

വൈദികരോട് വെറുപ്പ് സൂക്ഷിച്ചവൾ പറഞ്ഞത്

വൈദികരോട് വെറുപ്പ് സൂക്ഷിച്ചവൾ പറഞ്ഞത്

2016 ഫെബ്രുവരി 10നാണ് ഫ്രാൻസിസ് മാർപാപ്പ എന്നെ കരുണയുടെ മിഷനറിയായി നിയമിച്ചത്. ഈ എഴുപതാം വയസ്സിൽ ഒരു വീൽ ചെയറിൽ ഇരുന്നുകൊണ്ട് എനിക്ക് എന്ത് ചെയ്യാനാവുമെന്ന് അന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. ദൈവം ഒരുത്തരവാദിത്വം ഒരാളെ ഏൽപ്പിക്കുമ്പോൾ അത് പൂർത്തീകരിക്കാനുള്ള കൃപയും അയാൾക്ക് നൽകുന്നു എന്നെന്നെ ഓർമിപ്പിക്കുവാൻ അവിടുന്ന് കരുണയുടെ അസാധാരണവർഷം ഉപയോഗിക്കുകയായിരുന്നു.
ദിവസവും അഞ്ച് മണിക്കൂർ ഫിസിയോതെറാപ്പി ചെയ്യേണ്ടിയിരുന്നപ്പോൾ പോലും വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും യൂറോപ്പിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് വൈദികരും സന്യാസിനിമാരും അൽമായരും റോമിന് മാത്രം മോചിക്കാൻ അധികാരമുള്ള പാപങ്ങൾ ഏറ്റ് പറഞ്ഞ് കുമ്പസാരിക്കാൻ എന്റെയടുക്കലേക്ക് കടന്നുവന്നു. ശാരീരികമായ പരിമിതികൾക്കും വേദനകൾക്കും നടുവിലും സുമനസ്സുകളുടെ സഹായത്തോടെ ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, ഫ്രാൻസ്, ജർമ്മനി, ലാത്വിയ, പോളണ്ട്, സ്ലോവാക്കിയ തുടങ്ങിയ രാജ്യങ്ങളിൽ ദൈവകരുണയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും കൺവൻഷുകൾ നടത്താനായി. നിരവധി മാനസാന്തരങ്ങളും വിടുതലുകളും സംഭവിച്ച കൺവൻഷനുകളിലൂടെ ആയിരങ്ങൾ പുതിയ ജീവിതത്തിലേക്ക് കടന്നുവന്നു.
ഒരിക്കൽ ക്രൊയേഷ്യയിൽ നിന്നൊരു സമ്പന്നയായ സ്ത്രീ നിരവധി കരുണയുടെ കവാടങ്ങളിലൂടെ കടന്നശേഷം എന്നെ കാണാൻ വന്നു. നല്ല കുമ്പസാരം നടത്തിയിട്ടാണോ കരുണയുടെ വാതിലുകൾ കടന്നതെന്ന് ഞാൻ ആ സ്ത്രീയോട് ചോദിച്ചു. ‘ഞാൻ വൈദികരെ വെറുക്കുന്നു. പിന്നെങ്ങനെയാണ് എനിക്ക് നല്ല കുമ്പസാരം നടത്താനാവുക’ എന്നാണ് ആ സ്ത്രീ മറുപടി പറഞ്ഞത്. മാനസാന്തരവും അനുതാപവും ഇല്ലാതെ ദൈവകരുണ സ്വീകരിക്കുക സാധ്യമല്ലെന്ന് ഞാൻ ആ സ്ത്രീക്ക് വചനത്തിന്റെ വെളിച്ചത്തിൽ വിശദീകരിച്ചു കൊടുത്തു. ആരും ഇതെനിക്ക് പറഞ്ഞ് തന്നില്ലെന്ന് ആ സ്ത്രീ ആശ്ചര്യത്തോടെയാണ് പറഞ്ഞത്. ദീർഘസമയമെടുത്ത് നല്ല കുമ്പസാരം നടത്തി ദൈവകരുണയും ദൈവാനുഗ്രഹങ്ങളും ധാരാളമായി സ്വീകരിച്ച് ഒരു പുതുവ്യക്തിയായി വളരെ സന്തോഷത്തോടെ ആ സ്ത്രീ തിരികെ പോയി.
കരുണയുടെ ജൂബിലിവർഷത്തിൽ ഇത്തരത്തിലുള്ള ധാരാളം മാനസാന്തരങ്ങൾ നേരിട്ട് കാണാൻ സാധിച്ചതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. കരുണയുടെ ഈ ജൂബിലിവർഷം പ്രഖ്യാപിക്കുകയും എന്നെ ഒരു കരുണയുടെ മിഷനറിയാക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ ഓർത്ത് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. മുറിക്കപ്പെട്ട യേശുവിന്റെ തിരുഹൃദയം നിത്യമായി തുറന്നിരിക്കുന്ന കരുണയുടെ വാതിലാണെന്ന് ഓർമിക്കുക. ”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” എന്നാണ് അവിടുന്ന് പറയുന്നത്. അനുതാപത്താൽ മുറിയപ്പെട്ട നമ്മുടെ ഹൃദയം യേശുവിന്റെ തുളയ്ക്കപ്പെട്ട തിരുഹൃദയത്തോട് ചേർത്തുവയ്ക്കുമ്പോഴാണ് അതിന്റെ എല്ലാ വിശപ്പും ദാഹവും ശമിക്കുന്നത്. കത്തീഡ്രലുകളുടെയും ബസിലിക്കകളുടെയും കരുണയുടെ വാതിലുകൾ അടയ്ക്കപ്പെട്ടുകഴിഞ്ഞാലും യേശുവിന്റെ കരുണാർദ്രമായ ഹൃദയം നമുക്കായി എപ്പോഴും തുറന്നുകിടക്കുക തന്നെ ചെയ്യും.
 
ഫാ. ജയിംസ് മഞ്ഞാക്കൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?