Follow Us On

29

March

2024

Friday

വൈദികർക്കും കന്യാസ്ത്രീകൾക്കും അഭിഭാഷകരാകാമെന്ന് സുപ്രീം കോടതി

വൈദികർക്കും കന്യാസ്ത്രീകൾക്കും  അഭിഭാഷകരാകാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും കോടതികളിൽനിന്നും അകറ്റിനിർത്താനുള്ള ബാർ കൗൺസിലിന്റെ നീക്കം പരാജയപ്പെട്ടു. അവർക്ക് അഭിഭാഷകരായി പ്രവർത്തിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി രാജ്യത്തെ പരമോന്നത നീതിപീഠം തള്ളുകയായിരുന്നു. ഫാ. തോമസ് പുതുശേരി, സിസ്റ്റർ ടീന ജോസ്, സിസ്റ്റർ എം. ടെസി എന്നിവർ നിയമപഠനം പൂർത്തിയാക്കിയെങ്കിലും കേരളാ ബാർ കൗൺസിൽ 2004-ൽ അംഗത്വം നിഷേധിച്ചു. ഇതിനെതിരെ അവർ കേരള ഹൈക്കോടതിയെ സമീപിക്കുകയും 2006-ൽ കേരളാ ഹൈക്കോടതി ഹർജിക്കാർക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ ബാർ കൗൺസിൽ ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വൈദിക-കന്യാസ്ത്രീ ജീവിതം പ്രതിഫലത്തിന് അർഹതയുള്ള തൊഴിലിന്റെ പരിധിയിൽ വരുമെന്ന വിചിത്ര വാദം ഉയർത്തിയായിരുന്നു ഹർജിക്കാർക്ക് പ്രാക്ടീസ് ചെയ്യാനുള്ള അനുവാദം കേരളാ ബാർ കൗൺസിൽ നിഷേധിച്ചത്. ബാർ കൗൺസിൽ ചട്ടത്തിലെ രണ്ട് (എച്ച്), അഡ്വക്കറ്റ്‌സ് നിയമത്തിലെ 24-ാം വകുപ്പ് എന്നിവയുടെ ലംഘനമാണെന്നുമായിരുന്നു ബാർ കൗൺസിലിന്റെ വാദം.
ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വൈദിക-കന്യാസ്ത്രീ വൃത്തി എന്നിവ തൊഴിൽ അല്ലെന്നും ജീവിതരീതിയാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
മതപരമായ സ്ഥാനം വഹിക്കുന്നവരും മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും അടക്കമുള്ള ജനപ്രതിനിധികളും അഭിഭാഷകരായി പ്രവർത്തിക്കുന്നുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. നിയമാധ്യാപനത്തിലുള്ളവർക്ക് മാത്രമാണ് അഭിഭാഷകരായിക്കൂടി പ്രവർത്തിക്കാൻ അനുവാദമുള്ളതെന്നും കന്യാസ്ത്രീകളെയും വൈദികരെയും അനുവദിച്ചാൽ മറ്റു തൊഴിൽ മേഖലകളിൽനിന്നുള്ളവരും അവകാശമുന്നയിക്കുമെന്നുമുള്ള ബാർ കൗൺസിലിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ഉത്തരവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി ഇടപെടേണ്ട കാര്യമില്ലെന്നും ജസ്റ്റീസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും വ്യക്തമാക്കി.
കോടതി ഉത്തരവ് അനേകർക്ക് ആശ്വാസമായി മാറി. അഭിഭാഷകരായ വൈദികരും കന്യാസ്ത്രീകളും ഹാജരാകുന്ന മിക്ക കേസുകളും പാവപ്പെട്ടവരും ഫീസ് നൽകി മറ്റ് അഭിഭാഷകരെ വയ്ക്കാൻ കഴിയാത്തവരുമായവർക്കുവേണ്ടിയാണ്. നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങളും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങൾ. കൂടാതെ, ജയിൽ മിനിസ്ട്രിയുടെ ഭാഗമായും അല്ലാതെയുമുള്ള ജയിൽ സന്ദർശനത്തിന്റെ ഭാഗമായി വിചാരണത്തടവുകാരായി കഴിയുന്നവരെയും അന്യായമായി തടവിലാക്കപ്പെട്ടവർക്കും നീതിവാങ്ങികൊടുക്കാൻ അഭിഭാഷകരായ വൈദികർക്കും കന്യാസ്ത്രീകൾക്കും കഴിഞ്ഞിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?