Follow Us On

29

March

2024

Friday

വ്യാകുല മാതാവും കാരുണ്യമാതാവും

വ്യാകുല മാതാവും കാരുണ്യമാതാവും

ഞാൻ വ്യാകുലമാതാവാണെന്നും ഞാൻ കാരുണ്യത്തിന്റെ അമ്മയാണെന്നും ഓർമ്മിപ്പിക്കുവാൻ 1218-ലും 1233-ലും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു.
വിശുദ്ധ പീറ്റർ നൊളാസ്‌കോയ്ക്കം ആരഗത്തിലെ രാജാവ് ജയിംസ് എന്നിവർക്കും 1218-ൽ ഒരേദിവസം പ്രത്യക്ഷപ്പെട്ടാണ് പരിശുദ്ധ അമ്മ, കാരുണ്യമാതാവിന്റെ അഥവാ വീണ്ടെടുപ്പുമാതാവിന്റെ തിരുനാൾ കൊണ്ടാടണമെന്ന് നിർദ്ദേശം നൽകിയത്.
1189-ൽ ലാങ്കുവെഡോക് എന്ന സ്ഥലത്ത് കുലീനമായ നൊളസ്‌കോ കുടുംബത്തിലാണ് പീറ്ററിന്റെ ജനനം. 22-ാം വയസ്സിൽ കന്യാത്വം നേരുകയും തനിക്കുണ്ടായിരുന്ന സമ്പത്തു മുഴുവൻ അടിമകളുടെ മോചനത്തിനായി ഒരു സഭ സ്ഥാപിക്കുവാൻ മാറ്റിവയ്ക്കുകയും ചെയ്തു. ഈ തീരുമാനത്തെ അമ്മ, നേരിട്ട് പ്രത്യക്ഷപ്പെട്ട് അംഗീകരിച്ചു. 1218-ൽ ഒമ്പതാം ഗ്രിഗറി മാർപാപ്പ ഈ സന്യാസസഭയ്ക്ക് അംഗീകാരം നൽകി. സഭ അതിവേഗം വളർന്നു. അടിമകളെ സ്വതന്ത്രമാക്കുവാൻ സംഖ്യ ധർമ്മമായി പിരിച്ചെടുക്കുവാൻ അംഗങ്ങൾ അത്യന്തം അദ്ധ്വാനിച്ചു. അംഗങ്ങളിൽ ചിലർ സ്വയം അടിമകളായിക്കൊണ്ട് അടിമകളെ സ്വതന്ത്രമാക്കിയിരുന്നു. കാരുണ്യമാതാവിന്റെ അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കുവാനാണ് കാരുണ്യമാതാവിന്റെ തിരുനാൾ സ്ഥാപിച്ചത്. മൂന്നാം ഇന്നസെന്റ് പാപ്പാ ഈ തിരുനാൾ സാർവ്വത്രികസഭയിൽ ആഘോഷിക്കുവാൻ അനുമതി നൽകി.
വി.പീറ്റർ നൊളാസ്‌കോയും യോദ്ധാക്കളും പുരോഹിതർ ആയിരുന്നില്ല. ഇറ്റലിയിൽ ഏഴ്‌നോബിൾമാർക്ക് 1233-ൽ പ്രത്യക്ഷപ്പെട്ടാണ് താൻ വ്യാകുലമാതാവാണെന്നു വെളിപ്പെടുത്തിയത്. ഫ്‌ളോറൻസുകാരായിരുന്നു ഇവർ.
ബോൺഫിലിയൂസ്, ബോനയുംക്താ, അമിദേവൂസ് ഹ്യുഗ്, മനേത്തുസ്, സോന്ധരോനൂസ്, അലക്‌സിയൂസ് എന്നാണിവരുടെ പേര്. 1888-ൽ എല്ലാവരെയും വിശുദ്ധരെന്നു നാമകരണം ചെയ്തു.
1233-ലെ സ്വർഗ്ഗാരോപണതിരുനാൾ ദിവസം പരിശുദ്ധ അമ്മ ഇവർക്കു പ്രത്യക്ഷപ്പെട്ട് തന്റെ സേവനത്തിനു ക്ഷണിച്ചു. ലൗകികാർഭാടങ്ങൾ ഉപേക്ഷിക്കുവാനും നിർദ്ദേശിച്ചു. അങ്ങനെ 1233-ൽ അവർ ഒരു കൂട്ടായ്മയുണ്ടാക്കി. മേരിദാസന്മാർ എന്നു പേരിട്ടു. മാർട്ടിൻ അഞ്ചാമൻ പാപ്പ അവർക്ക് അഞ്ചാം യാചകസഭ എന്നു പേരിട്ടു.
ഫ്‌ളോറൻസിനടുത്ത് ലാക്മാർസിയയിലായിരുന്നു ആദ്യത്തെ ആശ്രമം. മോനോസെനാരിയോയിൽ രണ്ടാമത്തെ ആശ്രമം അവിടെവച്ച് ദൈവമാതാവ് തന്നെയാണ് അവർക്ക് സഭാവസ്ത്രം നൽകിയത്. വി.അഗസ്റ്റിന്റെ നിയമങ്ങൾ അനുസരിക്കുവാൻ അമ്മ അവർക്ക് നിർദ്ദേശം നൽകി. 1249-ൽ സഭയ്ക്കു പ്രാഥമികാംഗീകാരം ലഭിച്ചു. എന്നാൽ 1272-ൽ വിലക്കുണ്ടായി. 1304-ൽ വീണ്ടും സ്ഥിരാംഗീകാരം. മേരിദാസന്മാർ ആഘോഷവ്രതങ്ങളെടുക്കുന്നു. മാതാവിന്റെ ഏഴു വ്യാകുലങ്ങളോട് ഭക്തി പുലർത്തുന്നു.
യേശുനാഥന്റെ രക്ഷാകരപ്രവൃത്തിയിൽ അനന്യമാംവിധം പരിശുദ്ധ അമ്മ സഹിച്ച വേദനകളാണ് വ്യാകുലമാതാവിന്റെ സ്മരണ നമ്മിൽ ഉണർത്തുന്നത്. ഈശോയെ ദേവാലയത്തിൽ കാഴ്ചവച്ചപ്പോൾ ശെമയോൻ നടത്തിയ പ്രവചനം- ഒരു വാൾ നിന്റെ ഹൃദയത്തെ ഭേദിക്കും- അതാണ് ഒന്നാമത്തെ വ്യാകുലത. ഈജിപ്തിലേക്കുള്ള പലായനം രണ്ടാമത്തെ വ്യാകുലത. പന്ത്രണ്ടാം വയസ്സിൽ കാണാതായത് മൂന്നാം വ്യാകുലത. കുരിശു വഹിച്ചുകൊണ്ട് ഗാഗുൽത്തായിലേക്കു പോകുമ്പോൾ യേശുവിനെ കാണുന്നതാണ് നാലാമത്തെ വ്യാകുലത. കുരിശിൻചുവട്ടിൽ നിൽക്കുന്നത് അഞ്ചാമത്തെയും. ഈശോയുടെ മൃതദേഹം മടിയിൽ കിടത്തിയത് ആറാമത്തെയും. യേശുവിന്റെ സംസ്‌കാരം ഏഴാമത്തെയും വ്യാകുലതയാണ്.
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേന്നാണ് മാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാൾ. 1814-ൽ വിപ്രവാസത്തിൽനിന്നു സ്വതന്ത്രനായപ്പോൾ ഏഴാം പീയൂസ് പാപ്പയാണ് വ്യാകുലമാതാവിന്റെ തിരുനാൾ സ്ഥാപിച്ചത്. സെപ്റ്റംബർ 15-നാണ് തിരുനാൾ. കാരുണ്യമാതാവിന്റെ തിരുനാൾ സെപ്റ്റംബർ 24-ന് തിരുസഭ കൊണ്ടാടുന്നു.
രക്ഷാകര പദ്ധതിയിൽ അമ്മ പ്രത്യേകമായി സഹിച്ച വേദനകളാണ് അമ്മയെ സഹരക്ഷകയാക്കിയത്. സഭയുടെ ഈ വിശ്വാസം ഒരു വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെടുവാൻ സഭ കാത്തിരിക്കുന്നു.
കരുണയുടെ അമ്മേ എനിക്കുവേണ്ടി യേശുവിനോടൊപ്പം വിവരണാതീതമായ വേദനകൾ സഹിച്ചവളേ, ജീവിതയാത്രയിൽ പ്രത്യേകിച്ചും സഹനങ്ങളുടെ നിമിഷങ്ങളിൽ എനിക്കു തുണയായിരിക്കണമേ. അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകണമേ.
ടി. ദേവപ്രസാദ്


നാളെ:
ഉത്തരീയവുമായി വന്ന അമ്മ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?