Follow Us On

29

March

2024

Friday

ശുദ്ധീകരണാത്മാക്കളോട് കരുണ കാട്ടുന്ന പരിശുദ്ധ കന്യകാമറിയം

ശുദ്ധീകരണാത്മാക്കളോട് കരുണ കാട്ടുന്ന പരിശുദ്ധ കന്യകാമറിയം

സ്വർഗരാജ്ഞിയായ പരിശുദ്ധ അമ്മ ചില പ്രത്യേക ദിവസങ്ങളിൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോട് സവിശേഷകരുണ കാണിക്കുന്നതായി വിശുദ്ധർക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. മാസത്തിലെ എല്ലാ ശനിയാഴ്ചകളും മാതാവിന്റെ തിരുനാൾ ദിവസങ്ങളും ഇതിൽ ഉൾപ്പെടും. ഈ ദിവസങ്ങളിൽ ശുദ്ധീകരണസ്ഥലത്ത് ഒരു ആഘോഷത്തിന്റെ പ്രതീതി സൃഷ്ടിക്കപ്പെടുന്നു. ശനിയാഴ്ച ദിവസം അമ്മ ശുദ്ധീകരണസ്ഥലം സന്ദർശിച്ച് അവിടെയുള്ള പ്രിയപ്പെട്ട മക്കൾക്ക് ആശ്വാസം പകർന്നു കൊടുക്കുന്നതായി പല വിശുദ്ധർക്കും വെളിപ്പെടുത്തി കിട്ടിയിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ വിശ്വാസപൂർവം ഉത്തരീയം (വെന്തിങ്ങാ) ധരിച്ച് മാതാവിനെ തങ്ങളെത്തന്നെ സമർപ്പിച്ചിരുന്നവരെ ആദ്യം അവിടെനിന്നും മോചിപ്പിക്കുന്നതായും തുടർന്ന് മറ്റുള്ളവർക്ക് ആശ്വാസവും പ്രോത്സാഹനങ്ങളും നൽകുന്നതായും പറയപ്പെടുന്നു. നേപ്പിൾ സിലെ വിശുദ്ധ കാതറൈൻ കോൺവെന്റിലെ ഡൊമിനിക്കൻ സന്യാസിനിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ പൗളായ്ക്ക് മേൽ വിവരിച്ച കാര്യങ്ങൾ ദർശനത്തിൽ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഒരു ശനിയാഴ്ച പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ആത്മാവിനെ ശുദ്ധീകരണസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതായി അവർ പറയുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി അപ്പോൾ ശുദ്ധീകരണസ്ഥലം പ്രകാശമാനമായ പറുദീസാപോലെ കാണപ്പെട്ടു. ആശ്ചര്യപ്പെട്ട സിസ്റ്ററിന് കാരണം വ്യക്തമായി. സ്വർഗരാജ്ഞിയായ പരിശുദ്ധ അമ്മ അപ്പോൾ അസംഖ്യം മാലാഖമാരോടൊപ്പം അവിടെ വന്ന്, തന്നെ പ്രത്യേകമാംവിധം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ആത്മാക്കളെ അവിടെനിന്നും വിടുവിച്ച് സ്വർഗത്തിലേക്ക് ആനയിക്കുന്നതായി സിസ്റ്ററിന് കാണാൻ കഴിഞ്ഞു.
സാധാരണ ശനിയാഴ്ച ദിവസങ്ങളിൽ അവിടെ ഇപ്രകാരമാണ് സംഭവിക്കുന്നതെങ്കിൽ ദൈവമാതാവിനുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന തിരുനാളുകളിലെ കാര്യം പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലോ. തിരുനാൾ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ശുദ്ധീകരണാത്മാക്കൾ മോചിപ്പിക്കപ്പെടുന്നത് സ്വർഗാരോപണ തിരുനാളിലാണെന്ന് പറയപ്പെടുന്നു. ആയിരക്കണക്കിന് ആത്മാക്കൾ ആ ദിവസം മോചിപ്പിക്കപ്പെടുന്നതായി വിശുദ്ധ പീറ്റർ ഡാമിയൻ പ്രസ്താവിക്കുന്നു.
സ്വർഗാരോപണത്തിരുനാളിന് തൊട്ടുമുമ്പ് കടന്നു വരുന്ന രാത്രിയിൽ റോമിലെ ആളുകൾ കൈയിൽ കത്തിച്ച തിരികളുമായി ദേവാലയങ്ങളിൽ എത്തുന്ന പതിവുണ്ട്. ഒരിക്കൽ ഉന്നതസ്ഥാനിയായ ഒരു സ്ത്രീ അരാക്കോയിലിയിലുള്ള ബസിലിക്കയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു. തന്റെ മുമ്പിൽ കമഴ്ന്നു കിടന്നുകൊണ്ട് മറ്റൊരു സ്ത്രീ പ്രാർത്ഥിക്കുന്നതായി അവർ കണ്ടു. അതു മറ്റാരുമല്ല, ഏതാനും മാസങ്ങൾക്കുമുമ്പ് മരിച്ചുപോയ തന്റെ തലതൊട്ടമ്മയായിരുന്നു അതെന്ന് അവൾ മനസിലാക്കി. അവൾക്ക് ഈ കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാനായി അവൾ ബസിലിക്കയുടെ മുൻഭാഗത്തേക്ക് നടക്കാൻ ഭാവിച്ചപ്പോൾ, കമഴ്ന്നു കിടന്നിരുന്ന തലതൊട്ടമ്മ നടന്നുവന്ന് അവളെ ചേർത്തുപിടിച്ച് കൈയിൽ സ്പർശിച്ചു. ഇത് എന്റെ തലതൊട്ടമ്മയല്ലേയെന്ന് ചോദിച്ചപ്പോൾ ‘അതേ’ എന്ന് അവർ മറുപടി നൽകി. മരിച്ചുപോയ അമ്മ എങ്ങനെ ഇവിടെയെത്തി എന്ന് അവൾ ആശ്ചര്യപൂർവം ചോദിച്ചപ്പോൾ, ഈ ദിവസം വരെ താൻ ശുദ്ധീകരണസ്ഥലത്തായിരുന്നുവെന്ന് അവർ അറിയിച്ചു. പക്ഷേ ഈ ദിവസം സ്വർഗറാണിയായ പരിശുദ്ധ അമ്മ ശുദ്ധീകരണാഗ്നിയിലേക്ക് കടന്നുവന്ന് തന്നെയും മറ്റനേകരെയും മോചിപ്പിക്കുകയായിരുന്നു. സ്വർഗാരോപണ തിരുനാളിന്റെ ഈ ദിവസം അവരെല്ലാം സ്വർഗത്തിലേക്ക് എടുക്കപ്പെടുകയാണെന്നും ഇതുപോലെ എല്ലാ സ്വർഗാരോപണ തിരുനാളുകളിലും ഇപ്രകാരം സംഭവിക്കാറുള്ളതായും അവർ കൂട്ടിച്ചേർത്തു.
ഇക്കാര്യങ്ങളൊക്കെ തലതൊട്ടമ്മ വെളിപ്പെടുത്തിയിട്ടും വിശ്വാസം തോന്നാതിരുന്ന മകളോട്, ഇത് സത്യമാണെന്നുള്ളതിനു തെളിവായി അടുത്തവർഷം സ്വർഗാരോപണ തിരുനാൾ ദിവസം അവൾ മരിക്കുമെന്നും അപ്പോൾ ഇക്കാര്യങ്ങളെല്ലാം മനസിലാകുമെന്നും അറിയിച്ചിട്ട് അവർ അപ്രത്യക്ഷയായി.
തന്നെക്കുറിച്ച് വെളിപ്പെടുത്തലുകൾ ലഭിച്ച ആ സ്ത്രീ തുടർന്നുള്ള വർഷം ഇത് പ്രതീക്ഷിച്ച് വളരെ നല്ലൊരു ജീവിതം നയിക്കാൻ തുടങ്ങി. അടുത്തവർഷം സ്വർഗാരോപണ തിരുനാളിന്റെ തലേന്ന് അവൾക്ക് അസുഖം ബാധിക്കുകയും തിരുനാളിന്റെ അന്നുതന്നെ മരിക്കുകയും ചെയ്തതായി വിശുദ്ധ പീറ്റർ ഡാമിയൻ വെളിപ്പെടുത്തുന്നു.
സ്വർഗാരോപണ തിരുനാളിൽ പരിശുദ്ധ അമ്മ ശുദ്ധീകരണാത്മാക്കളോട് പ്രത്യേകം കരുണ കാണിക്കുന്നു എന്ന് ഇതിൽനിന്നും വ്യക്തമാകുന്നുവല്ലോ. ഇതിന് കാരണം താൻതന്നെ സ്വർഗാരോപണം ചെയ്ത ദിവസത്തിന്റെ വാർഷികദിവസമാണ് അതെന്നാണ്.
മേൽപ്പറഞ്ഞ കാരണത്താൽ ആണ് റോമിലെ മോൺട്രിയായിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ദേവാലയത്തെ സഹിക്കുന്ന മരിച്ചുപോയ ആത്മാക്കളുടെ ദേവാലയമായി വിളിക്കുന്നത്.
പ്രഫ. എം. എ അബ്രാഹം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?