Follow Us On

18

April

2024

Thursday

ഷാരോണിലെ റോസാപ്പൂവ്

ഷാരോണിലെ റോസാപ്പൂവ്

ഹവ്വ ‘വയ്യ’ എന്ന് പറഞ്ഞതിനെല്ലാം ‘ഉവ്വ്’ എന്ന് ഉത്തരം നൽകിയ സ്ത്രീയാണ് നസ്രത്തിലെ പരിശുദ്ധ മറിയം. ദൈവസ്വരം ശ്രവിച്ച് പ്രഥമസ്ത്രീ പറുദീസയിൽ ഓടിയൊളിച്ചപ്പോൾ, ദൈവദൂത് അറിഞ്ഞ് ‘ഇതാ കർത്താവിന്റെ ദാസി’ എന്നാണ് പുണ്യജനനി പ്രതികരിച്ചത്. ഹവ്വമൂലം മനുഷ്യകുലത്തിന് വന്നുഭവിച്ച നഷ്ടങ്ങളെല്ലാം പരിശുദ്ധ കന്യകാമറിയത്തിലൂടെയാണ് നികത്തപ്പെട്ടത്. ഇതാവണം മറിയം ‘പുതിയ ഹവ്വ’ എന്ന പേരിൽ ആദിമസഭയിൽ അറിയപ്പെടാൻ കാരണം. ദിവ്യരക്ഷകനായ ക്രിസ്തുവിനെ ‘പുതിയ ആദം’ എന്നും ആദിമസഭാപിതാക്കന്മാർ വിശേഷിപ്പിച്ചിരുന്നു.
സമയകാലങ്ങൾക്ക് അതീതനായ ദൈവം പ്രത്യേകദിവസങ്ങളും മണിക്കൂറുകളും നിശ്ചയിച്ച് സൃഷ്ടികർമം നിർവഹിച്ചുവെന്നാണ് ഉൽപ്പത്തി പുസ്തകത്തിൽനിന്നും മനസ്സിലാക്കുക. അങ്ങനെയെങ്കിൽ പാപത്താൽ തകർന്നുപോയ മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പിനായി ഒരു പ്രത്യേക പദ്ധതി തയാറാക്കി പൂർത്തീകരണത്തിനായി ദൈവം സമയം നിശ്ചയിച്ചിരുന്നുവെന്ന് വേണം കരുതാൻ. വീണ്ടെടുപ്പിന്റെ ഈ രക്ഷാകരപദ്ധതിയിൽ മനുഷ്യപുത്രനാകാൻവേണ്ടി തനിക്ക് അനുയോജ്യയായ ഒരമ്മയെ നസ്രത്തിലെ മേരിയിൽ ദൈവം നിശ്ചയിച്ചിരുന്നു.
ദൈവപുത്രനായ ക്രിസ്തുവിന്റെ പിറവിക്കുവേണ്ടി ഒരു ഉദരം സംഭാവന ചെയ്യുകയല്ല പരിശുദ്ധ മറിയം ചെയ്തത്. ദൈവനിശ്ചയപ്രകാരം പാപമേശാതെ ജനിച്ച് പാപനിബിഡമായ ഈ ലോകത്തിൽ പരിശുദ്ധയായും കളങ്കമേൽക്കാതെയും ജീവിച്ചുകൊണ്ടുതന്നെ ദൈവപുത്രനെ ലോകത്തിനുവേണ്ടി പരിപാലിച്ചുവളർത്തി. ദൈവത്തിന്റെ ആവശ്യം വിനയാന്വിതയായി സ്വീകരിച്ചതുമുതൽ ദൈവികപദ്ധതിയിൽ സഹകരിച്ച കന്യകാമേരി പരിത്രാണകർമത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു സ്ത്രീയായിരുന്നു.
മനുഷ്യകുലത്തിന്റെയും അമ്മ പറുദീസയിലെ സ്ത്രീ ഉടമ്പടി ത കർത്തപ്പോൾ, നസ്രത്തിലെ സ്ത്രീ ഉടമ്പടി പുനഃസ്ഥാപിച്ചെടുത്തു. ഒരിക്കലും രക്ഷാകരപദ്ധതി തകരാതെ കാത്തുപരിപാലിക്കുന്നതിന് മറിയം ദൈവത്തോടും മനുഷ്യരോടുമൊപ്പം ഈ ലോകത്തിൽതന്നെയുണ്ടായിരുന്നുവെന്നത് ശ്രദ്ധിക്കുക. അതിനാൽ മേരി ദൈവത്തിന്റെ മാതാവ് മാത്രമല്ല മനുഷ്യകുലത്തിന്റെ മുഴുവൻ മാതാവുകൂടിയാണ്. രക്ഷാകരസംഭവത്തിലെ പ്രധാനമുഹൂർത്തങ്ങൾക്കെല്ലാം സാക്ഷ്യം വഹിക്കുന്ന മേരിയുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളും ഏറ്റെടുക്കേണ്ടിവരുന്ന പരിത്യാഗങ്ങളും ബൈബിൾ നമുക്ക് വിവരിച്ചുതരുന്നുമുണ്ട്.
സ്വന്തം സുഖവും സംതൃപ്തിയും മാത്രം ലക്ഷ്യംവെക്കുന്നവർ പിശാചിന്റെ പിന്നാലെയാണ് പായുന്നത്. ദൈവത്തോട് വിധേയത്വം പ്രഖ്യാപിക്കാതെ ലോകസുഖങ്ങളിൽ മയങ്ങിവീഴുന്നവർ ദൈവവുമായുള്ള സകലബന്ധങ്ങളും തകർക്കുന്നതിന് കാരണമാകും. സ്വയരക്ഷയോ സമൂഹത്തിന്റെ രക്ഷയോ സാധിച്ചെടുക്കാൻ കഴിയില്ല അവർക്ക്. ദൈവത്തിന്റെ പദ്ധതികളെല്ലാം അവർ തകർക്കും, പറുദീസയിലെ ഹവ്വയെപ്പോലെ. ദൈവമാതാവിനൊപ്പം ചേർന്നുനിന്ന് ദൈവികപദ്ധതികളുടെ പൂർത്തീകരണത്തിനായി സഹകരിക്കാൻ നിയോഗിക്കപ്പെട്ടവരാണ് ക്രൈസ്തവർ. ഈ സഹകരണത്തിന്റെ ഉടമ്പടിയാണ് യഥാർത്ഥ മരിയഭക്തർ ഒപ്പുവെക്കേണ്ടത്.
ഒരു സ്ത്രീയിലൂടെ ഉണ്ടായ ദുരന്തങ്ങൾ മറ്റൊരു സ്ത്രീ വഴിയായി പരിഹരിക്കപ്പെടുന്നു. വീണുപോയ ലോകത്തെ വീണ്ടെടുക്കുന്നു. ആദം ന യിച്ച ലോകത്തിന്റെ തകർച്ചകളിൽനിന്നും മനുഷ്യകുലത്തെ കെട്ടിയുയർത്താൻ ദൈവപുത്രന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ ദൈവത്തിന് പരിശുദ്ധ ജന്മം നൽകി ഒരു ദിവ്യജനനിയാകാൻ കഴിവുള്ള സ്ത്രീയെ തിരഞ്ഞെടുത്ത് വിശുദ്ധമായി മാറ്റിനിറുത്തിയെന്നത് ഒരു വിശ്വാസപ്രമാണമാണ്. ദിവ്യജനനിയെ ‘ദൈവമാതാവ്’ എന്ന് വിളിക്കാൻ വിസമ്മതിച്ച മരിയവിരുദ്ധ ദൈവശാസ്ത്രങ്ങളെല്ലാം ഉഗ്രപാഷണ്ഡതകളായി തീർന്ന് പിൽക്കാലത്ത് വേരുറയ്ക്കാതെ പോകുകയാണുണ്ടായത്.
‘തെയോറ്റക്കസ് ‘
ദൈവത്തിന്റെ അമ്മ സഭയുടെ ആരംഭകാലഘട്ടത്തിൽതന്നെ മരിയഭക്തി വിശ്വാസികൾക്കിടയിൽ വളരെ സജീവമായിരുന്നു. പരിശുദ്ധ അമ്മയെ വിശേഷിപ്പിക്കാൻ ‘തെയോറ്റക്കസ്’ എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരുന്നത്. ‘ദൈവത്തെ വഹിക്കുന്നവൾ’, ‘ദൈവത്തിന്റെ അമ്മ’ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.
ആദിമസഭയിൽ മനുഷ്യാവതാരം ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. എഫേസൂസ് കൗൺസിലിൽ (എ.ഡി. 431) വെച്ചാണ് മേരിയെ ‘ദൈവമാതാവ്’ (തെയോറ്റക്കസ്) എന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. പരിശുദ്ധ ത്രിത്വത്തിനെതിരെയും മരിയഭക്തിക്കെതിരെയും നിരവധി പാഷണ്ഡതകൾ ശക്തമായിക്കൊണ്ടിരുന്ന കാലത്ത് ആഴമായ ഒരു വിശ്വാസപ്രഖ്യാപനം കൂടിയായിരുന്നു അത്. മേരിയിലൂടെ മനുഷ്യാവതാരം ചെയ്ത ദൈവത്തിലെ രണ്ടാമത്തെയാളായ ക്രിസ്തു യഥാർത്ഥത്തിൽ ദൈവവും മനുഷ്യനുമാണെങ്കിൽ പരിശുദ്ധ കന്യകാമറിയം യഥാർത്ഥ ദൈവമാതാവാണെന്ന വിശ്വാസസത്യം ലോകത്തോട് പ്രഖ്യാപിക്കുകയാണ് എഫേസൂസിൽ കൂടിയ സഭാ കൗൺസിൽ ചെയ്തത്.
മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: ദൈവം പുത്രനെ അയച്ചു. എന്നാൽ അവന് ഒരു ശരീരം തയാറാക്കാൻ ഒരു സൃഷ്ടിയുടെ സ്വതന്ത്രസഹകരണം വേണമെന്ന് തീരുമാനിച്ചു. ഇതിനുവേണ്ടി തന്റെ പുത്രന് അമ്മയാകാൻ ഒരു ഇസ്രായേൽ പുത്രിയെ ഗലീലിയിലെ നസ്രത്തിൽനിന്നുള്ള ഒരു യഹൂദയുവതിയെ, ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട, ജോസഫ് എന്നയാളോട് വിവാഹവാഗ്ദാനം ചെയ്തിരുന്ന ഒരു കന്യകയെ ദൈവം അനാദിയിലേ തിരഞ്ഞെടുത്തു. ആ കന്യകയുടെ പേര് മറിയം എന്നായിരുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 488).
മറിയത്തിന്റെ ദിവ്യമാതൃത്വത്തെക്കുറിച്ച് കത്തോലിക്കാസഭയുടെ പ്രബോധനമിങ്ങനെയാണ്: വാസ്തവത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവൻ, ജഡപ്രകാരം യഥാർത്ഥത്തിൽ മറിയത്തിന്റെ മകനായിത്തീർന്നവൻ പരിശുദ്ധത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിന്റെ നിത്യപുത്രനുമല്ലാതെ മറ്റാരുമല്ല. തന്നിമിത്തം തിരുസഭ ഉദ്‌ഘോഷിക്കുന്നു^ ‘മറിയം യഥാർത്ഥത്തിൽ ദൈവത്തിന്റെ അമ്മയാണ്.’ (495)
വാഗ്ദത്തപേടകം
നിരന്തരദൈവസാന്നിധ്യവും പരിശുദ്ധിയുമുണ്ടായിരുന്ന പുതിയ വാഗ്ദത്ത പേടകമായിരുന്നു മറിയം. പഴയനിയമത്തിൽ ദൈവത്തിന്റെ നിർദേശപ്രകാരം പണിതീർത്ത വിശുദ്ധകൂടാരത്തിൽ അതിവിശുദ്ധസ്ഥലത്ത് സൂക്ഷിച്ചിരുന്ന വിശുദ്ധപേടകത്തിൽ മൂന്ന് ദിവ്യവസ്തുക്കളാണുണ്ടായിരുന്നത്.
1. മന്നാ വഹിച്ചിരുന്ന സ്വർണകലശം, 2. അഹറോന്റെ തളിർത്ത വടി, 3. ഉടമ്പടിയുടെ ഫലകങ്ങൾ
പുതിയ നിയമത്തിലെ വാഗ്ദത്തപേടകമായ പരിശുദ്ധമറിയത്തിൽ ഇവ മൂന്നും പരിപൂർണതയിലെത്തിയെന്നാണ് കത്തോലിക്കാമതവിശ്വാസിയായിത്തീർന്ന പ്രശസ്തഗ്രന്ഥകാരനും ദൈവശാസ്ത്ര അധ്യാപകനുമായ സ്റ്റീവ് റേ അഭിപ്രായപ്പെടുന്നത്.
1. ദൈവത്തിന്റെ നിയമങ്ങളെഴുതിയ കൽഫലകങ്ങൾക്കുപകരം മേരിയിലുണ്ടായിരുന്നത് യേശുവിന്റെ യഥാർത്ഥ ശരീരമാണ്. വചനമാകുന്ന ദൈവം മാംസം ധരിച്ച യേശു.
2. പഴയ പേടകത്തിലെ സ്വർണകലശത്തിൽ സൂക്ഷിച്ചിരിക്കുന്ന ആകാശത്തുനിന്ന് പൊഴിഞ്ഞ അപ്പമായ മന്നയ്ക്ക് പകരം മേരിയുടെ ഉദരത്തിൽ സ്വർഗത്തിൽനിന്നിറങ്ങിയ സാക്ഷാൽ ജീവിക്കുന്ന അപ്പമായ യേശു.
3. പഴയ പേടകത്തിൽ പൗരോഹിത്യാധികാരത്തിന്റെ അടയാളമായി അഹറോന്റെ തളിർത്തവടി സൂക്ഷിച്ചിരുന്നതിനു പകരം പരിശുദ്ധ മറിയത്തിൽ നിത്യപുരോഹിതനായ യേശു തന്നെ വസിക്കുന്നു.
പനിനീർകുസുമം
ദിവ്യരഹസ്യങ്ങൾ നിറഞ്ഞിരിക്കുന്ന പനിനീർപ്പൂവായാണ് ലുത്തിനിയയിൽ മാതാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്തമഗീതം പരിശുദ്ധാത്മാവിന്റെ വധുവിനെ ആരും പ്രവേശിക്കാത്ത പൂന്തോപ്പിനോടാണ് ഉപമിച്ചിരിക്കുന്നത്. ‘ഷാരോണിലെ പനിനീർപ്പൂവാണ് ഞാൻ. താഴ്‌വരകളിലെ ലില്ലിപ്പൂവ്’ (ഉത്തമഗീതം 2:1). ‘മുള്ളുകൾക്കിടയിലെ ലില്ലിപ്പൂവ് പോലെയാണ് കന്യകമാരുടെ ഇടയിൽ എന്റെ ഓമന’ (ഉത്തമഗീതം 2:2). പരിശുദ്ധ മറിയത്തിന്റെ പരിശുദ്ധിയെയും നിത്യകന്യകാത്വത്തെയുമാണ് ഉത്തമഗീതം സൂചിപ്പിക്കുന്നത്.
പുണ്യജനനിയായ മേരി ദൈവത്തിന്റെ പനിനീർകുസുമമാണ്. കടുംചുവപ്പുനിറത്തിലുള്ള റോസാപൂക്കളും വെളുത്ത നിറത്തിലുള്ള ലില്ലിപ്പൂക്കളും ഷാരോൺതാഴ്‌വരയിൽ ധാരാളമായി വളർന്നിരുന്നു. ചുവപ്പുനിറം മാതാവിന്റെ എളിമയും വെളുത്തനിറം പരിശുദ്ധ അമ്മയുടെ പരിശുദ്ധിയെയും പ്രതിബിംബിച്ചിരുന്നുവെന്നാണ് വിശുദ്ധ ബർണാർദ് സൂചിപ്പിക്കുന്നത്. വിശുദ്ധ ബ്രിജിത്തയുടെ രചനകളിലും കന്യകാമറിയത്തെ പനിനീർപ്പൂവിനോടാണ് ഉപമിച്ചിരിക്കുന്നത്: ‘കന്യകാമേരി വിരിയുന്ന ഒരു പനിനീർപ്പൂവാണ്. വേദനകൾക്കിടയിൽ ജീവിച്ച കന്യാമേരി മുള്ളുകൾക്കിടയിൽ വിരിയുന്ന പനിനീർപ്പൂവുപോലാണ്.’
ദൈവമാതാവിന്റെ കന്യാകാത്വത്തെക്കുറിച്ച് സെന്റ് അഗസ്റ്റിൻ പറയുന്നു: ‘മുള്ളുകൾക്കിടയിലെ ഒരു ലില്ലിപ്പുഷ്പം പോലെ നിഷ്‌കളങ്കയും പരിശുദ്ധയുമായ ഒരു കന്യകയാണ് മറിയം.’ എ.ഡി. 390ൽ ജീവിച്ചിരുന്ന ഗ്രിഗറി നംസ്യാനസ് പരിശുദ്ധ അമ്മയുടെ നിത്യകന്യകാത്വത്തെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘ക്രിസ്തു ജനിച്ചത് ഒരു കന്യകയിൽനിന്നാണ്. പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ട ആത്മാവിലും ശരീരത്തിൽനിന്നും ഒരു ശിശുവിന്റെ ജന്മത്തിന് അനുയോജ്യമായ ബഹുമാന്യത ലഭിക്കണം. അതിനാൽ ദൈവപുത്രന്റെ ജന്മത്തിന് അത് വളരെ അത്യാവശ്യമായിരിക്കുന്നു. പരിശുദ്ധ അമ്മയുടെ നിത്യ കന്യകാത്വം അതിനേറെ മഹത്വം നൽകുന്നു.’
മറിയത്തിന്റെ സൗന്ദര്യവും പരിശുദ്ധിയും കാലത്തെ അതിശയിപ്പിക്കുന്നതാണ്. ജന്മപാപത്തിന്റെ കളങ്കമില്ലാത്ത അമലോത്ഭവം മേരിയുടെ ആത്മീയസൗന്ദര്യം അനശ്വരമാക്കുന്നു. സമാനതകളില്ലാത്ത ദൈവസൃഷ്ടിയാണ് പരിശുദ്ധ മറിയം. പരമ്പരാഗത കത്തോലിക്കാവിശ്വാസത്തിന്റെ അമൂല്യനിധികളിലൊന്നാണ് പരിശുദ്ധ മറിയത്തിലുള്ള വിശ്വാസം. മേരിയെ രക്ഷകനായ മിശിഹാകർത്താവിന്റെ അമ്മയായി അംഗീകരിക്കുന്നതുമുതൽ സ്വന്തം ജീവിതത്തിലെ ഒരമ്മയായി സ്വീകരിക്കുന്നതുവരെ വിശ്വാസമെന്ന ദാനം ഒരു മരിയഭക്തന് അത്യാവശ്യമാണ്.
ക്രിസ്ത്യാനികളുടെ ആദ്യമാതൃക
സഭാപിതാക്കന്മാരുടെ അഭിപ്രായത്തിൽ ദൈവത്തിൽനിന്നും പ്ര ത്യേകമായ നിരവധി അനുഗ്രഹങ്ങൾ ലഭിച്ച സ്ത്രീയാണ് പരിശുദ്ധ മറിയം.
സ്വന്തം പുത്രന് ഏറ്റവും അനുയോജ്യമായ അമ്മയെന്ന നിലയിൽ ഒരു ക്രിസ്ത്യാനിയുടെ ആദിമാതൃകയും ദൈവത്തിന്റെ പരിശുദ്ധസൃഷ്ടിയായ പരിശുദ്ധ അമ്മ തന്നെയാണ്. അമലോത്ഭവം, നിത്യകന്യകാത്വം, സ്വർഗാരോപണം, എല്ലാ ക്രൈസ്തവരുടെയും ആത്മീയമാതാവ്, പുതിയ ഹവ്വ തുടങ്ങിയ വിശുദ്ധ പദവികളെല്ലാം ദാനമായി ലഭിച്ചു മറിയത്തിന് ദൈവത്തിൽനിന്ന്.
മധ്യകാലഘട്ടത്തിലെ കലാസാഹിത്യചരിത്രത്തിലും മരിയഭക്തിയുടെ ശക്തമായ സ്വാധീനം പ്രകടമാണ്. ക്രൈസ്തവവിശ്വാസത്തിൽ
മേരിയിലുള്ള വിശ്വാസം എത്ര ശക്തമായിരുന്നുവെന്നതിന്റെ തെളിവാണത്. ഡാന്റെ അലിഗിരിയുടെ ഇതിഹാസകാവ്യം ‘ഡിവൈൻ കോമഡി’ ആരംഭിക്കുന്നതും അവസാനിക്കുന്നതും മരിയദർശനത്തോടെയാണ്.
അമ്മയുടെ അസ്ഥിത്വം മുഴുവനും ദൈവത്തിന് വേണ്ടിയായിരുന്നു. നീതിസൂര്യനായ ഈശോമിശിഹായുടെ മനുഷ്യാവതാരം വിളംബരം ചെയ്തുകൊണ്ട് ഉദയം ചെയ്ത പ്രഭാതനക്ഷത്രമായിരുന്നു മറിയം. മേരിയിലെ വിനയമാർന്ന വ്യക്തിത്വമാണ് ദൈവപുത്രനെ അവളുടെ പക്കലേക്ക് എത്തിച്ചതെന്നാണ് വിശുദ്ധ അഗസ്തീനോസ് പറയുന്നത്. മേരിയുടെ അഗാധമായ എളിമ അവളുടെ കൃതജ്ഞതാസ്‌തോത്രത്തിൽനിന്നുതന്നെ വ്യക്തമാകുന്നതാണ്.
എലിസബത്ത് മറിയത്തെ അഭിവാ ദ്യം ചെയ്തപ്പോൾ പുണ്യജനനി ദൈ വത്തോടുള്ള തന്റെ കൃതജ്ഞതയും എളിമയുമാണ് പ്രകടിപ്പിച്ചത്. മറിയത്തിന്റെ സ്‌തോത്രഗീതം (ലൂക്കാ 1:46-53).
മാനവചരിത്രം മാറ്റിമറിച്ചവൾ
ദൈവത്തോട് സത്യസന്ധമായി ‘സമ്മതമാണ്’ എന്നു പറയുന്ന ഏ തൊരു പുരുഷനിലും സ്ത്രീയി ലും അവിടുന്ന് വന്നുവസിക്കും. ‘യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും.’ ദൈ വത്തിന്റെ കൂടാരവും വാഗ്ദത്തപേടകവുമായിത്തീരുന്നത് എവിടെയാണോ അവിടമാകും ദൈവം തന്റെ വാസസ്ഥലമായി തിരഞ്ഞെടുക്കുക.
അടുത്തകാലത്ത് പുറത്തിറങ്ങിയ ഏറ്റവും ജനപ്രീതി നേടിയ മരിയൻചിത്രമായ ‘മേരി ഓഫ് നസ്രത്തി’ലെ മേരിയുടെ റോളിൽ അഭിനയിച്ച പ്രശസ്തനടി അലീസാ യുംഗ് പറയുന്നു: ‘മേരി സൗമ്യതയും അലിവുമുള്ളവളായിരിക്കുമ്പോൾതന്നെ മനോബലമുള്ളവളും ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിവുള്ള ഒരു സ്ത്രീത്വം കൂടിയാണ്. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളായിരുന്നു മേരിയെ പകർത്തുകയെന്നുള്ളത്. മകനെ നഷ്ടപ്പെടുമെന്ന് അറിയാമെങ്കിലും താൻ ഉറച്ച് വിശ്വസിക്കുന്ന സത്യങ്ങൾക്കുവേണ്ടി നിലനിൽക്കുക. ഇതൊന്നും അമ്മയുടെ വേദന ഒരുവിധത്തിലും കുറയ്ക്കുന്നില്ല.’
വിശ്വാസിക്ക് ദൈവം ഒരു കൂട്ടിച്ചേർക്കലല്ല. ജീവന്റെ ഉറവിടവും അത്യുച്ചകോടിയുമാണ്. ലോകത്തിൽ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന ദൈവികമായ രക്ഷാകര പ്രവർത്തനങ്ങളിൽ എങ്ങനെയാണ് പങ്കെടുക്കേണ്ടതെന്ന് മേരി നമുക്ക് ജീവിച്ചുകാണിച്ചുതന്നു, ‘ഇതാ കർത്താവിന്റെ ദാസി’ എന്ന പ്രതികരണത്തിലൂടെ. ക്രിസ്തീയജീവിതത്തിൽ സ്‌നേഹത്തിന്റെ അർത്ഥവും സമർപ്പണശൈലിയുമെന്തായിരിക്കണമെന്ന് അമ്മ ജീവിതത്തിലൂടെ വ്യക്തമാക്കിത്തന്നു. സാധാരണജീവിതത്തിലൂടെ മാനവചരിത്രം തന്നെ തലകീഴായി മറിക്കാൻ കഴിയുമെന്നാണ് നസ്ര ത്തിലെ മറിയത്തിന്റെ ജീവിതം പ്രഖ്യാപിക്കുന്നത്.
‘മാതാവ് നിന്നെ താങ്ങുമ്പോൾ നീ പരാജിതനാകുകയില്ല. അവളുടെ സംരക്ഷണയിലായിരിക്കുമ്പോൾ നീ ഭയപ്പെടേണ്ടതില്ല. അവൾ മാർഗദർശിയാവുമ്പോൾ, നീ ക്ഷീണിതനാവുകയില്ല. അവളുടെ പ്രീതിക്ക് പാത്രമായാൽ സ്വർഗരാജ്യത്തിന്റെ തുറമുഖത്ത് നീ എത്തിച്ചേരുകതന്നെ ചെയ്യും’ (വിശുദ്ധബർണാർദ്).
മാത്യു ജോസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?