Follow Us On

29

March

2024

Friday

സമാപനപ്രസംഗം

സമാപനപ്രസംഗം

ഒരു വ്യക്തിയുടെ ജീവിതയാത്രയിലെ വിവിധഘട്ടങ്ങളിൽ അവശ്യം അറിഞ്ഞിരിക്കേണ്ട ചില ഒർമപ്പെടുത്തലുകളാണ് ജെയ്‌സൺ ജോസഫ് കൊട്ടാരത്തിന്റെ സമാപനപ്രസംഗം. ജനനം പോലെതന്നെ മരണവും യഥാർത്ഥ സന്തോഷത്തോടെ ആയിരിക്കുന്നതിന് ദൈവം ദാനമായി നൽകിയ ജീവിതത്തെ കാത്ത് പരിപാലിക്കാനും അവിടുന്ന് വിളിക്കുമ്പോൾ കറവീഴാത്ത ആത്മാവോട് കൂടി ആ പിതാവിന്റെ പക്കലണയാൻ നമുക്കുള്ള കടമയേയും ലേഖകൻ ഓർമപ്പെടുത്തുന്നു ഇവിടെ. ജീവിതം ഒരു പരീക്ഷ പോലെയാണ്. പരീക്ഷയിൽ വിജയിക്കുന്നവരാണ് സ്വർഗരാജ്യം കരസ്ഥമാക്കുക. ഈ പരീക്ഷക്കുള്ള പാഠ്യവിഷയങ്ങളാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. സ്വർഗരാജ്യം സ്വന്തമാക്കാൻ നമ്മുടെ ഈ ലോകജീവിതം ഏങ്ങനെ ആയിരിക്കണമെന്ന് ഓരോ അധ്യായങ്ങളും നമ്മെ ഓർമിപ്പിക്കുന്നു. മരണാനന്തര ജീവിതം നാമേറ്റുപറയുന്ന വിശ്വാസസത്യമാണ്. എന്നാൽ മരണത്തെക്കുറിച്ചുപോലും ചിന്തിക്കാതെ താൽക്കാലികസുഖങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരായി ഓരോരുത്തരും മാറിക്കൊണ്ടിരിക്കുന്നു. അവർക്കൊരു താക്കീതും വഴികാട്ടിയുമായ ഈ പുസ്തകം, മനുഷ്യജീവിതത്തെ ഒരു പരിപാടിയുടെ ഉദ്ഘാടന- സമാപന സമ്മേളനങ്ങളിലുണ്ടാകുന്ന വിത്യസ്തമായ പരിപാടികളോട് ചേർത്തുവെച്ചാണ് യയാറാക്കിയിരിക്കുന്നത്. ഉൾത്താളുകളിൽ…..
അനുഗ്രഹിക്കുന്ന ദെവം
അനുഗ്രഹം എന്നാൽ പ്രശ്‌നങ്ങൾ ഇല്ലാത്ത ജീവിതം എന്നർത്ഥമില്ല. എന്നാൽ പ്രശ്‌നങ്ങളെ ദൈവത്തോട് ചേർന്ന്‌നിന്ന് അഭിമുഖീകരിക്കാനും നശിച്ചുപോകാതെ നേരായ വഴിയിലൂടെ നടക്കുവാനും അത് നമ്മെ സഹായിക്കുന്നു. ലേഖകന്റെ അഭിപ്രായത്തിൽ ദൈവം ജീവിതത്തിൽ ചൊരിഞ്ഞിരിക്കുന്ന എല്ലാ ദാനങ്ങളും അനുഗ്രഹമാണ്. ദാനമല്ലാതെ ഒന്നും നമ്മുടെ ജീവിതത്തിൽ ലഭിച്ചിട്ടില്ല. ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾ നേടാനുള്ള മാർഗങ്ങൾ നിരവധിയാണെന്നും ലേഖകൻ വ്യക്തമാക്കുന്നു. അനുഗ്രഹത്തിനും ക്ഷമയ്ക്കും ഒരു മാനദണ്ഡമാണുള്ളതെന്നും നാം മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോൾ നമ്മുടെ ജീവിതവും അനുഗ്രഹിക്കപ്പെടുമെന്ന് വിശുദ്ധ പത്രോസിന്റെ ലേഖനത്തിൽ പറയുന്ന ശത്രുക്കളെ അനുഗ്രഹിക്കുവിൻ എന്ന ഭാഗം ഉദ്ധരിച്ചുകൊണ്ട് സ്പഷ്ടമാക്കുന്നു ഇവിടെ. നമ്മുടെ അനുഗ്രഹം മറ്റുള്ളവരുടെ ഉയർച്ചയ്ക്ക് കാരണമാകുമെങ്കിൽ അത് ചെയ്യുക എന്നത് ക്രൈസ്തവജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരു കൃഷിക്കാരൻ വയലിൽ എന്ത് വിതയ്ക്കുന്നുവോ അത് തന്നെയാണ് കൊയ്യുന്നതും. വിതയ്ക്കുന്നതിൽനിന്ന് വിഭിന്നമായി കൊയ്യുവാൻ കഴിയില്ല. നാം അനുഗ്രഹിക്കുന്നവരായാൽ അത് തന്നെ കൊയ്യുവാനും സാധിക്കും. മറ്റുള്ളവരെ അനുഗ്രഹിക്കുക എന്നാൽ അവർക്ക് നന്മ ഉണ്ടാകുവാൻ ആഗ്രഹിക്കുകയാണെന്നുള്ള വലിയ ബോധ്യം വളർത്തുന്ന ചിന്തകളും നൽകാൻ പുസ്തകത്തിലുടനീളം ലേഖകൻ ലക്ഷ്യം വെയ്ക്കുന്നു. ഒപ്പം അനുഗ്രഹലബ്ധിക്കായിയിട്ടുള്ള മാർഗങ്ങളും പുസ്തകം പങ്ക് വെയ്ക്കുന്നു.
സ്‌നേഹത്തിലെ സത്യം
എല്ലാറ്റിനെയും വിമർശിക്കണമെന്ന ആഗ്രഹം, മറ്റുള്ളവരിൽ നന്മകാണുന്നതിൽനിന്ന് നമ്മെ തടസ്സപ്പെടുത്തുന്നു. നമ്മിലെ സ്‌നേഹം നന്മ കാണാൻ കഴിയാത്തതിനാൽ നിർജീവമായിത്തീരുന്നു. അതുമൂലം സൃഷ്ടികളിലെ സൗന്ദര്യം ആസ്വദിക്കുന്നതിന് കുറ്റംവിധി തടസ്സപ്പെടുത്തുകയാണെന്നും ലേഖകൻ ചൂണ്ടികാട്ടുന്നു. മാനസികസംഘർഷത്തിനും രോഗാവസ്ഥയ്ക്കും കുറ്റംവിധി കാരണമാകുന്നു. മനസ്സിന്റെ സന്തോഷം അത് നഷ്ടപ്പെടുത്തുന്നു. മറ്റുള്ള വ്യക്തികൾ ക്രമേണ ഇത്തരക്കാരിൽനിന്ന് ഒഴിഞ്ഞ് മാറുന്നു. മറ്റുള്ളവരുടെ അകൽച്ച തന്നിൽതന്നെ മാനസിക പ്രശ്‌നത്തിന് കാരണം സൃഷ്ടിക്കുമെന്നും പുസ്തകം അഭിപ്രായപ്പെടുന്നു. മറ്റുള്ളവരുടെ വളർച്ചയെ കുറ്റംവിധിക്കൽ തടസ്സപ്പെടുത്തുകയോ മുരടിപ്പിക്കുകയോ ചെയ്യാറുണ്ടെന്നും അനാവശ്യമായ കുറ്റംവിധിക്കൽ മക്കളുടെയോ ജീവിതപങ്കാളിയുടെയോ സുഹൃത്തുക്കളുടെയോ സഹപ്രവർത്തകരുടെയോ വളർച്ചയെ മുരടിപ്പിക്കുന്നതിന് കാരണമാകാമെന്നുള്ള സാധ്യതയും ലേഖകൻ തള്ളിക്കളയുന്നില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും തെറ്റ് കണ്ടാൽ എന്ത് ചെയ്യും എന്നുള്ളതാണ്. തെറ്റ് കണ്ടാൽ തിരുത്തുക എന്നതാണ് പ്രധാനമെന്നും അതിനായിട്ടുള്ള ചില മാർഗങ്ങളും നിർദേശിക്കപ്പെടുന്നുണ്ട് പുസ്തകത്തിൽ.
തെറ്റ് കണ്ടിട്ട് തിരുത്താതിരിക്കുമ്പോൾ നാം ശിക്ഷ അനുഭവിക്കേണ്ടിവരും, ആരെങ്കിലും തിരുത്തട്ടെ എന്നത് അലംഭാവവും സ്വയം നല്ലതായി ചമയലുമാണെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു. പഴയനിയമത്തിൽ ഇസ്രായേലിൽ ന്യായാധിപനായിരുന്ന ഏലി മക്കളുടെ തെറ്റുകണ്ടിട്ട് തിരുത്താതിരുന്നപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ചുകൊണ്ടാണ് ലേഖകൻ ഇത് വ്യക്തമാക്കുന്നത്. തെറ്റ് ആവർത്തിക്കപ്പെടാനുള്ളതല്ല, തിരുത്താനുള്ളതാണ്. തിരുത്തിയിട്ട് മാറിയില്ല എന്നോർത്ത് വൈരാഗ്യമോ പകയോ ദേഷ്യമോ കൊണ്ടുനടക്കരുത്. പകരം സ്‌നേഹത്തിൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുക. കാരണം ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല. സോളമൻ പ്രാർത്ഥിച്ചതുപോലെ ”ആകയാൽ, നൻമയും തിൻമയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ പോരുന്ന വിവേകം ഈ ദാസനു നൽകിയാലും”എന്ന് നാം പ്രാർത്ഥിക്കുകയാണ് വേണ്ടതെന്നും പുസ്തകം ഓർമപ്പെടുത്തുന്നു.
യഥാർത്ഥ സ്‌നേഹിതൻ
മനുഷ്യഹൃദയത്തിന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് മറ്റുള്ളവരിൽനിന്ന് അംഗീകാരം ലഭിക്കണമെന്നത്. അംഗീകാരം പ്രതീക്ഷിക്കാത്ത മനുഷ്യർ വിരളമാണ്, പ്രായഭേദമെന്യേ മനുഷ്യൻ അത് പ്രതീക്ഷിക്കാറുണ്ടെന്നും ലേഖകൻ അഭിപ്രായപ്പെടുന്നു. ഒരോരുത്തരിലും അതിന്റെ അളവും തോതും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മാത്രം. സ്വന്തം പുത്രനെ നൽകികൊണ്ട് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ പഠിപ്പിച്ച ദൈവമാണ് ആദ്യം നമ്മെ അംഗീകരിക്കുന്നത്. നമ്മെ മകനും മകളുമാക്കിത്തീർത്തതാണ് ഏറ്റവും വലിയ അംഗീകാരം. ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ ഭാഗ്യം കിട്ടിയ നമ്മെപ്പോലെ ഭാഗ്യവാന്മാർ ലോകത്തിൽ മറ്റാരുമില്ല. പുത്രൻ നമ്മെ അംഗീകരിക്കുന്നത് സ്‌നേഹിതന്മാർ എന്നുവിളിച്ചുകൊണ്ടാണ്. ഒരു വ്യക്തിക്ക് തന്റെ എല്ലാകാര്യങ്ങളും തുറന്ന് പറയാൻ കഴിയുന്നത് സ്‌നേഹിതനോട് മാത്രമാണെന്നും അഞ്ചാം അധ്യായത്തിൽ വിവിധ ഉദാഹരണങ്ങളിലൂടെ ലേഖകൻ വ്യക്തമാക്കുന്നു. തന്റെ കുറവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും പിൽക്കാലജീവിതത്തെക്കുറിച്ചും ഇന്നത്തെ ജീവിതത്തെക്കുറിച്ചും ഭാവിയെപ്പറ്റിയും ഒക്കെ സ്‌നേഹിതനോട് സംസാരിക്കാം. മാതാപിതാക്കന്മാരും മക്കളും ഭാര്യയും ഭർത്താവും തമ്മിലുമുള്ള ബന്ധം വലുതാണെങ്കിലും മുഴുവനായി തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ല. എല്ലാം തുറന്നുപറഞ്ഞാൽ ചിലപ്പോൾ നന്മയെക്കാൾ തിന്മയായിരിക്കും സംഭവിക്കുകയെന്നും പുസ്തകം ഓർമപ്പെടുത്തുന്നു. ലോകത്തിലെ സുഹൃത്തുക്കൾക്ക് തങ്ങളുടേതായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. ഇത് ഒന്നും ഇല്ലാത്ത സ്‌നേഹിതൻ യേശുമാത്രം. ഈശോ പറഞ്ഞു, നിങ്ങൾ എന്റെ സ്‌നേഹിതൻമാരായതിനാൽ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാം ഞാൻ നിങ്ങളോടുപറഞ്ഞു. യഥാർത്ഥ സ്‌നേഹിതൻ ഒന്നും മറച്ചു വെയ്ക്കാത്തവനാണ്. മനുഷ്യൻ അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പലതാണ്. അവ പൊക്കം, വണ്ണം, സൗന്ദര്യം, ജാതി, മതം, നിറം, സമ്പത്ത്, പ്രായം, ലിംഗം, ഭാഷ, ദേശം, സ്ഥാനമാനങ്ങൾ, വിദ്യാഭ്യാസം എന്നിവയൊക്കെയാണ്. ഓരോരുത്തരുടെയും ഭാവനയിലെ ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവരെ അംഗീകരിക്കുന്നതിന്റെ ഘടകങ്ങളാകാറുണ്ട്. എന്നാൽ ഏത് അവസ്ഥയിലും ഈശോ മാത്രമാണ് നമ്മുടെ കുറവുകൾ അറിഞ്ഞ് നമ്മെ അംഗീകരിക്കുന്ന ഏക സ്‌നേഹിതനാണെന്ന് ലേഖകൻ യാതൊരു സംശയവും കൂടാതെ വ്യക്തമാക്കുന്നു.
കണ്ണിന്റെ കുളിർമയും ജീവന്റെ നാശവും
തെറ്റായ കാര്യങ്ങൾ നമ്മിൽ വളരെ പെട്ടന്ന് സ്വാധീനം ചെലുത്തും. എന്നാൽ നല്ല കാര്യങ്ങൾ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. തിൻമയിൽനിന്ന് അകന്നു നിൽക്കുമ്പോൾ നാം ഒഴുക്കിനെതിരെ നീന്തുന്നവരെപ്പോലെയാണ്, ശരീരത്തിന്റെ ഇച്ഛകളെ മനസ്സിന്റെ ബലം കൊണ്ടു നേരിടണം. മനോബലം വർധിപ്പിക്കണമെങ്കിൽ ശരീരത്തെ നിയന്ത്രിച്ചേ പറ്റൂ. അതിന് ത്യാഗം ചെയ്യണം. അല്ലെങ്കിൽ ശരീരമായിരിക്കും എപ്പോഴും വിജയിക്കുകയെന്നും പുസ്തകം സമർത്ഥിക്കുന്നു. പ്രലോഭനം പലപ്പോഴും സാഹചര്യത്തിന്റെ സൃഷ്ടിയാണ്. സാഹചര്യത്തെ ഒഴിവാക്കുന്നത് പ്രലോഭനത്തെ അതിജീവിക്കുന്നതിൽ പ്രധാനപ്പെട്ടതാണ്. പാത്രത്തിൽ ഇട്ട് വച്ചിരിക്കുന്ന മീൻ പൂച്ചയ്ക്ക് പ്രലോഭനം തന്നെയാണ്. എന്നാൽ തന്റെ യജമാനൻ കൊടുക്കുമ്പോൾ മാത്രം അത് കഴിക്കുക എന്നതാണ് പ്രധാനം. യജമാനന്റെ അടുത്തിരിക്കുമ്പോൾ മീൻ പൂച്ചയ്ക്ക് പ്രലോഭനവസ്തുവാണെങ്കിലും അത് മീൻ എടുക്കാനുള്ള പ്രലോഭനത്തെ നിയന്ത്രിക്കും. അതുപോലെ പ്രാർത്ഥന നമ്മെ യജമാനന്റെ കൂടെ ഇരിക്കുന്നതിനും പ്രലോഭനത്തെ നേരിടുന്നതിനും സഹായിക്കുമെന്ന് ലേഖകൻ വ്യക്തമാക്കിതരുന്നു. നിന്റെ കണ്ണോ കൈയ്യോ നിനക്ക് പാപഹേതുവാകുന്നെങ്കിൽ അത് ചൂഴ്ന്ന് എടുത്ത് എറിഞ്ഞുകളയുകയോ വെട്ടിക്കളയുകയോ ചെയ്യുക എന്ന് വചനം പറയുന്നു. നമ്മുടെ സുഹൃദ്ബന്ധങ്ങളോ ജോലിസാഹചര്യങ്ങളോ ജീവിതസാഹചര്യങ്ങളോ നമ്മെ തിന്മയ്ക്ക് പ്രലോഭിപ്പിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ കണ്ണിനും കൈയ്ക്കും തുല്യമാണ്. അതിനെ ഒഴിവാക്കി ജീവിക്കുക എന്നത് അതിനെ വെട്ടിക്കളയുന്നതിന് തുല്യമാണെന്ന് പറയുന്ന ലേഖകൻ, ഞാൻ ആഗ്രഹിച്ച രീതിയിൽ ജീവിതത്തിൽ ആയിത്തീരാനായില്ല, അല്ലെങ്കിൽ എന്റെ കൂടെ പഠിച്ചവർ, ജോലി ചെയ്തവർ ഒക്കെ വളരെ നല്ല നിലയിൽ ആയിത്തീർന്നു, ഞാൻ പുറകിലായിപ്പോയി എന്ന തോന്നലെല്ലാം പ്രലോഭനങ്ങൾ തന്നെയാണ എന്ന് വ്യക്തമാക്കുന്നു. കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ തമ്മിൽ വികർഷിക്കുകയും വിജാതീയ ധ്രുവങ്ങൾ തമ്മിൽ ആകർഷിക്കുകയും ചെയ്യുന്നതുപോലെയാണ് പ്രലോഭനവും പ്രാർത്ഥനയും. വിജാതീയധ്രുവം പോലെ പ്രലോഭനം നമ്മെ തിന്മയിലേക്ക് ആകർഷിക്കുകയും സജാതീയധ്രുവം പോലെ പ്രാർത്ഥന നമ്മെ അതിൽ നിന്ന് വികർഷിക്കുകയും ചെയ്യുമെന്ന് പുസ്തകം വിശദ്ധീകരിക്കുന്നു. രോഗികളേയും ദുരിതമനുഭവിക്കുന്നവരെയും സന്ദർശിക്കുമ്പോൾ നമ്മുടെ ചിന്തകളിൽ മാറ്റമുണ്ടാകും. മാനുഷികസുഖത്തിന്റെ പ്രലോഭനം അകന്നു പോവുകയും ചെയ്യും. പല പ്രലോഭനങ്ങളിലും നാം വീണുപോകാൻ കാരണം മോഹങ്ങളാണ്. പണം, അധികാരം, ലഹരി, ആഹാരം, ലൈംഗികാസക്തി എന്നിവയെല്ലാം മോഹങ്ങളാണ്. അവയെ കർത്താവിനോട് ചേർന്ന് ഉപേക്ഷിക്കാൻ പഠിക്കുക. എല്ലായ്‌പ്പോഴും പ്രലോഭനത്തെ നേരിടാൻ ഒരുങ്ങിയിരിക്കുക. അല്ലെങ്കിൽ നാം പെട്ടന്ന് വീണുപോകുമെന്നും പുസ്തകം ഓർമപ്പെടുത്തുന്നു.
കുരിശുകൾ
നമ്മുടെ കുരിശ് നമ്മുടെ രോഗം ആയിരിക്കാം, സാമ്പത്തിക ബാധ്യതയായിരിക്കാം, ജോലി ഇല്ലാത്ത അവസ്ഥയാകാം, മക്കളില്ലാത്തതായിരിക്കാം, നീതി നിഷേധിക്കപ്പെട്ടതായിരിക്കാം, ദാരിദ്ര്യം ആയിരിക്കാം. ഏതാണെങ്കിലും കർത്താവിനോട് ചേർന്ന് ആ കുരിശ് വഹിക്കുമ്പോൾ അത് ലഘുവായി മാറുന്നു. ഒരു മനുഷ്യൻ മറ്റുള്ളവരുടെ കൂടെ ഇരിക്കുമ്പോൾ തന്റെ കുരിശിനെ ഓർത്ത് അധികം ദുഃഖിതനാകാറില്ല, എന്നാൽ ഒറ്റയ്ക്കായിരിക്കുമ്പോൾ കുരിശിന്റെ ചിന്ത പലപ്പോഴും നമ്മെ വലയ്ക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പരിശുദ്ധ ദൈവമാതാവിന്റെ മാതൃക നോക്കി കാണാൻ ലേഖകൻ പഠിപ്പിക്കുന്നു. ജീവിത ദുഃഖത്തിന്റെ ഏകാന്തനിമിഷങ്ങളിൽ കർത്താവിനോട് ചേർന്ന് നിൽക്കാൻ സാധിക്കാത്തവർ, മദ്യപാനത്തിനും മയക്കുമരുന്നിനും പരാതിപ്പെടലിനും കുറ്റംപറച്ചിലിനും മറ്റുപല തിന്മകൾക്കും അടിമപ്പെടുന്നു. വേദനയിൽനിന്ന് ഒളിച്ചോടി മനസ്സിനെ മറ്റു പലരീതിയിലും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു. ഒരോ മനുഷ്യന്റേയും ഹൃദയത്തിന് സന്തോഷം വേണം. പ്രാർത്ഥനയിലൂടെ മനസ്സിനെ സന്തോഷിപ്പിക്കുകയും ദുഃഖത്തെ ദുരീകരിക്കുകയും ചെയ്യണം. കുരിശ് വഹിക്കാൻ മടിക്കുന്നവൻ അക്കരെ പച്ചക്കാരനാണ്. ഇവിടെ നിൽക്കുമ്പോൾ തോന്നും അവിടെയാണ് നല്ലത് എന്ന്. പക്ഷെ, അവിടെയും ഗതി ഇതുതന്നെയെന്ന് ലേകഖൻ ഓർമപ്പെടുത്തുന്നു. കുരിശ് വേണ്ടന്ന് പറയുന്നത് പിശാചാണ്. ഈശോയുടെ കുരിശിനെ എതിർത്ത പത്രോസിനോട് കർത്താവ് പറഞ്ഞത്, സാത്താനേ ദൂരെപ്പോവുക, നിന്റെ ചിന്ത ദൈവികമല്ല മാനുഷികമാണ് എന്നാണ്. നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലേക്ക് നീങ്ങുന്ന നമുക്ക് അത് ദൈവത്തിന്റെ ശക്തിയാണന്ന് വചനം പറയുന്നു. നാം സന്തോഷത്തോടെ വഹിച്ച കുരിശ് സ്വർഗത്തിൽ പ്രവേശിക്കാൻ നമ്മെ യോഗ്യരാക്കിത്തീർക്കുമെന്ന് 8-ാം അധ്യായത്തിലൂടെ ലേഖകൻ വ്യക്തമാക്കുന്നു.
സമാധാനത്തിന്റെ രാജാവ്
സമാധാനത്തിന്റെ മഹത്തായ കൂദാശയാണ് പരിശുദ്ധബലി. ബലിയുടെ പല ഭാഗങ്ങളിലും നിരവധി പ്രാവശ്യം സമാധാനം നമ്മോടുകൂടെ എന്ന് ഉച്ചരിക്കപ്പെടുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുമ്പോൾ ആദ്യം പറയുന്നത്, നിങ്ങൾക്കു സമാധാനം എന്നാണ്. ക്രിസ്തുവിന്റെ സാന്നിധ്യം ബലിയിൽ പലപ്പോഴായി ഇതുവഴിയായി നമ്മെ ഓർമിപ്പിക്കുന്നു. മാനുഷികചിന്തയിൽ സമാധാനം ലഭിക്കാൻ ഉള്ള മാർഗങ്ങൾ സമ്പത്ത്, പ്രശസ്തി, സ്ഥാനമാനങ്ങൾ, സുഖസൗകര്യങ്ങൾ, ആരോഗ്യം മുതലായവയാണ്. എന്നാൽ ഇവയൊന്നും നമ്മിൽ സ്ഥിരമായ സമാധാനം നിലനിർത്താനായിട്ട് സഹായിക്കില്ല. ഒരു വ്യക്തിയിൽ, കുടുംബത്തിൽ, സമൂഹത്തിൽ സമാധാനം നിലനിർത്തുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് ഇവിടെ വ്യക്തമാക്കുന്നു ലേഖകൻ.
കറകളില്ലാതെ
കറയില്ലാത്ത ജീവിതം ആണ് വിശുദ്ധി. എന്നാൽ ജീവിതയാത്രയിൽ പലപ്പോഴും ഹൃദയത്തിൽ കറ പുരളാവുന്നതാണ്. ഒരു ചെമ്പ് പാത്രം നിർമിക്കുമ്പോൾ അത്, യാതൊരു കറയുമില്ലാത്ത പാത്രമാണ്. എന്നാൽ കാലം മുന്നോട്ടു നീങ്ങുമ്പോൾ വേണ്ടവിധം പാത്രത്തെ സൂക്ഷിച്ചു വെക്കാതെയിരുന്നാൽ അതിൽ ക്രമേണ ക്ലാവ് പിടിക്കുന്നു. വിശുദ്ധ ഗ്രന്ഥം പറയുന്നു, ”നിങ്ങളെ വിളിച്ചവൻ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ.”ഈ സുവിശേഷ വാഖ്യത്തെ മുൻനിർത്തിയാണ് പുസ്തകം ജീവിത വിശുദ്ധിയെക്കുറിയെക്കുറിച്ച് വിവരിക്കുന്നത്. കർത്താവ് ആഗ്രഹിക്കുന്നത് നൂറു ശതമാനം വിശുദ്ധിയാണ്. അതുകൊണ്ടാണ് എല്ലാ പ്രവൃത്തികളിലും നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ എന്ന് എഴുതിയിരിക്കുന്നത്. ക്രൈസ്തവരായ നാം ഓരോരുത്തരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന ഒരു ചൊല്ലുണ്ട്. ലക്ഷ്യം നല്ലതാണെങ്കിൽ മാർഗം ഏതുമാകാം എന്നർത്ഥം. എന്നാൽ ക്രിസ്തു വിഭാവനം ചെയ്യുന്ന വിശുദ്ധിയിൽ ലക്ഷ്യത്തേക്കാൾ പ്രധാനം മാർഗത്തിനാണെന്ന് ലേഖകൻ സമർത്ഥിക്കുന്നു. വിശുദ്ധിയിലേക്കുള്ള യാത്രയാണ് മനുഷ്യജീവിതം. നാം പാപികളായിരിക്കെ പാപമില്ലാത്തവൻ പാപപ്പരിഹാരബലിയായിത്തീർന്നു. പാപമില്ലാത്ത അവസ്ഥയാണ് വിശുദ്ധിയുടെ മാനദണ്ഡം.
നമ്മുടെ വിശുദ്ധി നമ്മുടെ സംരക്ഷണമാണ്. ദൈവികചൈതന്യം നമ്മിൽ നിറയുന്നതിനും ദൈവകൃപയും അനുഗ്രഹവും സ്വീകരിക്കുന്നതിനും വിശുദ്ധി നമ്മെ സഹായിക്കുന്നു. വിശുദ്ധിയില്ലായ്മ നമുക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ വരുത്തി വെക്കുമെന്ന് ലേഖകൻ സമർത്ഥിക്കുന്നു. വിശുദ്ധിയില്ലായ്മ നമുക്ക് കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടാക്കുന്നതിനും ആന്തരികസമാധാനം നഷ്ടപ്പെടുന്നതിനും പ്രലോഭനങ്ങൾക്ക് പെട്ടെന്ന് അടിപ്പെടുന്നതിനും മാനസികസമ്മർദങ്ങൾക്കും സ്വയം ബഹുമാനം ഇല്ലായ്മക്കും മറ്റുള്ളവരെ കുറ്റം വിധിക്കുന്നതിനും ഇടയാക്കും. മാത്രമല്ല വിശുദ്ധിയില്ലായ്മ നമ്മുടെ ആത്മീയജീവിതത്തിലും വ്യക്തിതലത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പുസ്തകം വിശദ്ധമാക്കുന്നു.
കൃതജ്ഞതാപ്രകാശനം
നന്ദിപ്രകാശനമെന്നാൽ നമുക്ക് ലഭിച്ചിരിക്കുന്ന എല്ലാറ്റിനെയും ഓർത്തുകൊണ്ടുള്ള ഹൃദയത്തിന്റെ മറുപടിയാണ്. ആത്മീയവും ഭൗതികവുമായ എല്ലാ ദാനങ്ങളെയും ഓർത്ത് നാം ദൈവത്തോട് നന്ദി പറയാൻ കടപ്പെട്ടിരിക്കുന്നുവെന്നും പുസ്തകം ഓർമിപ്പിക്കുന്നു. നമ്മുടെ ആരോഗ്യത്തെ, കഴിവുകളെ, ബുദ്ധിയെ, ജോലിയെ, മക്കളെ, സമ്പത്തിനെ, കാഴ്ചയെ തുടങ്ങി സകലത്തെയും ഓർത്ത് നന്ദിപറയാൻ നമുക്ക് ബാദ്ധ്യതയുണ്ട്. ആത്മീയമായി നോക്കിയാൽ കർത്താവ് ചൊരിയുന്ന സ്‌നേഹത്തെ, നിത്യരക്ഷയെ, പാപം പൊറുക്കുന്ന അവസ്ഥയെ, കരുണയെ ഓർത്ത്, സ്വപുത്രനെ നൽകിയ സ്‌നേഹത്തെ, പ്രത്യാശയെ, വചനത്തെ, പ്രമാണത്തെ, ഉയിർത്തെഴുന്നേൽപ്പിനെ എല്ലാം ഓർത്ത് നന്ദിപറയാൻ നാം കടപ്പെട്ടിരിക്കുകയാണെന്നും ലേഖകൻ സമർത്ഥിക്കുന്നു. നന്ദി എന്നത് നമുക്ക് എല്ലാവരോടുമാകാം, എന്തെന്നാൽ അറിഞ്ഞോ അറിയാതെയോ ഓരോ മനുഷ്യനും മറ്റൊരുവന് നന്മ ചെയ്യാറുണ്ട്. മനുഷ്യരോട് നന്ദിയുണ്ടെങ്കിൽ മാത്രമേ നമുക്ക് ദൈവത്തോടും നന്ദിതോന്നുകയുള്ളൂ. കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന് മുമ്പ് പിതാവിന് നന്ദിപറഞ്ഞ് പ്രാർത്ഥിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ കാണാമെന്ന് തിരുവചനങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് ലേഖകൻ വിശദ്ധമാക്കുന്നു. നന്ദി പറഞ്ഞ് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നന്ദി എന്നത് നമ്മുടെ ഒരു ഓർമയാകണം. ഉദരത്തിൽ ജനിക്കുന്ന നാൾ മുതൽ മരിച്ച് ശരീരം മറവുചെയ്യുന്നതുവരെയും നാം മറ്റുള്ളവരോട് കടപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ നന്ദി എന്നത് ലോകത്തിലെ ഏറ്റവും നല്ല വാക്കാണെന്ന് സമർത്ഥിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.
ചുരുക്കം
ഒരു പരിപാടിയുടെ ഉദ്ഘാടനസമ്മേളനം പോലെയും സമാപനസമ്മേളനം പോലെയുമാണ് ജീവിതത്തെ ലേഖകൻ പുസ്തകത്തിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്. തുടക്കമെന്നപോലെ ഒടുക്കവും ഭംഗിയാകേണ്ടതുെന്നയെന്ന ധ്വനിയാണ് ഇവിടെ. ജീവിതയാത്രയുടെ വിവിധ ഘട്ടങ്ങളിൽ ഓർത്തിരിക്കേണ്ടണ്ടകാര്യങ്ങളെ കോറിയിടുന്നതിൽ പുസ്തകം ശ്രദ്ധ പുലർത്തിയിരിക്കുന്നു. ജീവിതമെന്ന പരീക്ഷയിൽ വിജയിച്ച് സ്വർഗരാജ്യം കരസ്ഥമാക്കാനുള്ള പാഠ്യവിഷയങ്ങളാണ് ഈ പുസ്തകത്തിലെ ഇരുപത്തിഒൻപത് അധ്യായത്തിലുമുള്ളത്. സ്വർഗരാജ്യം സ്വന്തമാക്കാൻ നമ്മുടെ ഈ ലോകജീവിതം ഏങ്ങനെ ആയിരിക്കണമെന്ന് ഓരോ അധ്യായങ്ങളും നമ്മെ ഓർമിപ്പിക്കുന്നു. തിരുത്തലുകൾ തുടങ്ങേണ്ടത് സ്വന്തം ജീവിതത്തിൽ നിന്നുതന്നെയെന്ന പാഠം വായനക്കാരിൽ വളരെ ആഴത്തിൽ പതിപ്പിക്കാൻ പുസ്തകത്തിന് കഴിയും എന്നതിൽ തർക്കമില്ല. ലളിതമായി ജീവിച്ച് മരിക്കുക, വിശുദ്ധിയോടെ വിടപറയുക അതാണ് ഈ ജീവിതയാത്രയുടെ സമാപനത്തിൽ വേണ്ടതെന്ന് വായനക്കാരെ ശക്തമായി ഉദ്‌ബോധിപ്പിച്ചുകൊണ്ടും അതിനായി അർത്ഥസമ്പുഷ്ടമായ ധാരാളം ആശയങ്ങൾ പങ്കുവെച്ചും ലേഖകൻ പുസ്തകം ഉപസംഗ്രഹിക്കുന്നു.


Buy Online : www.sophiabuy.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?