Follow Us On

29

March

2024

Friday

സാമൂഹ്യമാധ്യമങ്ങളും സുവിശേഷപ്രഘോഷണവും

സാമൂഹ്യമാധ്യമങ്ങളും  സുവിശേഷപ്രഘോഷണവും

മാധ്യമങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. വിമർശന ബുദ്ധിയോടെ നിരീക്ഷിച്ചാൽ മാധ്യമങ്ങൾ പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങൾ ശരിതെറ്റുകളെ നിർണയിക്കുകയും ധാർമ്മികതയെ നിർവ്വചിക്കുകയും അങ്ങനെ വസ്തുതകളുമായി അശേഷം ബന്ധമില്ലാത്ത വിധിയെഴുത്തുകൾ നടത്തുകയും ചെയ്യുന്ന കാലം. സത്യത്തിനപ്പുറം സ്ഥാപിതമായ താത്പര്യങ്ങൾ ഭരണം നടത്തുന്ന കാലം.
അതിനാൽ ഇക്കാലഘട്ടത്തിൽ, വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളിലേക്ക് നോക്കുക എന്നത് ഭീകരപ്രവർത്തനമായി അനുഭവപ്പെടുന്നു. കാരണം, ധർമ്മവും ധാർമ്മികതയും മറന്ന ഈ മാധ്യമങ്ങൾ സത്യം സത്യമായി പറയുന്നില്ല എന്നതിനൊക്കെ അപ്പുറത്ത് സത്യത്തെ വക്രീകരിക്കുകയും വളച്ചൊടിക്കുകയും മറ്റു പലതിനോടും കൂട്ടിക്കലർത്തി സ്വന്തം താത്പര്യങ്ങൾക്കനുസൃതം വ്യാഖ്യാനങ്ങൾ രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കച്ചവടസംസ്‌കാരത്തിന്റെ നടത്തിപ്പിനുവേണ്ടി ധാർമ്മികമൂല്യങ്ങളെ അവ ബലികഴിക്കുന്നു; ധാർമ്മികതയുടെ കാവലാളായ മതത്തെ നിരന്തരം ആക്രമിക്കുന്നു; നിശിതമായി വിശ്വാസത്തെ വിമർശിക്കുന്നു, ചോദ്യം ചെയ്യുന്നു.
വിശ്വാസവിരുദ്ധപ്രവണതകൾ
സാമൂഹ്യമാധ്യമങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ െ്രെകസ്തവവിശ്വാസത്തെ ഇല്ലാതാക്കുകയോ വിമർശിക്കുകയോ അതിന്റെ സൗന്ദര്യത്തെയും യുക്തിഭദ്രതയെയും കടന്നാക്രമിക്കുകയോ ചെയ്യുന്ന നിരവധി ശ്രമങ്ങൾ നാം തിരിച്ചറിയും. നിരീശ്വരവാദികൾ, യുക്തിവാദികൾ, സഭാവിമർശകർ, അബദ്ധപ്രബോധകർ, വർഗ്ഗീയവും രാഷ്ട്രീയവും മതത്തിൽക്കലർത്തി ചിന്തിക്കുന്നവർ അത് വ്യാപിപ്പിക്കുന്നവർ, പാരമ്പര്യപ്രേമികൾ, പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ അവരുടെ പ്രബോധനങ്ങൾ, ഓൺലൈൻ മഞ്ഞപ്പത്രങ്ങൾ, ട്രോളുകൾ… ഇങ്ങനെ നിരവധി മുന്നേറ്റങ്ങൾ. ഇവയുടെയൊക്കെ അംഗബലവും ആക്രമണരീതികളും നമ്മെ അത്ഭുതപ്പെടുത്തും. വെറുപ്പും വിദ്വേഷവും പരത്തുന്നതും യുക്തിരഹിതമായ ആരോപണങ്ങളിൽ അധിഷ്ഠിതമായ വളച്ചൊടിച്ച ചിത്രങ്ങൾ, തെറ്റായ വ്യാഖ്യാനങ്ങളോടെയുള്ള വീഡിയോകൾ, എന്നിവയൊക്കെ ഇവരിലൂടെ പുറത്തുവരുന്നുണ്ട്, വ്യാപകമായി തോതിൽ െ്രെകസ്തവരായ കുട്ടികളുടെയും യുവജനങ്ങളുടെയും ഉള്ളംകൈകളിലേക്കെത്തുന്നുമുണ്ട്. അവരെ വിശ്വാസത്തിൽ നിന്നകറ്റുന്നുണ്ട്, അവരുടെ ധാർമ്മികതയെ അപചയത്തിലേക്ക് നയിക്കുന്നുണ്ട്.
ധാർമ്മികമായ അപചയം
മാധ്യമലോകം ചിലപ്പോൾ െ്രെകസ്തവവിശാസത്തോടും ധാർമ്മികതയോടും നിസ്സംഗത പുലർത്തുകയോ ശത്രുത പോലും പുലർത്തുകയോ ചെയ്യുന്നതായി തോന്നുന്നു. ഇതിന്റെ ഭാഗികകാരണം, ‘മാധ്യമസംസ്‌കാരം ഒരു പ്രത്യേകതരം ഉത്തരാധുനികചിന്തയിൽ ആഴത്തിൽ മുങ്ങിക്കിടക്കുന്നതാണ്’ എന്ന് ഭാഗ്യസ്മരണാർഹനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിട്ടുണ്ട് (24ാമത് ലോക മാധ്യമദിനസന്ദേശം, 1990). ഇക്കാലഘട്ടത്തിന്റെ തികച്ചും വസ്തുതാപരമായ നിരീക്ഷണമാണത്. െ്രെകസ്തവലോകം ഉയർത്തിപ്പിടിക്കുന്ന ധാർമ്മികചിന്തയും ആദർശങ്ങളും ഇല്ലാതാക്കുകയോ അപ്രസക്തമാക്കുകയോ ചെയ്യുക എന്നത് ഉത്തരാധുനികദാർശനികപരിസരങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടപ്പിൽവരുത്തുന്ന പദ്ധതിയാണ്. കച്ചവടത്തിന്റെയും ലാഭനഷ്ടങ്ങളുടെയും കണക്കുകൂട്ടലുകളുടെ ലോകത്തിൽ മനുഷ്യനും അവന്റെ അന്തസ്സിനും ദൈവത്തോടുള്ള ബന്ധത്തിനുമാണ് സുപ്രധാനസ്ഥാനം വേണ്ടതെന്ന് പഠിപ്പിക്കുന്ന മതവിശ്വാസത്തെയും അനുബന്ധമായ ആത്മീയധാർമ്മികസംഹിതകളെയും അവ ആക്രമിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു.
മനുഷ്യജീവിതത്തിൽ മുൻകൈ നേടുന്ന ലോകമോഹങ്ങളുടെ/താത്പര്യങ്ങളുടെ പ്രതിഫലനമാണ് ധാർമ്മികതയോടും ആത്മീയതയോടും യുവാക്കളും പുതിയ തലമുറയും പുലർത്തുന്ന നിസ്സംഗത. വിശ്വാസത്തെ അപ്രസക്തമാക്കുകയും ജീവിതാഘോഷങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്ന ധാർമ്മികതയെ തള്ളിപ്പറയുകയും മാധ്യമങ്ങളിലൂടെ കൈമാറിക്കിട്ടുന്നവയെല്ലാം വിവേചനമില്ലാതെ ആസ്വദിക്കുകയും ചെയ്യുന്നതിലൂടെ നിസംഗതയുടെ മനോഭാവത്തോടൊപ്പം ധാർമ്മികമായ അധപതനവും പുതുതലമുറക്ക് സ്വന്തമാകുന്നു. എന്തും ഏതും അനുവദനീയമാണെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന നിസംഗതാബോധവും ധാർമ്മികബലത്തിന്റെ അഭാവവും അവരെ ദുർബലരാക്കുന്നു. ഈ ദൗർബല്യത്തിന്റെ ആക്കം കൂട്ടാനും സ്വഭാവവൈകൃതങ്ങളെ ആഴപ്പെടുത്താനും സമൂഹത്തിൽ അസ്വസ്ഥതയും അക്രമവും വർദ്ധിപ്പിക്കാനും ഇൻറർനെറ്റിലെ ലൈംഗികതയുടെ അതിപ്രസരം പ്രത്യേകമായവിധത്തിൽ കാരണമാകുന്നുണ്ട്. ബന്ധങ്ങളുടെ വിവിധ മേഖലകളിൽ വിള്ളലുകൾ വീഴ്ത്തിക്കൊണ്ട് പൊതുജീവിതവും സ്വകാര്യജീവിതവും ക്രമരഹിതമാക്കുന്നതിൽ ഈ വർത്തമാനകാലപാപം വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് തന്നെ പറയാം.
പ്രതിരോധം പ്രസക്തമാകുന്നത്
കാലഘട്ടം ദുഷിച്ചതാണെന്നും വിശ്വാസത്തിന് മാധ്യമങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും പറഞ്ഞ് പരിതപിച്ചുകൊണ്ടിരുന്നാൽ അത് പരിഹാരമാവില്ല. പ്രാർത്ഥന മാത്രവും ഈ വിഷയത്തിൽ ഉപകാരം ചെയ്യില്ല. എന്നാൽ ആത്മീയമായി ആഴപ്പെടുകയും പ്രാർത്ഥനയിൽ അടിയുറച്ചുകൊണ്ട് മാധ്യമസംസ്‌കാരത്തിന്റെ സർവ്വാധിപത്യപ്രവണതക്ക് മുമ്പിൽ സത്യം പറയാൻ ചങ്കൂറ്റം കാട്ടുകയും ചെയ്യുക എന്നത് ഈ കാലഘട്ടത്തിന്റെ ദൈവവിളിയാണ്. വിജാതീയരും സത്യദൈവത്തെക്കുറിച്ച് അജ്ഞരുമായിരുന്ന ജനതയോട് സുവിശേഷം പ്രസംഗിച്ച അപ്പസ്‌തോലികസഭയുടെ തീക്ഷ്ണതയോടും ചൈതന്യത്തോടും കൂടെ പുതിയ കാലത്തിലെ ഓൺലൈൻ കൂട്ടായ്മകളോട് അല്ലെങ്കിൽ ഒരു വിർച്വൽ സമൂഹത്തോട് സുവിശേഷം പ്രസംഗിക്കാനും തിരുസ്സഭയെ സംബന്ധിക്കുന്ന സത്യം അവതരിപ്പിക്കാനും നമുക്ക് കടമയുണ്ട്. മാധ്യമങ്ങളിൽ സഭാവിരോധികളും നിരീശ്വരവാദികളും അബദ്ധപ്രബോധകരും അവതരിപ്പിക്കുന്ന ആഴമില്ലാത്തതും പ്രത്യക്ഷത്തിൽ വൈരുദ്ധ്യസ്വഭാവം ജനിപ്പിക്കുന്നതുമൊക്കെയായ വിശ്വാസമോ വ്യാഖ്യാനങ്ങളോ അല്ല പരിശുദ്ധ സഭയുടേത് എന്ന് പേർത്തും പേർത്തും പറയാൻ, എഴുതാൻ, ആവും വിധത്തിലെല്ലാം സംവദിക്കാൻ ഓരോ വിശ്വാസിയും പരിശ്രമിക്കണം. സത്യസഭയുടെ വിശ്വാസത്തിന്റെറയും പ്രബോധനങ്ങളുടെയും ആഴവും സൗന്ദര്യവും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും സാദ്ധ്യമായ എല്ലാ മാദ്ധ്യമങ്ങളിലൂടെയും ആവിഷ്‌കരിക്കാൻ സഭാധികാരികളടക്കം ഏവരും സവിശേഷശ്രദ്ധ പ്രദർശിപ്പിക്കേണ്ടിയിരിക്കുന്നു.
ഇൻറർനെറ്റിന്റെ സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരമുള്ള ലോകത്തിൽ സുവിശേഷമൂല്യങ്ങളെയും വിശ്വാസബോധ്യങ്ങളെയും അവതരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുന്നതും സഭാവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്നതും വിലകെടുത്തുന്നതുമായവയെ തിരുത്തുകയും ചെയ്തുകൊണ്ട് ഇന്റർനെറ്റിന്റെ ലോകത്തിൽ സജീവസാന്നിധ്യമാവുകയും ചെയ്യേണ്ടത് വർത്തമാനകാലസഭയുടെ ഉത്തരവാദിത്വമാണ്. ആത്മീയവും ധാർമ്മികവുമായ അധഃപതനങ്ങളിൽ നിന്ന് തങ്ങൾക്കേല്പിക്കപ്പെട്ടവരെ സംരക്ഷിക്കാൻ കടപ്പെട്ട അജപാലകർക്ക് അധികകാലം ഈ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ദൈവനിഷേധത്തിന്റെയും തിരുസഭാവിമർശനത്തിന്റെയും പരിധികളും പരിമിതികളും ലംഘിക്കപ്പെടുകയും സത്യത്തിനും അതിന്റെ നിലപാടുകൾക്കും ഇടമില്ലാതാവുകയും ചെയ്യുമ്പോൾ അത്തരം ഇടങ്ങളെ രൂപപ്പെടുത്താനും സുവിശേഷത്തെയും ക്രിസ്തു പഠിപ്പിച്ച മൂല്യബോധത്തെയും ആത്മീയതയെയും കുറിച്ച് നിരന്തരമായി സംസാരിച്ചുകൊണ്ടിരിക്കാനും നാം ശ്രമിക്കണം. തിന്മയുടെ അന്ധകാരം മനുഷ്യമനസുകളിലേക്ക് വ്യാപിപ്പിക്കുന്ന ഇന്റർനെറ്റിൽ നമ്മുടെ പരിശ്രമങ്ങൾകൊണ്ട് നന്മയുടെയും ദൈവവിശ്വാസത്തിന്റെയും ധാർമ്മികജീവിതത്തിന്റെയും ചെറുചിരാതുകൾ തെളിക്കാൻ നാം കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കണം.
തിരുസഭയെ സംബന്ധിച്ചിടത്തോളം ഇത് എളുപ്പത്തിൽ സാധ്യമാണ്. തികച്ചും സംഘടിതസ്വഭാവമുള്ള സഭാസംവിധാനത്തിൽ ഇപ്രകാരമുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്നത് ബുദ്ധിമുട്ടല്ല. ഇടവകകളിൽ നിന്ന് ഇപ്രകാരം താത്പര്യമുള്ള ഒന്നോ രണ്ടോ പേരെ തിരഞ്ഞെടുക്കുകയും അവരെ രൂപതാതലത്തിൽ ഒരു കൂട്ടായ്മയായി നിലനിർത്തുകയും ചെയ്തുകൊണ്ട് സഭാസംബന്ധമായ വാർത്തകളും പ്രശ്‌നങ്ങളുടെ യാഥാർത്ഥ്യങ്ങളും എത്രയും വേഗം അവരിലേക്ക് കൈമാറുകയും ചെയ്താൽ അവർ അംഗങ്ങളായിരിക്കുന്ന ഇടവകയുടെ ഗ്രൂപ്പുകളിലേക്കും സംവിധാനങ്ങളിലേക്കും അത്തരം വിവരങ്ങൾ അതിവേഗം എത്തിച്ചേരും. പ്രാദേശികമായി രൂപംകൊള്ളുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ പോലും അതിവേഗം പ്രചരിക്കുന്നതിനെ ഇത്തരമൊരു സംവിധാനം തടസപ്പെടുത്തും.
രൂപതകളുടെ ഇതേ സംവിധാനത്തെ പല രൂപതകളിൽ നിന്നുള്ള പ്രതിനിധികളുടെ കൂട്ടായ്മയാക്കി രൂപാന്തരപ്പെടുത്തിയാൽ ഇതേ സംവിധാനം ഏതൊരു മുഖ്യധാരാമാധ്യമത്തേക്കാളും ശക്തമായി നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ആവശ്യമായ ഇടങ്ങളിൽ പ്രതിരോധങ്ങളൊരുക്കുവാനും തിന്മയുടെ അതിശീഘ്രവ്യാപനത്തിന് തടയിടാനും ഭാവാത്മാകവും സൃഷ്ടിപരവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുവാനും സർവ്വോപരി ഈശോയുടെ സുവിശേഷത്തെയും അതിലധിഷ്ഠിതമായ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കാനും ഈ പ്രവർത്തനങ്ങൾ നമ്മെ സഹായിക്കും.
ഫാ. നോബിൾ തോമസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?