Follow Us On

29

March

2024

Friday

സിക്കുകാരൻ പാടുന്നത് ക്രിസ്തുഗീതങ്ങൾ

സിക്കുകാരൻ പാടുന്നത് ക്രിസ്തുഗീതങ്ങൾ

ബിജ്‌നോർ: ‘എന്റെ ഹൃദയത്തിൽ യേശുവന്നു..എന്റെ ജീവനിൽ അവൻ നിറഞ്ഞു,..ഇനി എനിക്കൊന്നും കുറവില്ലല്ലോ….’പരിസരം മറന്ന് പാടുകയാണ് സർദാർ കരൺ സിംഗ് എന്ന സിക്ക്കാരൻ. ഇടയ്ക്ക് കൈവിരലുകൾകൊണ്ട് തബലയിൽ ഈണമിടുകയും ചെയ്യുന്നു. വികലാംഗനായി ജനിച്ച ജോസഫ് എന്ന ബാലൻ ആ പാട്ടിനൊപ്പം ഏറ്റുപാടുന്നു. അദ്ദേഹത്തിന് ചുറ്റിനും ഇരുന്ന കുട്ടികളും മുതിർന്നവരും ദൈവത്തെ സ്തുതിക്കുകയാണ്.
സിഖ് ഗുരുദ്വാരകളിൽ കേൾക്കുന്ന ‘ഗുർബാണി’യുടെ ഈണമാണ് കരൺ സിംഗിന്റെ ഈ സ്തുതി ഗീതങ്ങൾക്ക്.ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും അതിർത്തി പ്രദേശത്തുള്ള നജിബാബാദിലെ പ്രേംധാം എന്ന അഗതി മന്ദിരമാണ് രംഗം. സിക്ക് സമുദായാഗമായ കരൺസിംഗ് കർത്താവിനെ കണ്ടറിഞ്ഞ ആനന്ദം പാട്ടിലൂടെ ലോകത്തെ അറിയിക്കുകയാണ്. ഡൽഹിയിൽ ജനിച്ച കരൺസിംഗ് ഉയർന്ന വിദ്യാഭ്യാസം ആർജിച്ച വ്യക്തിയാണ്. ഡൽഹിയിലെ ചാണക്യപുരിയിലുള്ള സ്വീഡിഷ് എംബസിയിലെ വിസ വിഭാഗത്തിൽ നല്ല ജോലിയും സമ്പാദിച്ചിട്ടുണ്ട്. ഭാര്യ സുനിത കൗർ. ഇരുവരും എംബസിയിലെ ജീവനക്കാർ. രണ്ട് മക്കൾ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
19 വർഷം മുമ്പാണ് കരൺ സിംഗിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം. ബ്രെയിൻ ട്യൂമർ ബാധിച്ച് ഭാര്യ മരിച്ചു. ഇനി ജീവിതമില്ലെന്ന് അയാൾക്ക് തോന്നി. കാരണം അത്രമാത്രം അയാൾ ഭാര്യയെ സ്‌നേഹിച്ചിരുന്നു. ജീവിതം വെറുത്ത കരൺ അലഞ്ഞ് തിരിയാൻ ആരംഭിച്ചു. പലയിടത്തും പോയി. ഒടുവിൽ ഹിമാലയത്തിലാണ് എത്തുന്നത്. ഉത്തരാഖണ്ഡിലെ ഹേമകുണ്ഡിൽ പല സന്യാസികളോടും ജീവിതത്തിന്റെ പൊരുൾ തേടി. എന്നാൽ അവരിൽ നിന്നൊന്നും അയാൾ ഉദ്ദേശിച്ച ശാന്തി മാത്രം കിട്ടിയില്ല. ഇടക്കെപ്പോഴോ ഒരു മലയാളി വൈദികനെ പരിചയപ്പെട്ടു. അദ്ദേഹം കരൺസിംഗിന് ഒരു ബൈബിൾ സമ്മാനിച്ചു. സത്യാന്വേഷിയായി അലയുന്ന കാലത്താണ് സത്യവേദപുസ്തകം വാങ്ങിവായിക്കുന്നത്. മറ്റ് മതങ്ങളെ അറിയാനുള്ള കേവല കൗതുകം കാരണം അതെന്താണെന്ന് വായിച്ചു നോക്കി. എന്നാൽ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും മാറ്റി മറിച്ച ബൈബിൾ വാക്യങ്ങൾ ഇരുതല വാളുപോലെ അദ്ദേഹത്തിന്റെ ഹൃദയഭിത്തിയിൽ തറഞ്ഞുകയറി.
കർത്താവിന്റെ ആലയത്തിൽ ഏവർക്കും ഇടമുണ്ട്, അവിടെ തരംതിരിവുകളില്ല, അവസാനത്തെ പാപിയും അനുതപിച്ച് മടങ്ങിയെത്തുതുന്നതുവരെ കാത്തിരിക്കുന്ന ക്ഷമപൂർണനായ കർത്താവിന്റെ കാരുണ്യം താൻ വായിച്ച മറ്റ് മത ഗ്രന്ഥങ്ങളിൽ ഒുമില്ലെന്ന തിരിച്ചറിവ് കരൺ സിംഗിനെ പ്രേംധാമിന്റെ സേവകനാക്കി മാറ്റി. പഞ്ചാബിലെ തരൻതരൻ ജില്ലയിലെ പേർവാൾ എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് കരൺ സിംഗിന്റെ മാതാപിതാക്കൾ.
ഉത്തര കാശിയിലെ ഹേമകുണ്ഡിൽ നിന്നും മടങ്ങാനിരിക്കെയാണ് ലോകത്തെ ഞെട്ടിച്ച പ്രളയവും, മേഘസ്‌ഫോടനവും ഉത്തരാഖണ്ഡിനെ പിടിച്ചുലക്കുന്നത്. കരൺ സിംഗ് തമ്പടിച്ച അക്കാഡ (കാനനസ്ഥലം) ഒഴികെയുള്ള കുന്നുകൾ പ്രളയത്തിൽ ഒലിച്ചുപോയി.
സത്യവചനത്തിന് സാക്ഷ്യമാകാൻ എന്നപോലെ കരൺ സിംഗിനെ മാത്രം പ്രളയം തൊട്ടില്ല. ഒരു മലയാളി വൈദികനാണ് കരൺ സിംഗിനെ ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ടിന്റെയും അതിർത്തിയിലുള്ള നജീബാബാദിലെ പ്രേംധാമിലെത്തിക്കുന്നത്. ദൈവത്തെ തേടി അലഞ്ഞ നാളുകൾക്ക് വിടപറഞ്ഞ കരൺ സിംഗ്, താൻ തേടിയ ദൈവത്തെ അവിടെ കണ്ടെത്തുകയായിരുന്നു. മൂന്നാണിയിൽ തൂങ്ങി ലോകപാപഭാരം ഏറ്റെടുത്ത മനുഷ്യപുത്രനെ തിരിച്ചറിഞ്ഞ കരൺ സിംഗ് പറയുന്നു, ”ഇനി കർത്താവ് കാണിച്ചുതരുന്ന പാതയിലാണ് തന്റെ യാത്ര’യെന്ന്.
പ്രേംധാമിൽ പ്രാർത്ഥന ഗീതം ആലപിക്കുന്നതും തബലവായിക്കുന്നതും കരണാണ്. ഒപ്പം അന്തേവാസികളായ ചെറിയ കുട്ടികളെ കുളിപ്പിക്കാനും ഭക്ഷണം വാരിക്കൊടുക്കാനും അലക്കാനുമൊക്കെ ഓടി നടക്കുന്നു. ”ഞാൻ തേടി നടന്ന സമാധാനവും സ്‌നേഹവും ഇവിടെയാണ്എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ട്, പരാശ്രയം കൂടാതെ ജീവിക്കാൻ സാധിക്കാത്ത മക്കളും അവർക്കായി ജീവിതം ഉഴിഞ്ഞുവെച്ച വൈദികരും ഉണ്ട് ഈ തിരിച്ചറിവ് ജീവിതത്തെ സ്‌നേഹിക്കാനും, ജീവൻ നൽകിയവനെ ആരാധിക്കാനും പ്രചോദനമേകുന്നു. പർവതസാനുക്കളിലും ആളൊഴിഞ്ഞ കുടിലുകൡലും സാധകം ചെയ്യുന്നതല്ല, വൈകല്യത്തോടെ ജനിച്ചവർക്ക് വേണ്ടി ജീവിക്കുവാനും അവരെ ക്രിസ്തുമാർഗത്തിലേക്ക് നയിക്കാനുമാണ് തന്നോട് ക്രിസ്തു ആവശ്യപ്പെടുന്നതെന്ന്് തിരിച്ചറിഞ്ഞ കരൻ പിന്നീട് ജീവിതത്തെക്കുറിച്ച് തെല്ലും പരാതിപ്പെട്ടില്ല.
വെള്ളിത്താടിയും, ശുഭ്ര വസ്ത്രങ്ങളും തിളങ്ങുന്ന മിഴികളും തെളിഞ്ഞ ശബ്ദവുമുള്ള കരൺസിംഗ് പാടുമ്പോൾ പ്രകൃതി പോലും നിശബ്ദമാകുമത്രേ. തന്റെ ജീവിതത്തിൽ ഇന്നോളം സമ്പാദിച്ചതെല്ലാം ചെറിയ മക്കൾക്ക് നൽകി അവരെ വളർത്താൻ വലിയമ്മയെ ഏൽപിച്ചാണ് കരൺസിംഗ് ദേശാടനത്തിനിറങ്ങുന്നത്. ഇവിടെ പ്രേംധാമിലെ മക്കളെ സംരക്ഷിക്കുമ്പോൾ തന്റെ മക്കളെ ദൈവം സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാകണം തന്റെ മക്കളെ ഓർത്ത് കരൺ സിംഗിന് ഒട്ടും ഖേദമില്ല. അദ്ദേഹത്തിന്റെ സേവനത്തിൽ സംതൃപ്തരാണ് പ്രേംധാമിന്റെ സ്ഥാപകരായ ഫാ.ഷിബു തുണ്ടത്തിൽ, ഫാ.ബൈജു മണിയമ്പ്രയിൽ, ഫാ.ബെന്നി തെക്കേക്കര എന്നിവരെല്ലാം.
‘മേ യഹാം പെ ഖുഷും..ആഗേ ക്യാഹേ പരമേശ്വർ ബതായേഗ…ഉൻകി ഹുക്കും കി ഇന്തജാർ മെ ഹും….’
”നാളെ എന്ത് എന്ന കർത്താവിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഞാൻ. കർത്താവ് നിർദേശിക്കുന്ന ഏതു വേലയ്ക്കും ഞാൻ തയ്യാറാണ്.” ”ദൈവമെ നിനക്ക് സ്‌തോത്രം പാടാൻ ലഭിച്ച ഈ ജന്മം മതി എനിക്ക്.. ഞാൻ കൃതാർത്ഥനായി.” കരൺ സിംഗ് വീണ്ടും കരമുയർത്തിപ്പാടുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?