Follow Us On

28

March

2024

Thursday

സിസിലിയുടെ മേരിക്കുഞ്ഞ് ഇനി വാഴ്ത്തപ്പെട്ടവൾ

സിസിലിയുടെ മേരിക്കുഞ്ഞ്  ഇനി വാഴ്ത്തപ്പെട്ടവൾ

സ്കൂളിലേക്കു പോകുമ്പോഴും വരുമ്പോഴും പാടത്തു ജോലി ചെയ്യുന്ന പണിക്കാർ പതിവു കാഴ്ചകളായിരുന്നു. അവർ പാടത്തിന്റെ വരമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്നത് സിസിലിയും മേരിക്കുഞ്ഞും കാണാറുണ്ടായിരുന്നു. അവരോടൊപ്പമിരിക്കാനും ഭക്ഷണം കഴിക്കാനും രണ്ടുപേർക്കും വലിയ ആഗ്രഹമായിരുന്നു. സ്വന്തം കൃഷിയിടമായിരുന്നെങ്കിലും അവരെ അവിടേക്കു വിട്ടിരുന്നില്ല. ഒരു ദിവസം പാടത്തേക്ക് പോകാൻ സിസിലി വീട്ടിൽ അനുവാദം ചോദിച്ചു. വളർന്നുനില്ക്കുന്ന ഞാറിന്റെ തലമുറിക്കുകയാണെങ്കിൽ വിടാമെന്നായിരുന്നു അമ്മയുടെ മറുപടി. ഞാറ് മുറിക്കുന്നതിനിടയിൽ സിസിലിയുടെ കൈ നന്നായി മുറിഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന പിതാവിന്റെ അനുജന്റെ വീട്ടിലേക്കായിരുന്നു സിസിലി പോയത്. മുറിവ് വച്ചുകെട്ടാൻ ഇളയമ്മ മേരിക്കുഞ്ഞിനെയാണ് ഏല്പിച്ചത്. തോർത്തുകൊണ്ട് മുറിവ് കെട്ടിക്കഴിഞ്ഞ് സിസിലി പോകാനിറങ്ങിയപ്പോൾ മേരിക്കുഞ്ഞും ഒപ്പംപോയി. കയ്യിൽ വലിയൊരു കെട്ടും കൂടെ ഒരാളുമായി വീട്ടിലേക്ക് പോകാൻ സിസിലിക്ക് മടിതോന്നി. വഴിയിൽവച്ച് മേരിക്കുഞ്ഞിനോട് സിസിലി പറഞ്ഞു, നീ പൊയ്‌ക്കോ, ഞാൻ തനിയെ പൊയ്‌ക്കൊള്ളാം. നിന്നെ വീട്ടിലാക്കിയിട്ടേ ഞാൻ പോകൂ എന്നായിരുന്നു മറുപടി.
ചെറുപ്പം മുതൽ സിസ്റ്റർ റാണിമരിയക്ക് മറ്റുള്ളവരോട് കരുതലുണ്ടായിരുന്നു. ആ മനസാണ് വികസനത്തിന്റെ വെളിച്ചം കടന്നുചെന്നിട്ടില്ലാത്ത മധ്യപ്രദേശിലെ പാവപ്പെട്ടവരുടെ ഒപ്പമായിരിക്കാൻ സിസ്റ്ററിനെ പ്രേരിപ്പിച്ചത്; അന്നത്തെ സിസിലി എന്ന സിസ്റ്റർ സോണി മരിയ എഫ്.സി.സി പറയുന്നു. കേരളത്തിലെ മഠത്തിലായിരുന്നപ്പോൾ സിസ്റ്റർ സോണിയും സിസ്റ്റർ റാണി മരിയയും ഒരുമിച്ചായിരുന്നു. സിസ്റ്റർ റാണി മരിയയുടെ പിതൃസഹോദരൻ തോമസിന്റെയും പരേതയായ അന്നയുടെയും ഏഴ് മക്കളിൽ അഞ്ചാമത്തെ ആളാണ് സിസ്റ്റർ സോണി. സമപ്രായക്കാരായ അവർ അടുത്ത കൂട്ടുകാരായിരുന്നു.
സഹോദരന്റെ ജീവൻ രക്ഷിച്ച മാധ്യസ്ഥ്യം
ബാല്യത്തിലെ കളിക്കൂട്ടുകാരിയും ആത്മമിത്രവുമായ സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ പദവിയിലേക്ക് ഉയരുമ്പോൾ അത് തനിക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് സിസ്റ്റർ സോണി പറയുന്നു. നമ്മെ അറിയുന്ന ഒരാൾ ദൈവസന്നിധിയിൽ ഉണ്ടെന്നത് എത്രയോ വലിയ കാര്യമാണ്. ഇതു പറയുമ്പോൾ സിസ്റ്റർ സോണിയുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ ആ വാക്കുകൾ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും വരുന്നതാണെന്ന് വ്യക്തമാക്കുന്നു.
സിസ്റ്റർ റാണി മരിയയുടെ മരണശേഷവും സ്വർഗത്തിലിരുന്ന് കരുതലുള്ള ഹൃദയത്തിന്റെ സാന്ത്വനം ഏറ്റുവാങ്ങാൻ കഴിഞ്ഞിട്ടുണ്ടെന്ന് സിസ്റ്റർ സോണി പറയുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് ബൈക്ക് അപകടത്തെതുടർന്ന് സിസ്റ്റർ സോണിയുടെ മൂത്ത സഹോദരൻ ജോർജിനെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ഉണ്ടായ പരുക്ക് ഗുരുതരമായിരുന്നു. ഡോക്ടർമാർ അവരുടെ ആശങ്ക മറച്ചുവച്ചില്ല. എന്തും സംഭവിക്കാൻ സാധ്യത ഉണ്ടെന്നായിരുന്നു ഓപ്പറേഷനു തൊട്ടുമുമ്പ് അറിയിച്ചത്. ഡോക്ടർമാരുടെ വാക്കുകളിൽ നിറഞ്ഞുനില്ക്കുന്നത് അപകട സൂചനയാണെന്ന് കുടുംബം തിരിച്ചറിഞ്ഞു. ധൈര്യം ചോർന്ന് എല്ലാവരും തളർന്നു. എന്നാൽ, സിസ്റ്റർ സോണിയുടെ മനസിലേക്ക് നിമിഷം സിസ്റ്റർ റാണി മരിയയുടെ മുഖമായിരുന്നു വന്നത്. സഹോദരന്റെ ഭാര്യയെ ആശ്വസിപ്പിച്ചുകൊണ്ട് സിസ്റ്റർ ചോദിച്ചു: ”എന്തിനാണ് ഭയപ്പെടുന്നത്. നമ്മുടെ മേരിക്കുഞ്ഞ് സ്വർഗത്തിലില്ലേ, നമ്മൾ അപേക്ഷിച്ചാൽ ആ പ്രാർത്ഥനകൾ അവൾ ദൈവസന്നിധിയിൽ എത്തിക്കില്ലേ.” ആശങ്കകൂടാതെ സിസ്റ്റർ റാണി മരിയയുടെ മാധ്യസ്ഥ്യതയിൽ ആശുപത്രിയിൽ ഇരുന്ന് അവർ പ്രാർത്ഥിച്ചു. ആ മാധ്യസ്ഥ്യമാണ് സഹോദരന്റെ ജീവൻ കാത്തതെന്ന കാര്യത്തിൽ അവർക്ക് അല്പംപോലും സംശയമില്ല.
സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായെന്ന് സിസ്റ്റർ സോണി പറയുന്നു. പ്രാർത്ഥനാ ജീവിതത്തെപ്പോലും ഏറെ സ്വാധീനിച്ചു. കഴിഞ്ഞ 22 വർഷമായി എല്ലാ ദിവസവും വെളുപ്പിനെ 4.30-ന് എഴുന്നേല്ക്കും. അഞ്ചുമണിക്ക് പ്രാർത്ഥിക്കുന്ന ശീലം അങ്ങനെ തുടങ്ങിയതാണ്. അതിന് മുമ്പ് വെളുപ്പിനെ എഴുന്നേല്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയില്ലായിരുന്നെന്ന് സിസ്റ്റർ കൂട്ടിച്ചേർക്കുന്നു. സിസ്റ്റർ റാണി മരിയ വെളുപ്പിനെ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥിക്കുമായിരുന്നു. വടക്കേ ഇന്ത്യയിലെ കഠിനമായ മഞ്ഞും തണുപ്പുമുള്ള കാലത്തും അതിന് മുടക്കംവരുത്തുമായിരുന്നില്ല. അതാണ് വെളുപ്പിനെ പ്രാർത്ഥിക്കുവാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് സിസ്റ്റർ പറയുന്നു.
ദൈവവിളിയിലും സിസ്റ്റർ റാണി മരിയയും സിസ്റ്റർ സോണിയും ഒരുമിച്ചായിരുന്നു. ഒമ്പതാം ക്ലാസുവരെ അവർ ഒരു സ്‌കൂളിലായിരുന്നു. 10-ാം ക്ലാസിൽ എത്തിയപ്പോൾ തൃപ്പൂണിത്തറയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലേക്ക് സിസ്റ്റർ റാണി മരിയ മാറി. സിസ്റ്റേഴ്‌സിന്റെ ഹോസ്റ്റലിൽനിന്നായിരുന്നു ആ വർഷത്തെ പഠനം. ഇപ്പോഴത്തേതുപോലുള്ള മാർക്ക് ദാനങ്ങളുടെ കാലമായിരുന്നില്ലത്. 10-ാം ക്ലാസ് പാസായാൽപ്പോലും വലിയ സംഭവം. കുറച്ചുകൂടി അധ്വാനിച്ചു പഠിച്ചില്ലെങ്കിൽ താൻ തോറ്റുപോകുമോ എന്ന പേടിയായിരുന്നു സ്‌കൂൾ മാറ്റത്തിന് പ്രേരണയായത്. തന്റെ വഴി ഏതാണെന്ന് സിസ്റ്റർ റാണി മരിയ നേരത്തെതന്നെ മനസിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു.
മിഷനിലേക്ക് ഒരു വിളി
ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അവർ രണ്ടുപേരും മഠത്തിൽ ചേരുന്ന കാര്യങ്ങൾ രഹസ്യമായി ചർച്ച ചെയ്തിരുന്നു. 10-ാം ക്ലാസിലെ വാർഷിക പരീക്ഷക്കു ശേഷം സിസ്റ്റർ റാണി മരിയ സിസ്റ്റർ സോണിയോട് മഠത്തിൽ ചേരുന്ന കാര്യം ചോദിച്ചു. റിസൽട്ട് വന്നതിനുശേഷമേ താൻ തീരുമാനം എടുക്കൂ എന്നായിരുന്നു മറുപടി. അതിനിടയിൽ അവർ വൊക്കേഷൻ ക്യാമ്പിൽ പങ്കെടുത്തെങ്കിലും സിസ്റ്റർ റാണി മരിയ മാത്രമേ മഠത്തിൽ ചേരുന്നതിനായി പേരു നൽകിയിരുന്നുള്ളൂ. റിസൽട്ട് വന്നപ്പോൾ രണ്ടുപേരും ജയിച്ചു. പിന്നീട് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. നേരത്തെ മനസിൽ ഉറപ്പിച്ചിരുന്നതുപോലെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് മഠത്തിലേക്ക് അവർ ഒരുമിച്ചു യാത്രയായി.
വ്രതവാഗ്ദാനത്തിനുശേഷം കാലടിക്കടുത്തുള്ള കൈപ്ര മഠത്തിലായിരിക്കുമ്പോൾ രണ്ടുപേരുംകൂടി പാടത്തേക്കു പോകുകയായിരുന്നു. ഉടനെ മഠത്തിലേക്ക് തിരികെ ചെല്ലണമെന്ന് ആവശ്യപ്പെട്ട് പ്രൊവിൻഷ്യാളമ്മ ആളെ അയച്ചു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് സിസ്റ്റർ റാണി മരിയയുടെ ആഗ്രഹംപോലെ മിഷനിലേക്ക് വിടാൻ തീരുമാനിച്ചു എന്ന്. മിഷനിലെ ബുദ്ധിമുട്ടുകളൊന്നും വീട്ടിൽ ഒരിക്കൽപ്പോലും അറിയിച്ചിരുന്നില്ലെങ്കിലും അവിടുത്തെ വിപരീത സാഹചര്യങ്ങളും നേരിടേണ്ടിവരുന്ന വെല്ലുവിളികളും സിസ്റ്റർ സോണിയെ അറിയിക്കുമായിരുന്നു. പ്രാർത്ഥന ആവശ്യപ്പെട്ടായിരുന്നു ഇക്കാര്യങ്ങളൊക്കെ അറിയിച്ചിരുന്നത്. മഠത്തിൽ എല്ലാവരും പ്രാർത്ഥിക്കുമെങ്കിലും തന്റെ ആത്മമിത്രം കൂടുതൽ തീക്ഷണമായി പ്രാർത്ഥിക്കുമെന്ന് സിസ്റ്റർ റാണി മരിയക്ക് ഉറപ്പുണ്ടായിരുന്നു.
അങ്ങനെ ഒരാളുടെ മരണവാർത്ത എങ്ങനെ ഉൾക്കൊണ്ടു എന്ന ചോദ്യത്തിന്റെ മുമ്പിൽ 22 വർഷങ്ങൾക്കുശേഷവും ഒരു നിമിഷം സിസ്റ്റർ സോണി നിശബ്ദമായി. തന്റെ പ്രിയപ്പെട്ട മേരിക്കുഞ്ഞ് സ്വർഗത്തിൽ എത്തിയതെന്നത് ഏറെ ബലം നൽകുന്നു എന്നു പറയുമ്പോഴും ആ വേർപാട് ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതുപോലെ. സിസ്റ്റർ റാണി മരിയക്കു അപകടം പറ്റിയെന്നായിരുന്നു അവരെ അറിയിച്ചത്. അതുപോലും വലിയ ഷോക്കായിരുന്നു. ഇൻഡോറിലേക്കുള്ള യാത്രക്ക് ഇടയിലാണ് യഥാർത്ഥ്യം തിരിച്ചറിഞ്ഞത്. അവർ ചെല്ലുമ്പോഴേക്കും മൃതസംസ്‌കാര യാത്ര ആരംഭിച്ചിരുന്നു. ജനങ്ങൾക്കിടയിൽ സിസ്റ്റർ റാണി മരിയക്കുണ്ടായിരുന്നു സ്വാധീനം അന്നാണ് മനസിലായതെന്ന് സിസ്റ്റർ സോണി പറയുന്നു. അഞ്ച് മണിക്കൂറിലധികം നീണ്ടതായിരുന്നു മൃതസംസ്‌കാര യാത്ര. 125 വാഹനങ്ങൾ ഉണ്ടായിരുന്നു. ഓരോ ഗ്രാമത്തിൽ എത്തുമ്പോഴും അലമുറയിട്ട് കരഞ്ഞുകൊണ്ട് പുഷ്പവൃഷ്ടി നടത്തിയായിരുന്നു ഗ്രാമീണർ വിലാപയാത്രയെ എതിരേറ്റത്. സ്ത്രീകൾ മാത്രമല്ല മുതിർന്ന പുരുഷന്മാരും ഉറക്കെ വിലപിക്കുന്നത് കാണാമായിരുന്നു. എഫ്.സി.സി സഭയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ബാലഭവനിലെ കുട്ടികളുടെ സങ്കടം ആരുടെയും കരളലിയിക്കുന്നതായിരുന്നു എന്ന് സിസ്റ്റർ ഓർക്കുന്നു. പാവപ്പെട്ട സ്ത്രീകൾ ‘സിസ്റ്റർ റാണി മരിയ അമർ രഹേ’ എന്നു വിളിച്ചുപറഞ്ഞായിരുന്നു വിലപിച്ചുകൊണ്ടിരുന്നത്. സിസ്റ്റർ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദത്തിലേക്ക് ഉയരുമ്പോൾ അവരുടെ വാക്കുകൾ സത്യമാകുകയാണ്.
ദൈവത്തിന്റെ സാക്ഷി
ആളുകളുടെ സാന്നിധ്യത്തിലായിരുന്നു സമന്ദർസിങ് സിസ്റ്ററിന് നേരെ ആയുധം ഉയർത്തിയതെങ്കിലും സാക്ഷിപറയാൻ ആരും ധൈര്യപ്പെട്ടില്ല. എന്നാൽ കൗമാരം കഴിഞ്ഞ് യൗവനത്തിലേക്ക് പ്രവേശിക്കുന്ന ഒരു ആൺകുട്ടി, കുത്തുന്നതു കണ്ടു എന്ന് കോടതിയിൽ പറഞ്ഞു. സമന്ദർസിങ് കുറ്റവാളി ആണെന്ന് കോടതി വിധിച്ചപ്പോൾ സാക്ഷിമൊഴി വലിയൊരു പങ്കുവഹിച്ചിരുന്നു. കോടതി വെറുതെ വിട്ടിരുന്നെങ്കിൽ സമന്ദർസിങ് ഒരുപക്ഷേ ഇപ്പോഴും തെറ്റുകളുടെ ലോകത്തുകൂടി സഞ്ചരിക്കുമായിരുന്നിരിക്കാം. അയാളെ മാനസാന്തരത്തിലേക്ക് നയിച്ചത് ജയിൽ ശിക്ഷയായിരുന്നു. കുറ്റകൃത്യം നടത്തിയാളുടെ ആത്മാവിനെ നാശത്തിൽനിന്നും രക്ഷിക്കുന്നതിനായി ദൈവം ഒരുക്കിനിർത്തിയിരുന്നിരിക്കണം ആ ചെറുപ്പക്കാരനെ. സമന്ദർസിങ് തുരുതുരാ കുത്തുമ്പോൾ ഈശോ, ഈശോ എന്നായിരുന്നു ആ നാവിൽനിന്നും ഉയർന്നത്. ഈ മനുഷ്യനോട് ക്ഷമിക്കണമെന്ന് പുറത്തേക്ക് വരാത്ത ശബ്ദത്തിൽ പ്രാർത്ഥിച്ചിട്ടുണ്ടാകും.
സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വം ഇൻഡോർ ജില്ലയിലെ ഉദയനഗറിൽ സാമൂഹ്യമാറ്റങ്ങൾക്കും വഴിതെളിച്ചു. മധ്യപ്രദേശിൽ പൊതുവേ ക്രിസ്ത്യൻ മിഷനറിമാർക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ട് കൂടിവരുന്ന സംസ്ഥാനമാണ്. എന്നാൽ, ഉദയനഗറിൽ മിഷനറിമാർക്ക് ഇപ്പോൾ യാതൊരുവിധത്തിലുള്ള എതിർപ്പുകളും നേരിടേണ്ടതായി വരുന്നില്ല. അതിലുപരി പുതിയ തലമുറയുടെ ഇടയിൽ മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നതായി സിസ്റ്റർ സോണി ചൂണ്ടിക്കാട്ടുന്നു.
സിസ്റ്റർ റാണി മരിയ മരിക്കുമ്പോൾ കുട്ടികളായിരുന്നവരാണ് ഇപ്പോഴത്തെ യുവജനങ്ങൾ. തങ്ങൾക്ക് വിദ്യാഭ്യാസം ലഭിച്ചതിന്റെ കാരണക്കാരി സിസ്റ്റർ റാണി മരിയ ആണെന്ന് അവർക്ക് നിശ്ചയമുണ്ട്. സിസ്റ്റർ റാണി മരിയയുടെ വലിയ ആഗ്രഹമായിരുന്നു ഉദയനഗറിലെ പുഴയ്ക്ക് കുറുകെ ഒരു പാലം വരണമെന്നത്. അതിനായി ഏറെ നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. സിസ്റ്ററിന്റെ മരണത്തിന് ഏതാനും വർഷങ്ങൾക്കുശേഷം അധികൃതർ പാലം നിർമിച്ചു. ‘സിസ്റ്റർ റാണി മരിയ പാലം’ എന്നാണ് അത് അറിയപ്പെടുന്നത്. അതെ, മനുഷ്യർക്കും ദൈവത്തിനും ഇടയിലെ പാലമായി സിസ്റ്റർ റാണി മരിയ മാറിയിക്കുന്നു. ആ പാലത്തിലൂടെ അനേകർ രക്ഷയിലേക്ക് എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് സിസ്റ്റർ സോണി.
ഭൂമിയുടെ കണ്ണീർ വീണ വഴി
സിസ്റ്റർ റാണി മരിയ കുത്തേറ്റു വീണ വഴിയിലൂടെയായിരുന്നു മൃതസംസ്‌കാര യാത്ര കടന്നുപോയത്. അവിടെ എത്തിയപ്പോൾ വാഹനം നിർത്തി അവർ പുറത്തിറങ്ങി. അപ്പോഴും റോഡിലെ ചോരപ്പാടുകൾ ഉണങ്ങിയിരുന്നില്ല. ഭൂമിയുടെ കണ്ണീരുപോലെ അതവിടെ അവശേഷിച്ചിരുന്നു. അവിടെ നില്ക്കുമ്പോൾ ദൈവത്തിന്റെ കരുതൽ തിരിച്ചറിയുകയായിരുന്നു എന്നാണ് സിസ്റ്റർ സോണി പറയുന്നത്. കാരണം, റോഡിന്റെ ഒരു ഭാഗത്ത് അഗാധമായ കൊക്കയായിരുന്നു. കുത്തിയശേഷം കൊക്കയിലേക്ക് വലിച്ചെറിഞ്ഞിരുന്നെങ്കിൽ പുറംലോകം സിസ്റ്ററിന്റെ മരണംപോലും അറിയാതെ പോകുമായിരുന്നു. തന്റെ പ്രിയപ്പെട്ട മേരിക്കുഞ്ഞിന്റെ ജീവനെടുത്ത കൊലപാതികിയോട് അവിടെ നില്ക്കുമ്പോൾ വല്ലാത്ത ദേഷ്യംതോന്നിയെന്ന് പറയാനും സിസ്റ്ററിന് മടിയില്ല. എന്നാൽ, പിന്നീട് അയാളുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കാൻ സിസ്റ്റർ സോണിയും ഉണ്ടായിരുന്നു. സിസ്റ്റർ റാണി മരിയയുടെ അനുജത്തി സിസ്റ്റർ സെൽമി ജയിലിൽ ചെന്ന് സമന്ദറിന്റെ കൈയിൽ രാഖി കെട്ടാൻ തീരുമാനിച്ച വിവരം സിസ്റ്റർ സോണിയെ അറിയിച്ചിരുന്നു. അതിന് പിന്തുണ നൽകുകയും ചെയ്തു. ഇപ്പോൾ മറ്റൊരു പ്രാർത്ഥന കൂടിയുണ്ട് സിസ്റ്ററിന്റെ മനസിൽ. സിസ്റ്റർ റാണി മരിയയെ കൊല്ലാൻ വാടകകൊലയാളിയെ ഏർപ്പെടുത്തിയ ജീവൻസിങിന്റെ മാനസാന്തരം. അതുണ്ടാകുമെന്ന കാര്യത്തിൽ സിസ്റ്ററിന് സംശയമില്ല.
സമന്ദർസിങ് ആദ്യമായി കേരളത്തിൽ എത്തിയപ്പോൾ കാണാൻ കഴിഞ്ഞില്ലെന്നതിന്റെ ഇച്ഛാഭംഗം ഇപ്പോഴും സിസ്റ്റർ സോണിക്കുണ്ട്. കാരിക്കാമുറി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്റെ ഹെഡ്മിസ്ട്രസായിരുന്നു അന്ന് സിസ്റ്റർ സോണി. സ്‌കൂളിന്റെ രജതജൂബിലിയോടനുബന്ധിച്ചുള്ള സ്‌കൂൾ വാർഷികത്തിന്റെ അന്നായിരുന്നു സമന്ദർസിങ് പുല്ലുവഴിയിൽ എത്തിയത്. സമന്ദർസിങ് കേരളത്തിൽ എത്തുമെന്ന വാർത്ത കേട്ടതുമുതൽ മനസിൽ ചെറിയൊരു ഉൽക്കണ്ഠ രൂപപ്പെട്ടിരുന്നു. ഇങ്ങനെ ഒരു ക്രൂരകൃത്യം നടത്തിയ മനുഷ്യനെ ആളുകൾ എന്തെങ്കിലും ചെയ്യുമോ എന്നൊരു ഭയം. എന്നാൽ, ഒരു കുടുംബം മുഴുവൻ സ്‌നേഹവായ്‌പോടെ സ്വീകരിച്ചതോടൊപ്പം സിസ്റ്റർ റാണി മരിയയുടെ വേർപാടിന്റെ ഷോക്കിൽനിന്നും പൂർണവിമുക്തയാകാൻ കഴിയാത്ത ഇളയമ്മ (റാണി മരിയയുടെ അമ്മ) കരം മുത്തി സമന്ദർസിങിനെ മകനായി സ്വീകരിച്ചു എന്നറിഞ്ഞപ്പോൾ താനുംകൂടി അവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?