Follow Us On

19

March

2024

Tuesday

സീറോ മലങ്കര സഭയുടെ ഊർജസ്വലത മാതൃകാപരം: കർദിനാൾ ഡോളൻ

സീറോ മലങ്കര സഭയുടെ ഊർജസ്വലത മാതൃകാപരം: കർദിനാൾ ഡോളൻ
ന്യൂയോർക്ക്: വിശ്വാസകാര്യങ്ങളിലും മിഷൻ പ്രവർത്തനങ്ങളിലും സീറോ മലങ്കര സഭയുടെ ഊർജസ്വലത മാതൃകാപരമാണെന്ന് ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ. നോർത്ത് അമേരിക്കയിലെ സീറോ മലങ്കര  രൂപതയുടെ ആസ്ഥാന ദൈവാലയമായ എൽമണ്ട് സെന്റ് വിൻസന്റ് ഡി പോൾ കത്തീഡ്രലിലെ മദ്ബഹാ കൂദാശാകർമത്തിനുശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഈ കത്തീഡ്രൽ സഭയ്ക്കും നാടിനും നാട്ടുകാർക്കും ആശ്വാസ ഭവനമായി മാറട്ടെയെന്നും കർദിനാൾ ആശംസിച്ചു.
സീറോ മലങ്കര സഭയുടെ പാരമ്പര്യവും ആരാധനയും അർത്ഥവത്താണ്. സഭാവിശ്വാസികൾ തിരുക്കർമമധ്യേ അർപ്പിക്കുന്ന പ്രാർത്ഥനാരീതിയും ശ്ലാഘനീയമാണ്. അമേരിക്കയിൽ വിവിധ സംസ്‌കാരങ്ങളെ യോജിപ്പിച്ചു കൊണ്ടുള്ള കത്തോലിക്കാസഭയുടെ പ്രയാണം ഇസ്രായേൽ മക്കൾ അനുഭവിച്ച അതേ അനുഭൂതി പകരുന്നതാണ്. ഇങ്ങനെ സഭാമക്കൾ എല്ലാവരും ചേർന്ന് നടത്തുന്ന  പ്രയാണം ദൈവത്തിന് പ്രീതികരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൂദാശ കർമം.മലങ്കരയുടെ പൈതൃകവും അന്ത്യോക്യൻ ആത്മീയതയും ഒരുപോലെ സന്നിവേശിപ്പിച്ച മദ്ബഹ പാരമ്പര്യവും വിശ്വാസവും കെടാതെ സൂക്ഷിക്കാൻ വിശ്വാസികൾക്ക് പ്രചോദനമേകുമെന്ന് മാർ ക്ലീമിസ് പറഞ്ഞു. മനോഹരമാംവിധം മദ്ബഹ രൂപകൽപ്പന ചെയ്യാൻ കഴിഞ്ഞത് ദൈവത്തിന്റെ നമ്മോടുള്ള മഹത്തായ സ്‌നേഹത്തിന്റെ നിദർശനമാണെന്നും അദ്ദേഹം പറഞ്ഞു.
നിർമാണം വളരെ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് സീറോ മലങ്കര സഭയുടെ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലുമുള്ള വിശ്വാസികളുടെ താൽപ്പര്യമാണ് വെളിപ്പെടുത്തുന്നതെന്ന് രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ് പറഞ്ഞു. ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത, ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുൾപ്പെടെ വിവിധ റീത്തുകളിൽനിന്ന് 15 ബിഷപ്പുമാരും സന്നിഹിതരായിരുന്നു. അമേരിക്കയും കാനഡയും ഉൾക്കൊള്ളുന്ന നോർത്ത് അമേരിക്കൻ  രൂപതയിലെ വിവിധ ദൈവാലയങ്ങളിൽനിന്നുള്ളവരും ഈ അനുഗ്രഹിത നിമിഷത്തിന് സാക്ഷികളാകാനെത്തിയിരുന്നു.
റോക്‌വിൽ സെന്റർ അതിരൂപതയിൽനിന്ന് വാങ്ങിയ ദൈവാലയം 2016ൽ കത്തീഡ്രലാക്കി ഉയർത്തി തിരുക്കർമങ്ങൾ ആരംഭിച്ചിരുന്നു. നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പൗരസ്ത്യരീതിയിൽ നിർമിച്ച മദ്ബഹയാണ് കൂദാശചെയ്യപ്പെടുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?