Follow Us On

29

March

2024

Friday

സീറോ മലബാർ കൺവെൻഷനിൽ യുവജനസാന്നിധ്യം ഉറപ്പാക്കണം: മാർ ആലപ്പാട്ട്

സീറോ മലബാർ കൺവെൻഷനിൽ യുവജനസാന്നിധ്യം ഉറപ്പാക്കണം: മാർ ആലപ്പാട്ട്
ന്യൂജേഴ്‌സി: ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന 2019ലെ സീറോ മലബാർ നാഷണൽ കൺവെൻഷനിൽ യുവജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് ചിക്കാഗോ സീറോ മലബാർ സഹായമെത്രാനും കൺവെൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്. സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിൽ സീറോ മലബാർ കൺവെൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് അർപ്പിച്ച തിരുക്കർമങ്ങളെ തുടർന്നായിരുന്നു കിക്കോഫ്.
വിശ്വാസത്തെ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ ഏവരും വിശിഷ്യാ, യുവജങ്ങൾ സീറോ മലബാർ വിശ്വാസവും പൈതൃകവും പ്രഘോഷിക്കപ്പെടുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കണം. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം പ്രകടിപ്പിക്കാനും വലിയൊരു സമൂഹത്തിൽ ആ വിശ്വാസം പ്രഘോഷിക്കാനും ഇത്തരത്തിലുള്ള കൺവെൻഷനിലൂടെ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുര്യൻ ആൻഡ് മോളി നെല്ലിക്കുന്നേൽ, ജെയ്‌സൺ അലക്‌സ് ആൻഡ് ബീന എന്നിവരിൽനിന്ന് രജ്‌സ്‌ട്രേഷൻ സ്വീകരിച്ചുകൊണ്ടായിരുന്നു കിക്കോഫ്.
വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ, രൂപതാ ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, കൺവെൻഷൻ ചെയർമാൻ അലക്‌സാണ്ടർ കുടക്കാച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 2019 ഓഗസ്റ്റ്  ഒന്നുമുതൽ നാലുവരെ നടക്കുന്ന ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷനിൽ അമേരിക്കയിലെ വിവിധ ഇടവകകളിൽനിന്നും മിഷൻകേന്ദ്രങ്ങളിൽനിന്നുമായി അയ്യായിരത്തിൽപ്പരം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വിശുദ്ധരുടെ തിരുനാൾ ആഘോഷങ്ങൾ വിശ്വാസപ്രഘോഷണ വേദികളാകണമെന്നും പൈതൃകമായി ലഭിച്ച വിശ്വാസം പുതുതലമുറയിലേക്ക് പകരാൻ ജാഗ്രതകാട്ടണമെന്നും തിരുനാൾ ദിവ്യബലിമധ്യേ മാർ ജോയ് ആലപ്പാട്ട് ഉദ്‌ബോധിപ്പിച്ചു. നമുക്ക് വിശ്വാസം ലഭിക്കുന്നത് പ്രധാനമായും മൂന്ന് സ്രോതസുകളിലൂടെയാണ്. വിശുദ്ധ ഗ്രന്ഥമാണ് അതിൽ ആദ്യത്തേത്. പാരമ്പര്യമായി വിശുദ്ധരിലൂടെയും മാതാപിതാക്കളിലൂടെയും ലഭിക്കുന്ന വിശ്വാസമാണ് രണ്ടാമത്തേത്. കാലാകാലങ്ങളിലുള്ള പ്രബോധനങ്ങളിലൂടെ പാപ്പ പങ്കുവെക്കുന്ന വിവരങ്ങളാണ് മൂന്നാമത്തെ ശ്രോതസ്.
ഇവ ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഈ സ്രോതസുകളിലൂടെ ലഭിക്കുന്ന  വിശ്വാസ ചൈതന്യം കൂടുതലായി ജ്വലിപ്പിച്ച് സഭക്കും സമൂഹത്തിനും വെളിച്ചമായി മാറാൻ സാധിക്കണമെന്നും അദ്ദേഹം ആശംസിച്ചു. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ, ഫാ. ബെന്നി പീറ്റർ എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിക്കുശേഷം ആഘോഷമായ ലദീഞ്ഞും അതിനിശേഷം തിരുശേഷിപ്പ് വണക്കവും നടന്നു. ഇടവക സമൂഹത്തോടൊപ്പം ന്യൂ ജേഴ്‌സി, ന്യൂയോർക്ക് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള വിശ്വാസികളും തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് തിരുശേഷിപ്പ് വണങ്ങി.
20 കുടുംബങ്ങളായിരുന്നു പ്രസുദേന്തിമാർ. ഒമ്പത് ദിനങ്ങളിലായി നടന്ന വിശുദ്ധന്റെ നൊവേനയും പ്രാർത്ഥനകൾക്കും വിവിധ വാർഡുകളാണ് നേതൃത്വം വഹിച്ചത്. ജോജോ ചിറയിൽ, ബിൻസി ഫ്രാൻസിസ്, ജെയിംസ് പുതുമന, ട്രസ്റ്റിമാരായ മിനേഷ് ജോസഫ്, മേരിദാസൻ  തോമസ്, ജസ്റ്റിൻ ജോസഫ്, സാബിൻ മാത്യു എന്നിവർ നേതൃത്വം വഹിച്ചു.
സെബാസ്റ്റ്യൻ ആന്റണി
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?