Follow Us On

29

March

2024

Friday

സുവിശേഷതീക്ഷ്ണത നിറഞ്ഞ വിശുദ്ധൻ-വിശുദ്ധ അന്തോനീസ്

സുവിശേഷതീക്ഷ്ണത നിറഞ്ഞ വിശുദ്ധൻ-വിശുദ്ധ അന്തോനീസ്

വിശുദ്ധ അന്തോനീസിന്റെ ഓർമത്തിരുനാൾ ജൂൺ 13
മരിച്ച് ഒരു വർഷം പൂർത്തിയാകുംമുമ്പ് നാമകരണം ചെയ്യപ്പെട്ട വിശുദ്ധനാണ് പാദുവായിലെ വിശുദ്ധ അന്തോനീസ്. 1231 ജൂൺ 13-ന് മരിച്ച അദ്ദേഹത്തെ 1232 മെയ് 30-ന് ഇറ്റലിയിലെ സ്‌പൊളേറ്റോയിൽവച്ച് ഗ്രിഗറി ഒമ്പതാമൻ മാർപാപ്പയാണ് വിശുദ്ധ പദവിയിലേക്കുയർത്തുന്നത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ഏറ്റവും പ്രശസ്ത അനുയായിയാണ് വിശുദ്ധ അന്തോനീസ്.
അദ്ദേഹത്തിന്റെ ദൈവവചന പ്രഘോഷണങ്ങളും മതപ്രഭാഷണങ്ങളും ഉൾക്കൊണ്ടിരുന്ന ആധ്യാത്മിക സമ്പന്നതയും പ്രബോധനങ്ങളുടെ ആഴവും കണക്കിലെടുത്ത്, പന്ത്രണ്ടാം പീയൂസ് മാർപാപ്പ അദ്ദേഹത്തെ വേദപാരംഗതനായി 1946 ജനുവരി 16-ന് പ്രഖ്യാപിക്കുകയുണ്ടായി. ലിബ്‌സൺ, പാദുവ, പോർട്ടുഗീസ് സാമ്രാജ്യത്തിലെ ചില രാജ്യങ്ങൾ എന്നിവ അദ്ദേഹത്തെ തങ്ങളുടെ സ്വർഗീയമധ്യസ്ഥനായി ഇന്നും വണങ്ങുന്നു.
കാണാതായ വസ്തുക്കളുടെ മധ്യസ്ഥൻ എന്ന നിലയിലാണ് വിശുദ്ധ അന്തോനീസ് അറിയപ്പെടുന്നത്. ഇതോടൊപ്പം നഷ്ടപ്പെട്ട വ്യക്തികളുടെയും ആത്മാക്കളുടെയും വീണ്ടെടുപ്പിന് സവിശേഷമായ കൃപാവരം നൽകപ്പെട്ടിട്ടുള്ള വിശുദ്ധനായിട്ടും അദ്ദേഹം പരിഗണിക്കപ്പെടുന്നു.
പോർട്ടുഗലിലെ ലിസ്ബൺ എന്ന സ്ഥലത്തെ സമ്പന്നമായ കുടുംബത്തിൽ 1195 ഓഗസ്റ്റ് 15-നാണ് അദ്ദേഹം ജനിച്ചത്. യഥാർത്ഥ പേര് ഫെർണാൻഡോ മാർട്ടിൻസ് എന്നായിരുന്നു. ലിസ്ബണിലെ അന്തോനീസ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. വിൻസെന്റ് മാർട്ടിൻ, തെരേസ പയസ് എന്നിവരായിരുന്നു മാതാപിതാക്കൾ.
വിശുദ്ധ ജീവിതം നയിച്ചിരുന്ന മാതാപിതാക്കൾ, മകനെ ദൈവാലയത്തോടും ക്രിസ്തീയജീവിതചര്യകളോടുമുള്ള ആഭിമുഖ്യത്തിൽ വളർത്തി. ഫെർണാണ്ടോയുടെ പഠനവും പ്രവർത്തനങ്ങളും ദൈവാലയം കേന്ദ്രീകരിച്ചായിരുന്നു.
വീട്ടിൽ സന്ദർശകരുടെ തിരക്കുനിമിത്തം താൻ സ്വായത്തമാക്കിയ ആധ്യാത്മിക ജീവിതശൈലി പിന്തുടരാൻ കഴിയില്ലെന്ന് കണ്ട് അദ്ദേഹം സന്യാസാശ്രമത്തിലേക്ക് താമസം മാറി. അതോടെ ദൈവവേലക്കായി ജീവിതം സമർപ്പിക്കാനുള്ള തീരുമാനമെടുത്തു. 1210-ൽ അഗസ്റ്റീനിയൻ സഭയിലെ വൈദികനായി അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു.
വൈദികനായശേഷം കൊയിമ്പ്ര എന്ന സ്ഥലത്ത് സേവനം ചെയ്തുകൊണ്ടിരിക്കെ, സമീപത്തുള്ള സന്യാസാശ്രമത്തിൽ ഏതാനും ഫ്രാൻസിസ്‌കൻ സന്യാസിമാർ എത്തിച്ചേർന്നു. ഈജിപ്തിലെ മഹാനായ വിശുദ്ധ അന്തോണിയുടെ നാമത്തിലുള്ളതായിരുന്നു ആ ആശ്രമം. ഫ്രാൻസിസ്‌കൻ സന്യാസിമാരുടെ സുവിശേഷപവർത്തനങ്ങളും ലളിതമായ ജീവിതശൈലിയും അന്തോനീസിനെ ആകർഷിച്ചു.
ഇതിനിടെ, മൊറോക്കോയിൽ ശുശ്രൂഷ ചെയ്തിരുന്ന അഞ്ച് ഫ്രാൻസിസ്‌കൻ സന്യാസിമാർ കഴുത്തറുത്തു കൊല്ലപ്പെട്ടു എന്ന വാർത്ത സന്യാസിമാരിൽനിന്ന് അന്തോനീസ് അറിയാനിടയായി. സ്ഥാപിതമായിട്ട് 11 വർഷങ്ങൾമാത്രം പിന്നിട്ടിരുന്ന ഫ്രാൻസിസ്‌കൻ സഭയിലെ ആദ്യരക്തസാക്ഷികളായിരുന്നു അവർ.
ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയാകാൻ തീവ്രമായി അഭിലഷിച്ചിരുന്ന വിശുദ്ധ അന്തോനീസ് മൊറോക്കോയിൽ മരിച്ച ഫ്രാൻസിസ്‌കൻ സന്യാസിമാരുടെ മാതൃകയാൽ പ്രചോദിതനായി തന്റെ സഭാധികാരികളുടെ അനുമതിയോടെ ഫ്രാൻസിസ്‌കൻ സഭയിൽ ചേർന്ന് അന്തോനീസ് എന്ന പേരും സ്വീകരിച്ചു. തന്റെ അഭിലാഷപൂർത്തീകരണത്തിനായി മൊറോക്കോയിലേക്ക് അദ്ദേഹം യാത്രയായി. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിട്ടതിനാൽ തിരികെ പോരേണ്ടി വന്നു. പോർട്ടുഗലിലേക്ക് തിരിച്ച കപ്പൽ കാറ്റ് പ്രതികൂലമായതിനാൽ സിസിലിയിലാണ് എത്തിച്ചേർന്നത്.
അവിടെനിന്ന് ടസ്‌കനിയിലും പിന്നീട് റൊമാഗ്‌നായിലെ സാൻപാവ്‌ലോ എന്ന സ്ഥലത്തെ ആശ്രമത്തിലും എത്തിയ അദേഹം പ്രാർത്ഥനയും പഠനവുമായി കുറെക്കാലം ചെലവഴിച്ചു. ഇവിടെവച്ച് വിശുദ്ധ ഫ്രാൻസിസ് അസീസി വിശുദ്ധ അന്തോനീസിനെ കണ്ടുമുട്ടി. ഈ കൂടിക്കാഴ്ച വിശുദ്ധിയിൽ വളരാനും പൂർണമായി ക്രിസ്തുവിനായി സമർപ്പിക്കാനും വിശുദ്ധ അന്തോനീസിനെ സഹായിച്ചു.
വിശുദ്ധ അന്തോനീസിൽ മറഞ്ഞിരുന്ന വലിയ പ്രഭാഷകനെ പുറത്തുകൊണ്ടുവന്ന ഒരു സംഭവമുണ്ടായി. അദ്ദേഹം ശുശ്രൂഷ ചെയ്ത ആശ്രമത്തിൽവച്ച് ഒരു തിരുപ്പട്ട ശുശ്രൂഷ നടന്നു. ഇതോടനുബന്ധിച്ച് വചനസന്ദേശം നൽകുന്നതിന് ബന്ധപ്പെട്ടവർ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടാകും എന്ന് എല്ലാവരും കരുതി. എന്നാൽ സമയമായപ്പോൾ അന്വേഷിച്ചപ്പോഴാണറിയുന്നത് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്. തന്റെ സന്യാസിമാരാരും അതിന് യോഗ്യരല്ലെന്ന് ആശ്രമാധിപന് അറിയാമായിരുന്നു.
അതുകൊണ്ട് വിശുദ്ധ അന്തോനീസ് ദൗത്യം ഏറ്റെടുക്കാൻ അദ്ദേഹം നിർദേശിച്ചു. അദ്ദേഹത്തിന് നന്നായി പ്രസംഗിക്കാൻ കഴിയും എന്ന ഉറപ്പുകൊണ്ടല്ല ഇങ്ങനെ നിർദേശിച്ചത്, പ്രത്യുത മറ്റാരുമില്ലാഞ്ഞിട്ടാണ്. ആദ്യം ഒഴിഞ്ഞുമാറിയ വിശുദ്ധ അന്തോനീസ് പിന്നീട് അനുസരണത്തിന്റെ പേരിൽ ദൗത്യം ഏറ്റെടുത്തു.
തനിക്ക് ഇങ്ങനെയൊരു കഴിവുണ്ടായിരുന്നതായി അദ്ദേഹത്തിനുമറിയില്ലായിരുന്നു. അതുകൊണ്ട് വായ് തുറക്കുമ്പോൾ പരിശുദ്ധാത്മാവ് തോന്നിപ്പിക്കുന്നത് അങ്ങ് പറഞ്ഞേച്ചാൽ മതിയെന്ന് ആശ്രമാധിപൻ നിർദേശിച്ചു. പ്രസംഗം തുടങ്ങി, കേൾവിക്കാരെയും പ്രസംഗകനെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രസംഗം മുന്നേറി. സന്ദർഭത്തിനിണങ്ങിയതും വിശുദ്ധ ലിഖിതങ്ങളുടെ ആഴമേറിയ വ്യാഖ്യാനങ്ങളടങ്ങിയതുമായ അതിഗംഭീര പ്രസംഗംകേട്ട് എല്ലാവരും വിസ്മയിച്ചുപോയി.
തുടർന്നങ്ങോട്ട്, സുവിശേഷപ്രസംഗവും അധ്യാപനവും തന്റെ പ്രധാന ശുശ്രൂഷകളായി അദ്ദേഹം സ്വീകരിച്ചു. അനേകായിരങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾകേട്ട് സത്യവിശ്വാസം സ്വീകരിച്ചു. യൂണിവേഴ്‌സിറ്റികളിലും പണ്ഡിത സഭകളിലും അദ്ദേഹം ക്രിസ്തുവിനെ പ്രഘോഷിച്ചു.
കാണാതെ പോകുന്നതോ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ വസ്തുക്കൾ തിരിച്ചുകിട്ടുന്നതിന് അന്തോനീസിന്റെ മാധ്യസ്ഥ്യം തേടുന്നതിന്റെ പിന്നിൽ ഒരു സംഭവമുണ്ട്. വിശുദ്ധന് ഒരു സങ്കീർത്തന പുസ്തകമുണ്ടായിരുന്നു. അദ്ദേഹം വലിയ നിധിപോലെ കരുതിയിരുന്നതാണ് ഈ പുസ്തകം. പരിശുദ്ധാത്മാവ് നൽകിയ വെളിപാടനുസരിച്ച് അദ്ദേഹത്തിന് ലഭിച്ച ധ്യാനചിന്തകൾ ആ പുസ്തകത്തിൽ അദ്ദേഹം എഴുതിവച്ചിരുന്നു. ആശ്രമത്തിൽ ഉണ്ടായിരുന്ന ഒരു നവസന്യാസാർത്ഥി തിരിച്ച് വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ആശ്രമാധിപനും സഹപാഠികളുമൊക്കെ പറഞ്ഞിട്ടും അയാൾ പോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നു.
അക്കാലത്ത് അച്ചടി വിദ്യ കണ്ടുപിടിച്ചിരുന്നില്ല. അതുകൊണ്ട് പുസ്തകം എന്ന വസ്തു വളരെ വിലയേറിയ ഒന്നാണ്. എന്തായാലും, അയാൾ ആശ്രമം വിട്ടപ്പോൾ വിശുദ്ധ അന്തോണിയുടെ ഈ പുസ്തകം നഷ്ടപ്പെട്ട വിവരം മനസിലാക്കിയ വിശുദ്ധൻ അത് തിരിച്ചുകിട്ടുന്നതിനായി തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു.
പ്രാർത്ഥനയ്ക്ക് പെട്ടെന്ന് സ്വർഗത്തിന്റെ പ്രതികരണമുണ്ടായി. പുസ്തകം തിരിച്ചുകൊടുക്കാൻ മോഷ്ടാവിന് ശക്തമായ പ്രേരണ ഉണ്ടായി. അതുകൊണ്ട് അവസാനിച്ചില്ല, അയാൾ സന്യാസം സ്വീകരിക്കാനുള്ള അദമ്യമായ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ആശ്രത്തിലേക്ക് തിരിച്ചുവന്നു. തന്റെ തെറ്റ് ഏറ്റുപറഞ്ഞ് അയാൾ ആശ്രമത്തിൽ വീണ്ടും പ്രവേശനം നേടി. 1231-ൽ മുപ്പത്തിയഞ്ചാം വയസിൽ വിശുദ്ധ അന്തോനീസ് മരിക്കുമ്പോൾ, വിശുദ്ധിയുടെ പൂർണതയിൽ, ക്രിസ്തുവിന്റെ ഏറ്റവും ശ്രേഷ്ഠനായ പ്രതിപുരുഷനെന്ന നിലയിൽ അനേകരെ സത്യവിശ്വാസത്തിലേക്ക് ആനയിച്ചതിന്റെ കൃതാർത്ഥതയായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.
നഷ്ടപ്പെട്ട വസ്തുക്കൾക്കൊപ്പം നഷ്ടപ്പെട്ട വ്യക്തികളുടെയും ആത്മാക്കളുടെയും വീണ്ടെടുപ്പിന്റെ മധ്യസ്ഥനായി അദ്ദേഹമിന്നും പരിഗണിക്കപ്പെടുന്നു.
മോൺ. ആന്റണി കൊഴുവനാൽ
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?