Follow Us On

28

March

2024

Thursday

സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന് ഒരു വിലയുമില്ലേ?

സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന് ഒരു വിലയുമില്ലേ?

ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും മുൻനിർത്തി രാജ്യത്തെ പരമോന്നത നീതിപീഠം കൊണ്ടുവന്ന മദ്യനിയന്ത്രണത്തെ പരാജയപ്പെടുത്താൻ മുമ്പിൽനില്ക്കുന്നത് ജനാധിപത്യ ഗവൺമെന്റുകളാണെന്നത് ഒരു വിരോധാഭാസമാണ്. ജനക്ഷേമത്തെപ്പറ്റി എപ്പോഴും വാചാലരാകുന്നവരുടെ തനിനിറമാണ് മറനീക്കി പുറത്തുവരുന്നത്. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കുന്നതിനുവേണ്ടി ചില സംസ്ഥാന ഗവൺമെന്റുകൾ റോഡുകളുടെ പദവി മാറ്റിയ വിവരം പുറത്തുവന്നപ്പോൾ കേരളത്തിൽ ഒരിക്കലും സംഭവിക്കുക ഇല്ലെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, ജനങ്ങളുടെ സുരക്ഷിതത്വത്തെക്കാളും മദ്യവ്യവസായികളുടെ താല്പര്യങ്ങൾക്കാണ് മുൻതൂക്കമെന്ന് കേരളത്തിലെ ഗവൺമെന്റും തെളിയിച്ചു. അടഞ്ഞുകിടക്കുന്ന മദ്യശാലകൾ തുറക്കുന്നതിനായി കോർപറേഷനുകളുടെയും മുൻസിപ്പാലിറ്റികളുടെയും പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളെ തരംതാഴ്ത്തി പുനർവിജ്ഞാപനം ചെയ്യാൻ മന്ത്രിസഭ തീരുമാനവും എടുത്തു. ആ മദ്യശാലകളുടെ കാര്യത്തിൽ സംസ്ഥാന ഗവൺമെന്റുകൾക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതുകൊണ്ട് ഏതായാലും പുനർവിജ്ഞാപനം ആശ്യമായി വന്നില്ല. ഏതായാലും ഗവൺമെന്റിന്റെ മനസ് ആർക്കൊപ്പമാണെന്ന് മനസിലായി.
സുപ്രീംകോടതി വിധിയെ മറികടക്കാൻ കേരളത്തിലെ ഭരണാധികാരികൾ തുടക്കംമുതൽ ശ്രമിച്ചിരുന്നു. ബാറുകളും ബിയർ-വൈൻ പാർലറുകളും മദ്യശാലയുടെ പരിധിയിൽ വരില്ലെന്ന വിചിത്രമായ ന്യായമായിരുന്നു ആദ്യം ഉയർത്തിയത്. എന്നാൽ കോടതി ആ വാദം തള്ളിക്കളഞ്ഞു. ടൂറിസത്തെ ബാധിക്കുമെന്ന വാദമായിരുന്നു ആദ്യംമുതൽ ഉയർത്തിയിരുന്നത്. എന്നാൽ, ബാറുകൾ നിരോധിച്ചതിനുശേഷവും സംസ്ഥാനത്തെ ടൂറിസം വളർച്ച ഉണ്ടായെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഒരു പ്രദേശത്ത് മദ്യശാല വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും ഗവൺമെന്റ് എടുത്തുമാറ്റിയിരിക്കുകയാണ്. അവിടുത്തെ ജനങ്ങളുടെ വികാരം കൃത്യമായി അറിയാൻ കഴിയുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. അതിന് പറഞ്ഞത്, ഇത് അഴിമതിക്കു കാരണമാകുന്നു എന്നായിരുന്നു. അങ്ങനെ എങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന മറ്റ് അനുമതികളിലും ഈ കാരണം ബാധകമാകില്ലേ? മദ്യശാലകൾക്ക് മുന്നിലുള്ള തടസങ്ങൾ നീക്കി സുഗമമായ പാതയൊരുക്കലാണ് അതുവഴി ലക്ഷ്യമിടുന്നത്. ഒരു ഭാഗത്ത് മദ്യവർജ്ജനമാണ് നയമെന്ന് പറയുകയും മറുവശത്തുകൂടി മദ്യശാലകൾക്ക് പരവതാനി വിരിക്കുകയും ചെയ്യുമ്പോൾ വാക്കുകളിലെ സത്യസന്ധതയും ആത്മാർത്ഥതയും മനസിലാകും. ദേശീയ-സംസ്ഥാന പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ വലിയൊരു കാരണം മദ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചരിത്രമായി മാറുമായിരുന്ന ആ വിധി.
കേരളത്തിൽ മദ്യപിക്കുന്നവരുടെ ഏകദേശ കണക്കനുസരിച്ച് മദ്യപാനത്തിന് അടിമകളായവരുടെ എണ്ണം 30 ശതമാനത്തിലും താഴെയാണ്. അതായത് ഒരു പ്രദേശത്ത് മദ്യശാല അടഞ്ഞാൽ 70 ശതമാനത്തിന്റെയും മദ്യപാനം നില്ക്കുമെന്നു ചുരുക്കം. ഇനി മദ്യം സുലഭമാണെങ്കിൽ സ്ഥിരം മദ്യപാനികളുടെ സംഖ്യ ഓരോ ദിവസവും ഉയർന്നുകൊണ്ടിരിക്കും. മദ്യശാലകൾ അടഞ്ഞതുവഴി അനേകം കുടുംബങ്ങളിൽ സമാധാനം ഉണ്ടാകുകയും ഭവനങ്ങളിൽ പട്ടിണി മാറുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും സമാധാനത്തോടെ ഉറങ്ങാനും തുടങ്ങിയിരുന്നു. മദ്യശാലകൾ പൂട്ടിയപ്പോൾ മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയെന്നും വ്യാജമദ്യം ഇറങ്ങുകയാണെന്നുമുള്ള വാദം മദ്യശാലകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണവേലയാണ്.
ഇനി അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ ഗവൺമെന്റിന്റെ പരാജയമെന്ന് പറയേണ്ടിവരും. ഏതെങ്കിലും ഒരു കുറ്റകൃത്യം നാട്ടിൽ വർധിക്കുകയാണെങ്കിൽ അതിന് നിയമസാധുത നൽകുകയാണോ മറിച്ച് അതിനെ നിയന്ത്രിക്കുകയാണോ ചെയ്യുന്നത്? അധികാരികൾ മനസുവച്ചാൽ വളരെ എളുപ്പത്തിൽ ആ ഭീഷണി ഇല്ലാതാക്കാനാകും. സമൂഹത്തിന്റെ സൈ്വര്യജീവിതം തകർക്കുന്നതിൽ ഒന്നാം സ്ഥാനം മദ്യത്തിനാണ്. ഏതു കുറ്റകൃത്യങ്ങളുടെ പിന്നിലും മദ്യം ഉണ്ടാകും. ഏതാനും മാസങ്ങൾക്കുമുമ്പ് മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കവയിത്രി സുഗതകുമാരി ടീച്ചർ പറഞ്ഞത് മദ്യത്തിൽനിന്നും ലഭിക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന്റെ വിലയാണെന്നായിരുന്നു. നാടിന്റെ സമാധാനവും ജനങ്ങളുടെ സൈ്വര്യജീവിതവും തകർക്കുന്ന മദ്യശാലകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് എതിരെ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. അതോടൊപ്പം ആ തിന്മയെ പരാജയപ്പെടുത്താൻ പ്രാർത്ഥന എന്ന ആയുധവും നാം എടുക്കണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?